sections
MORE

പ്രാണന്റെ മുറിവുകൾ, അവയെ കൂട്ടിത്തുന്നുന്ന ആനന്ദത്തിന്റെ തന്ത്രികൾ

Emily Dickinson
എമിലി ഡിക്കിൻസൻ
SHARE

കവിത എനിക്കു വശ്യമായ കാലമാണെങ്കിലും ഫിക്‌ഷനാണു പ്രിയങ്കരമായ സഹവാസം. എനിക്കു തോന്നുന്നത്, ഇതിലൊന്നു മാറ്റിയാൽ പ്രാണനിൽ എന്തോ കുറയുന്നുവെന്നതാണ്. കവിതയും കഥയും ഒരുമിച്ചു കൂടെ നിൽക്കുമ്പോൾ ആത്മവിശ്വാസം ഉയരുന്നു. നിങ്ങൾ സാഹിത്യത്തിലെ ഏതെങ്കിലും പാരമ്പര്യം പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ,  ഈ ഇരട്ട സമ്പർക്കമാവും ഏറ്റവും സർഗാത്മകം. 

Take away all from me, but leave me Ecstasy എന്ന് എമിലി ഡിക്കിൻസൻ. ഈ ഉന്മാദം തന്നെ മറ്റെല്ലാവരെക്കാൾ ധനികയാക്കുന്നുവെന്നും പറഞ്ഞ കവി ജീവിച്ച പത്തൊൻപതാം നൂറ്റാണ്ടിൽ ഇതേ ഉന്മത്തത നോവലിലൂടെ പങ്കുവച്ചത് എമിലി ബ്രോണ്ടിയാണ്. ‘വുതറിങ് ഹൈറ്റ്സ്’ പോലെ പ്രക്ഷുബ്ധമായ ഒരു ഋതു മറ്റെവിടെ കിട്ടും? ഇവരിലൊരാളെ നഷ്ടപ്പെടുത്തിയിട്ട് വായനക്കാർ എങ്ങനെ ആഹ്ലാദിക്കാനാണ്? അതിനാൽ കഥയും കവിതയും കയ്യിലുള്ളവരോടു സംസാരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്, ഇതു രണ്ടും തരുന്ന എഴുത്തുകാർക്ക് അരികെ ജീവിക്കാനും.

ഒരിക്കൽ വനമേഖലയിലെ ഒരു വീട്ടിൽ താമസിക്കുകയാ യിരുന്നു. ഫെബ്രുവരി മാസമാണ്. ഒരു ദിവസം നിങ്ങൾ വനത്തിനകം നടക്കുമ്പോൾ നേർത്ത പുഴ കാണുന്നു. തീരത്തെ അഴുകിയ കരിയിലകൾക്കു മറവിൽനിന്ന് ചോരയ്ക്കായി കുതിക്കുന്ന കുളയട്ടകളെ പേടിച്ചു ശ്രദ്ധാപൂർവം നടക്കുന്നു. അനക്കമറ്റ പരിസരം. പുഴയിലെ കല്ലുകളിലൊന്നിന്റെ മുകളിലേക്കു ചാടിക്കയറുന്നു. പൊടുന്നനെ ചുറ്റും ഇരുണ്ട നിറമാർന്ന കുഞ്ഞുശലഭങ്ങളുടെ ഒരു പറ്റം പറന്നുയരുന്നു. എന്തൊരു കാഴ്ചയാണത്! എവിടെയായിരുന്നു അവ ഒളിച്ചിരുന്നത്? 

ആ കാഴ്ചയ്ക്ക് മറ്റൊരാൾ ഞാൻ അനുഭവിച്ച അതേ വിസ്മയത്തോടെ കാണിയാകാതെ പോയതു പിന്നീട് എന്നെ വിഷമിപ്പിച്ചു. അങ്ങനെ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ ആ കാഴ്ച വിശദീകരിക്കാൻ എനിക്ക് അയാളോട് ആവശ്യപ്പെടാമായിരുന്നു. കാരണം ആനന്ദം ഓരോരുത്തർക്കും ഓരോന്നാണ്,  വാസ്തവ ത്തിൽ. എനിക്ക് ലഭിക്കാത്ത എന്താണ് അയാൾക്കു കിട്ടിയതെന്ന്, എനിക്ക് കിട്ടിയതെന്താണ് അയാൾക്കു കിട്ടാതെ പോയതെന്ന്...

Wuthering Heights
വുതറിങ് ഹൈറ്റ്സ്

ഇതിലെ ആനന്ദം വളരെ പോയറ്റിക് ആകയാൽ, അത് അങ്ങനെ തന്നെ നാം നോക്കിനിൽക്കേ കവിതയായി മാറിയേക്കാം. പക്ഷേ, ആ കവിത സംഭവിച്ചു കഴിഞ്ഞാൽ പിന്നാലെ ഒരു കഥയോ നോവലോ വരുമെന്നാണു ഞാൻ പറയുക– അതു സ്നാപകയോഹന്നാനു പിന്നാലെ ക്രിസ്തുവിന്റെ വരവു പോലെ പ്രവചിക്കാ വുന്നതാണ്. പെട്ടെന്നു ചെന്നു മുട്ടുന്നതു ബോറിസ് പാസ്റ്റർനാക്കിന്റെ ഡോ. ഷിവാഗോയിലാണ്. 

ആ നോവലിന്നൊടുവിൽ ഷിവാഗോ എഴുതിയ കവിതകൾ കൊടുത്തിട്ടുണ്ട്. നോവലിലെ സങ്കീർണമായ കാലമാണ് ആ കവിതകളിൽ നിബിഡമായ വികാരമായി നിറയുന്നത്. ഷിവാഗോ കവിതകൾ എഴുതിയില്ലായിരുന്നുവെങ്കിൽ ആ ജീവിതത്തിന്  അത്രത്തോളം ആന്തരികവൈപുല്യം ഉണ്ടാകില്ലായിരുന്നു. സമീപകാലത്ത് ഡോ. ഷിവാഗോയുടെ ഒരു പുതിയ പരിഭാഷ കിട്ടിയപ്പോൾ ഞാൻ ആ കവിതകളാണ് ആദ്യം വായിച്ചുനോക്കിയത്.

പല എഴുത്തുകാരുടെയും ഫിക്‌ഷനിലെ പ്രധാന മോട്ടിഫുകൾ കിടക്കുന്നത് അവരെഴുതുന്ന കവിതകളി ലാണെന്നു കാണാം. ഇവിടെ പരാമർശിക്കേണ്ട മറ്റൊരു എഴുത്തുകാരൻ റോബർട്ടോ ബൊലാനോയാണ്. ഞാൻ അയാളുടെ ഗദ്യരചനകളെല്ലാം വായിച്ചു കഴിഞ്ഞാണു കവിതയിലേക്കു പോയത്. അന്നാണു ഞാനറിഞ്ഞത് ഈ മനുഷ്യൻ എപ്പോഴും കവിയായി സ്വയം വിശേഷിപ്പിക്കുന്ന ആളാണ്. 

Boris Pasternak
ബോറിസ് പാസ്തർനാക്ക്

ഒരുപാട് കവിതകളെഴുതി. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ കഥകളും നോവലുകളുമെഴുതി. വിരസതയുടെ ഏകാന്തമായ ഗദ്യമാണു കഥകളിലും നോവലുകളിലും ബൊലാനോ ഉപയോഗിച്ചത്. ഒരു നോവൽ മുഴുവനും വായിച്ചാലും ഒരു ഉദ്ധരണി തപ്പിയെടുക്കാൻ നമുക്കാവില്ല. എന്നാൽ കവിതകളിലാവട്ടെ മറ്റൊരു മനുഷ്യനെയാണു നാം കാണുക. അവിടെ തുറന്ന മുറിവുകൾ കാണുന്നു. സ്മരണകൾ അവിടെ കാറ്റത്തടയുകയും തുറക്കുകയും ചെയ്യുന്ന കിളിവാതിലുകളാകുന്നു.

2003 ൽ ബൊലാനോ മരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ എഴുത്തുമുറിയിൽ അപൂർണമായ മാനുസ്ക്രിപ്റ്റുകളുടെ ആയിരക്കണക്കിനു താളുകളുണ്ടായിരുന്നു. അവയിൽ പ്രസിദ്ധീകരണത്തിനു സജ്ജമാക്കിവച്ചിരുന്ന നോവലുകളുടെ കൂടെ ദി അൺനോൺ യൂണിവേഴ്സിറ്റി എന്ന പേരിലുള്ള ഒരു കവിതാസമാഹാരം കൂടിയുണ്ടായിരുന്നു. ആ കവിതകൾക്ക് കവി എഴുതിയ ആമുഖത്തിന്റെ തുടക്കം ഇങ്ങനെയാണ്:

‘പാലത്തിനു കീഴെ, മഴയത്ത്, തങ്കപ്പെട്ട അവസരമാണിത്, എനിക്ക് എന്നെത്തന്നെ ഒന്നു നോക്കാൻ:

ഉത്തരാർധത്തിലെ ഒരു പാമ്പിനെ പോലെ ഞാൻ, പക്ഷേ എഴുതുന്നു.

വിഡ്ഢികളുടെ നാട്ടിലിരുന്നു കവിതയെഴുതുന്നു

എന്നെ മകനെ മടിയിലിരുത്തി എഴുതുന്നു’

ഈ കവി കഥാകൃത്തും നോവലിസ്റ്റുമാകുമ്പോൾ ധിഷണ മേധാവിത്വം നേടുന്നതിനാലാകാം നാം പ്രതീക്ഷിക്കാത്ത ചില പരിവർത്തനങ്ങൾ ഭാഷയിലും സംഭവിക്കുന്നത്. അതേസമയം ഈ കവിതകളിലെ കാലവും സംഭവങ്ങളും തന്നെയാണു പിന്നീട് കഥാഖ്യാനങ്ങളായി വികസിക്കുന്നതെന്നതും വിസ്മരിക്കരുത്.

ഐസ്‌ലൻഡിൽനിന്നുള്ള നൊബേൽ സമ്മാനജേതാവായ ഹൽദോർ ലാക്‌സ്‌നസ്സിന്റെ ആദ്യ നോവൽ ദ് ഗ്രേറ്റ് വീവർ ഫ്രം കശ്മീർ (1926), ഇംഗ്ലിഷിലേക്കു വന്നത് 2008 ലാണ്. ഇത് അദ്ദേഹം 26–ാം വയസ്സിലെഴുതിയതാണ്. 

The Great Weaver From Kashmir
ദ് ഗ്രേറ്റ് വീവർ ഫ്രം കശ്മീർ

ഐസ്‌ലൻഡിഷിലെ അറിയപ്പെടുന്ന കവി കൂടിയാണ് ലാക്സ്നസ്. ക്രൈസ്തവ ആത്മീയതയുടെ വിരസത ചൂഴ്ന്നുനിൽക്കുന്ന ഈ കൃതി ഒന്നാം ലോകയുദ്ധത്തിനുശേഷമുള്ള നൈരാശ്യം കലർന്ന അന്തരീക്ഷ ത്തിലാണു സംഭവിക്കുന്നത്. മഞ്ഞും മഴയും പർവതങ്ങളും നിറഞ്ഞ ഐസ്‌ലൻഡിലെ ഒറ്റപ്പെട്ട അന്തരീക്ഷ ത്തിൽനിന്ന് ലോകം കാണാനിറങ്ങുന്ന ചെറുപ്പക്കാരനാണു നായകൻ. അയാൾ കവിയാണ്. ഏറ്റവും പെർഫെക്ട് ആയ കുറച്ചു കവിതകൾ എഴുതണമെന്നാണ് അയാൾ ആഗ്രഹിക്കുന്നത്.  അങ്ങനെ ലോകം കീഴടക്കണമെന്നും. അതിനായി നാടും വീടും മാത്രമല്ല, തന്നെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന അമ്മയെയും കൂട്ടുകാരിയെയും വരെ തിരസ്കരിച്ചു. 

നീത്ഷെ മനനം ചെയ്തെടുത്ത അതിമനുഷ്യനാകുകയായിരുന്നു ലക്ഷ്യം. മറ്റു ജന്തുജാലങ്ങളോടു ക്രൂരത ചെയ്യാൻ അയാൾ ശീലിക്കുന്നു. പ്രണയം അയാളെ മെരുക്കുന്നില്ല. ദേശങ്ങൾ അയാളെ ആശ്വസിപ്പിക്കുന്നില്ല. തിരസ്കാരത്തിന്റെ കയ്പ് അറിഞ്ഞ മറ്റൊരു കഥാപാത്രം നോവലിൽ ഇങ്ങനെ പറയുന്നുണ്ട്, ‘ഒരു സ്ത്രീ ഒരിക്കലും തന്റെ ആത്മാവിനെ അതിന്റെ പൂർണ നഗ്നതയിൽ പുരുഷനു കാട്ടിക്കൊടുക്കരുത്. സ്ത്രീയുടെ ആത്മാവിന്റെ അടിത്തട്ടു വരെ കണ്ടുകഴിയുന്ന പുരുഷൻ, ശൂന്യമായ പൂപ്പാത്രത്തിലേക്ക് എന്ന പോലെ അവളുടെ ശരീരത്തിനുനേരെ നോക്കും’.

നോവൽ വായിച്ചുകഴിയുമ്പോഴും നാം ചോദിക്കും, ആരാണ് കശ്മീരിൽനിന്നുള്ള ആ നെയ്ത്തുകാരൻ?  കഥാനായകനായ കവി തന്നെയാണതെന്ന സൂചന നോവലിൽ പലയിടത്തുമുണ്ടെങ്കിലും  ആ ബന്ധം വ്യക്തമാക്കുന്നില്ല. ഇന്ത്യയെ സംബന്ധിക്കുന്ന പരാമർശങ്ങളെല്ലാം അപൂർണമായി നിൽക്കുന്നു.  words are wise, precise and strict like teachers and I am afraid of them, but the heart is none of theses things എന്ന് ലാക്സ്നസിന്റെ കഥാപാത്രം പറയുന്നത് അതാകാം. ലാക്സ്നസിന്റെ കവിതകൾ കൂടി വായിച്ചാൽ ഒരുപക്ഷേ ഈ നോവലിലേക്ക് പുതിയ വാതിൽ ലഭിച്ചേക്കാം. 

maythil-radhakrishnan-ezhuthumesha

മേതിൽ രാധാകൃഷ്ണന്റെ ഗദ്യം വായിച്ചു വലയുന്ന ഒരാൾ അദ്ദേഹത്തിന്റെ കവിതകളും വായിച്ചുനോക്കൂ. ചില സന്ദർഭങ്ങളിൽ മേതിലിന്റെ ലോകം അവിടെ ഏറ്റവും സരളമായി തെളിയുന്നതു കാണാം. സംഗീതം ഒരു സമയകലയാണ് എന്ന മേതിൽ കഥ വായിച്ചപ്പോൾ എന്നെ ഏറ്റവും ആകർഷിച്ചത് അതിന്റെ അവസാനം കൊടുത്തിരിക്കുന്ന വിശദമായ ആത്മകഥാപരമായ കുറിപ്പുകളാണ്. അത് ബസപ്പ എന്ന കഥാപാത്രത്തിനും അയാളുടെ വിചിത്രമായ അനുഭവങ്ങൾക്കും നേരെ അധികം പ്രകാശമില്ലാത്ത ടോർച്ച് തെളിക്കുന്നുണ്ട്.  കഥയുടെ അടിക്കുറിപ്പുകളിൽ കാണുന്ന അതേ സ്വകാര്യതയാണ് പലപ്പോഴും കവിതകളിൽ നാം കാണുന്നത്. ആ അനുഭവം നമുക്ക് ഗദ്യത്തിന്റെ വിജനത താണ്ടാൻ കൂട്ടാകും. പകർച്ചവ്യാധിയുടെ ഈ കാലത്ത് സംഗീതം ഒരു സമയകലയാണ് എന്ന കഥ വായിക്കേണ്ടതാണെന്നു കൂടി ഞാൻ കരുതുന്നു.

English Summary : In This Lockdown period Which One Do You Love To Read Poem And Prose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA
;