ADVERTISEMENT

പാലിൽ വീണ പഞ്ചസാരപോലെയാണ് ശ്രീകുമാരൻ തമ്പിയുടെ കവിതകൾ. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോൾ ‘പാട്ടിൽ വീണ പഞ്ചസാര’ എന്നാണു കൂടുതൽ ചേരുക. ഗാനങ്ങളിൽ അത്രയേറെ കാവ്യാംശം അദ്ദേഹം അലിയിച്ചുചേർത്തിരിക്കുന്നു. ‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനേ...’ എന്നോ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി...’ എന്നോ ‘ചെമ്പകത്തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി...’ എന്നോ കേൾക്കുമ്പോൾ അതിലെ കാവ്യഭാവനകളെ പാട്ടിൽനിന്ന് അടർത്തിമാറ്റുന്നതെങ്ങനെ! 

‘കുട്ടിയല്ലാത്ത’ കവി! 

പതിവ് അമ്മമാരിൽനിന്നു വ്യത്യസ്തമായി, കഥകളിപ്പദങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളുമൊക്കെ പാടിയാണ് ശ്രീകുമാരൻ തമ്പിയെ അമ്മ ഉറക്കിയിരുന്നത്. നന്നേ ചെറുപ്പത്തിലേ ആ സ്വാധീനം തന്നിൽ പാട്ടിന്റെയും സാഹിത്യത്തിന്റെയും വിത്തുകൾ പാകിയെന്ന് അദ്ദേഹം പിൽക്കാലത്തു തിരിച്ചറിഞ്ഞു. ഹരിപ്പാട്ടുകാരനായ തമ്പി, നാടിന്റെ തനിമയും സംസ്കാരവുമൊക്കെ സ്വാംശീകരിച്ചുകൊണ്ടു ചെറുപ്പത്തിലേ നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹത്തിൽ അക്ഷരങ്ങളുടെ ശോഭ നിറച്ചു. 

ബാലനും കുമാരനുമായിരിക്കെത്തന്നെ ശ്രീകുമാരൻ തമ്പി കവിതകൾ എഴുതിത്തുടങ്ങിയതാണ്. ഒപ്പം കഥകളും എഴുതാൻ തുടങ്ങി. യുവാവായിരിക്കെത്തന്നെ ഒന്നിലേറെ നോവലുകളും പുറത്തിറക്കി. പതിനൊന്നാം വയസ്സിൽ ആദ്യം എഴുതിയ ‘കുന്നും കുഴിയും’ എന്ന കവിതയുടെ പശ്ചാത്തലം ഒരിക്കൽ അദ്ദേഹം വിവരിച്ചു: ‘ഭൂമിയിൽ മണ്ണ് കൂന കൂട്ടിവയ്ക്കുമ്പോൾ എനിക്കു തോന്നും, നിരപ്പായിക്കിടക്കുന്ന സ്ഥലം എന്തിനാണിങ്ങനെ വ്യത്യാസപ്പെടുത്തുന്നതെന്ന്. ഒരു കുന്നും ഒരു കുഴിയും വരികയല്ലേ? വാസ്തവത്തിൽ കുന്ന് തട്ടിനിരത്തി കുഴി മൂടുകയല്ലേ വേണ്ടത്?’. മനുഷ്യവേർതിരിവിന്റെ മതിലുകൾ ഇല്ലാതാക്കണമെന്ന ബോധവും ബോധ്യവും ആ പ്രായത്തിലേ മുളപൊട്ടിയിരുന്നു എന്ന് തിരിഞ്ഞുനോക്കുമ്പോഴുള്ള തിരിച്ചറിവ്. 

