ADVERTISEMENT

"കാണുവാൻ ശേഷിയുള്ള അന്ധരായ മനുഷ്യരാണ് നാം. പക്ഷേ, നാമൊന്നും കാണുന്നുമില്ല" 

(ബ്ലൈൻഡ്നെസ്, ഷൂസെ സരമാഗോ)

വിഖ്യാത പോര്‍ച്ചുഗീസ് കഥാകാരന്‍ ഷൂസെ സരമാഗോയുടെ അന്ധത (Blindness) ഈ കെട്ട കാലത്തിനെപ്പറ്റിയുള്ള ജ്ഞാനിയായ എഴുത്തുകാരന്റെ പ്രവചനമാണ്. 1998-ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ പോർച്ചുഗീസ് എഴുത്തുകാരൻ 1995ലാണ് 'ബ്ലൈൻഡ്നെസ്സ് ' പ്രസിദ്ധപ്പെടുത്തിയത്. പേരു കൊണ്ടോ കാലം കൊണ്ടോ അടയാളപ്പെടുത്താത്ത ഒരു പ്രദേശത്ത് തിട്ടപ്പെടുത്താത്ത ഒരു സമയത്ത് വിചിത്രമായ ഒരു രോഗം, അന്ധത മഹാമാരിയായി പടരുന്നു. കഥാപാത്രങ്ങൾക്കും പേരുകൾ നൽകപ്പെടുന്നില്ല. ഡോക്ടർ, ഭാര്യ, ആദ്യമായി അന്ധനായവൻ, ആദ്യമായി അന്ധനായവന്റെ ഭാര്യ തുടങ്ങിയ സൂചനകളാണ് ആദ്യന്തം കഥാപാത്രങ്ങളെ സംബന്ധിച്ചുള്ളത്.

blindness-saramago

കഥ തുടങ്ങുന്നത് ട്രാഫിക് ജംഗ്ഷനിൽ തന്റെ കാറിൽ സിഗ്നൽ കാത്തുനില്‍ക്കുന്ന ഒരാള്‍ക്ക് പാല്‍പോലെ വെളുത്ത എന്നാല്‍ സൗമ്യമായ ഒരന്ധകാരം തന്നെ പൊതിയുന്നതായി തോന്നുമ്പോഴാണ്. അയാളാണ് കഥയിലെ ആദ്യ കഥാപാത്രവും ഒന്നാമത്തെ അന്ധനും. നേത്രരോഗ ചികിത്സകന്റെ അടുക്കല്‍ എത്തിപ്പെടുന്ന അയാള്‍ സുഖപ്പെടുന്നില്ലായെന്നു മാത്രമല്ല, ഡോക്ടര്‍ അടക്കമുള്ള കുറേപ്പരിലേക്ക് ഈ വിചിത്രാവസ്ഥ സംക്രമിക്കുകയും ചെയ്യുന്നു. 

പ്രവിശ്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ വിഭാഗം ഇടപെടുകയും ഡോക്ടര്‍ അടക്കം രോഗം ബാധിച്ച എല്ലാവരെയും ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഒരു അത്ഭുതമെന്നോണം ഐസൊലേഷൻ കേന്ദ്രത്തിലെ സ്ഥിതി കൗതുകകരവും ഞെട്ടിക്കുന്നതുമാണ്. വിവരണാതീതമായ ഭീതിയാല്‍  ബന്ധിതരായിരിക്കുമ്പോള്‍ തന്നെ തങ്ങള്‍ അദൃശ്യരാണെന്ന വിശ്വാസം ഇവിടത്തെ താമസക്കാരെ സ്വാധീനിക്കുന്നു. വിധിക്കപ്പെടുന്നതില്‍ നിന്നും അന്ധത തങ്ങളെ രക്ഷിക്കുന്നുവെന്ന് വിശ്വസിക്കുന്ന അവര്‍ അരാജകത്വത്തിന്റെ വലിയ ഗര്‍ത്തങ്ങളിലേക്ക് സ്വയമേവ സഞ്ചരിക്കുന്നു. ബലാത്സംഗം, കൊല, കൊള്ളിവെയ്പ് ഇവയ്‌ക്കൊക്കെ ആ അഭയകേന്ദ്രം സാക്ഷ്യം വഹിക്കുന്നു.

