ADVERTISEMENT

എങ്ങനെയാണ് ആണുങ്ങളാവേണ്ടതെന്ന ചോദ്യം ആണുങ്ങൾക്ക് ഒരിക്കലും ഒരു ചോയ്സ് ആവാറില്ല. ചുറ്റുമുള്ള മാതൃകകളിൽനിന്ന് അവർ അത് ആവർത്തിച്ചു  പഠിച്ചുകൊണ്ടേയിരിക്കുന്നു; ചോദ്യം ചെയ്യാതെ. ആണുങ്ങളും ജെൻഡർ നിർമിതിയുടെ ഉൽപന്നങ്ങളാണെന്ന് അംഗീകരിച്ചാൽ മാത്രമേ വാർപ്പു മാതൃകകളെ ഉടച്ചുവാർക്കാൻ കഴിയൂ. അതിനു പകരമാണ് മാതൃകകളെ പിൻതുടരുന്നത്, നല്ല ആണുങ്ങളല്ലാതെയാവുന്നത്.

ആണുങ്ങൾക്കും കരയാം, വൈകാരികമായി ദുർബലരാവാം, സഹായം ചോദിക്കാം, സന്തോഷം പ്രകടിപ്പിക്കാം, ദയയോടെ പെരുമാറാം, ചിരിച്ചുകൊണ്ട് ഇടപെടാം, വിനയാന്വിതരാവാം, ഫെമിനിസ്റ്റുകളാവാം. എന്നാൽ ആരോഗ്യകരമായ പുരുഷ മാതൃകകൾ ഇന്നും എവിടെയും ഇല്ല. സ്വയം തിരിച്ചറിയുന്ന, സ്വന്തം അതിരുകളെ വിശാലമാക്കുന്ന പുരുഷൻമാരാവണം യഥാർഥ മാതൃകകൾ. അവർ എവിടെയാണ്, ഏതു തലമുറയിൽ? അവരെക്കുറിച്ചു ചിന്തിക്കാതിരിക്കാനാവില്ല മലയാളിയുടെ മനോലോകത്തെക്കുറിച്ചു വിചാരിക്കുമ്പോൾ. നല്ല ആണുങ്ങളല്ലാത്തവർ സ്ത്രീകളുടെ മാത്രമല്ല സ്വന്തം ജീവിതവും നശിപ്പിക്കുന്നു. സമൂഹത്തിന്റെ ആരോഗ്യം തകർക്കുന്നു. നല്ല ബന്ധങ്ങളുണ്ടാവുന്നില്ല. സൗഹൃദം കാണാക്കനിയാകുന്നു. ആണുങ്ങളാകാൻ കഴിയാതെ ആണുങ്ങളും പെണ്ണുങ്ങളാകാൻ അനുവാദമില്ലാതെ പെണ്ണുങ്ങളും ജീവിതം പാഴാക്കുന്നു. ഇതിൽ നിന്നുള്ള മാറ്റത്തെക്കുറിച്ചുള്ള ചിന്തയാണ് ടിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ എന്ന പുസ്തകം. 

ആരോഗ്യകരമായ ആണത്തം എന്നത് പുരുഷൻ അവനവനുവേണ്ടി ഉൽകൃഷ്ടനാവുമ്പോൾ മാത്രം സംഭവിക്കുന്നതാണ്. സ്വന്തം ഇഷ്ടങ്ങളെയും കഴിവുകളെയും സ്വതന്ത്രമായി മനസ്സിലാക്കുകയും വിശേഷാധികാരങ്ങളെ ഏറ്റവും അനുയോജ്യമായി ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് അവർ പാകപ്പെടുന്നത്, പക്വത നേടുന്നത്, യഥാർഥ പുരുഷൻമാരാകുന്നത്. സംശയമുള്ളവർ സ്വന്തം ജീവിതത്തിലേക്കു തന്നെ നോക്കുക. പാഴാക്കിയ വർഷങ്ങളിലേക്ക്, നശിപ്പിച്ച നിമിഷങ്ങളഴിലേക്ക്, സന്തോഷവും സംതൃപ്തിയും സമാധാനവും ലഭിക്കാത്ത ബന്ധങ്ങളിലേക്ക്,  എന്തുകൊണ്ട് ജീവിതം പരാജയപ്പെട്ടെന്ന വിലയിരുത്തലിലേക്ക്. 

മലയാളിയുടെ മനോലോകത്തെക്കുറിച്ചുള്ള ചിന്ത സ്വാഭാവികമായും ആണുങ്ങളുടെ ഇനിയും അധികമൊന്നും മാറാത്ത, മാറ്റത്തിനു വിധേയമാകാത്ത മനോഭാവത്തെക്കുറിച്ചാണ്; ക്രമേണയെങ്കിലും സ്ത്രീകൾ പൊതുധാരയുടെ ഭാഗമാവുന്നതിനെക്കുറിച്ചുമാണ്. മനഃശാസ്ത്രത്തിന്റെ കണ്ണടയിലൂടെ, കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും ആൺ–പെൺ ബന്ധത്തിൽ ഉടലെടുത്ത സംഘർഷങ്ങളെക്കുറിച്ചുമാണ് ടിസി ചിന്തിക്കുന്നത്.

