ADVERTISEMENT

ലോകസാഹിത്യത്തിലെ  വിലാസിനി ആരാണ്? എന്നു വച്ചാൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ  നോവൽ എഴുതിയത് ആരാണെന്ന്?  റിമംബറൻസ് ഓഫ് തിങ്‌സ് പാസ്‌റ്റ് എഴുതിയ ഫ്രഞ്ച് നോവലിസ്‌റ്റ് മാർസൽ പ്രൂസ്‌ത് ആണ് അതിന് അവകാശി

ഏഴു വാല്യങ്ങളും നാലായിരത്തിലേറെ പേജുകളുമുള്ള ഒരൽഭുതം. എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ കഥ എഴുതിയത്  അമേരിക്കൻ എഴുത്തുകാരനായ എഡ്‌ഗർ അലൻപോ ആണെന്നു നമുക്കറിയാം. ആ കഥ ഏതാണ്ടിങ്ങനെ:  രണ്ട് അപരിചിതർ  ട്രെയിനിൽ അടുത്തടുത്തിരുന്ന് യാത്ര ചെയ്യുന്നു. ഒരാൾ മറ്റേയാളോട്: നിങ്ങൾക്ക് പ്രേതത്തിൽ വിശ്വാസമുണ്ടോ? അയാൾ വിശ്വാസമില്ലെന്ന് യാതൊരു താൽപര്യവുമില്ലാതെ പറഞ്ഞ് മുഖം തിരിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ചോദ്യം ചോദിച്ചയാളെ കാണാനില്ല. പ്രേതത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങൾ തീരെച്ചെറിയ കഥകളിൽ വിശ്വസിച്ചേ മതിയാവൂ.  അതുകൊണ്ടാണല്ലോ ഒറ്റവരിക്കഥകൾ മാത്രം രചിച്ച  അമേരിക്കൻ എഴുത്തുകാരി ലിഡിയ ഡേവിസിന്  മാൻ ബുക്കർ പ്രൈസ് വരെ ലഭിച്ചത്. 

കളരിയിൽ പറയാറുണ്ട്, മെയ് കണ്ണാവുകയെന്ന്. ഇവിടെ കഥ കണ്ണാവുകയാണ്. നമ്മുടെ പ്രിയ എഴുത്തുകാർ എഴുതിയിട്ടുള്ളതിൽ വച്ചേറ്റവും ചെറിയ കഥകളെക്കുറിച്ചുള്ള  പംക്തി കഥനുറുക്ക്. 

ജാലകവിദ്യ

എഴുത്തുകൊണ്ട് ജാലവിദ്യ കാണിക്കുന്ന എം.ടി.വാസുദേവൻ നായർ ജാലവിദ്യ പ്രമേയമാക്കി എഴുതിയ കഥയാണ് രേഖയില്ലാത്ത ചരിത്രം. ഇത് എംടിയുടെ ഏറ്റവും ചെറിയ കഥയാണെന്നത് പക്ഷേ രേഖയില്ലാത്ത ചരിത്രമല്ല, രേഖയുള്ള ചരിത്രമാണ്. 

ലോകം കണ്ട ഏറ്റവും വലിയ ജാലവിദ്യക്കാരനായ ഹൂഡിനി മായാജാല ചക്രവർത്തിയായി ലോകം കീഴടക്കി ഒരു പര്യടനം നടത്തി. എല്ലാ പൂട്ടുകളും കൈയാമങ്ങളും ഭേദിച്ച് നിമിഷനേരം കൊണ്ട് സ്വതന്ത്രനാവുന്ന ഹൂഡിനിക്ക് ഈജിപ്തിൽനിന്ന് ഒരു എതിരാളി വന്നു; അഹമ്മദിബേ. ഹൂഡിനി വലിയ കാർ ഞൊടിയിട കൊണ്ട് അപ്രത്യക്ഷമാക്കുമ്പോൾ അഹമ്മദിബേ കൂറ്റൻ കൊമ്പനാനയെത്തന്നെ അപ്രത്യക്ഷനാക്കി. അഹമ്മദിബേയ്‌ക്ക് മുന്നിൽ ഹൂഡിനി തലകുനിച്ചതോടെ അഹമ്മദിബേ ലോകത്തിന്റെ പുതിയ മാന്ത്രിക ചക്രവർത്തിയായി. ഇതുവരെ രേഖപ്പെടുത്തിയ ചരിത്രമാണെന്ന് എംടി. 

