sections
MORE

സ്വയം രക്ഷയ്ക്കായുള്ള പ്രതിരോധം കൊലപാതകമായി മാറിയപ്പോൾ...

HIGHLIGHTS
  • ജലപാലൻ തിരുവാർപ്പ് എഴുതുന്ന ഡിറ്റക്ടീവ് ഇ നോവൽ.
  • തേർഡ് ഐ. അധ്യായം- 2
third-eye-2
SHARE

ജനലിന്റെ ചില്ലിനിടയിലൂടെ വെയില്‍ മുറിയിലേക്ക് ഇരച്ചുകയറി. കടുത്ത ക്ഷീണവും ശരീരവേദനയും കാരണം ഉണര്‍ന്നിട്ടും എണീക്കാനാവാതെ അവള്‍ കിടന്നു. കഴിഞ്ഞ രാത്രി ഒരു സ്വപ്നമായിരുന്നെങ്കിലെന്ന് അവള്‍ ആഗ്രഹിച്ചു. അയാളുടെ പിടിയില്‍ നിന്ന് രക്ഷപെട്ട ശേഷം നടന്നലഞ്ഞ് റോഡിലെത്തിയിട്ട് ഓട്ടോ പിടിച്ച് വീട്ടിലെത്തിയതും അവള്‍ ഓര്‍ത്തു.

അവള്‍ കണ്ണാടിയില്‍ നോക്കി. കഴുത്തില്‍ വിരലമര്‍ന്ന പാടുകള്‍ തിണര്‍ത്തുകിടക്കുന്നു. അവള്‍ ഫോണെടുത്തു നോക്കി. ജോര്‍ജിന്റെ ഒരനക്കവും ഇല്ല. നിരവധി തവണ അവള്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. തനിക്ക് ലോകത്തുള്ള ഏക ആശ്വാസം അവനാണ്. എന്നിട്ട് തനിക്ക് ഒരാവശ്യം വന്നപ്പോള്‍ വിളിച്ചിട്ടുപോലും മറുപടിയില്ല.

അവള്‍ ഫോണ്‍ വലിച്ചെറിയാന്‍ ഭാവിച്ചപ്പോള്‍ മൊബൈല്‍ കുറുങ്ങി. ജോര്‍ജ് കോളിംഗ്.. അവള്‍ ഫോണെടുത്തു. വിമ്മിക്കരഞ്ഞു പോയി. മറുവശത്തു ജോർജ് പരിഭ്രാന്തിയോടെ വർഷയെ ആശ്വസിപ്പിക്കാൻ വാക്കുകൾ തേടി. ട്രാഫിക് സിഗ്നലില്‍ ബുള്ളറ്റ് ഓഫ് ചെയ്യാതെ അവന്‍ ആക്സിലേറ്റര്‍ ഇരപ്പിച്ചുകൊണ്ടിരുന്നു. 

ദൈവമേ, ഇന്നലെ ഒരു രാത്രി എന്തൊക്കെയാണ് സംഭവിച്ചത്. അവളെ നഷ്ടപ്പെട്ടേനേ. ഈ നശിച്ച മദ്യപാനം ആണ് പ്രശ്നമായത്. അവള്‍ സഹായത്തിന് വിളിച്ചിട്ട് ഒന്ന് ആശ്വസിപ്പിക്കാന്‍ പോയിട്ട്, ഫോണ്‍പോലും എടുക്കാന്‍ കഴിഞ്ഞില്ല. പോര്‍ച്ചിലേയ്ക്ക് അവന്‍ ബുള്ളറ്റ് ഓടിച്ചുകയറ്റി. വര്‍ഷ ഓടിയിറങ്ങിച്ചെന്നു. അയാളവളെ ചേര്‍ത്തുപിടിച്ച് തോളില്‍ത്തട്ടി. അവര്‍ അകത്തേക്ക് പോയി. അവള്‍ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. അവൾ മനസാന്നിധ്യം വീണ്ടെടുത്തിരുന്നു.