Sreekumaran-Thampi-sma
ശ്രീകുമാരൻ തമ്പി

കെടാതെ കവിതക്കനൽ 

പതിനൊന്നു വയസ്സിനും 16 വയസ്സിനുമിടയിൽ ശ്രീകുമാരൻ തമ്പി എഴുതിക്കൂട്ടിയത് മുന്നൂറോളം കവിതകളാണ്. മൂത്ത ചേട്ടൻ പി.വി.തമ്പി 36 നോവൽ എഴുതിയയാളാണ്. പക്ഷേ, അനിയൻ എഴുത്തുവഴിയിലേക്കു വരുന്നതിനെ കഠിനമായിത്തന്നെ അദ്ദേഹം നിരുത്സാഹപ്പെടുത്തുകയായിരുന്നു. അക്ഷരവിളക്കു കെടുത്താനായിരിക്കില്ല, ജീവിതവഴിയിൽ മറ്റൊരു വഴിവിളക്കു കൊളുത്താനായിരിക്കാം ആ ചേട്ടൻ അങ്ങനെ ചെയ്തത്. 16 വയസ്സിനിടെ അനിയൻ എഴുതിയ കവിതകളൊക്കെയും അദ്ദേഹം കത്തിച്ചുകളഞ്ഞു. എഴുതാതിരിക്കാൻ ശ്രീകുമാരന്റെ കൈവിരലുകളിൽ റൂൾ തടികൊണ്ട് അടിക്കുമായിരുന്നത്രേ, അദ്ദേഹം. 

പതിനാറു വയസ്സിനുശേഷം ഇതുവരെ അഞ്ഞൂറോളം കവിതകളേ ശ്രീകുമാരൻ തമ്പി എഴുതിയിട്ടുള്ളൂ എന്നറിയുമ്പോൾ മനസ്സിലാക്കാം, ഉള്ളിലെ കനൽ ഒരു തരിപോലും കെടുത്താതെ അദ്ദേഹം എഴുതിനീങ്ങിയതിന്റെ ശക്തി. ആ രചനായാത്രയ്ക്കിടയിൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടത് പൂർണ അർഥത്തിൽ ‘കവി’ എന്ന മേൽവിലാസമായിരുന്നു. പാട്ടും തിരക്കഥയുമെഴുതി കൈ കുഴഞ്ഞെങ്കിലും, അതിനിടയിലൊക്കെയും കവിതകൾ നിരന്തരം രചിച്ചെങ്കിലും താൻ എപ്പോഴും ‘പാട്ടെഴുത്തുകാരൻ’ മാത്രമായി വിളിക്കപ്പെട്ടതിന്റെ ദുഃഖം അടുത്തിടെയും അദ്ദേഹം പങ്കുവച്ചിരുന്നു. 

ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും എഴുത്തുകാരൻ എം.മുകുന്ദനും. (ഫയൽ ചിത്രം: മനോരമ)
ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും എഴുത്തുകാരൻ എം.മുകുന്ദനും. (ഫയൽ ചിത്രം: മനോരമ)

കവിതയുടെ കണ്ണാടികൾ 

‘പാടണമെനിക്കെന്റെ 

പണ്ടത്തെ സ്വപ്നങ്ങളെ 

പാടിയിന്നുണർത്തണ–

മൊക്കെയും മറക്കണം’ 

എന്ന് ‘എൻജിനീയറുടെ വീണ’ എന്ന കവിതയിൽ ശ്രീകുമാരൻ തമ്പി എഴുതി. വന്നതിലും നിന്നതിലുമേറെ പണ്ടു നടന്ന വഴികളിലേക്കുള്ള പിൻവിളി അദ്ദേഹത്തിൽ എന്നുമുണ്ടായിരുന്നു. 

സ്വത്വത്തിലേക്കു സ്വയം പിടിമുറുക്കിക്കൊണ്ട് ‘സ്വരം’ എന്ന കവിതയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: 

‘ഞാനൊരു പാവം കവിയെന്റെ ജീവനീ 

മാണിക്യമണ്ണിന്റെ മാനസസ്പന്ദനം 

എൻ വേണുഗാനത്തിലൊളി തുടിക്കുന്ന–

തെൻ മാതൃഭൂവിന്റെ വേദനാനിസ്വനം’. 