അഹമ്മദിബേ ജാലവിദ്യകളുമായി ഒരു ലോകപര്യടനം നടത്തി. ഒരിടത്തെത്തിയപ്പോൾ കാണികൾ വളരെ കുറവ്. പലേടത്തും പരസ്യപ്പലകകൾ വച്ചിട്ടും ടിക്കറ്റെടുക്കാൻ ആളു കൂടിയില്ല. മിൽക്ക് കാനിൽ നിന്നും തപാൽസഞ്ചിയിൽ നിന്നുമൊക്കെ അയാൾ പുറത്തുവരുമ്പോൾ ജനം വിളിച്ചു പറഞ്ഞു, അതൊരു ട്രിക്കാണെന്ന്. ബേ ഒടുവിൽ സ്വന്തം നാവു മുറിച്ച് കൂട്ടിച്ചേർത്തപ്പോഴും ജനം വിശ്വസിച്ചില്ല, അത് പ്ലാസ്‌റ്റിക്കിന്റെ നാവാണെന്നായിരുന്നു അവർ പറഞ്ഞത്. ഒടുവിൽ വാളെടുത്ത് സ്വന്തം മാറിടം വെട്ടിക്കീറി  ചോരയിൽ കുതിർന്ന ഹൃദയം കൈയിലെടുത്തപ്പോഴും ജനം കൂസലില്ലാതെ കളിയാക്കി, അത് ആട്ടിന്റെ ചങ്കാണെന്ന്. 

സ്വന്തം ഹൃദയം കൈയിൽ പിടിച്ചു കൊണ്ട് അഹമ്മദിബേ കുഴഞ്ഞുവീണു മരിക്കുമ്പോൾ മായാജാലസംഘ ത്തിലെ  ഒരു കുട്ടി സഹപ്രവർത്തകനോടു ചോദിക്കുകയാണ്, നമ്മളെവിടെയാണ്? ഇതേതു നാടാണെന്ന്? ഇത് കേരളമാണെന്നു പറയുന്നതോടെ കേരളീയരുടെ മനോഭാവത്തിനും ചിന്താരീതിക്കുമേറ്റ അടിയാവുന്നു കഥ. എംടി എഴുതിയ കഥകളുടെ കടലെടുത്തു കാണിച്ചു കൊണ്ടു തന്നെ പറയട്ടെ, കുടലെടുത്തു കാണിച്ചാലും വാഴനാരാണെന്നു പറയുന്നവരാണ് കേരളീയരെന്നത് തെളിയിക്കാൻ ഇതിനപ്പുറം ഒരു കഥയില്ല.

കേരളീയരെ എന്തു കാര്യവും വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് വ്യക്‌തമാക്കുമ്പോൾത്തന്നെ അവർ ചില സ്വാമിമാരുടെ തട്ടിപ്പിൽ വേഗം വിശ്വസിക്കുന്നവരുമാണെന്ന വൈരുധ്യം എംടി അവതരിപ്പിക്കുന്നുണ്ട്. ജാലവിദ്യക്കാരൻ  സ്വന്തം ഹൃദയം കൈയിലെടുത്ത് കുഴഞ്ഞുവീണ് മരിക്കുന്നതു കണ്ടിട്ടും ജനം ആട്ടിന്റെ ചങ്കാണതെന്ന് പറയുമ്പോൾ അതേ നഗരത്തിൽ സ്വാമിയെ ദർശിക്കാൻ ജനക്കൂട്ടം ക്യൂ നിൽക്കുകയായി രുന്നു. 

