ADVERTISEMENT

ലോകത്തെ 195 രാജ്യങ്ങളിൽ 159 രാജ്യങ്ങളിലും മലയാളികളുണ്ടെന്നാണ് സർക്കാരിന്റെ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക കണക്ക്. കിങ് ജോങ് ഉന്നിന്റെ ഉത്തരകൊറിയയിൽ പോലും ഒരു മലയാളിയുണ്ടത്രെ! കൂടാതെ ലോകത്തെ 20 സ്വതന്ത്ര പ്രദേശങ്ങളിലും മലയാളി സാന്നിധ്യമുണ്ട്. അനൗദ്യോഗികമായി നോക്കുകയാണെങ്കിൽ ഭൂരിഭാഗം രാജ്യങ്ങളിലും ഒരു മലയാളിയെങ്കിലും ഉണ്ടാകാതിരിക്കില്ല. മലയാളികളുള്ള ഈ രാജ്യങ്ങളിലെല്ലാം അവരുടെയൊപ്പം ജന്മഭാഷയായ മലയാളവുമെത്തുന്നു. മലയാളികളുടെ എണ്ണം കൂടുന്നതിനൊപ്പം, കുടുംബങ്ങളുടെ സംഖ്യ വർധിക്കുന്നതിനൊപ്പം തങ്ങളുടെ ഭാഷയും സംസ്കാരവും കുടിയേറിയ രാജ്യങ്ങളിലും നിലനിർത്താനും ചേർത്തുപിടിക്കാനുമുള്ള വ്യഗ്രതയും ശ്രമവും പലമടങ്ങായി മാറുന്നു. 

വിവിധ മാർഗങ്ങൾ അതിനായി വിദേശ മലയാളി അവലംബിക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിൽ ഗണനീയമായ മലയാളി ജനസംഖ്യയുള്ളയിടങ്ങളിലെല്ലാം ‘തെങ്ങ്’ ഒഴികെയുള്ള മറ്റു മലയാളി ബിംബങ്ങളെല്ലാമുണ്ടെന്നു തമാശയായി പറയാറുണ്ടെങ്കിലും അതിലൊരു സത്യം ഇല്ലാതില്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഗ്രീൻഹൗസിൽ വാഴയും പ്ലാവും നെല്ലും വളർത്തിയ മലയാളികളുടെ പരിശ്രമങ്ങൾ വാർത്തയായിട്ട് അധികനാളുകളായിട്ടില്ല. യുകെയിൽ അസ്സലൊരു കള്ളുഷാപ്പ് നടത്തുന്ന കടവന്ത്രക്കാരന്‍ ആലുങ്കൽ ജോൺ സേവ്യറെക്കുറിച്ചും നമ്മൾ വായിച്ചറിഞ്ഞു. ‘തെങ്ങ്’ തെങ്ങായി അവിടെയൊന്നുമില്ലെങ്കിലും സൂപ്പർമാർക്കറ്റുകളിൽ തേങ്ങയും തേങ്ങാപ്പീരയും തേങ്ങാപ്പാലും കരിക്കുംവെള്ളവും നീരയുമെല്ലാം സുലഭമായിട്ടു നാളേറെയായി. കോഴിക്കോട്ടുകാരൻ വിനോദ് കളത്തിൽ ഷിക്കാഗോയിലൊരു ഹോട്ടൽ തുടങ്ങിയപ്പോൾ അതിനിട്ട പേര് ‘തട്ട്’ എന്നതു വെറുതെയല്ല. അത്രമാത്രം മലയാളവും മലയാളിത്തവും കേരളത്തിൽ നിന്ന് എത്ര അകന്നാലും എത്ര ദൂരെയുള്ള നാട്ടിൽ താമസിച്ചാലും മലയാളിയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. പിടിവിടാത്തൊരു സ്നേഹാലിംഗനം. 

മലയാളം പറഞ്ഞാൽ ങ്ഹാ!!