ഗേറ്റു തുറന്ന് ഇരുവരും പുറത്തേക്കിറങ്ങി, ബുളളറ്റിൽ നഗരത്തിലേക്കു നീങ്ങി. പൊലീസ് മേധാവിയുടെ കാര്യാലയം എന്ന ബോർഡിനു താഴെ കാവല്‍നിന്ന പൊലീസുകാരന്‍ എന്താ കാര്യമെന്ന മട്ടിൽ അവരെ നോക്കി. മാഡം ഇല്ലേ. ജോര്‍ജ് അയാളോട് ചോദിച്ചു. ഇപ്പോ വരും. അവിടെ ഇരിക്കൂ വരുമ്പോള്‍ പറയാം. ജിഷാ ഐപിഎസ് എന്ന ബോര്‍ഡിനു താഴെയിട്ട കസേരയില്‍ അവര്‍ ഇരുന്നു. വനിതാ സെല്ലിന്റെ പ്രത്യേക ചുമതലയുള്ള എസ്പിയെ ജോര്‍ജിന് നേരിട്ട് പരിചയമുണ്ടായിരുന്നു. കേരളടൈംസില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ജോര്‍ജിന്റെ വാര്‍ത്തകളുടെ ഒരു പ്രധാന ഉറവിടം അവരായിരുന്നു.

എസ്പിയുടെ കാര്‍ എത്തി. ചവിട്ടിക്കുലുക്കി കയറി വന്ന എസ്പി അകത്തേക്ക് കയറി. പൊലീസുകാരൻ സല്യൂട്ട് ചെയ്തു വാതിൽ തുറന്നു കൊടുത്തു. പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞ് അവർ ജോര്‍ജിനരികെ എത്തി. ഹായ് ജോര്‍ജ് ഇപ്പോള്‍ എവിടെ കാണാനില്ലല്ലോ. 

ഇവിടെ ഉണ്ട് മാഡം.. തിരക്കു കാരണമാണ് വരാഞ്ഞത്. എന്താ ഇവിടെ? വല്ല എക്സ്ക്ലൂസീവും തേടി എത്തിയതാണോ? അല്ല മാഡം വേറൊരു അത്യാവശ്യ കാര്യമുണ്ടാരുന്നു. എസ്പിക്കൊപ്പം അവരും അകത്തേക്ക് കയറി. വിശദമായി ശ്രദ്ധയോടെ കേട്ടശേഷം എസ്പി പറഞ്ഞു. എന്തായാലും കുട്ടിയുടെ ധൈര്യം സമ്മതിച്ചേ പറ്റൂ. ഒരു പരാതി എഴുതിത്തരൂ. ആ കമ്പനിയുടെ ഡയറക്ടര്‍മാരെല്ലാം വന്‍പുള്ളികളാണ്, പക്ഷേ നിങ്ങള്‍ ഉറച്ചുനിന്നാല്‍ ഞാന്‍ പൊക്കിക്കോളാം.

എസ്പി ബെല്ലടിച്ചു. ഒരു വനിതാ പൊലീസ് ഓഫീസര്‍ അകത്തേക്ക് വന്നു. ജിഷേ, ഈ കുട്ടിയുടെ മൊഴി എഴുതി വാങ്ങൂ. പിന്നെ ഈ കേസ് പത്രക്കാര്‍ വിളിക്കുമ്പോള്‍ അറിയിക്കരുതെന്നും റൈറ്ററോട് പറയണം. പരാതി നല്‍കിയശേഷം ഇരുവരും വീട്ടിലേക്ക് പോയി. ജോര്‍ജാണ് അന്ന് ഭക്ഷണമൊക്ക ഉണ്ടാക്കിയത്. ഒരുപാട് നാളുകള്‍ക്കു ശേഷം ജോര്‍ജ് തന്റെ കൂടെയുണ്ടായത് ഇങ്ങനെയായല്ലോയെന്ന് വര്‍ഷ ഓര്‍ത്തു. അവളുടെ തലവേദനകൂടി വന്നു. ജോര്‍ജ്ജ് ചെയ്യുന്നതൊക്കെ നോക്കി അവള്‍ കസേരയിലിരുന്നു.

