ADVERTISEMENT

അധ്യായം: ഒൻപത്

കോഴി കൂവുന്നതിനു മുന്നേ ചെക്കോട്ടി വൈദ്യർ വീട്ടിൽ നിന്നുമിറങ്ങി. കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാത്തതിന്റെ യാതൊരു ക്ഷീണവും ആ മുഖത്തുണ്ടായിരുന്നില്ല. മറിച്ച് കൈയ്യെത്തും അകലത്ത് നിധി കണ്ടെത്തിയവന്റെ ആഹ്ലാദമായിരുന്നു ആ മുഖം നിറയെ. ആ പ്രായത്തിലും ചെക്കോട്ടി വൈദ്യർക്ക് തുള്ളി ചാടണമെന്നു തോന്നി. വെളിച്ചത്തിന്റെ വെള്ളിരേഖകൾ പരക്കം പായാൻ തുടങ്ങിയിട്ടില്ലാത്തതിനാൽ ചൂട്ട് കത്തിച്ചു തരാമെന്ന് സഹധർമ്മിണി പറഞ്ഞെങ്കിലും ചെക്കോട്ടി വൈദ്യർ ചൂട്ട് എടുത്തില്ല. ആ മങ്ങിയ പ്രകാശത്തിലും ഇടവഴിയും നടവഴിയുമെല്ലാം വൈദ്യർ വ്യക്തമായി കണ്ടു. കോലോത്തെ തമ്പ്രാന്റെ കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടക്കുമ്പോൾ അങ്ങകലെ, തുരുത്തി കാടിനുമപ്പുറം പാലോറ മലയുടെ തുഞ്ചത്ത് ആരോ അടുപ്പ് കൂട്ടിയതുപോലെ അർക്കൻ ഉദിച്ചു വരുന്നത് കണ്ടു. കോലോത്തെ പാടം പച്ചക്കറി കൃഷിയ്ക്കായി പലയിടങ്ങളിലായി മണ്ണ് കിളച്ചു മറിച്ചിട്ടിരിക്കുന്നു. പണിയായുധങ്ങളുമായി വരമ്പിലൂടെ എതിരെ വന്ന നാലഞ്ചു കിടാത്തന്മാർ ചെക്കോട്ടി വൈദ്യരെ കണ്ടതും ഭയഭക്തി ബഹുമാനത്തോടെ വഴി മാറി നിന്നു.

നേരം പെരെ പെരെ വെളുക്കണമുമ്പ് വൈദ്യരങ്ങുന്ന് എങ്ങോട്ടാണെന്ന് ചോദിക്കണമെന്ന് കോരന് തോന്നിയെങ്കിലും വൈദ്യരങ്ങുന്നേ എന്ന വിളി മാത്രമെ പുറത്തേക്ക് വന്നുള്ളു. "കോരാ" വൈദ്യരുടെ വിളി കോരനെ ആഹ്ലാദചിത്തനാക്കി. വൈദ്യർക്ക് വഴികാട്ടിയായി കോരൻ പത്തടി മുന്നിലായി നടന്നു. പാടത്തിന്റെ ഓരത്ത് വട്ടത്തിലുള്ള മൺകൂനയിൽ കുഞ്ഞാറ്റ കിളിയുടെ കൂടു പോലെ കരിയോല കൊണ്ട് മറച്ച മൂന്ന് കുടിലുകൾ. ഒരു കുടിലിന്റ മുറ്റത്തിരുന്നൊരു കിടാത്തി പൂർണ നഗ്നയായൊരു കുഞ്ഞിനെ പൊൻവെയിൽ കൊള്ളിക്കുകയായിരുന്നു. ചന്ദ്രവിമുഖി ചികിത്സയുടെ ഭാഗമാണതെന്ന് പെട്ടെന്ന് തന്നെ വൈദ്യർ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിലൊരു പുഞ്ചിരി വിരിഞ്ഞു. പക്ഷെ തിരിച്ച് ധൃതിയിൽ ഇല്ലത്തേക്ക് നടക്കുമ്പോൾ, ചെമ്പനെ കണ്ടെത്താനുള്ള അടുത്ത ഉപായം തേടുകയായിരുന്നു വൈദ്യർ. കിടാത്തിക്ക് ചെമ്പനാരെന്നോ, എവിടുത്തുകാരനെന്നോ, എങ്ങോട്ട് പോയെന്നോയെന്നുമറിയില്ല. ചെമ്പന്റെ നിർദേശാനുസരണം കുഞ്ഞിനെ പരിചരിക്കുന്നു എന്നു മാത്രം. പുരട്ടാനും കുടിക്കാനും കൊടുത്ത ഔഷധത്തിന്റെ ചെറിയൊരംശം വൈദ്യർ അവിടുന്ന് ശേഖരിച്ചു. പ്രത്യേക മണമൊന്നും തോന്നാത്തതിനാൽ അൽപം ഔഷധമെടുത്ത് രുചിച്ച് നോക്കി, ചെറിയൊരു തരിപ്പ് ഉടലാകെ കുളിരുകോരിയതല്ലാതെ പ്രത്യേക രുചിയൊന്നും വൈദ്യർക്ക് തോന്നിയില്ല.

