ADVERTISEMENT

മാതൃഭാഷയായ കന്നഡയില്‍ എഴുതിയ കൃതികള്‍ ഇംഗ്ലിഷിലേക്കു സ്വയം വിവര്‍ത്തനം ചെയ്ത് ലോക സാഹിത്യത്തിലും ഇടംപിടിച്ച ഗിരീഷ് കര്‍ണാട് കന്നഡയുടെ അഭിമാനമാണ്; ഇംഗ്ലിഷ് വായിച്ചാസ്വദിക്കുന്ന ലോകത്തിന്റെയും. കന്നഡ ഭാഷയിലും കര്‍ണാടകയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും കാലുറപ്പിച്ചുനിന്ന്, ലോകത്തിന്റെ ആകാശത്തിലേക്കു വളര്‍ന്ന സാഹിത്യ പ്രതിഭ. കര്‍ണാടിന്റെ മിക്ക കൃതികളുടെയും അടിസ്ഥാനം കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ പ്രശസ്തമായ ഐതിഹ്യങ്ങളും നാടോടിക്കഥകളും നാട്ടുമൊഴികളും നാടന്‍ പാട്ടുകളുമാണ്. പാരമ്പര്യ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇതില്‍ പല കഥകളും. പക്ഷേ, പാരമ്പര്യത്തില്‍ അടിയുറച്ചുനില്‍ക്കുമ്പോള്‍ത്തന്നെ പാരമ്പര്യമൂല്യങ്ങളെ വെല്ലുവിളിക്കുന്നതും ഈ കഥകളുടെ പ്രത്യേകതയാണ്. ഈ വൈരുധ്യമായിരുന്നു കര്‍ണാടിന്റെ അക്ഷയഖനി. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും മറ്റു ജീവികളും പാമ്പുകളുമൊക്കെ അദ്ദേഹത്തിന്റെ കൃതികളില്‍ കഥാപാത്രങ്ങളായി, സംസാരിച്ചു, ചിന്തിച്ചു, വായനക്കാരെയും ചിന്തിപ്പിച്ചു. 

യയാതി, തുഗ്ലക്ക്, ഹയവദന, നാഗമണ്ഡല തുടങ്ങിയ നാടകങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ സാഹിത്യ ഭാവുകത്വത്തെത്തന്നെ മാറ്റിമറിച്ച എഴുത്തുകാരനാണ് ഗിരീഷ് കര്‍ണാട്. ഓക്സ്ഫഡ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസവും വിദേശ സംസ്കാരവും അദ്ദേഹത്തിന്റെ ഭാവനയ്ക്കു വളമായി. ആധുനികവും ഉത്തരാധുനികവുമായ കാഴ്ചപ്പാടുകളെ പാരമ്പര്യത്തിന്റെ മൂശയിലിട്ട് മിനുക്കി കര്‍ണാട് അദ്ഭുത സൃഷ്ടികള്‍ക്കു ജന്‍മമേകിക്കൊണ്ടിരുന്നു.

നാഗമണ്ഡല എന്ന, കര്‍ണാടിന്റെ പ്രശസ്ത നാടകത്തിലെ പ്രധാന കഥാപാത്രം റാണി എന്ന യുവതിയാണ്. ജീവിതത്തിലെ ശൂന്യതയെ അതിജീവിക്കാന്‍ റാണി കണ്ടെത്തുന്ന ഒരു മാര്‍ഗമുണ്ട്– കഥകള്‍ സൃഷ്ടിക്കുക. എണ്ണമറ്റ സാങ്കല്‍പിക കഥകള്‍. സന്തോഷവും സങ്കടവും സംഘര്‍ഷവും നിറഞ്ഞ ഉദ്വേഗജനകമായ കഥകള്‍. ഈ കഥകളിലൂടെ അവര്‍ ജീവിതത്തെ നേരിട്ടു. ജീവിതത്തിലെ അര്‍ഥമില്ലായ്മയില്‍ അര്‍ഥം കണ്ടെത്തി. വാസ്തവത്തില്‍ റാണി മാത്രമല്ല, എല്ലാ മനുഷ്യരും ജീവിക്കുന്നത് കഥകളിലൂടെയാണ്. കഥകള്‍ സൃഷ്ടിക്കുന്ന സാങ്കല്‍പിക ലോകത്തിലൂടെയാണ്. കാല്‍പനിക ഭംഗികളിലൂടെയാണ്. ഗിരീഷ് കര്‍ണാടും കന്നഡയുടെ നാട്ടുമൊഴിയില്‍ വിളഞ്ഞ നാട്ടുകഥകളില്‍നിന്ന് സങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ക്കു വ്യാഖ്യാനങ്ങള്‍ ചമച്ചു. 

കര്‍ണാടിന്റെ ‘നാഗമണ്ഡല’ തുടങ്ങുന്നത് ഇടിഞ്ഞുപൊളിഞ്ഞ ഒരു ക്ഷേത്രത്തിലാണ്. വിഗ്രഹവും തകര്‍ന്നുകിടക്കുകയാണ്. ഏതു ദേവന്റെ വിഗ്രഹമാണെന്നു തിരിച്ചറിയാത്ത അവസ്ഥ. രാത്രിയില്‍, നിലാവില്‍, ക്ഷേത്രത്തിനുള്ളില്‍ ഉറക്കം തൂങ്ങിയിരിക്കുകയാണ് ഒരു മനുഷ്യന്‍. അയാള്‍ പ്രേക്ഷകരോടു സംസാരിച്ചു തുടങ്ങുന്നു: 

‘ഞാന്‍ മരിക്കാന്‍ പോകുകയാണ്. മരണം അഭിനയിക്കുകയല്ല. യഥാര്‍ഥ മരണം തന്നെ. കുറച്ചുനാള്‍ മുമ്പ് ഒരു സന്യാസി എന്നോടു പറഞ്ഞു, ഈ മാസം ഒരു രാത്രിയെങ്കിലും ഞാന്‍ പൂര്‍ണമായും ഉണര്‍ന്നിരിക്കണമെന്ന്; ഒരുപോള കണ്ണടയ്ക്കാതെ. അങ്ങനെ ചെയ്താല്‍ എനിക്ക് ജീവിക്കാം. ഇല്ലെങ്കില്‍ മാസത്തിലെ അവസാന രാത്രി ഞാന്‍ മരിക്കും. സന്യാസിയുടെ വാക്കു കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. ഒരു രാത്രി ഉറങ്ങാതിരിക്കുന്നത് അത്ര വലിയ സംഭവമാണോ എന്നും തോന്നി. പക്ഷേ, എനിക്കു തെറ്റിപ്പോയി. ഉറങ്ങരുതെന്നു വിചാരിക്കുമെങ്കിലും ഉറങ്ങിപ്പോകാനാണ് എന്റെ വിധി. ഇതാ അവസാനത്തെ രാത്രി വന്നെത്തിയിരിക്കുന്നു. ഈ വിധിനിര്‍ണായകമായ രാത്രിയിലും എനിക്ക് ഉറങ്ങാതിരിക്കാനാകുന്നില്ല. ഞാന്‍ കോട്ടുവായിടുന്നത് നിങ്ങള്‍ കാണുന്നില്ലേ. ഏതു നിമിഷവും ഞാന്‍ ഉറങ്ങിപ്പോകാം; അങ്ങനെ മരണത്തിലേക്കും. 

സന്യാസിയോടു ഞാന്‍ ചോദിച്ചിരുന്നു– ഈ വിധി ലഭിക്കാന്‍ ഞാന്‍ എന്തു തെറ്റാണു ചെയ്തതെന്ന്. അയാള്‍ എന്നോടു പറഞ്ഞു: നിങ്ങള്‍ നാടകങ്ങള്‍ എഴുതി. രംഗത്ത് അവതരിപ്പിച്ചു. എത്രയോ പേര്‍ നിങ്ങളുടെ നാടകം കാണാന്‍ വന്ന് കസേരകളിലിരുന്ന് ഉറങ്ങിപ്പോയി. ആ ഉറക്കമെല്ലാം ഇതാ നിങ്ങളെത്തേടി എത്തിയിരിക്കുന്നു. ഏറ്റുവാങ്ങുക. 

എന്റെ നാടകങ്ങള്‍ അത്ര വലിയ കുഴപ്പമാണ് ഉണ്ടാക്കിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതാ, അവസാനത്തെ രാത്രിയില്‍ ഞാന്‍ വീടുവിട്ട് ഈ ക്ഷേത്രത്തില്‍ അഭയം തേടിയിരിക്കുന്നു; മരിക്കാന്‍, അവസാന ശ്വാസം വലിക്കാന്‍. ഒരു എഴുത്തുകാരനായി വീട്ടുകാരുടെ മുമ്പില്‍ എനിക്കു മരിക്കാന്‍ വയ്യ. ഇവിടെയാകട്ടെ എന്റെ മരണം. അജ്ഞാതമായ, വിദൂരമായ, ഈ വിജനഭൂമിയില്‍. ഒരു കാര്യം കൂടി ഞാന്‍ ഉറപ്പു തരുന്നു. ഇന്ന് ഞാന്‍ അതിജീവിക്കുകയാണെങ്കില്‍ ഇനിയൊരിക്കലും ഞാന്‍ നാടകം എഴുതില്ല. കഥകള്‍ പറയില്ല. ആരെയും വിരസ നിമിഷങ്ങളിലേക്ക് തള്ളിവിടുകയില്ല. ഇതു സത്യം.’

കഥകളെ നിഷേധിച്ചുകൊണ്ട് കഥകളിലൂടെ കര്‍ണാട് നാടകത്തിന്റെ ലോകം നിര്‍മിച്ചു. ഒരേസമയം പാമ്പര്യത്തെയും ആധുനികതയെയും സംയോജിപ്പിച്ചു. എല്ലാക്കാലത്തും എവിടെയുമുള്ള പ്രേക്ഷകര്‍ക്കായി ജീവിതത്തെ വ്യാഖ്യാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com