ADVERTISEMENT

സമഗ്രാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ നേതൃപൂജകൾക്കുമെതിരെ കോഴിക്കോട്ട് എംടി സംസാരിച്ചപ്പോൾ മലയാളിയുടെ പൊതുബോധത്തിൽ വീശിത്തുടങ്ങിയത് ഒരു കൊടുങ്കാറ്റാണ്. വ്യക്തിപൂജകളിൽ അഭിരമിക്കുന്ന ഭരണാധിപന്മാർക്കെതിരെയും ജനാധിപത്യത്തെ ബഹുമാനിക്കാത്ത ഭരണകൂടങ്ങൾക്കെതിരെയും എംടി തൊടുത്ത വിമർശനങ്ങൾ കേരളം ഹൃദയം കൊണ്ടാണു കേട്ടത്. അത് ആത്മവിമർശനങ്ങൾക്കും സ്വയം തിരുത്തലുകൾക്കുമുള്ള വഴിതെളിക്കലാകട്ടെയെന്ന് സാധാരണക്കാരായ ഓരോ മലയാളിയും ആഗ്രഹിക്കുന്നു. എംടിയുടെ പ്രസംഗം എങ്ങനെയാണു പ്രസക്തമാകുന്നതെന്നു പറയുകയാണ് കേരളത്തിന്റെ സാഹിത്യ, കലാ രംഗങ്ങളിലെ മൂന്നു ശ്രദ്ധേയ വ്യക്തിത്വങ്ങൾ.

ഉള്ളിൽ നിന്നു വന്ന ശബ്ദം - എൻ.എസ്.മാധവൻ

ഞാൻ എം.ടിയുടെ പ്രസംഗം പൂർണരൂപത്തിൽ ഇന്നാണ് കണ്ടത്. അത് മുഴുവൻ വായിച്ചു. എനിക്കു തോന്നുന്നത് ആ പ്രസംഗത്തെ ഇടതുപക്ഷ പ്രസ്ഥാനം ഒരു തിരുത്തായി കാണണമെന്നും അതിനനുസരിച്ച് മുന്നോട്ട് പോകണമെന്നുമാണ്. കേരളത്തിലെ ഏതാണ്ട് തുല്യ രാഷ്ട്രീയ ശക്തിയായ കോൺഗ്രസിനെയും ദേശീയ പ്രസ്ഥാനത്തിൽപ്പെട്ട പാർട്ടികളെയും പറ്റി എംടി നിശ്ശബ്ദനായിരുന്നു. അതിന്റെ അർഥം ഇടതുപക്ഷത്തെ തിരുത്തി മുന്നോട്ട് കൊണ്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം എന്നാണ്. കാരണം ആദർശരാഷ്ട്രീയമൊക്കെ ഇടതുപക്ഷത്തിനു പറഞ്ഞിട്ടുള്ളതാണ്. അപ്പോൾ അതില്‍ വന്ന അബദ്ധവശങ്ങൾ എംടി ചൂണ്ടിക്കാണിച്ചു എന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് അദ്ദേഹം ജീവിതമാതൃകയായി സ്വീകരിച്ചത് ഇഎംഎസിനെയാണ്. ഇഎംഎസ് ആദർശരാഷ്ട്രീയത്തിലെ അബദ്ധങ്ങൾ തിരുത്താൻ വേണ്ടി പ്രത്യേകം ശ്രമിച്ചിരുന്നു. ഇഎംഎസിന്റെ അവസാന ശ്രമം ജനകീയാസൂത്രണം നടപ്പിലാക്കുക എന്നുള്ളതായിരുന്നു. അതിൽ രാഷ്ട്രീയമില്ല എന്നു പറഞ്ഞ് സിപിഎം തന്നെ ആ നയത്തിനെതിരായി നീങ്ങി. ഇഎംഎസ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എംടി അതെല്ലാം ഓർമിപ്പിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. 

