sections
MORE

പോപ് ഗായികയുടെ വിലക്കപ്പെട്ട ബന്ധത്തെപ്പറ്റി മുന്‍ കാമുകി: ഇതാ നിനക്കായ് ഒരു ഗീതം

HIGHLIGHTS
  • 1980-കളിലാണ് വിറ്റ്നി ഹൂസ്റ്റനും റോബിന്‍ ക്രാഫോര്‍ഡും കാണുന്നതും പരിചയപ്പെടുന്നതും.
A Song For You
SHARE

പ്രണയത്താല്‍ തകരുന്ന ഹൃദയങ്ങള്‍ എവിടേക്കാണ് ഒളിച്ചോടുന്നതെന്ന് ഒരു പാട്ടിലൂടെ അദ്ഭുതപ്പെട്ടിട്ടുണ്ട് വിറ്റ്നി ഹൂസ്റ്റന്‍- ലോകപ്രശസ്ത അമേരിക്കന്‍ പോപ് ഗായിക. ഒരു ജീവിതത്തിന്റെ മുഴുവന്‍ പ്രണയവും കാത്തുവച്ചിട്ടും തകര്‍ന്നുപോയ ഹൃദയങ്ങളെക്കുറിച്ച്, അനശ്വരമായ പാട്ടുകള്‍ അവശേഷിപ്പിച്ച് കടന്നുപോയ വിറ്റ്നിയെക്കുറിച്ച്, ആ ഗായികയോടുള്ള പ്രണയത്താല്‍ തകര്‍ന്നുപോയ ഹൃദയത്തിന്റെ ഉടമ ഒരു പാട്ടു പാടുകയാണ്- ഇതാ നിനക്കായ് ഒരു ഗീതം. എ സോങ് ഫോര്‍ യൂ... നിന്നെക്കുറിച്ചുള്ള എന്റെ പ്രിയമെഴും ഓര്‍മകള്‍.

പാട്ടുകളിലൂടെ ഏറ്റവുമധികം പുരസ്കാരങ്ങള്‍ നേടിയതിന്റെ ലോകറെക്കോര്‍ഡ് ഇന്നും ഭദ്രമായി സൂക്ഷിക്കുന്ന, 49-ാം വയസ്സില്‍ പാടിക്കൊണ്ടിരുന്ന പാട്ട് പാതിവഴിയില്‍ നിര്‍ത്തി കടന്നുപോയ വിറ്റ്നിയെക്കുറിച്ചു പാടുന്നത് റോബിന്‍ ക്രാഫോര്‍ഡ്. കൗമാരത്തില്‍ കണ്ടുമുട്ടുകയും ഇണങ്ങിയും പിണങ്ങിയും രഹസ്യമായും പരസ്യമായും വിറ്റ്നിയുടെ മരണം വരെ തുടരുകയും ചെയ്ത ദൂരൂഹമായ തങ്ങളുടെ ബന്ധത്തെക്കുറിച്ചാണ് റോബിന്‍ ക്രാഫോര്‍ഡ് പാടുന്നത്. ലോകം അംഗീകരിക്കാതിരുന്ന, ബന്ധുക്കള്‍ അവഗണിച്ച, സമൂഹം സംശയത്തോടെ വീക്ഷിച്ച രണ്ടു പെണ്ണുങ്ങള്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച്. പല കാലങ്ങളില്‍, പല ദേശങ്ങളില്‍ പലരും ശബ്ദം താഴ്ത്തി ചോദിച്ചിട്ടുണ്ട്- റോബിന്‍ ക്രാഫോര്‍ഡ് എന്ന യുവതിക്ക് വിറ്റ്നി ഹൂസ്റ്റന്‍ എന്ന ലോകപ്രശസ്ത പോപ് ഗായികയുടെ ജീവിതത്തില്‍ എന്താണു കാര്യമെന്ന്. 2012ല്‍ അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്നു ദുരൂഹസാഹചര്യത്തില്‍ മരിക്കുംവരെ വിറ്റ്നി അതേക്കുറിച്ചു മൗനം പാലിച്ചു. ക്രാഫോര്‍ഡും രഹസ്യബന്ധത്തെക്കുറിച്ച് പരസ്യമായി ഒന്നും പറയാന്‍ മുതിര്‍ന്നിരുന്നില്ല. രണ്ടു യുവതികള്‍ തമ്മിലുള്ള, രണ്ടു പ്രശസ്ത ഗായികമാര്‍ തമ്മിലുള്ള ബന്ധവും അതിന്റെ സങ്കീര്‍ണതകളും രഹസ്യമായിത്തന്നെ തുടര്‍ന്നു. ആ രഹസ്യത്തിന്റെ പൂട്ട് പൊളിക്കുകയാണ് ഇതാദ്യമായി റോബിന്‍ ക്രാഫോര്‍ഡ് ഒരു പുസ്തകത്തിലൂടെ. എ സോങ് ഫോര്‍ യൂ- മൈ ലൈഫ് വിത്ത് വിറ്റ്നി ഹൂസ്റ്റന്‍. 