കാഴ്ചയെന്നത് വലിയൊരു ഭാരമായി ഡോക്ടറുടെ ഭാര്യയ്ക്ക് തോന്നുന്നു. അന്ധത തീവ്രമായി നഗരത്തിലെങ്ങും പടരുന്നു. എല്ലാവരും അന്ധരാകുന്നതോടെ ഐസൊലേഷൻ കേന്ദ്രം അപ്രസക്തമാകുകയും അന്തേവാസികൾ പുറത്തിറങ്ങുകയും ചെയ്യുന്നു. നഗരം ചുറ്റുന്ന അവരുടെ ചെറുസംഘത്തിന് അനുഭവവേദ്യമാകുന്നത് ചേതന നഷ്ടമായ തങ്ങളുടെ നഗരത്തെയാണ്. ജീര്‍ണ്ണത പടര്‍ന്ന നഗരത്തിലൂടെയുള്ള അലഞ്ഞു തിരിയലുകള്‍ക്കൊടുവില്‍ എത്തിപ്പെടുന്ന ആരാധനാലയത്തിലെ കാഴ്ച അവരെ കൂടുതല്‍ ഹതാശരാക്കുന്നു. 

Jose-Saramago-photo
സരമാഗോ, Photo Credit: Renato Parada

ലോകത്തിന്റെ വിഷമസന്ധികളെ കാണാതിരിപ്പിക്കാനെന്നോണം വെളുത്ത നേത്രാവരണമണിയിക്കപ്പെട്ട ദേവപ്രതിമകളും, വിദഗ്ധരുടെ ചിത്രങ്ങളും അവരെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു. പിന്നീട് വിചിത്രരോഗം പതുക്കെ വന്നതുപോലെ മടങ്ങുന്നതാണ് നോവലിസ്റ്റ് കൽപന ചെയ്യുന്നത്. ലോകം പഴയതുപോലെയോ അതിലും മികച്ചതോ ആകുന്നു. എല്ലാവരിലും പുതിയ വിശ്വാസങ്ങളും, ആശകളും നിറയുന്നു. എല്ലാവരും എല്ലാം മറക്കുന്നു. എന്നാല്‍ കാഴ്ച നഷ്ടപ്പെടാതിരുന്ന ഡോക്ടറുടെ ഭാര്യയ്ക്ക് മാത്രം ഒന്നും മറക്കാനാവുന്നില്ല.

അന്ധത തന്നെ തീണ്ടാതെ പോയതിന് അവര്‍ കൊടുക്കേണ്ടി വരുന്ന വില വലുതാണ്. ജനതയുടെയും വ്യവസ്ഥയുടെയും നെറികേടുകള്‍ക്ക് നേര്‍സാക്ഷിയാകേണ്ടിവന്നത് അവർക്കു മാത്രമാണ്. ആകെ ഉലഞ്ഞ് അതേ നെറികെട്ട ലോകത്തിനു വേണ്ടി തന്നെ അവര്‍ ത്യാഗപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നു. അന്ധതയുടെ മാരി അവരെ സംബന്ധിച്ചിടത്തോളം, ലോകത്തിന്റെ അപചയങ്ങളെ ഇരുട്ടിലാഴ്ത്തുന്നതിനു പകരം കൂടുതല്‍ തെളിവാക്കുകയായിരുന്നു. 