എംടിയുടെ  ഓരോ കഥ വായിച്ചു കഴിയുമ്പോഴും അദ്ദേഹം സ്വന്തം ചങ്കെടുത്ത് നമുക്ക് നേരെ നീട്ടുന്നതായി തോന്നും. പക്ഷേ എംടിയുടെ വായനക്കാർ അഹമ്മദിബേയുടെ കാണികളെപ്പോലെ ആയിരുന്നില്ല. ആ കഥകൾ വായിച്ച് ചങ്കു പൊട്ടിക്കരഞ്ഞുകൊണ്ട് എംടിക്കു വേണ്ടി സ്വന്തം ചങ്കെടുത്തു കൊടുക്കാൻ പോലും അവർ തയാറായെന്നു വരാം. എംടി ജാലവിദ്യയിലൂടെ ഒരു ജാലകവിദ്യ അവതരിപ്പിക്കുകയാണ്. കേരളീയർ ഏതു തരക്കാരാണെന്ന് എളുപ്പം മനസ്സിലാക്കിത്തരുന്ന ഒരു കിളിവാതിൽക്കാഴ്‌ച. ഈ കഥ എന്തുകൊണ്ടാവും എംടി തീരെച്ചെറുതാക്കി എഴുതിയത്? ജാലവിദ്യകൾ വളരെ വേഗം കഴിയുന്നതാണ് എന്നതു പോലെ പെട്ടെന്ന് വായിച്ചു തീരുന്നതാവണം ഈ കഥയെന്ന് എംടി കരുതിയിട്ടുണ്ടാവും. അതിന്റേതായ ഒരു   കഥോന്മേഷം  ഇതിലെ ഭാഷയ്‌ക്കുണ്ട്.   

ഇംഗ്ലിഷിൽ  mt എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന ഒരേയൊരു വാക്കേയുള്ളൂ. അത് dreamt ആണെന്ന് പറഞ്ഞ നമ്മുടെ പ്രിയ കവിക്ക് സ്‌തുതി. ആ വാക്ക് സൂചിപ്പിക്കുന്നതു പോലെ തന്നെ മലയാളികളെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത്  എംടിയാണെന്നായിരുന്നു കവി വാക്യം. പക്ഷേ മലയാളികളെ സ്വപ്‌നം കാണാൻ മാത്രമല്ല സത്യം കാണാനും പഠിപ്പിച്ചത് എംടിയാണ്. താൻ നേരിട്ടറിഞ്ഞ സത്യങ്ങളാണ് എംടി എഴുതിയതെന്നു മാത്രമല്ല ഈ കഥയിലും മലയാളികൾ ഏതു തരക്കാരാണെന്ന സത്യം മനഃശാസ്‌ത്രപരമായി അവതരിപ്പിക്കുന്നു.

പൊട്ടിച്ചിരിച്ചുകൊണ്ട് ഒരാൾ പുസ്‌തകം വായിക്കാനിരിക്കുന്നു എന്നു കരുതുക. ഏതാനും മിനിറ്റുകൾക്കകം  അയാളുടെ കണ്ണുകൾ  നിറയുന്നു എങ്കിൽ തീർച്ചയായും അയാളുടെ കൈവശമുള്ളത് എംടിയുടെ പുസ്‌തകമായിരിക്കും. സാഹിത്യലോകത്ത് മഞ്ഞിന്റെ സൂര്യനാണ് എംടി എന്നതിനപ്പുറം മഞ്ഞു തുള്ളിയിൽ എന്നതു പോലെ ഈ കഥയിൽ കാണാം എംടി എന്ന എഴുത്തുസൂര്യന്റെ ജ്വലിക്കുന്ന മുഖം. 

English Summary : Kadhanuruku, Column, M.t Vasudevan Nair's Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com