ഒരു കപ്പ് കാപ്പിയും തന്നെക്കൊണ്ട് ആവുന്ന വിധത്തിലുണ്ടാക്കിയ ബ്രഡ്ഡ്-ഓംലെറ്റുമായി അവള്‍ക്കരുകില്‍ അവനെത്തി. സ്പൂണുകൊണ്ട് ബ്രഡ് കഷ്ണങ്ങള്‍ അവളുടെ വായിലേക്ക് അവന്‍ വെച്ചുകൊടുത്തു. അവളുടെ മനസ്സില്‍ എന്തെങ്കിലും പിണക്കം അവശേഷിച്ചിരുന്നെങ്കില്‍ അതും അലിഞ്ഞില്ലാതായി.

അവന്റെ കൈപിടിച്ച് അവള്‍ നോക്കിയിരുന്നു. ജോര്‍ജ്ജിന്റെ മാഗസിന്‍ ആരംഭിച്ചതിനു ശേഷം വിവാഹം കഴിക്കാന്‍ കാത്തിരിക്കുകയായിരുന്നു അവർ. രണ്ട് മൂന്നുമാസത്തിനുളളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഏതായാലും ഇനി വൈകിക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചു. വൈകുന്നേരമായപ്പോള്‍ വര്‍ഷയെ തീപോലെ പൊള്ളാന്‍ തുടങ്ങി.

അവള്‍ക്ക് മരുന്നു വാങ്ങാന്‍ ജോര്‍ജ് പുറത്തേക്കിറങ്ങി. വര്‍ഷ തന്റെ ലാപ്ടോപ്പെടുത്ത് രാജിക്കത്ത് ടൈപ്പ് ചെയ്തു. സ്വാമിയുടെ ഇ-മെയിലിലേക്ക് സെന്‍ഡ് ചെയ്തു. വര്‍ഷ കൂട്ടുകാരിയായ ദീപയെ വിളിക്കാന്‍ നോക്കി. സ്വിച്ച്ഡ് ഓഫ്. അവള്‍ അങ്ങനെ കിടന്ന് മയങ്ങിപ്പോയി.

പെട്ടെന്ന് മൊബൈല്‍ റിംഗ് ചെയ്തു... 

ഹലോ വര്‍ഷയല്ലേ... 

അതെ..

ഞാന്‍ ജിഷയാണ്. എസ്പി. ജോര്‍ജെവിടെ? 

പുറത്തേക്ക് പോയി മാഡം.

അതുസാരമില്ല. കുട്ടി ഒന്ന് ഇവിടെവരെ വരണം. ഞാന്‍ വണ്ടി വിട്ടിട്ടുണ്ട് അതില്‍ വന്നാല്‍ മതി. 

ഓകെ മാഡം ഞാന്‍ വരാം.

ഫോണ്‍ കട്ട് ആയപ്പോള്‍ത്തന്നെ പുറത്ത് കോളിങ് ബെല്‍ മുഴങ്ങി. അവള്‍ ഷോളെടുത്തിട്ട് വാതില്‍ തുറക്കാനായി നീങ്ങി. അപ്പോള്‍ വീണ്ടും ഫോണ്‍ റിംഗ് ചെയ്തു. ജോര്‍ജ് കോളിങ്... അവള്‍ ഫോണെടുത്തു. ജോര്‍ജിന്റെ അടക്കിയ ശബ്ദം.

വര്‍ഷേ, നീ മുന്‍വാതില്‍ തുറക്കരുത്. പെട്ടെന്ന് അടുക്കളവഴി പുറത്തേക്ക് വാ. പുറത്ത് നിര്‍ത്താതെ കോളിങ് ബെല്‍ മുഴങ്ങി.

അവള്‍ അടുക്കളവാതില്‍ തുറന്നു ജോര്‍ജിനരികിലെത്തി. അവളുടെ വാ അയാള്‍ പൊത്തി എല്ലാം പറയാം വാ.. കോളിങ് ബെല്‍ വീണ്ടും നിര്‍ത്താതെ കേട്ടു, പിന്‍മതില്‍ ചാടിക്കടന്ന് അവര്‍ റോഡിലേക്കിറങ്ങി. വാതില്‍ ചവിട്ടിത്തുറക്കുന്ന ശബ്ദം പിന്നില്‍കേട്ടു. അവര്‍ ഇരുട്ടില്‍വച്ചിരുന്ന ബുള്ളറ്റിനരികിലേക്ക് നടന്നു.

(തുടരും...)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA