ADVERTISEMENT

ഒരു വ്യക്തി മരണശേഷവും ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിൽ സ്നേഹത്തോടെ നിറയുന്നുണ്ടെങ്കിൽ അയാൾ തന്റെ ജീവിതത്തിൽ വിജയിച്ചു എന്ന് തന്നെ പറയാം. അത്തരത്തിൽ വിജയിച്ച ഒരു മനുഷ്യനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പ്രീജിത് രാജ് എഴുതിയ 'കോടിയേരി: ഒരു ജീവചരിത്രം,' കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിന്റെ ഒരേട് കൂടിയാണ്. എം. ബാലകൃഷ്ണനിൽനിന്ന് കോടിയേരി ബാലകൃഷ്ണനിലേക്കുള്ള വളർച്ചയുടെ കഥ കൂടിയാണിത്.

ജാതിമത വ്യത്യാസമില്ലാതെ എല്ലാവരോടും സാഹോദര്യപ്പൂർവം ഇടപെടുന്ന അമ്മയായിരുന്നു ബാലകൃഷ്ണന്റെ ആദ്യ പാഠപുസ്തകം. കെഎസ്എഫിലൂടെയും പിന്നീട് എസ്എഫ്ഐയിലൂടെയും പൊതു പ്രവർത്തനം ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്റെ സംഭവബഹുലമായ ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് ഈ പുസ്തകം. വളരെ ചെറുപ്പത്തിൽ, തന്റെ സ്കൂൾ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയ കോടിയേരി അടിയന്തിരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

പുസ്തകം ആരംഭിക്കുന്നത് വിജയലക്ഷ്മിയുടെ ഒരു കവിതയോടെയാണ്. അവസാനിക്കുന്നത് ഡോണ മയൂരയുടെ ഒരു കവിതയിലും. "നേതാക്കൾ എന്നാൽ അങ്ങോട്ട് സംസാരിക്കേണ്ടവരും ആഹ്വാനം ചെയ്യേണ്ടവരും മാത്രമാണെന്ന ഒരു ധാരണയുണ്ട്. അത് ശരിയല്ല. ജനങ്ങളില്ലെങ്കിൽ നേതാക്കളില്ല. ജനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും കൂടെ നിൽക്കാനും ഓരോ നേതാവിനും ബാധ്യതയുണ്ട്. അത് കടമയായിത്തന്നെ കാണണം." ഈ പറഞ്ഞ വാക്കുകൾ തന്റെ ജീവിതാവസാനം വരെ നടപ്പിലാക്കിയ വ്യക്തിയായിരുന്നു കോടിയേരി.

സ്നേഹത്തോടെ ചിരിക്കുകയും തമാശ പറയുകയും സൗമ്യമായി ഇടപെടുകയും ചെയ്ത കോടിയേരി ഏറ്റവും നിർണായകമായ കാലഘട്ടങ്ങളിൽ സിപിഎമ്മിനെ നയിച്ചു. ആദ്യവും അവസാനവും പാർട്ടിയായിരുന്നു കോടിയേരിക്ക് എല്ലാം. കോടിയേരി അടിമുടി രാഷ്ട്രീയക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെയാണ് ഈ ജീവചരിത്രം. പാർട്ടി അംഗത്തിൽ നിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി വരെ രാഷ്ട്രീയത്തിൽ പടിപടിയായുള്ള ഉയർച്ച അദ്ദേഹം അർഹിച്ചത് തന്നെ ആയിരുന്നു.

പുരോഗമനപരവും മുതലാളിത്തവിരുദ്ധവും വിപ്ലവകരവുമായ പാർട്ടിയുടെ പാരമ്പര്യത്തെ പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ഉയർത്തി പിടിച്ചു. വർഗചൂഷണത്തിൽ നിന്നും സാമൂഹികമായ അടിച്ചമർത്തലിൽ നിന്നും സമൂഹത്തെ മുക്തമാക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകാൻ പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരിക്ക് സാധിച്ചു. വിഭാഗീയതയെ പൂർണ്ണമായി തുടച്ചു നീക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാർട്ടിയെ കാലോചിതമായി നയിക്കുന്നതിനു സാധിച്ചു എന്നതാണ് കോടിയേരി ബാലകൃഷ്ണന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരു തെരഞ്ഞെടുപ്പ് മുന്നണി എന്നതിലുപരിയായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുവാൻ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിനു കഴിഞ്ഞു. പാർട്ടിയോട് വേദനകളും പരാതികളും പങ്ക് വയ്ക്കാൻ എത്തുന്നവരെ സെക്രട്ടറി എന്ന നിലയിൽ കോടിയേരി നല്ല രീതിയിൽ പരിഗണിച്ചു. അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും തയാറായി. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ യാത്രകൾക്കിടയിലെങ്കിലും അവിടങ്ങളിലേക്ക് എത്തുവാൻ ശ്രദ്ധിച്ചു. മുഴുവൻസമയ പാർട്ടിപ്രവർത്തകൻ എന്ന് പറഞ്ഞാൽ എന്തായിരിക്കണം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു കോടിയേരി.

കോടിയേരി ബാലകൃഷ്ണൻ ഒരു കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നില്ല. സമാനതകളില്ലാത്ത സംഘടനാവൈഭവമായിരുന്നു കോടിയേരിയുടെ മുതൽക്കൂട്ട്. ഏത് പ്രതിസന്ധിയെയും മറികടക്കാൻ കോടിയേരി എന്ന പ്രായോഗികമതിക്ക് സാധിക്കാറുണ്ടായിരുന്നു. പ്രായോഗിക രാഷ്ട്രീയം മാർക്സിസ്റ്റ്‌ ദർശനത്തിലൂന്നി നടപ്പിലാക്കുന്ന രീതിയാണ് അദ്ദേഹത്തെ വ്യത്യസ്തനും ജനകീയനുമാക്കിയത്. അതിനാലാണ് രാഷ്ട്രീയ എതിരാളികൾ പോലും കോടിയേരിയുടെ ജനപക്ഷ മുഖത്തെ അംഗീകരിക്കാൻ നിർബന്ധിതരായത്. ആളുകളെ അകറ്റലല്ല അടുപ്പിക്കലാണ് തന്റെ ദൗത്യം എന്ന് മനസിലാക്കിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കോടിയേരിയ്ക്ക്, രാഷ്ട്രീയമായ വിയോജിപ്പുള്ള ആരോടും വ്യക്തിപരമായ വൈരാഗ്യം സൂക്ഷിക്കുന്ന സ്വഭാവമില്ലായിരുന്നു.

കോടിയേരി എന്ന മനുഷ്യസ്നേഹിയെ, വിപ്ലവകാരിയെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടാനാകും. പ്രീജിത് രാജിന്റെ എഴുത്ത് അദ്ദേഹത്തിന്റെ ജീവിതത്തോട് അങ്ങേയറ്റം നീതി പുലർത്തിയിട്ടുണ്ട് എന്നുതന്നെ പറയാം. തീർച്ചയായും കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയ ചരിത്രം മനസിലാക്കാനും 'കോടിയേരി ഒരു ജീവചരിത്രം' എന്ന ഈ പുസ്തകം ഉതകും.

ആമുഖത്തിൽ പ്രീജിത് രാജ് എഴുതുന്നു. "ഇടതുപക്ഷ പുരോഗമന ധാരയെ കോടിയേരി ബാലകൃഷ്ണൻ ജീവവായു കണക്കെ ഹൃദയത്തിലേറ്റു വാങ്ങി. അപാരമായ മനുഷ്യസ്നേഹം, അസാധാരണമായ നേതൃപാടവം, അളവില്ലാത്ത ഇച്ഛാ ശക്തി, പ്രതിസന്ധികളെ അതിജീവിക്കാനുള്ള സന്നദ്ധത, ആത്മവിശ്വാസം, മാനവികത, അർപ്പണ മനോഭാവം, സിപിഐഎമിന്റെയും തൊഴിലാളി വർഗ്ഗത്തിന്റെയും ലക്ഷ്യത്തോടുള്ള അളവറ്റ കൂറ് തുടങ്ങി ഒരു കമ്മ്യൂണിസ്റ്റ്‌ ജീവിതത്തിന്റെ സ്വഭാവങ്ങളെല്ലാം ഇഴുകി ചേർന്ന മഹാ വിപ്ലവകാരി ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ."

വ്യക്തി ജീവിതത്തെ പൂർണമായും പാർട്ടി ജീവിതത്തിനു കീഴ്പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിലൂടെ, ഇടതുപക്ഷ പ്രസ്ഥാനത്തെ ആശയതലത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കുന്നതിൽ അവിസ്മരണീയ സംഭാവന നൽകിയ വിപ്ലവകാരിയെയും മികച്ച ഒരു നിയമസഭാ സാമാജികനെയുമാണ് നമുക്ക് നഷ്ടമായിരിക്കുന്നത് എന്ന്  നിയമസഭ സ്പീക്കർ എം. എൻ. ഷംസീർ നിയമസഭയിൽ നടത്തിയ ചരമോപചാരത്തിൽ പറയുന്നു.

കോടിയേരി നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ അനുസ്മരണവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിജയലക്ഷ്മിയുടെ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

"മരണം തോൽക്കുന്നൂ, ചിരിക്കുന്നൂ സഖാ -

വുദയം പോൽ, കോടി ഹൃദയങ്ങൾ സാക്ഷി"

അതെ. ജനഹൃദയങ്ങളിൽ കോടിയേരി ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ഉദയം പോലെ മനസ്സിൽ തെളിയുന്നു.

കോടിയേരി : ഒരു ജീവചരിത്രം

പ്രീജിത് രാജ്

കറന്റ്‌ ബുക്സ്

വില : 299 രൂപ

English Summary:

Malayalam book ' Kodiyeri Oru Jeevacharithram ' by Preejith Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com