ADVERTISEMENT

സാമൂഹിക ശാസ്ത്രജ്ഞ, നോവലിസ്റ്റ്, പ്രഭാഷക, സാമൂഹിക പരിഷ്കർത്താവ്... ഷാർലറ്റ് പെർകിൻസ് ഗിൽമാന്റെ വിശേഷണങ്ങള്‍ നിരവധിയാണ്. ധീരമായ ആശയങ്ങളും ശക്തമായ എഴുത്തും കൊണ്ട് സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ച ഈ അമേരിക്കൻ എഴുത്തുകാരിയുടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

1860ല്‍ കണക്റ്റിക്കട്ടിലെ ഹാർട്ട്‌ഫഡിൽ ജനിച്ച ഷാർലറ്റിന്റെ ജീവിതം കഷ്ടപ്പാടുകളിലായിരുന്നു. അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചതോടെ ഷാർലറ്റിനെയും അവളുടെ സഹോദരനെയും ദാരിദ്ര്യത്തിൽ വളർത്താൻ അമ്മ വിധിക്കപ്പെട്ടു. അമ്മയ്ക്ക് കുടുംബം പോറ്റാൻ കഴിയാത്തതിനാൽ, അവർക്ക് പലപ്പോഴും ബന്ധുക്കളുടെ സഹായം അഭ്യർഥിക്കേണ്ടി വന്നു. അവരിൽനിന്ന് ലഭിച്ച അനുഭവം ഷാർലറ്റിൽ ശക്തമായ സ്വാതന്ത്ര്യബോധവും സാമൂഹിക നീതിക്കായുള്ള ആഗ്രഹവും ഉളവാക്കി.

charlotte-perkins-gilman-three
ഷാർലറ്റ് പെർകിൻസ് ഗിൽമാന്‍, Colorized photo, Image Credit: Wikipedia Commons

തന്നെപ്പോലെ പാവമാകാതിരിക്കാൻ അമ്മ കാർക്കശ്യത്തോടെയാണ് മക്കളോടു പെരുമാറിരുന്നത്. താൻ ഉറങ്ങുകയാണെന്ന് കരുതിയപ്പോൾ മാത്രമാണ് അമ്മ തന്നോട് വാത്സല്യം കാണിച്ചതെന്ന് ഷാർലറ്റ് ആത്മകഥയായ ‘ദ് ലിവിങ് ഓഫ് ഷാർലറ്റ് പെർകിൻസ് ഗിൽമാനി’ൽ എഴുതിയിട്ടുണ്ട്. ഒറ്റപ്പെട്ടതും ദരിദ്രവും ഏകാന്തവുമായ ബാല്യമാണ് അവൾക്കുണ്ടായിരുന്നത്. ശക്തമായ സൗഹൃദങ്ങളുണ്ടാക്കുന്നതിൽനിന്നും പുസ്തകം വായിക്കുന്നതിൽനിന്നും അമ്മ മക്കളെ വിലക്കിരുന്നു. പക്ഷേ, പബ്ലിക് ലൈബ്രറി സന്ദർശിച്ചും സ്വയം പഠിച്ചും ഷാർലറ്റ് മുന്നോട്ടുള്ള ജീവിതത്തിനായി സ്വയം തയാറെടുത്തു.

പതിനഞ്ച് വയസ്സിനിടയിൽ ഏഴ് സ്‌കൂളുകളിൽനിന്ന് നാലു വർഷത്തെ പരിമിതമായ ഔപചാരിക വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 1878-ൽ, പതിനെട്ടാം വയസ്സിൽ റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈനില്‍ ജോലിയ്ക്ക് കയറുവാൻ ഷാർലറ്റിന് സാധിച്ചു. അവിടെ വച്ചാണ് 1879-ൽ ഷാർലറ്റ് മാർത്ത ലൂഥറിനെ കണ്ടുമുട്ടി പ്രണയത്തിലാകുന്നത്. പ്രണയത്തിയായിരുന്ന ആ രണ്ട് സ്ത്രീകൾ തമ്മിലുള്ള 50 ലധികം കത്തുകൾ 1883 മുതൽ 1889 വരെയുള്ള അവരുടെ ജീവിതത്തെ വിവരിക്കുന്നു.

charlotte-perkins-gilman-two
ഷാർലറ്റ് പെർകിൻസ് ഗിൽമാന്‍, Colorized photo, Image Credit: Wikipedia Commons

1881-ൽ ഒരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി മാർത്ത ബന്ധം അവസാനിപ്പിക്കുന്നതുവരെ അവർ ആ ബന്ധം തുടർന്നു. എന്നാൽ ഇത് ഷാർലറ്റിനെ തകർത്തു. 1884-ൽ ആർട്ടിസ്റ്റ് ചാൾസ് വാൾട്ടർ സ്റ്റെറ്റ്‌സണെ കണ്ടുമുട്ടി, വിവാഹം കഴിക്കുന്നതുവരെ ഷാർലറ്റ് പ്രണയത്തെ പോലും വെറുത്തു.