ഒരു മാത്രപോലും എഴുതാതിരിക്കാനോ എഴുത്തിനെക്കുറിച്ചു ചിന്തിക്കാനോ കഴിയാത്ത കവി ‘ഒരു മഞ്ഞുതുള്ളിയുടെ ഗാനം’ എന്ന കവിതയിൽ എഴുതിയതിങ്ങനെ:  

‘മാത്രമാത്രമേ നേര–

മുള്ളെനിക്കെന്നാലുമാ–

മാത്ര ഞാൻ വിശ്വത്തിനു 

ദർപ്പണമൊരുക്കട്ടെ’. 

ലോകത്തിനു നേരേ പിടിച്ച കണ്ണാടിയാകാൻ അദ്ദേഹം ഒരുക്കിയ ചുമരുകളാണ് ആ കവിതകളും ഗാനങ്ങളും അക്ഷരസമ്പാദ്യമത്രയും. 

2021 December 28, Thiruvananthapuram. Sreekumaran Thampi, Lyricist, film director, and producer. Photo: MANOJ CHEMANCHERI.
ശ്രീകുമാരൻ തമ്പി

വേദനയുടെ തന്ത്രികൾ 

മണ്ണിൽ കുഴിയെടുത്ത് കൂന കൂട്ടുന്നതിനെക്കുറിച്ചോർത്ത കുഞ്ഞുകുമാരൻതന്നെയായിരുന്നു എക്കാലത്തും ശ്രീകുമാരൻ തമ്പി. നഷ്ടങ്ങളുടെയും വേദനകളുടെയും തന്ത്രി എന്നും പിടഞ്ഞ ഹൃദയം. ‘നഷ്ടസ്വപ്നങ്ങൾ’ നിറഞ്ഞ ഗാനങ്ങൾ എത്രയെത്ര! ‘ദുഃഖമേ നിനക്കു പുലർകാലവന്ദനം...’ എന്നെഴുതിയ കവിഭാവനതന്നെ അതുല്യം. 

യൗവനകാലത്തെ പ്രണയവും പ്രണയനഷ്ടവുമൊക്കെ രചനകളിൽ പല കാലങ്ങളിലായി പ്രതിഫലിച്ചു. ‘മംഗളം നേരുന്നു ഞാൻ മനസ്വിനി...’ പോലുള്ള ഗാനങ്ങളിൽ അതു വരച്ചുവച്ചു. ‘ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ കണ്ണീർപ്പൊടിപ്പുകൾ ചൊല്ലി...’ പോലുള്ള ഓണപ്പാട്ടുവരികളിലും വേദന വിളക്കിച്ചേർത്തു. 

‘നിന്റെ വിഗ്രഹം’ എന്ന കവിതയിൽ അദ്ദേഹം എഴുതുന്നു: 

‘എന്റെ ദുഃഖത്തിന്നിതളുകൾകൊണ്ടു ഞാൻ 

നിന്റെ വിഗ്രഹത്തിന്നു പൂമാല കോർത്തിടാം 

കണ്ണീരണിമണിപ്പൂക്കളിൽ, താരകൾ 

കണ്ണെറിഞ്ഞിടും ശരത്കാല രാത്രിയിൽ...’ 

‘ഒരു ചിത്രശലഭം’ എന്ന കവിതയിൽനിന്ന് സമാനമായ മറ്റൊരു ഭാവന: 

‘നോവിന്റെ വീണയിൽനിന്നും വിതുമ്പിയ 

ദീനസ്വരം മാത്രമാണു ഞാനെങ്കിലും 

പൂവിട്ടു നിൽക്കയാണെന്റെ തുടിപ്പുകൾ 

പൂകുന്ന നാദസരിത്തിൽ നിന്നോർമകൾ...’ 

‘ഒരു സ്വപ്നഗാനം’ എന്ന കവിത അവസാനിപ്പിക്കുന്ന ഈ വേദന വായന കഴിഞ്ഞു പുസ്തകമടച്ചാലും തീരില്ലല്ലോ: 

‘ഈണമൽപവുമില്ലിനിയെന്റെ 

വേണുനാളത്തിലെങ്കിലും 

വിശ്വസിക്കുന്നു നിന്നെ ഞാ,നെന്നെ 

നിസ്വനാക്കിയ സ്വപ്നമേ!’. 

വീണുപിടഞ്ഞ ജീവിതം 

പഠിച്ചതും ഏറെക്കാലം തുടർന്നതുമായ മേഖല എൻജിനീയറുടേതായതിന്റെ ‘കുന്നും കുഴിയും’ ശ്രീകുമാരൻ തമ്പിയുടെ ജീവിതത്തിൽ മാത്രമല്ല, കവിതകളിലും വായിക്കാം. ജീവിതമെന്ന സ്വപ്നത്തിലും സങ്കൽപത്തിനുമിടയിൽ പിടയുന്ന കവിഹൃദയം ‘എൻജിനീയറുടെ വീണ’ എഴുതി അവസാനിപ്പിക്കുന്നത് അത്തരമൊരു നിഴൽപ്പാതിയിലാണ്. 

‘അണക്കെട്ടിനു കമ്പി 

പോരാതെ വന്നിട്ടാണോ 

അവിടുന്നാ വീണതൻ 

കമ്പികൾ പൊട്ടിക്കുന്നു...?’ 

എന്ന ചോദ്യം കവിതയ്ക്കും കോൺക്രീറ്റിനുമിടയിൽ അമർന്നുപോകുന്ന സർഗാത്മകതയുടെ വിലാപംതന്നെ. 

‘ആത്മകഥ’ എന്ന കവിതയിലുമുണ്ട് കവിയുടെ മോഹങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ഏറ്റുമുട്ടൽ. 

‘ഞാനൊരു പൂവായ് വിരിയാം, 

രാവിൻ ഗാനം കേട്ടുമയങ്ങാം...’ എന്നു തുടങ്ങുന്ന വരികളിലെ പ്രത്യാശയത്രയും 

‘പകലിൻ ക്രൂരവിനോദങ്ങൾത–

ന്നിരയായ് വീണു പിടഞ്ഞു മരിക്കാം!’ എന്ന അവസാനവരികളിൽ വീണുടയുകയാണ്. 

ഇതേപോലെ ഒരു ഘട്ടത്തിൽ ജീവിതം വീണുടഞ്ഞതും അദ്ദേഹം തിരിഞ്ഞുനോക്കുന്നു: ‘എന്റെ ജീവിതത്തിൽ ഞാനെടുത്ത ഏതെങ്കിലും കാര്യത്തിൽ പശ്ചാത്തപിക്കുന്നെങ്കിൽ അത് കൺസ്ട്രക്‌ഷൻ കമ്പനി നിർത്താൻ എടുത്ത തീരുമാനത്തിലാണ്’ എന്ന് അദ്ദേഹം തുറന്നുപറയുന്നു. കവിതയും വ്യവസായവും ഒത്തുചേരാത്ത പാളങ്ങളാണെന്ന തിരിച്ചറിവിൽ, വലിയ വരുമാനം കിട്ടുന്ന കെട്ടിടനിർമാണക്കമ്പനി അടച്ചുപൂട്ടുകയാണ് ശ്രീകുമാരൻ തമ്പി ചെയ്തത്. പ്രായോഗികജീവിതത്തിൽ തളർന്നുപോയ തീരുമാനമെന്ന് കാലമിത്ര കഴിഞ്ഞിട്ടും മായാത്ത ദുഃഖപ്പാടുകൾ തീർത്തതാണ് അദ്ദേഹത്തിന് ആ തീരുമാനം. 

ഭാര്യ രാജേശ്വരി മകൾ കവിത എന്നിവർക്കൊപ്പം ശ്രീകുമാരൻ തമ്പി. ചിത്രം: ആർ.എസ്. ഗോപൻ ∙ മനോരമ
ഭാര്യ രാജേശ്വരി മകൾ കവിത എന്നിവർക്കൊപ്പം ശ്രീകുമാരൻ തമ്പി. ചിത്രം: ആർ.എസ്. ഗോപൻ ∙ മനോരമ

ജീവബന്ധങ്ങളുടെ വരികൾ 

മകൾക്കു ‘കവിത’ എന്നുതന്നെ പേരിട്ട ശ്രീകുമാരൻ തമ്പി ‘അച്ഛന്റെ ചുംബനം’ എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു: 

‘മകളേ നിനക്കിന്നു നൽകുമീ ചുംബനം 

മന്വന്തരങ്ങളായ് തുടരുന്ന സാന്ത്വനം! 

സുകൃതമെന്താണെന്നറിഞ്ഞു ഞാനിന്നു നിൻ 

മിഴിയിൽ പിതൃത്വസൗഭാഗ്യം തുളുമ്പവേ...’ 

സ്വന്തം ജീവബന്ധങ്ങളെ ഇത്രയേറെ കവിതകളിൽ ഇണക്കിച്ചേർത്ത കവികൾ ഏറെയില്ല. ‘എൻ മകൻ കരയുമ്പോൾ’ എന്നാണ് മറ്റൊരു കവിതയുടെ പേര്. അതിലെ ചില വരികൾ ഇങ്ങനെ: 

‘പൊന്നുമോൻ കരയുമ്പോൾ നിന്നിലെ കളിക്കുട്ടി–

യെങ്ങ്, കാമുകിയെങ്ങ്, ഭാര്യയെങ്ങൊളിക്കുന്നു?’ 

എന്നെഴുതുന്ന കവിതയുടെ മറ്റൊരു ഭാഗത്ത് കവി കുറിക്കുന്നു: 

‘എൻമകൻ കരയുമ്പോൾ ഞാനറിയുന്നേ, നെത്ര 

ഖിന്നർ നാം നിരാംലബർ നിസ്സഹായരീ ഭൂവിൽ’. 

എപ്പോഴും പ്രചോദനം തേടി വീട്ടിലേക്കും നാട്ടിലേക്കും നടക്കുന്ന കവിയുടെ മറ്റൊരു കവിതയുടെ പേര് ‘അമ്മവീട്’ എന്നാണ്. 

‘നാളങ്ങൾ തുള്ളുന്ന നാലമ്പലത്തിലെ 

നാഗസ്വരത്തിലെ നാട്ടക്കുറിഞ്ഞികൾ 

തൈപ്പൂയമണിയുന്ന കാവടിച്ചിന്തുകൾ 

പത്താമുദയച്ചമയവിഭ്രാന്തികൾ 

പുസ്തകത്താളിൽ മറഞ്ഞ കിളിത്തൂവൽ 

അച്ഛനെപ്പേടിച്ചു സൂക്ഷിച്ചൊരാനവാൽ...’ 

എന്നിങ്ങനെ നീളുന്നു ഈ കവിതയിലെ ‘നൊസ്റ്റാൽജിയകൾ’. ഹരിപ്പാട്ടെ ബാല്യം, അവിടത്തെ ഉത്സവങ്ങൾ, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ വിശേഷം, നാഗസ്വരത്തിൽ വായിക്കുന്ന നാട്ടക്കുറിഞ്ഞി രാഗം തുടങ്ങിയ സംസ്കൃതികളൊക്കെയും അദ്ദേഹത്തിൽ ഊറിയൂറിയെത്തിക്കുന്ന അക്ഷരമുത്തുകളാകുന്നു. 