മനസ്സ്, സമൂഹം, ലിംഗനീതി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ആഴത്തിലുള്ള മനോവിശകലനങ്ങളേക്കാൾ, ഇരകൾ എന്ന നിലയിൽ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പരിചിതമായ പൊതുചിന്തകളാണ് ടിസി അവതരിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെടുന്നതും പരിചിതവുമാണെങ്കിലും നാം ഉൾപ്പെടുന്ന സമൂഹം ഇനിയും മാറേണ്ടതുണ്ടെന്ന വസ്തുത ഈ ചിന്തകളെ പ്രസക്തമാക്കുന്നു. കൂറേക്കൂടി ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു.  

വിവാഹിതരാവാതെ കഴിയാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, വിവാഹ ഉടമ്പടികളില്ലാതെ പരസ്പര ധാരണയോടെ ഒന്നിച്ചുജീവിക്കുന്നവർ, കുട്ടികളെ ദത്തെടുത്ത് അവർക്കൊപ്പം ജീവിക്കുന്നവർ എന്നിങ്ങനെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള സ്ത്രീകളുടെ ധാരണകളിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. അതനുസരിച്ച് സംഘർഷങ്ങളും സമൂഹത്തിൽ ഉടലെടുക്കുന്നുണ്ട്. പെണ്ണിന്റെ പ്രണയ സങ്കൽപവും ലൈംഗിക കാഴ്ചപ്പാടുകളും ആഗോളതലത്തിൽ തന്നെയുള്ള മൂല്യവ്യതിയാനങ്ങളുടെ ഭാഗമായി മനസ്സിലാക്കേണ്ട‌തുമുണ്ട്. 

ലിംഗനീതിയെക്കുറിച്ചുള്ള ചിന്തകളിൽനിന്ന് ഒരിക്കലും ഒഴിവാക്കാനാവില്ല ട്രാൻസ്ജെൻഡറുകളെ. അവരെക്കുറിച്ചുള്ള, ‘ഇനിയെങ്കിലും ഉടലിന്റെ നഗ്നകാഴ്ചകളെക്കുറിച്ച്’ എന്ന ലേഖനമാണ് ഈ പുസ്തകത്തിൽ ഏറ്റവും ഹൃദയസ്പർശിയായത്. ഇഷ്ടമുള്ള ശരീരം അന്വേഷിച്ചുപോയതിന്റെ പേരിൽ പൊലീസും പൊതു സമൂഹവും നിന്ദിച്ചും അവഹേളിച്ചും കാറിത്തുപ്പിയും ലാത്തി കുത്തിക്കയറ്റിയും സിഗരറ്റ് വച്ച് പൊള്ളിച്ചും ബലാൽസംഗം ചെയ്തും പരസ്യമായി നഗ്നരാക്കിയും അപമാനിച്ചിട്ടുണ്ട് ട്രാൻസ്ജെൻഡറുകളെ. ആ ശരീരങ്ങളല്ലാതെ മറ്റേതു ശരീരമാണ് സമൂഹത്തിനു മുന്നിൽ തുണിയുരിഞ്ഞു നിൽക്കേണ്ടത്, നിങ്ങൾ അവഹേളിച്ച ശരീരമാണിതെന്ന് ഉറക്കെ പറയേണ്ടത്. ആ ശരീരങ്ങളോടല്ലാതെ മറ്റാരോടാണ് പൊതു സമൂഹം മാപ്പു പറയേണ്ടത് : ടിസി ചോദിക്കുന്നു. ‌

ലിംഗനീതിയെക്കുറിച്ചും മാറുന്ന പൊതുബോധത്തെക്കുറിച്ചും നിരന്തരമായി എഴുതുമ്പോൾ നേരിടുന്ന പരിഹാസത്തെക്കുറിച്ചും ടിസി എഴുതുന്നുണ്ട്. മക്കൾ ഉറങ്ങിക്കഴിഞ്ഞും നിരന്തരമായി എഴുത്തു തന്നെ. അമ്മയുടെ കംപ്യൂട്ടർ സ്ക്രീനിലേക്കു നോക്കി മകൻ വിലപിക്കുന്നു: ‘അമ്മേടെയീ ലിംഗമെഴുത്തൊന്ന് നിർത്താമോ ? കണ്ടു കണ്ടു മടുത്തു.’

മ‌കനു മാത്രമല്ല, പലർക്കും മടുക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നമ്മൾ മാറാത്തത്. അതോ എന്നും ഇങ്ങനെതന്നെ തുടരാനാണോ നമ്മുടെ വിധി ... ടിസിക്കൊപ്പം മലയാളിയും ചിന്തിക്കേണ്ടിയിരിക്കുന്നു. 

മലയാളിയുടെ മനോലോകം 

ടിസി മറിയം തോമസ് 

ഡിസി ബുക്സ് 

വില 220 രൂപ 

English Summary:

Malayalam Book ' Malayaliyude Manolokam ' Written by Tissy Mariam Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com