തുരുത്തിക്കാടിനുള്ളിലൂടെ പതുങ്ങി വന്ന സൂര്യവെളിച്ചം ചിതറി തെറിച്ച പാടവരമ്പിലൂടെ വൈദ്യർ നടന്നു. കോലോത്തെ പാടത്തിനപ്പുറം ഒരാൾ പൊക്കത്തിൽ വളർന്നു പൊങ്ങിയ കുറ്റിപ്പുല്ല് നിറഞ്ഞ തുരുത്തി പാടമാണ്. തുരുത്തി പാടത്തിനോട് ചേർന്ന് തുരുത്തി കാട്. കൊടും കാടിനുമപ്പുറം തെളിനീരൊഴുകുന്ന കൈതപ്പുഴ. തീരത്ത് കൈതച്ചെടികൾ പടർന്നു പന്തലിച്ച കൈതപ്പുഴ കടന്നാൽ പാലോറ മല. മലയുടെ താഴ്‌വരയിൽ വലിയൊരുകൂട്ടം കാട്ടുനിവാസികൾ വസിക്കുന്നുണ്ട്. ചെമ്പൻ അവരിൽപ്പെട്ട ഒരാളാകാനാണ് സാധ്യത. കാട്ടുവൈദ്യത്തിൽ അഗ്രഗണ്യരായ പല വൈദ്യന്മാരും അവർക്കിടയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ പുറംലോകവുമായി അവർക്ക് യാതൊരു ബന്ധവുമില്ല. തുരുത്തിക്കാടും കൈതപ്പുഴയും കടന്ന് അവിടെ എത്തിച്ചേരുകയെന്നത് നിസ്സാര കാര്യമല്ല. കാട്ടാനകളും കാട്ടുപുലികളും കുറുനരികളും സ്വൈര വിഹാരം നടത്തുന്ന കൊടുംകാടാണ് തുരത്തിക്കാട്. ഇനി ഭാഗ്യം കൊണ്ട് തുരുത്തിക്കാട് കടക്കാൻ അവസരം കിട്ടിയെന്നിരിക്കട്ടെ.

കാട്ടുവാസികൾ എങ്ങനെയായിരിക്കും തന്നെ സ്വീകരിക്കുക? പുറംലോകത്തുനിന്നു വരുന്നയൊരാളെ ജീവനോടെ വെറുതെ വിടുമോ? അവര്‍ക്കിടയിൽ നിന്ന് എങ്ങനെ ചെമ്പനെ കണ്ടെത്തും? കണ്ടെത്തിയാൽ തന്നെ ചെമ്പനിൽ നിന്ന് ചന്ദ്രവിമുഖിയെ കുറിച്ച് മനസ്സിലാക്കാൻ കഴിയുമോ?

ചെക്കോട്ടി വൈദ്യർക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി. ഇടവഴിയിലേക്ക് ചാഞ്ഞുകിടന്ന ചെമ്പരത്തി പൂക്കളെ തഴുകി വന്ന ഒരു കുളിർന്ന കാറ്റ് വൈദ്യരെ കടന്ന് പോയി. പക്ഷെ വൈദ്യരുടെ ചുട്ടുപൊള്ളുന്ന തലച്ചോറിനെ ശമിപ്പിക്കാൻ കുളിർന്ന കാറ്റിന് സാധിച്ചില്ല. സഹധർമ്മിണി ജാനുവമ്മ വെച്ചുവിളമ്പിയ ഉച്ചഭക്ഷണം പാതിയെ വൈദ്യർ കഴിച്ചുള്ളു. എന്തു സംഭവിച്ചാലും ചന്ദ്രവിമുഖി കണ്ടെത്തിയേ തീരൂ. ജീവിതത്തിൽ ഇതുപോലെയൊരവസരം ഇനി ലഭിച്ചെന്നു വരില്ല. അതുമാത്രമല്ല; മറ്റാരെങ്കിലും തിരിച്ചറിയുന്നതിന് മുമ്പ് ചന്ദ്രവിമുഖി കണ്ടെത്തണം.