‘രഹസ്യം’ എന്ന കവിതയിൽ പ്രിയതമയോടുള്ള സ്നേഹസല്ലാപം കടന്നുവരുന്നു: 

‘കുഞ്ഞുമോനമ്മിഞ്ഞ നൽകി നീയുമ്മറ–

ത്തിണ്ണയിൽ കാലും പിണച്ചിരുന്നീടവേ 

നിന്നെയൊരിക്കിളിച്ചാർത്തണിയിക്കുവാൻ 

നിൻ മുന്നിൽ വന്നു നിന്നൊന്നു ചിരിച്ചു ഞാൻ...’ 

എന്നാണ് ഈ കവിത തുടങ്ങുന്നത്. 

ഏറ്റവും പ്രസിദ്ധമായ ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന കവിതയിലെ ഈ വരികൾ തന്റെ ജീവിതമത്രയും മറക്കാനാവില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു: 

‘നിന്റെ വാത്സല്യജലത്തിൽ കുളിച്ചിനി–

യെന്റെ പാപത്തിൻ കുടമുടയ്ക്കട്ടെ ഞാൻ 

അഗ്നി കൊളുത്തട്ടെയെൻ ഗൃഹത്തിന്നു ഞാൻ 

ശുദ്ധി ലഭിക്കട്ടെയങ്ങനെൻ ജീവനും!’ 

അമ്മയുടെ ശവദാഹത്തിനു നിൽക്കുമ്പോൾ മകന്റെ മനസ്സിലുയരുന്ന ചിന്താധാരകളാണ് ഈ വരികൾ. ‘അഗ്നി കൊളുത്തട്ടെയെൻ ഗൃഹത്തിന്ന്’ എന്നെഴുതുമ്പോൾ, താൻ ജീവിച്ച ആദ്യത്തെ വീടാണ് അമ്മയുടെ ഗർഭപാത്രമെന്ന നിത്യസത്യം കവി അടിവരയിടുന്നു. 

sreekumaran-thampi
ശ്രീകുമാരൻ തമ്പി

അക്ഷരമെന്ന പ്രണയാരാധന 

കവിതയിൽ ഗദ്യരചനാശൈലി കൊണ്ടുവരുന്നതിനോടു വലിയ യോജിപ്പില്ലെങ്കിലും, ഗദ്യഭാഷയിൽ അതിമനോഹരമായ കുറച്ചേറെ വരികൾ ശ്രീകുമാരൻ തമ്പി എഴുതിയിട്ടുണ്ട്. 

‘ഏകാന്തതയ്ക്ക് നാദമുണ്ടോ? 

ഉണ്ട്; ഒരു പൂവടരുന്ന നാദം. 

എന്റെ പ്രേമത്തിന് നാദമുണ്ടോ? 

ഉണ്ട്; ഒരു നെടുവീർപ്പിന്റെ നാദം’ 

എന്നാണ് ‘ശീർഷകമില്ലാത്ത കവിതകളി’ലെ ഒരു കവിത. ‘ഒറ്റയാൻ’ എന്ന് എന്നും എപ്പോഴും സ്വയം വിശേഷിപ്പിക്കുന്ന കവിയുടെ ഏകാന്തവിഹാരങ്ങൾ ഈ നാലു വരികളിലുണ്ട്! 

‘മരണത്തെ നോക്കിയുള്ള 

മന്ദഹാസമാണു കവിത 

മരണത്തെ നോക്കിയുള്ള 

പൊട്ടിച്ചിരിയാണ് പ്രണയം 

മന്ദഹാസത്തിന്റെ ചെപ്പിലടച്ച 

പൊട്ടിച്ചിരിയാണ് 

എന്റെ പ്രേമകവിത!’ 

എന്നെഴുതിയ കവിക്ക് അക്ഷരങ്ങളോടുള്ള പ്രണയാരാധനതന്നെയാണ് എന്നും ജീവിതം; ഈ ശതാഭിഷേകത്തിലും.

English Summary:

Sreekumaran Thampi birthday special article about his literary works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com