തങ്ങളില്‍ പാര്‍ക്കുന്ന ഭീകരതയെ അറിയാതിരിക്കാനാണ്, കാണാതിരിക്കാനാണ് ആ ജനത ശ്രമിച്ചത്. അവരുടെ കാഴ്ചയെ ഇല്ലാതാക്കിയ ശക്തമായൊരു പ്രകാശധാര വേണ്ടിവന്നു എല്ലാവരിലും ഒളിപാര്‍ക്കുന്ന ജീര്‍ണ്ണതയെ, അന്ധകാരത്തിനെ വെളിവാക്കുവാന്‍. ആഴത്തില്‍ ഉറകൂടിയ അനീതികളെയും, അസമത്വത്തെയും ഇത് ബോധപൂര്‍വ്വമല്ലാതെ തുറന്നു കാട്ടുന്നു. അന്ധതയുടെ സമയത്ത് എല്ലാ സംവിധാനങ്ങളും, സാമൂഹ്യസുരക്ഷാ ക്രമീകരണവും സാധ്യമാകുന്നതിന്റെ പാരമ്യത്തില്‍ പ്രര്‍ത്തിക്കുമ്പോള്‍തന്നെയും, അറിഞ്ഞോ അറിയാതെയോ വ്യവസ്ഥയില്‍ തുന്നിച്ചേര്‍ക്കപ്പെട്ട വംശീയത (Systemic racism) അതിന്റെ ഭീതിദമായ മുഖം പുറത്തുകാട്ടുന്നു. 

blindness-saramago-book

വിവിധ സാമൂഹിക ശ്രേണിയിലുള്ളവരുടെ അവസ്ഥാന്തരങ്ങള്‍, കൃത്യമായ രോഗീപരിചരണത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള പൗരാവകാശത്തിന്മേലുള്ള വിവേചനം, ഭരണകൂടഭീകരത എല്ലാം വളരെ വ്യക്തമായ ചിത്രമായി പലപ്പോഴും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, ഇത് കാണണമോ എന്നതിലും സുവ്യക്തമായ മതങ്ങളും, വിവിധ പക്ഷങ്ങളും നിലനില്‍ക്കുന്നു. കണ്ട ചിലര്‍ തന്നെ എല്ലാം ബോധപൂര്‍വ്വം തിരസ്‌കരിക്കുകയോ മറക്കുകയോ ആണ്. അന്ധതയുടെ നാളുകൾ കടന്നുപോകും. പക്ഷേ, എന്തായിരിക്കും അവശേഷിപ്പുകള്‍. 

മനുഷ്യപ്രകൃതി ആ വിധത്തില്‍ രചിക്കപ്പെട്ടതുകൊണ്ട് ഐസോലേഷൻ കാലത്തിന്റെയും രോഗാവസ്ഥയുടെയും ഏകാന്തതയോ, സാമ്പത്തിക പ്രയാസങ്ങളോ, പ്രിയപ്പെട്ടവരുടെ മരണം പോലുമോ എക്കാലത്തും അവരെ സ്വാധീനിക്കുവാന്‍ പോകുന്നില്ല. അങ്ങനെയിരിക്കേ, വ്യവസ്ഥയില്‍ ഇഴചേര്‍ക്കപ്പെട്ട അസമത്വമോ, ഇഞ്ചിഞ്ചായി നമുക്കുമേല്‍ വിന്യസിക്കപ്പെടുന്ന ഭരണകൂട ഭീകരതയോ മനുഷ്യരെ ഒട്ടും സ്പര്‍ശിക്കയില്ല. ഒന്നോര്‍ക്കുമ്പോള്‍, ഉപരിതലത്തില്‍ തിളങ്ങുന്ന, കേവല ലഭ്യതകളില്‍ ആര്‍ത്തുല്ലസിക്കുന്ന സമൂഹമാകുന്നതാണ് അഭികാമ്യം. പക്ഷേ, ആര്‍ക്കെങ്കിലുമൊക്കെ ഓര്‍മ്മകള്‍  ഉണ്ടായിരിക്കട്ടെ! നോവലിന്റെ അവസാന ഭാഗത്ത് ഡോക്ടറുടെ ഭാര്യ ഇങ്ങനെ നെടുവീർപ്പിടുന്നു.

"കാണുവാൻ ശേഷിയുള്ള അന്ധരായ മനുഷ്യരാണ് നാം. പക്ഷേ, നാമൊന്നും കാണുന്നുമില്ല." യുക്തിയും നീതിബോധവും നഷ്ടപ്പെട്ട് അന്ധരായിത്തീർന്ന മനുഷ്യരുടെ ലോകമാണ് അന്ധതയിലൂടെ സരമാഗോ വരച്ചുകാട്ടുന്നത്.

English Summary:

Article about Blindness book written by Jose Saramago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com