MadhavanNS-JPG
എൻ.എസ്.മാധവൻ

എംടി പറഞ്ഞ ഒരു പേര് വിൽഹെം റീഹിന്റെതാണ്. 1940 കളിൽ, രണ്ടു ലോക മഹായുദ്ധങ്ങൾക്കിടയില്‍ യൂറോപ്പിൽ വളര്‍ന്ന ഹിറ്റ്‌ലറെ പോലുള്ള ശക്തികൾക്കെതിരായി നിലപാട് സ്വീകരിച്ച ഒരു പറ്റം തത്വചിന്തകരുണ്ടായിരുന്നു. അവരെ ഫ്രാങ്ക്ഫർട്ട് സ്കൂൾ എന്നാണ് വിളിക്കുക. അതിൽ പ്രമുഖനായിരുന്നു വിൽഹെം റീഹ്. ജർമനിയിൽ തിയഡോർ അഡോർണോ, ഫ്രാൻസിൽ വാൾട്ടർ ബെഞ്ചമിൻ തുടങ്ങിയവരുമുണ്ടായിരുന്നു. ഇവരുടെ ചിന്താഗതിയെക്കൂടി എംടി പ്രസംഗത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു. വളരെ ശ്രദ്ധിച്ചു തയാറാക്കിയ ഒരു പ്രസംഗമായിരുന്നു അത് എന്നെനിക്കു തോന്നുന്നു. അതും വളരെ പോസിറ്റീവായിട്ട് സ്വീകരിക്കേണ്ട ഒരു കാര്യമാണ്. ഉള്ളിൽ നിന്നു വന്ന ഒരു ശബ്ദമാണ് അത്. ഒരു തിരുത്തലായിക്കണ്ട് ആത്മപരിശോധന നടത്തുന്നത് ഇടതുപക്ഷത്തിനു നന്നായിരിക്കും.

പൊതുസമൂഹത്തിനോട് പങ്കുവച്ച ആശങ്ക - മുരുകൻ കാട്ടാക്കട

എംടി മോശമായിട്ടൊന്നും പറഞ്ഞതായി എനിക്കു തോന്നുന്നില്ല. അദ്ദേഹം പൊതുവായി നമ്മുടെ സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ മേഖലകളിൽ നിലനിൽക്കുന്ന, വേണമെങ്കിൽ മാറ്റാൻ കഴിയുന്ന ഒരു പ്രവണതയെയാണ് സൂചിപ്പിച്ചത്. തെറ്റു പറ്റിക്കഴിഞ്ഞാൽ ആരായാലും, അതിപ്പോൾ സാഹിത്യത്തിലോ രാഷ്ട്രീയത്തിലോ സാംസ്കാരിക രംഗത്തോ മറ്റേതൊരു മേഖലയിലോ ആകട്ടെ, അതിനെ അംഗീകരിക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന പതിവ് കുറഞ്ഞു വരുന്നു എന്നതാണ് അദ്ദേഹം പറഞ്ഞതിലെ പ്രധാനപ്പെട്ട പോയിന്റ്. അത് വളരെ സത്യസന്ധമായ ഒരു നിലപാടാണ്. മിസോറമിലും മറ്റും വർഗീയമോ ജാതീയമോ മതപരമോ ആയ വർഗീകരണത്തിന്റെ പേരിൽ പാവപ്പെട്ട മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടും അടിച്ച് ചാകുമ്പോഴും വേണ്ടപ്പെട്ട ആളുകൾ നിസ്സംഗത പാലിക്കുകയല്ലേ ചെയ്യുന്നത് പലപ്പോഴും. അതിനെതിരെ എടുത്ത നടപടികൾ ശരിയായിരുന്നു എന്നു പറയുകയല്ലേ ചെയ്യുന്നത്? പക്ഷേ ഇത്രയും അപമാനം ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ ഉണ്ടായതിൽ നമുക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ, അത് സമ്മതിക്കാൻ നമ്മുടെ ഭരണാധികാരികൾ തയാറായിട്ടുണ്ടോ? 

MurukanKattakkada-JPG
മുരുകൻ കാട്ടാക്കട

നമുക്കു പാളിച്ചകൾ പറ്റിപ്പോയാൽ അത് അങ്ങനെയാണ് എന്നു പറയാനുള്ള മനസ്സില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അനിവാര്യമായ രീതിയിൽ മാറണം. മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും സമാദരണീയനായ ഗുരുനാഥനായ എംടി, അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സവിശേഷമായ ജീവിതാനുഭവങ്ങളെയെല്ലാം വച്ചുകൊണ്ട് പൊതുസമൂഹത്തിനോട് അദ്ദേഹത്തിന്റെ ആശങ്ക പങ്കുവച്ചു. അതുകൊണ്ട് ഗുണം ഉണ്ടാവുകയേ ഉള്ളൂ. അദ്ദേഹം പ്രധാനമായും പറഞ്ഞത് വലിയ മനുഷ്യരെക്കുറിച്ചാണ്. അത് കേട്ട, മനസ്സിലാക്കിയ എല്ലാ മനുഷ്യർക്കും ഒരു റീതിങ്കിങ്ങിന്റെ സാഹചര്യം ഉണ്ടാവുകയല്ലേ ചെയ്തത്? നമുക്ക് അങ്ങനെ പറ്റിപ്പോയാൽ, രാഷ്ട്രത്തിനുവേണ്ടി അല്ലെങ്കിൽ ഒരു പൊതു സമൂഹത്തിനുവേണ്ടിയാണ് നിലനിൽക്കുന്നതെങ്കിൽ, അത് ആ അർഥത്തിൽ എടുക്കണമെന്ന തോന്നൽ മഹാമനസ്കരായ എല്ലാവർക്കും ഫീൽ ചെയ്യുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. വീട്ടിലെ ഏറ്റവും മൂത്ത കാരണവർ അല്ലെങ്കിൽ നമ്മുടെ ഗുരുനാഥൻ തരുന്ന നിർദേശമായോ  ഉപദേശമായോ ഉൾക്കൊള്ളുകയാണ് വേണ്ടത്; അത് മാധ്യമങ്ങളായാലും എഴുത്തുകാരായാലും രാഷ്ട്രീയ നേതാക്കന്മാരായാലും സാംസ്കാരിക പ്രവർത്തകരായാലും. 

