കലാശൂന്യതയുടെ പ്രതീതിയുള്ള അനുഭൂതികൾ
Mail This Article
തിടുക്കപ്പെട്ടോ ഉദാസീനമായോ വായിക്കുമ്പോൾ കലാശൂന്യം (‘ആർട്ട്‌ലെസ്’) എന്നു തോന്നിപ്പോകുന്ന കഥകൾ ലിഡിയ ഡേവിസ് എഴുതിയിട്ടുണ്ട്. ഈ ഫീലിങ്, കഥ അത്ര നന്നായില്ല എന്നത്, ഒരു ട്രാപ് ആണെന്നു പിന്നീടാണു മനസ്സിലായത്. സുന്ദരപ്രേമത്തിലെന്നപോലെ ഉന്മാദകരമായ അടുപ്പം തോന്നുമ്പോഴും ചിലനേരം മടുപ്പുണ്ടാക്കുന്ന ഒരു സൗന്ദര്യരാഹിത്യം ആ ഭാഷയിലുണ്ട്. ഉദാഹരണത്തിന് ഒഎൽഎക്സിലെയോ മറ്റോ രീതിയിലുള്ള പരസ്യവാക്യങ്ങൾ മാത്രം വച്ചുള്ള ഒരു കഥ വായിച്ചപ്പോൾ, വിരസമെന്നു കണ്ടു ഞാൻ പിൻവാങ്ങി.
മാസങ്ങൾക്കുശേഷം അതേ പുസ്തകം ഞാൻ വീണ്ടുമെടുത്തു. ഫോൺ സൈലന്റാക്കി ആ താളുകളിലൂടെ വീണ്ടും പോയി. അന്നേരം അനിഷ്ടത്തിന്റെ തിരശ്ശീല നീങ്ങുകയും ഭാഷയുടെ ഗാഢമായ അനുഭൂതി ഉണരുകയും ചെയ്തു. എനിക്ക് ധാരാളം സമയം ഉണ്ടായതുപോലെ തോന്നി. കഴിയുന്നത്ര നേരമെടുത്ത്, അടിവരയിട്ടോ പകർത്തിയെഴുതിയോ ലിഡിയയുടെ ഭാഷ എങ്ങനെ വിനിമയം ചെയ്യുന്നുവെന്നു ഞാൻ മനസ്സിലാക്കി.
എന്റെ സാഹചര്യം വിശദീകരിക്കാൻ പോന്ന ലിഡിയ ഡേവിസിന്റെ ഒരു കഥ, ഇങ്ങനെയാണ്: ‘യാത്രയിൽ കൊണ്ടുപോയ വിരസമായ, പ്രയാസകരമായ ഈ നോവൽ – അതു വായിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലവട്ടം ഞാൻ അതിലേക്കു മടങ്ങി ചെന്നിട്ടുണ്ട്, ഓരോ വട്ടവും അതെന്നിൽ ഉൽക്കിടിലമുണ്ടാക്കുന്നു, ഓരോ വട്ടവും കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ഒട്ടും നന്നായിട്ടില്ലെന്നു കണ്ടെത്തുന്നു, അങ്ങനെ ഇപ്പോഴതു പഴയൊരു ചങ്ങാതിയെപ്പോലെയായിത്തീർന്നിട്ടുണ്ട്; എന്റെ പഴയ ചങ്ങാതി ചീത്ത നോവൽ.’
അതായത് ചിലപ്പോൾ വിശേഷിച്ച് നാം ഒരു കാരണവുമില്ലാതെ പുസ്തകത്തിലേക്കു പ്രവേശിക്കാനാകാതെ നിൽക്കും. ഒരു ചീത്ത നമ്മെ പിടികൂടും. ഇതിന്റെ മറുവശത്ത്, പുസ്തകം നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടുപോകുന്നു.