യൂറോപ്പിലൊരു രാജ്യത്തെ ആശുപത്രി മാനേജ്മെന്റിന് ഈയടുത്ത് വിചിത്രമായൊരു സർക്കുലർ ഇറക്കേണ്ടി വന്നു. അവിടുത്തെ ഔദ്യോഗിക ഭാഷ ഇംഗ്ലിഷാണ്. രോഗികളിലേറെയും അന്നാട്ടുകാർ തന്നെ. എന്നാൽ ജീവനക്കാരിൽ മലയാളികളുൾപ്പെടെ മറുനാട്ടുകാർ ധാരാളമുണ്ട്. മലയാളി നഴ്സുമാരാണു ഗണ്യമായ സംഖ്യയുള്ളത്. ഡ്യൂട്ടി സമയത്ത് ഇംഗ്ലിഷിൽ തന്നെ സംസാരിക്കാൻ എല്ലാ ജീവനക്കാരും ശ്രദ്ധിക്കണം എന്നായിരുന്നു ആ ഇന്റേണൽ സർക്കുലർ. ഒരു ദിവസം അന്നാട്ടുകാരനായ മാനേജർ ആകസ്മികമൊയൊരു സന്ദർശനത്തിന് ആശുപത്രിയിലെത്തി. അപ്പോൾ രണ്ടു മലയാളി നഴ്സുമാർ തമ്മിൽ മലയാളത്തിൽ സംസാരിച്ചത് മാനേജർ കേൾക്കാനിടവന്നതാണു സർക്കുലർ പുറപ്പെടുവിക്കാനുണ്ടായ കാരണം. സർക്കുലർ ഒക്കെ ഇറങ്ങിയെങ്കിലും ഇപ്പോഴും അവിടെ കുശുകുശുപ്പ് മലയാളത്തിൽ തന്നെയാണെന്നാണ് അറിവ്.

Representative image. Photo Credits: WESTOCK PRODUCTIONSv/ Shutterstock.com
Representative image. Photo Credits: WESTOCK PRODUCTIONSv/ Shutterstock.com

കുട്ടികൾ മലയാളം പറയാൻ
പല മലയാളി കുടുംബങ്ങളും രണ്ടും മൂന്നും തലമുറകളായി വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവരാണ്. ഏറ്റവും പുതിയ തലമുറയിലെ കുട്ടികൾക്ക് സ്വാഭാവികമായും ഇംഗ്ലിഷിലോ അവർ താമസിക്കുന്ന രാജ്യത്തെ ഭാഷയിലോ ആകും സ്വാധീനം കൂടുതൽ. യൂറോപ്പിലൊക്കെ കുട്ടികൾക്ക് മലയാളത്തിലുള്ള അറിവ് പൂർണമായും നഷ്ടപ്പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധാപൂർവം ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്നു പറയുന്നു 16 വർഷമായി അയർലൻഡിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന എറണാകുളം അയ്യമ്പിള്ളി സ്വദേശി അശ്വതി പ്ലാക്കൽ. വീടുകളിൽ മാതാപിതാക്കൾ നിർബന്ധമായും മലയാളം പറയുന്ന രീതിയാണത്. കുട്ടികൾ ഇംഗ്ലിഷിൽ എന്തെങ്കിലും ചോദിച്ചാലും മാതാപിതാക്കളുടെ മറുപടി മലയാളത്തിലായിരിക്കും. വീടിനുള്ളിലെ അവരുടെ പരസ്പരമുള്ള സംസാരമെല്ലാം മലയാളത്തിലാകാൻ കാര്യമായി ശ്രദ്ധിക്കുകയും ചെയ്യും. അങ്ങനെ കുട്ടികൾക്ക് മലയാളവുമായുള്ള ബന്ധം പൂർണമായും മുറിഞ്ഞുപോകാതിരിക്കും. ഇടയ്ക്കൊക്കെ നാട്ടിലെത്തുമ്പോൾ മുത്തശ്ശനും മുത്തശ്ശിയുമായി സംസാരിക്കാനുള്ള അത്യാവശ്യം മലയാളമെങ്കിലും തങ്ങളുടെ കുട്ടികൾ അറിഞ്ഞിരിക്കണമല്ലോയെന്നു ചിന്തിച്ചാണു പലരും ഏറെ പ്രയാസപ്പെട്ട് ഇത്തരം ചിട്ടകൾ പുലർത്തുന്നതെന്നു പറയുന്നു അശ്വതി.

പുസ്തകം, സിനിമ, നാടകം, സംഗീതം
കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളാണു പ്രവാസി മലയാളികളെ ജന്മഭാഷയുമായും നാടുമായും ചേർത്തുനിർത്തുന്ന മറ്റൊരു പ്രധാനഘടകം. വിദേശത്തു വീടെടുത്തു കുടുംബമായി താമസിക്കുന്ന മലയാളികളെല്ലാം തന്നെ ചെറിയ ഒരു ഹോം ലൈബ്രറി എങ്കിലും വീടുകളിൽ സെറ്റ് ചെയ്യാറുണ്ട്. നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചുവരുമ്പോഴെല്ലാം ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങിക്കൊണ്ടുവരാൻ വായന ഇഷ്ടപ്പെടുന്നവരെല്ലാം ശ്രദ്ധിക്കും. ഇവയെല്ലാം പരസ്പരം വായിക്കാൻ നൽകാനും മടിയുണ്ടാകില്ല. ചിലയിടങ്ങളിലെങ്കിലും മലയാള പുസ്തകങ്ങൾ ലഭിക്കുന്ന വായനശാലകളുമുണ്ടാകും. വായനയെ അത്രമേൽ സ്നേഹിക്കുന്നവർ സ്വന്തം നിലയ്ക്കും മലയാളവും വായനയും പ്രചരിപ്പിക്കാനും നൂതന വഴികളും കണ്ടെത്തും. 

നാട്ടിൽ ലൈബ്രേറിയനായി പരിചയസമ്പത്തുണ്ടായിരുന്ന ആലപ്പുഴ രാമങ്കരി സ്വദേശി ശ്രീകുമാർ നാരായണൻ അയർലൻഡിൽ എത്തിയപ്പോൾ നടപ്പാക്കിയത് അത്തരമൊരു സംഭവമാണ്. അവിടെ വേൾഡ് മലയാളി കൗൺസിൽ മലയാളം ഗ്രന്ഥശാലയുടെ ചുമതല ഏറ്റെടുത്ത ശ്രീകുമാർ മൊബൈൽ ലൈബ്രറി എന്ന ആശയമാണു നടപ്പാക്കിയത്. ജോലിത്തിരക്കുമൂലം ലൈബ്രറികളിൽ പോകാനും മറ്റും സമയമില്ലാത്തവരായിരിക്കും മലയാളികളിലേറെയും. കൂടാതെ, മലയാളം പുസ്തകങ്ങൾ ലഭിക്കുന്ന ലൈബ്രറികളുടെ അഭാവവുമുണ്ട്. ആഴ്ചയിലൊരിക്കൽ തന്റെ കാറിൽ പുസ്തകങ്ങളുമായി ഓരോ സ്ഥലങ്ങളിൽ ചെല്ലുകയും ആവശ്യക്കാർക്ക് മലയാള പുസ്തകങ്ങൾ ലഭ്യമാക്കുകയുമായിരുന്നു ശ്രീകുമാർ ചെയ്തിരുന്നത്. പുറപ്പടുന്ന തീയതിയും സമയവുമെല്ലാം നേരത്തേ അറിയിക്കും. അങ്ങനെ വായനക്കാർക്ക് അവരുടെ സമയം നഷ്ടമാകാതെ പുസ്തകങ്ങൾ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങി. 

Representative image. Photo Credit: Billion Photos/Shutterstock.com
Representative image. Photo Credit: Billion Photos/Shutterstock.com

ഗ്ലോബൽ റിലീസ് ഉള്ള മലയാള സിനിമകളെല്ലാം ഇപ്പോൾ മലയാളികളുള്ള ഏതു നാട്ടിലെ തിയറ്ററിലും കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം എത്തുന്നുമുണ്ട്. പല സിനിമകളും ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ കാണാനുള്ള സാഹചര്യം ഇന്നു പ്രവാസി മലയാളികൾക്കുണ്ട്. നാടക, സംഗീത, കലാ, സാംസ്കാരിക പ്രവർത്തകരെയൊക്കെ കേരളത്തിൽ നിന്നു കൊണ്ടുവന്നു ക്യാംപുകളും സംവാദങ്ങളും നടത്തുന്നു. കുട്ടികളെ നാടുമായി കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദേശത്തെ ഭൂരിഭാഗം മലയാളി സംഘടനകളും നിർബന്ധമായും നടത്തുന്ന കാര്യങ്ങളാണ്. കൂടാതെ, ഓണം തുടങ്ങി മലയാളി ബന്ധമുള്ളതെല്ലാം സംഘമായി ആഘോഷിക്കുകയും അങ്ങനെ ഭാഷയും സംസ്കാരവും അന്യനാടുകളിലും സജീവമായി നിലനിർത്തുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെയാണ് സമൂഹ, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സംവാദങ്ങളും ഇടപെടലുകളും. പല പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും നാട്ടിലെ ഗ്രൂപ്പുകളിൽ നടക്കുന്നതിനേക്കാൾ സജീവമായ ചർച്ചകൾ പലപ്പോഴും വിദേശ മലയാളി കൂട്ടായ്മകളിൽ നടക്കാറുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com