ജനാധിപത്യം പണാധിപത്യമായി മാറുന്നു - കാനായി കുഞ്ഞിരാമൻ 

എം.ടി.വാസുദേവന്‍ നായർ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നടത്തിയ വിമർശനങ്ങളെല്ലാം കൺമുന്നിൽ നടക്കുന്ന കാര്യങ്ങളാണ്. സർക്കാരിനെ തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അധികാരം നൽകണം. ജനാധിപത്യം പരാജയമായി മാറുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അധികാരത്തിലേറ്റിയ ജനപ്രതിനിധികൾ കൃത്യമായി ജോലി ചെയ്യാത്ത സ്ഥിതിയുണ്ടായാൽ രണ്ടരവർഷം കഴിയുമ്പോൾ അവരെ തിരിച്ചുവിളിക്കാനുളള അവകാശം ജനങ്ങൾക്ക് നൽകണമെന്നാണ് നിലപാട്. എന്നാൽ മാത്രമേ ജനാധിപത്യം നന്നാവുകയുളളൂ. ജനപ്രതിനിധികൾക്ക് ജനങ്ങളെ ഭയമുണ്ടാകണം. ഈ സർക്കാരിനെ തിരിച്ചുവിളിക്കണമോയെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. എം.ടി വാസുദേവൻ നായർ ഒരിക്കലും കളളമല്ല പറഞ്ഞത്. അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാൽ മാത്രമേ നാട് നന്നാക്കാൻ പറ്റുകയുളളൂ. എന്നാൽ അത് നാട്ടിൽ നടക്കുന്നില്ല. പൊതുജനം വോട്ട് ചെയ്ത് വിജയിപ്പിച്ചശേഷം അവരെ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. ജനം നിരാശരരാണ്. അവരുടെ കൂറ് എംടിയോട് ആയിരിക്കും എന്നതിൽ തർക്കമില്ല. 

KanayiKunhiraman-JPG
കാനായി കുഞ്ഞിരാമൻ

എനിക്ക് ഈ സർക്കാരിനെതിരെ ഒരുപാട് പറയാനുണ്ട്. ധാരാളം തിക്താനുഭവങ്ങളാണ് ഈ സർക്കാരിൽനിന്ന് എനിക്കുണ്ടായത്. ശംഖുമുഖത്തെ സാഗരകന്യകയേയും വേളിയിലെ ശംഖിനെയുമടക്കം പലതിനെയും ഈ സർക്കാർ തിരിഞ്ഞുപോലും നോക്കിയില്ല. സത്യം പറയുന്നവരെ ആർക്കും ഇഷ്ടമല്ല. അതുകൊണ്ടാണ് ഞാൻ ഇത്രയുംകാലം മൗനത്തിൽ ഇരുന്നത്. ജനാധിപത്യം പണാധിപത്യമായി മാറുകയാണ്. അത് കേരളത്തിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി. തിരഞ്ഞെടുക്കുന്ന ജനങ്ങൾക്ക് വിലയുണ്ടാകണം. പാർട്ടി ഭരണം തെറ്റാണ്. പാർട്ടി ഭരണം നടക്കുമ്പോൾ അത് ഏകാധിപത്യ ഭരണമായി മാറും. എല്ലാവരെയും കൂട്ടിച്ചേർത്തുളള ഭരണമാണ് നടക്കേണ്ടത്.

English Summary:

MT Vasudevan Nair's Address to Kerala - A Stirring Call for Correction and Clarity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com