മകൾ കാതറിൻ ജനിച്ചതിനെത്തുടർന്നാണ് ഷാർലറ്റ് കടുത്ത വിഷാദാവസ്ഥയിലായത്. മരുന്നായി ഡോക്ടർമാർ നിർദ്ദേശിച്ച വിശ്രമ ചികിത്സ അവളുടെ അവസ്ഥ കൂടുതൽ വഷളാക്കിയതേയുള്ളൂ. ഈ അനുഭവമാണ് ഷാർലറ്റിന്റെ ഏറ്റവും പ്രശസ്തമായ കൃതിയായ 'ദ് യെല്ലോ വാൾപേപ്പർ' എന്ന ചെറുകഥയുടെ പ്രചോദനമായി മാറിയത്. 

1890-കളുടെ അവസാനം ഷാർലറ്റിനെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായി. ആദ്യ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് അവള്‍ ഒരു എഴുത്തുകാരിയും പ്രഭാഷകയുമായി. 1898 ൽ എഴുതിയ 'വിമെൻ ആൻഡ് ഇക്കണോമിക്സ്' എന്ന പുസ്തകം ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ആയി മാറി. അതിൽ, സ്ത്രീ വിമോചനത്തിന്റെ താക്കോലായ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി ഷാർലറ്റ് നിലകൊണ്ടു. കുടുംബത്തെപ്പറ്റിയുള്ള ആദർശപരമായ ആശയത്തെ അവൾ വെല്ലുവിളിക്കുകയും പൊതുരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തത്തിനായി വാദിക്കുകയും ചെയ്തു.

ഷാർലറ്റ് നിരവധി ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ കൃതികൾ എഴുതിയിട്ടുണ്ട്. അവളുടെ ആശയങ്ങൾക്ക് ഒരു വേദിയായി വർത്തിക്കുന്ന ഒരു ഫെമിനിസ്റ്റ് ജേണലായ ദ് ഫോർറണ്ണർ സ്ഥാപിച്ചു, അതിന്റെ എഡിറ്ററുമായി. അവളുടെ നോവൽ, 'ഹെർലാൻഡ്' (1915), സ്ത്രീകൾ നയിക്കുന്ന ഒരു അഭിവൃദ്ധി സമൂഹത്തെ ചിത്രീകരിക്കുന്നു. സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത് സാമൂഹിക ക്ഷേമ പരിപാടികൾക്കും ജനന നിയന്ത്രണത്തിനും വേണ്ടി വാദിച്ച ഷാർലറ്റ് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ മുൻനിര ശബ്ദമായി മാറി. 

1900-ൽ ഹൗട്ടൺ ഗിൽമാനെ വിവാഹം കഴിച്ച ഷാർലറ്റ് 1932 ജനുവരിയിൽ തനിക്ക് സ്തനാർബുദമുണ്ടെന്ന് കണ്ടെത്തി. 1934-ൽ മസ്തിഷ്ക രക്തസ്രാവം കാരണം ഹൗട്ടന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന്, 1935 ഓഗസ്റ്റ് 17-ന് ക്ലോറോഫോം അമിതമായി കഴിച്ച് ഷാർലറ്റ് ആത്മഹത്യ ചെയ്തു. പരമ്പരാഗത ലിംഗപരമായ റോളുകളെ വെല്ലുവിളിക്കുകയും കൂടുതൽ നീതിയും സമത്വവുമുള്ള സമൂഹത്തിനായി വാദിക്കുകയും ചെയ്ത എഴുത്തുകാരി എന്ന നിലയില്‍ ഷാർലറ്റിന്റെ സംഭാവന നിഷേധിക്കാനാവാത്തതാണ്. പോരാടി നേടിയ ജീവിതം സ്വയം അവസാനിപ്പിക്കേണ്ടി വന്ന പ്രതിഭ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com