1980-കളിലാണ് വിറ്റ്നി ഹൂസ്റ്റനും റോബിന്‍ ക്രാഫോര്‍ഡും കാണുന്നതും പരിചയപ്പെടുന്നതും. അന്നുമുതല്‍ അവരുടെ ബന്ധത്തെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും തുടങ്ങി. പോപ് ഗായികയുടെ ജീവിതത്തെക്കുറിച്ചു പുറത്തുവന്ന രണ്ട് ഡോക്യുമെന്ററികളും അവരുടെ ഇരട്ട ലൈംഗിക ജീവിതത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ പുരുഷന്‍മാരുമായി സ്വാഭാവികമായി വികസിച്ച ബന്ധങ്ങളെക്കുറിച്ചും സ്ത്രീയായിരിക്കെത്തന്നെ മറ്റൊരു സ്ത്രീയുമായി പുലര്‍ത്തിയ കാല്‍പനിക ബന്ധത്തെക്കുറിച്ചും. വിറ്റ്നി എന്ന യുവതി മറ്റൊരു യുവതിയുമായി പുലര്‍ത്തിയ സംശയകരമായ ബന്ധത്തെക്കുറിച്ച്. ആ ബന്ധത്തിലെ നായികയാണ് റോബിന്‍ ക്രാഫോര്‍ഡ്. 

വിറ്റ്നിയും ക്രാഫോര്‍ഡും തമ്മിലുള്ള വിലക്കപ്പെട്ട ബന്ധത്തെ എന്നും സംശയത്തോടെ കണ്ട ഒരാളുണ്ട്. വിറ്റ്നിയുടെ ഭര്‍ത്താവ് ബോബി ബ്രൗണ്‍. പല അവസരങ്ങളിലും ബ്രൗണും ക്രാഫോര്‍ഡും തമ്മില്‍ വഴക്കുണ്ടാകുകയും അവര്‍ ശാരീരികമായി തമ്മിലടിക്കുകയും ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട് വിറ്റ്നിയുടെ മുന്‍ ബോഡിഗാര്‍ഡ്. 

ലോസാഞ്ചല്‍സിലെ ബെവര്‍ലി ഹില്‍ട്ടന്‍ ഹോട്ടലിലെ ബാത്ത് ടബില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് അവസാനം വിറ്റ്നിയെ കണ്ടെത്തിയത്. മുങ്ങിമരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്. പക്ഷേ ഹൃദ്രോഗവും മയക്കുമരുന്നിന്റെ അമിത ഉപയോഗവുമാണ് ടബിലെ വെള്ളത്തില്‍നിന്നു രക്ഷപ്പെടാനാവാത്ത രീതിയില്‍ വിറ്റ്നിയെ അശക്തയാക്കിയതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. വിറ്റ്നിയുടെ ജീവിതത്തെക്കുറിച്ചു മാത്രമല്ല, മരണത്തെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ ക്രാഫോര്‍ഡിന്റെ പുസ്തകത്തിലുണ്ടായിരിക്കും എന്നാണു പ്രതീക്ഷ. ഒരു കസിന്‍ ഒരിക്കല്‍ വിറ്റ്നിയെ ലൈംഗീകമായി ദുരുപയോഗിച്ചതിനെക്കുറിച്ച് ക്രാഫോര്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഇതു കുടുംബവൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. ഒരുപക്ഷേ പുതിയ പുസ്തകത്തില്‍ ലോകം ഇനിയും അറിഞ്ഞിട്ടില്ലാത്ത വിറ്റ്നിയുടെ ജീവിതരഹസ്യങ്ങളെക്കുറിച്ച് ക്രാഫോര്‍ഡ് വെളിപ്പെടുത്തിയേക്കാം. ആറു മാസം കൂടി കാത്തിരിക്കണം പുസ്തകം പുറത്തുവരാന്‍. പെന്‍ഗ്വിന്‍ ഇംപ്രിന്റ് ഡട്ടണ്‍ ആണു പ്രസാധകര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA