ADVERTISEMENT

പള്ളിവാസലിൽ രാവിലെ ഒൻപതോടെ ഞങ്ങൾ എത്തിച്ചേർന്നു. വെയിൽ തെളിഞ്ഞിരുന്നില്ല. മഞ്ഞിന്റെ നേർത്ത ഒരു ആവരണം മെല്ലെ മായുന്നതും നിരീക്ഷിച്ച്‌ വണ്ടിയിൽത്തന്നെ ഇരുന്നു. നമ്മൾ നേരത്തേ എത്തി, അവൾ പറഞ്ഞു. ശരിയാണ്‌, ഉച്ചയോടെ എത്തിയാൽ മതി എന്നാണ് ഇമാമലി ഫോണിൽ പറഞ്ഞത്‌.  

സമതലത്തിൽനിന്നുള്ള ഹൈവേ പള്ളിവാസൽ മുക്കവലയിൽ വന്നുമുട്ടുന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ എതിരെയുള്ള ചായക്കടയിൽ സമവാറിൽനിന്നുയരുന്ന ആവി കണ്ടു. നമുക്ക്‌ ചായകുടിക്കാം, അവൾ പറഞ്ഞു. ചായഗ്ലാസുമായി ഞങ്ങൾ രോഡരികിൽ നിന്നു. 

ഞാനും അമ്മയും ഉറങ്ങുകയായിരുന്നു അതിരാവിലെ അവൾ എന്റെ വീട്ടിലെത്തുമ്പോൾ. വീടിന്റെ മുറ്റത്ത്‌ ഒരു വണ്ടി വന്നു നിൽക്കുന്നതു കേട്ട്‌ അമ്മ ഞെട്ടിയുണർന്നു. അഞ്ചുമണിയായിട്ടില്ലായിരുന്നു അപ്പോൾ. എൻജിൻ ഓഫായതിനുപിന്നാലെ വാതിലിൽ മുട്ടോ കോളിംഗ്‌ ബെല്ലോ പ്രതീക്ഷിച്ച്  കിടന്നെങ്കിലും ആ നിശ്ശബ്‌ദത നീണ്ടു. തനിക്ക്‌ തോന്നിയതാവും എന്നു കരുതി അവർ പിന്നെയും ഉറങ്ങിപ്പോയി. എന്നാൽ രാവിലെ ആറുമണിയോടെ എണീറ്റ്‌ മുൻവാതിൽ തുറക്കുമ്പോൾ ഒരു വെള്ള കാർ വീട്ടുമുറ്റത്തുണ്ട്‌. പുറത്തിറങ്ങി അടുത്തുചെന്നു നോക്കുമ്പോൾ ഡ്രൈവിംഗ്‌ സീറ്റിൽ ഇരുന്ന് ഒരു സ്ത്രീ ഉറങ്ങുന്നു. അമ്മ അവളെ വിളിച്ചുണർത്തി വീടിനുള്ളിലേക്കു കൊണ്ടുവന്നു.

Photo Credit: Representative image credited using Perchance AI Image Generator
Photo Credit: Representative image credited using Perchance AI Image Generator

വേഗം ചായ ഉണ്ടാക്കിച്ചെല്ലുമ്പോഴേക്കും ഇരിപ്പുമുറിയിലെ സോഫയിൽകിടന്ന് അവൾ വീണ്ടും ഉറങ്ങിപ്പോയിരുന്നു. ഞാനുണരുമ്പോഴും അവൾ ഉറക്കം തുടരുകയായിരുന്നു. രാത്രി എന്തിനാണു വണ്ടിയോടിച്ച്‌ ഒറ്റയ്ക്കു പോന്നത്‌? ഞാൻ ചോദിച്ചു. ഉറങ്ങാൻ കിടന്നിട്ട് എന്തൊക്കെയോ പ്രയാസങ്ങൾ... അപ്പോൾ പുറപ്പെട്ടതാണ്‌. നേരം വെളുത്തു വരുമ്പോൾ ഇവിടെയെത്താമല്ലോ എന്നും കരുതി, അവൾ പറഞ്ഞു.

പണ്ട്‌ അത്തരമൊരു വാക്യം, പുലരിയിൽ യാത്ര കഴിഞ്ഞ്‌ വീടെത്തുന്നതിനെപ്പറ്റി, അവളുടെ വീടിനെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്‌. അത്‌ അവൾ എന്നെ ഓർമ്മിപ്പിക്കുകയാവും എന്നു ഞാൻ കരുതി. അവളുടെ വീട്ടിൽ ഞാൻ ആദ്യം ചെല്ലുമ്പോൾ നേരം വെളുത്തുവരികയായിരുന്നു. അവൻ ഉറക്കത്തിൽനിന്ന് എണീറ്റാണു എന്നെ വിളിക്കാൻ സൈക്കിളുമായി വന്നത്‌. 

കൃത്യമായി പറഞ്ഞാൽ 10 വർഷത്തിനുശേഷമാണു ഞങ്ങൾ ഒരുമിച്ച്‌ ഒരു യാത്ര പോകുന്നത്. ഈ  വർഷങ്ങൾക്കിടയിൽ ഞങ്ങൾ രണ്ടുതവണ മാത്രം നേരിൽക്കണ്ടു. അതിനിടെ പലപ്പോഴും ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും മിണ്ടാനായില്ല. അവൻ ഇല്ലാതെ, അവളുമായും ബന്ധമറ്റു പോകുകയാണോ പരസ്പരം തിരസ്കരിക്കുകയാണോ എന്നെല്ലാം ഞാൻ സംശയിച്ചു. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

പള്ളിവാസൽ കവലയിൽനിന്ന് പത്തുമിനിറ്റോളം കുന്നിൻവഴി പോയാൽ ഇമാമലിയുടെ വീടായി. നേരത്തേ ചെല്ലുന്നത്‌ അസൗകര്യമാകുമോ എന്ന സംശയമായിരുന്നു ഞങ്ങളെ അലട്ടിയത്‌. എന്തും വരട്ടെയെന്ന് കരുതി അരമണിക്കൂറിനുശേഷം ഞങ്ങളുടെ വാഹനം മെല്ലെ കുന്നുകയറാൻ തുടങ്ങി. 

ഓടുമേഞ്ഞ ഒരു ചെറിയ വീട്‌. തിണ്ണയിൽ രണ്ടു പഴകിയ ചൂരൽകസേരകൾ കണ്ടു. പുല്ലുകൾ വളർന്ന മുറ്റത്ത്‌ ശിഖരങ്ങൾ മുരടിച്ച ഒരു മാവുണ്ട്‌. അടഞ്ഞ മുൻവാതിലിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ വീടിന്റെ പിൻവശത്ത്‌ ആളനക്കം ഉണ്ടെന്നു തോന്നി. നമുക്കു പോയി നോക്കാം, അവൾ പറഞ്ഞു. മഞ്ഞുവീണു കുതിർന്ന പുല്ലുകൾക്കിടയിലൂടെ നടന്ന് വീടിനു പിന്നിലെത്തിയപ്പോൾ ഒരു വെള്ളത്തൊട്ടിക്കു സമീപം ഒരാൾ കുനിഞ്ഞുനിന്ന് തുണി കഴുകുന്നതു കണ്ടു. 

കലാപം നടന്നു മൂന്നോ നാലോ മാസത്തിനുശേഷം കലാപത്തിൽ വീടും വസ്തുവകകളും നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി  ഒരു സംഘടനയുണ്ടാക്കി.

അതൊരു സാഹസികതയായിരുന്നു. കാരണം നാട്ടിൽ അപ്പോഴേക്കും ഭീതിദമായ ഒരു വിഭജനം സംഭവിച്ചുകഴിഞ്ഞിരുന്നു. അതിനെതിരായ ചെറിയ ചെറുത്തുനിൽപുപോലും അധികാരികൾ സംശയത്തോടെയാണു കണ്ടത്‌. കലാപം പട്ടണത്തിന്റെ ഒരുഭാഗം വെണ്ണീറാക്കി. പാലത്തിന് അടിയിലും കലുങ്കിനുള്ളിലും ഉപയോഗശൂന്യമായ വണ്ടികളുടെ ഇടയിലും വെട്ടിപ്പിളർന്നതോ വെന്തുകരിഞ്ഞതോ ആയ മൃതദേഹങ്ങൾ ഓരോ ദിവസവും പൊങ്ങിവന്നു. 

Photo Credit: Representative image credited using Perchance AI Image Generator
Photo Credit: Representative image credited using Perchance AI Image Generator

കേസ്‌ നടത്താനും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും സംഘടന മുന്നിട്ടിറങ്ങിയതോടെ എതിർപ്പ്‌ രൂക്ഷമായി. കലാപവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ സംഘത്തിനൊപ്പം ഇമാമലി എത്തിയപ്പോൾ ആണു സംഘടനയുടെ നേതാക്കളിലൊരാളായ അവനുമായി സൗഹൃദത്തിലായത്‌. അവനൊപ്പം ചേർന്ന് ഇമാമലിയും  അഭയകേന്ദ്രങ്ങളിൽ പോയി ആളുകളെ കണ്ടു സംസാരിച്ചു. കേസുകളുടെ നടത്തിപ്പിനു മുൻകയ്യെടുത്തു. തെളിവുകൾ ശേഖരിച്ചു. സംഘടന ശത്രുപക്ഷത്തിനുവേണ്ടി ഇറങ്ങിനടക്കുന്നുവെന്ന ആക്ഷേപം സർക്കാരും ഉയർത്താൻ തുടങ്ങി. 

ഇക്കാലത്തു ഞാനും അവനും തമ്മിലുള്ള ബന്ധം ഏതാണ്ട്‌ അവസാനിച്ചപോലെയായിരുന്നു. അവന്റെ കൂടെയുള്ളവരുടെ മറ്റു സംഘടനാബന്ധങ്ങൾ പ്രശ്നമാകും, പുനരധിവാസ സംരംഭത്തിൽനിന്ന് വിട്ടുനിൽക്കാൻ അവനോടു പറഞ്ഞിട്ടു വഴങ്ങുന്നില്ലെന്ന് അവൾ എന്നോടു ഒരിക്കൽ പറഞ്ഞു.

ഞങ്ങൾ ഇനി പഴയപോലെ ഇരിക്കുകയില്ലെന്ന് എനിക്കു തോന്നിത്തുടങ്ങിയിരുന്നു. കലാപം ആരംഭിച്ചപ്പോൾ, അത് അവന്റെയും അവളുടെയും പട്ടണത്തിലായതുകൊണ്ട് ഞാൻ പേടിച്ചു. ഞാൻ അവരുടെ വീട്ടിലേക്കു ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും വിളിച്ചപ്പോൾ മണിയടിച്ചു. അവളാണു ഫോണെടുത്തത്. ഞങ്ങൾ സംസാരിച്ചിട്ടും കുറേയായിരുന്നു. 

മാസങ്ങൾക്കുശേഷം അവനെ കാണായതിനു പിന്നാലെ സംഘടനയിലെ മറ്റു നേതാക്കളെല്ലാം അറസ്റ്റിലായി. ഇമാമലി അറസ്റ്റിലാകുമ്പോൾ അയാൾക്ക്‌ 26 വയസ്സേയുള്ളു. 8 വർഷം അയാൾ വിചാരണത്തടവുകാരനായിരുന്നു. കേസുകൾ എല്ലാം കെട്ടിച്ചമച്ചതായതുകൊണ്ടും വിചാരണയില്ലാതെ  ഇത്രയും കാലം ജയിലിൽ കഴിഞ്ഞതു കൊണ്ടുമായിരിക്കണം ഇമാമലിയെയും മറ്റുള്ളവരെയും വിട്ടയച്ചത്‌. 

അയാൾ തുണി കഴുകുന്നതും അയയിൽ വിരിക്കുന്നതും നോക്കി ഞങ്ങൾ അവിടെത്തന്നെ നിന്നു. അതുകഴിഞ്ഞ്‌ പിൻവാതിലൂടെ ഞങ്ങൾ വീടിനുള്ളിൽ കയറി. വളരെക്കുറച്ചു വസ്തുക്കളുള്ള ആ വീട്ടിൽ അലമാരകൾ ശൂന്യമായിരുന്നു. അയാളുടെ മുറിയിൽ ഒരു പഴയ മേശമേൽ കുറച്ചു പുസ്തകങ്ങൾ, പത്രങ്ങൾ, മാസികകൾ, കടലാസ്സ്‌ കെട്ടുകൾ എന്നിവ കണ്ടു. 

കറുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണട ധരിച്ച്‌  തലമുടി പറ്റെവെട്ടിയ ഇമാമലി ഒറ്റമുണ്ടും ഓവർ സൈസ്‌ ആയ ഒരു പഴയ ഷർട്ടുമിട്ടാണു ഞങ്ങൾക്കൊപ്പമിരുന്ന് സംസാരിക്കാൻ തുടങ്ങിയത്‌. അയാൾക്ക്‌ എന്നെ മുൻപു പരിചയമില്ലായിരുന്നു. എന്നാൽ പേരു കേട്ടപ്പോൾ ഓ, മനസ്സിലായി എന്നു മാത്രം എന്റെ കയ്യിൽപിടിച്ച്‌ പറഞ്ഞു. എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ, ഒരു വേദന പടർന്നു. 

അവനെയും പൊലീസ്‌ പിടിച്ചുവെന്നാണ്‌ ആദ്യം എല്ലാവരും കരുതിയത്‌. എന്നാൽ അവൻ ഒളിവിലാണ്‌, അവനെത്തിരയുകയാണെന്നു പൊലിസ്‌ പറഞ്ഞപ്പോൾ ആകെ ആശയക്കുഴപ്പമായി. അവനെ പിടിച്ച പൊലീസ്‌ രഹസ്യകേന്ദ്രത്തിൽ തടവിലിട്ടു പീഡിപ്പിക്കുകയാണെന്നും ഇതിനിടെ ആരോപണമുയർന്നു. പക്ഷേ, ആ ദുരൂഹതയ്ക്ക്‌, അവനെവിടെപ്പോയി എന്നത്‌, 8 വർഷത്തിനുശേഷം എല്ലാ വിചാരണത്തടവുകാരും പുറത്തുവന്നിട്ടും ഉത്തരമായിട്ടില്ല.

Photo Credit: Representative image credited using Perchance AI Image Generator
Photo Credit: Representative image credited using Perchance AI Image Generator

ഇമാമലി അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അവനൊപ്പമായിരുന്നു. അവന്റെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും വാച്ചും കുറെ ഉടുപ്പുകളുമെല്ലാം അവൻ ഓരോ കൂട്ടുകാർക്കായി വീതംവച്ചു. എഴുതിയ നോട്ടുബുക്കുകൾ  കത്തിച്ചുകളഞ്ഞു. അറസ്റ്റിലാകുമെന്ന ബോധ്യത്തോടെയാണ്‌ ആ ദിവസങ്ങളിൽ ജീവിച്ചത്‌.

“എവിടെയും ഒളിച്ചുതാമസിക്കില്ലെന്നുറപ്പാണ്‌. പൊലീസ്‌ എന്തോ ചെയ്തതാണ്‌”,  ഇമാമലിപറഞ്ഞു.

“ഞങ്ങൾ എത്രയോ തിരഞ്ഞു. പൊലീസിനുള്ളിൽ നിന്നുപോലും വിവരം ചോർത്തി. പക്ഷേ ഒരു സൂചനയും കിട്ടിയില്ല”, അവൾ പറഞ്ഞു. 

“ഒളിവിൽ ഇല്ലെന്ന് ഞങ്ങൾക്ക്‌ കൃത്യമായി അറിയാം. സംഘടന വിശദമായി അന്വേഷിച്ചു. ഒരു റിപ്പോർട്ട്‌ തയാറാക്കിയിരുന്നു.” ഇമാമലി എണീറ്റു അടുത്ത മുറിയിലേക്കുപോയി, കുറച്ചു കഴിഞ്ഞ്‌ ഒരു ഫയലുമായി വന്നു. “ഇതാണത്‌. ഞങ്ങളുടെ ഒരു കണ്ടെത്തലാണ്‌. ഇതിൽ ചില സാധ്യതകൾ പറയുന്നുണ്ട്‌". 

ഞങ്ങളുടെ വരവ്‌ ആ റിപ്പോർട്ടിനു വേണ്ടിയായിരുന്നു. ഇമാമലി അതു വാഗ്ദാനം ചെയ്തിരുന്നു. അതിൽനിന്ന് ഏതെങ്കിലുമൊരു വഴി തുറന്നുകിട്ടിയാൽ...

ഇമാമലിയോടു ഞാൻ ദിവസങ്ങളെക്കുറിച്ച്‌ അവർ ഒരുമിച്ചുണ്ടായിരുന്ന നാളുകളെപ്പറ്റി എന്തെങ്കിലും പറയാമോ എന്നു ചോദിച്ചു. എന്തെങ്കിലുമൊരു സംഭവമോ സംസാരമോ, എന്തെങ്കിലും.

ഇമാമലി കണ്ണടയെടുത്തു മേശമേൽ വച്ചിട്ട്‌ കണ്ണു തുടച്ചു. നിലത്തേക്കു നോക്കി കുറച്ചുനേരമിരുന്നു. ജയിലിൽനിന്ന് തിരിച്ചെത്തി ആദ്യം നോക്കിയത്‌ തന്റെ മുറിയിൽ എന്തെല്ലാം ബാക്കിയുണ്ടെന്നാണ്‌. പൊലീസ് എല്ലാ കടലാസുകളും കൊണ്ടുപോയെങ്കിലും അവനെഴുതിയ ഒരു കത്ത്‌ അലമാരയുടെ ഒരു കോണിൽ മറഞ്ഞുകിടന്നു. 

“ഇത്‌ എനിക്ക്‌ എഴുതിയതല്ല. ഈ മുറിയിലിരുന്നു മറ്റാർക്കോ എഴുതിയതാണ്‌. ചിലപ്പോൾ ഇതൊരു കത്താവില്ല. മറ്റെന്തെങ്കിലും എഴുതാൻ ശ്രമിച്ചതുമാവാം”, ഇമാമലി ആ കടലാസുകൾ നീട്ടിക്കൊണ്ട്‌ പറഞ്ഞു. 

പ്രിയ സുഹൃത്തേ,

ആ പട്ടണം എന്നും ഒരു പാതിരാ തെരുവായി മാത്രം തെളിയുന്നു. സ്വപ്നത്തിന്റെയും വിചാരത്തിന്റെയും ഉള്ളിൽ എന്നും അത് അങ്ങനെയാണ്. രാത്രിയിലെ അവസാന പ്രദർശനം കഴിഞ്ഞ് തിയറ്ററിൽനിന്നിറങ്ങിയ ആളുകൾ മിണ്ടാതെ തെരുവിലൂടെ നടന്നുപോകുന്നു. സിനിമ കഴിയുംവരെ ഒരു കട മാത്രം തുറന്നിരിക്കുന്ന തെരുവ് ആ മനുഷ്യരും പോകുന്നതോടെ വിജനമാകുന്നു. കുന്നിനുമുകളിലെ തിയറ്ററിലേക്കു പടികളിലെ വിളക്കുകൾ അണയുന്നു.

തെരുവിലേക്കു കൂടുതൽ വിജനത പരക്കുന്നു. ഒരൊറ്റ ബസ് കൂടി വരാനുണ്ട്. ആ ബസിൽ വന്നിറങ്ങുമ്പോൾ, അവസാനം അടയ്ക്കുന്ന കടയുടെ ഒരു വാതിൽ മാത്രം തുറന്നിരിക്കുന്നു. ബസ്‌ വൈകി വരുന്ന ചിലപ്പോൾ ആ കടയും അടച്ചിട്ടുണ്ടാകും. അപ്പോൾ എന്തോ പോലെ തോന്നും.

ആ പാതിരകളിൽ നാം കാണാറുണ്ടായിരുന്നത്‌ ഓർത്താൽ നല്ല രസമാണ്‌. അടഞ്ഞ ബാർബർ ഷോപ്പിന്റെ പാളികൾക്കിടയിലൂടെ വെളിച്ചം പുറത്തേക്കുവരുന്നെങ്കിൽ ഞാൻ മൃദുവായി പാളിയിൽ തട്ടും. നിന്റെ അച്ഛനായിരിക്കും പാളി നീക്കുക. അപ്പൊഴേക്കും നീ എന്നെ കണ്ട്‌ പുറത്തേക്ക്‌ ഇറങ്ങിയിട്ടുണ്ടാവും. തെരുവു മുഴുവനായും കാണാൻ കഴിയുന്ന ഒരിടത്ത്‌ ഒരു പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ തിണ്ണയിൽ ഇരുട്ടത്തു നാമിരുന്നുസംസാരിക്കും. അത്‌ നല്ല രസമായിരുന്നു.

രാത്രിയുടെ നിശ്ശബ്ദതയിലേക്ക്‌ തടി കയറ്റിയ ലോറികൾ കയറി വരുന്നുണ്ടാകും. ആ ഇരമ്പം കുറെനേരം കേൾക്കും, ഒടുവിൽ ലോറി എല്ലാത്തിനെയും പ്രകമ്പനം കൊള്ളിച്ചു തൊട്ടുതാഴെ റോട്ടിലൂടെ പോകും. നിനക്ക് ഓർമ്മയുണ്ടോ? മഹാഭാരവുമായി അത്‌ മെല്ലെ കയറ്റം കയറി ആ രണ്ട്‌ വളവും കടന്ന് പോയിമറയുന്നത്‌. പെട്ടെന്ന് എല്ലാ ഒച്ചയും ഇല്ലാതായി തെരുവു പഴയപോലെ മൂകമാകുന്നത്‌.

ആ ഇരുത്തത്തിനൊടുവിൽ ബാർബർ ഷോപ്പിനു പിന്നിലെ വീട്ടിൽ, നിന്റെ മുറിയിൽ, നിന്നോടൊപ്പമാണ്‌ ഉറക്കം. അതിരാവിലെ ഉണർന്ന്, എന്റെവീട്ടിലേക്കു ചെല്ലുമ്പോൾഅമ്മ  മുറ്റത്തുനിൽക്കുന്നു. രാത്രി ആ ബസ്‌ വന്നതും ഇവിടെ നിർത്തിയതും ഞാൻ കേട്ടതാണ്‌. നീ വരുന്നതും കാത്ത്‌ കുറെനേരം ഉറങ്ങാതെകിടന്നു, അമ്മ പറയുന്നു. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്കു പോകുന്നു. അമ്മ പിന്നാലെ വരുന്നു. ഇത്രഅടുത്ത്‌ വീടുണ്ടായിട്ട്‌ നീ രാത്രി അവിടെക്കിടക്കുന്നത്‌ എന്തിനാണ്‌? അമ്മ ചോദിക്കുന്നു. ഞാൻ മറുപടി പറയുന്നില്ല...

അക്കാലത്ത്‌ നിന്റെ മുറിയിൽ രണ്ടു ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇളയരാജയുടെയും ജിദ്ദു കൃഷ്ണമൂർത്തിയുടെയും. ഇളയരാജയുടെ ചില ഈണങ്ങൾ എനിക്കും ഇഷ്ടമായിരുന്നു. സ്മരണയെ നിരാകരിച്ച മറ്റേ ആളെ എനിക്ക്‌ താൽപര്യമില്ലായിരുന്നു.

എന്റെ മുറിയിൽ എനിക്ക്‌ നിന്റെ ചിത്രം തൂക്കാനാണ്‌ ഇഷ്ടം എന്നു ഞാൻ ഒരു ദിവസം പറഞ്ഞു. അതൊക്കെ വളരെ അകലെ ഒരിടത്ത്‌ മറ്റൊരാളുടെ ജീവിതത്തിലാണു സംഭവിച്ചതെന്നു ഇപ്പോൾ തോന്നാറുണ്ട്‌. 

എന്റെ ഉള്ളിലെ ചിത്രങ്ങൾ ഇപ്പോൾ ചലിക്കാറില്ല. അത്‌ ഒരു വലിയ ഭിത്തിയിൽ വരച്ചുവച്ച പല ചിത്രങ്ങളുടെ ഒരു കാടാണ്‌. ഒരു ചിത്രത്തിനു കീഴിൽ മറ്റൊന്നായി, ഒരു വനം മരങ്ങളെയും ബഹുജീവജാലങ്ങളെയും ഒളിപ്പിക്കും പോലെ, ആ ചിത്രച്ചുമരിൽ എല്ലാമൊളിഞ്ഞിരിക്കുന്നു. ഞാൻ ഒരു കവിയോ ഷെഹ്റാസാദോ ആയിരുന്നെങ്കിൽ ആ നിശ്ചലതയെ മഹാചലനമാക്കിയേനെ. അങ്ങനെ ഒരു നാടകശാലയോ ഗ്രന്ഥാലയമോ ആയി അതു മാറുമ്പോൾ നീയും അവിടെ വന്നു നിന്നേനെ. 

പ്രിയ കൂട്ടുകാരാ, പ്രിയ മനുഷ്യാ, ഓരോ നിമിഷവും ഒരാൾ എനിക്കുള്ളിൽ ഇരുന്ന് എനിക്കെഴുതാനുള്ള ഈ വാക്കുകൾ പറയുന്നതായി തോന്നുന്നു. ആ വരികളിലൂടെ തെന്നിയാണു ഞാൻ ഉറക്കത്തിലേക്കു പോകുന്നത്‌. പള്ളിവാസലിൽ തടാകത്തിനുമീതേ നടന്ന ഒരു കാറ്റ്‌ പാതിരയിൽ ജനാലപ്പാളിയുടെ  വിടവുകളിലൂടെ അകത്തേക്കുവരുന്നു. പുതപ്പിനു പുറത്തുള്ള എന്റെ പാദങ്ങൾ തണുക്കുന്നു. കാതും മൂക്കും ചുണ്ടും കുളിരുന്നു. ഞാൻ നിന്നെക്കാണാൻ വേഗം വരും. കാത്തിരിക്കുക. 

English Summary:

Ezhuthumesha Column by Ajay p Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com