അന്നു വൈകുന്നേരം ചെക്കോട്ടി വൈദ്യർ കോരനെ ആളയച്ചു വിളിപ്പിച്ചു. അസ്തമയ സൂര്യന്റെ ചുവന്ന കിരണങ്ങൾ ചെരിഞ്ഞു വീണ വടക്കെ തൊടിയിലെ നാട്ടുമാവിൻ ചോട്ടിൽ വെച്ച്, അയിത്തം വെടിഞ്ഞ് വൈദ്യർ കോരനോട് സംസാരിച്ചു. അതിസാഹസികത ഇഷ്ടപ്പെടുന്ന, കാളപൂട്ടിൽ കൂറ്റൻ കാളകളെ കൈകരുത്തിൽ പൂട്ടിയ കോരന് വൈദ്യരുടെ ആവശ്യം അംഗീകരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചെമ്പനെ കണ്ടെത്തുകയെന്നതല്ലാതെ ചന്ദ്രവിമുഖിയുടെ കാര്യം കോരനില്‍ നിന്നും വൈദ്യർ മറച്ചുവെച്ചു.

പിറ്റേന്ന് പുലർച്ചെ പാലോറ മലയുടെ തുഞ്ചത്ത് ചുവപ്പ് പന്തലിച്ചതോടെ വൈദ്യരും കോരനും യാത്ര പുറപ്പെട്ടു. കാടിനുള്ളിൽ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ വൈകുന്നേരത്തോടെ തുരുത്തി കാട് കടന്ന് കൈതപ്പുഴയുടെ തീരത്തെത്താം. തീരത്ത് താൽക്കാലിക കുടി കെട്ടിയോ, ഏറുമാടം കെട്ടിയോ ഇന്ന് രാത്രി കൂടും. നാളെ രാവിലെ കൈതപ്പുഴ കടന്ന് പാലോറ മലയിലെത്തണം. ജാനുവമ്മയും ചിരുതയും തുരുത്തിപ്പാടം വരെ അവരെ അനുഗമിച്ചു. വൈദ്യരും കോരനും തുരുത്തി കാടിന്റെ വന്യതയിലേക്ക് വേഗത്തിൽ നടന്നു കയറി.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അന്നുച്ചയ്ക്ക് ശേഷം തുരുത്തി കാടിനു മുകളിലൂടെ വീശി വന്ന കാറ്റിൽ തുരുത്തിപ്പാടം മുഴുവൻ കരിമ്പുകയാൽ മൂടി. തുരുത്തി കാടിനെ പാതിയും കരിച്ചു കളഞ്ഞ കാട്ടുതീ വൈകുന്നേരത്തോടെ കാടിറങ്ങി പാടത്തെ കരിഞ്ഞുണങ്ങിയ കുറ്റിപ്പുല്ലുകളെയും ഓരത്തെ കുടിലുകളെയും വിഴുങ്ങാൻ തുടങ്ങി. പ്രദേശമാകെ പന്തലിച്ച കരിമ്പുക മാനം മുട്ടെ ഉയർന്നു പൊങ്ങി. ശ്വാസം കിട്ടാതെ ജനങ്ങൾ കുടിലുകളിൽ നിന്നും വീടുകളിൽ നിന്നും ചുമച്ചുകൊണ്ട് പുറത്തേക്കോടി. പലയിടത്തു നിന്നും കൂട്ടക്കരച്ചിലുകൾ ഉയർന്നു. കറുത്ത പുകയിൽ ശ്വാസം കിട്ടാതെയായപ്പോഴാണ് ചിരുത അമ്മയെയും കൂട്ടി വീടിന് പുറത്തേക്കിറങ്ങിയത്. കടുത്ത മൂടൽമഞ്ഞുപോലെ പുറത്ത് പുക കെട്ടിക്കിടക്കുന്നു. ഇടവഴിയിലേക്കിറങ്ങിയ ചിരുതയ്ക്കും അമ്മയ്ക്കും ഇടയിലൂടെ കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട കാട്ടുപന്നിക്കൂട്ടം ചീറിക്കൊണ്ട് പാഞ്ഞു പോയി.

അസ്തമയ സൂര്യൻ താഴെ വീണതുപോലെ തുരുത്തിക്കാട് വലിയൊരു ചെങ്കനലായി മാറിയത് കണ്ട് ചിരുത ഞെട്ടി. അമ്മേ.. അച്ഛനും കോരനും.. അവളുടെ ശബ്ദം പാതി പുറത്തേക്ക് വന്നപ്പോഴേക്കും ജാനുവമ്മ ബോധരഹിതയായി താഴെ വീണു. തീ പിടിച്ച കുടിലുകളിൽ നിന്നുയർന്ന നിലവിളികൾക്കിടയിൽ ചിരുതയുടെ നിലവിളി അലിഞ്ഞു ചേർന്നു.

(തുടരും)

English Summary:

E-novel Chandravimukhi by Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com