അങ്ങനെ പൊടുന്നനെ പ്രവേശനം കിട്ടിയാലോ, അവിടേക്ക് എത്താൻ വൈകിയല്ലോ എന്ന ഖേദമുയരുന്നു. ഈ വിരുദ്ധഭാവങ്ങൾ ദൈനംദിന ജീവിതത്തിലും സൂക്ഷിച്ചുനോക്കിയാൽ കാണാം. കണ്ടതിന്റെ വിവരണം തന്നെയാണു കലയെന്നു തോന്നിക്കുന്ന സന്ദർഭങ്ങൾ. എന്നാലതിൽ നിർമമതയുണ്ട്. ആ നിർമമതയാണു കഥയെ കൊണ്ടുവരുന്നത്.
പലതരം അയൽക്കാരെ വിവരിക്കുന്ന 'ഔവർ സ്ടേഞ്ചേഴ്സ്' എന്ന കഥ ഉദാഹരണം. അയൽവാസികൾ തമ്മിലുള്ള ബന്ധങ്ങൾ ഏകതാനമല്ല. അവ ഭിന്നമാകുന്നതുപോലെ, വായനക്കാരും പുസ്തകങ്ങളും തമ്മിലുള്ള സഹവാസത്തിലും ഭിന്നതകളുണ്ട്. ഒരാൾ അയൽവാസിയുടെ നോട്ടം തട്ടാതിരിക്കാൻ തന്റെ വീടിന്റെ മുറ്റവും തിണ്ണയും ഇരുണ്ട തുണി കെട്ടി മറയ്ക്കുന്നു. ജനാലയ്ക്കും ഇരുണ്ട വിരികളിടുന്നു. മറ്റൊരാൾ ആളില്ലാത്തനേരം നോക്കി അയൽവാസിയുടെ വീട്ടുവളപ്പിൽ കയറി ചെടികളും ഉപകരണങ്ങളും നശിപ്പിക്കുന്നു. പ്രായം ചെന്ന അയൽക്കാരിയുടെ വീട്ടിൽ മനോഹരമായ പരവതാനികളുണ്ട്. അവരില്ലാത്ത സമയം അതിലൊന്ന് മോഷ്ടിക്കണമെന്ന് എഴുത്തുകാരി തീരുമാനിക്കുന്നു. ഒഴിവുകാലം ചെലവഴിക്കാൻ പോയ അയൽക്കാരിയാകട്ടെ ആ സ്ഥലത്തെ മനോഹരമായ കാഴ്ചകളുടെ പോസ്റ്റ്കാർഡുകൾ എഴുത്തുകാരിക്ക് അയയ്ക്കുന്നു. അവർ ഒരിക്കലും എഴുത്തുകാരി പരവതാനി മോഷ്ടിച്ചെന്നു സംശയിക്കുകയില്ല. അവർ സത്യസന്ധതയുള്ളയാൾ ആണെന്നു വിശ്വസിക്കുന്നു,
ഈ വിശ്വാസം തന്റെ മോഷണത്തെ അസാധ്യമാക്കുന്നുവെന്ന് ലിഡിയ ഡേവിസ് എഴുതുന്നു. കഥയോട്, കവിതയോട്, നോവലിനോട് ഒരിക്കൽ നാം മൂകർ, അല്ലെങ്കിൽ ഉദാസീനർ, മറ്റു ചിലപ്പോൾ പ്രേമാതുരർ, വിധേയർ.
നാടകീയതയിലോ ചടുലതയിലോ ചെന്നുചേരാത്ത ശൈലിയാണു ലിഡിയ ഡേവിസിന്റേത്. സ്വാനുഭവങ്ങളുടെ വിവരണമോ ഡയറിയെഴുത്തോ കത്തെഴുത്തോ പോലെ അതു സംഭവിക്കുന്നു. കഥയിലെ സംഭവം മുഴുവനാക്കിയെന്നു വായനക്കാർക്കു തോന്നുന്നില്ല. കഥാപാത്രം പൂർണമെന്നോ നിരീക്ഷണം മതിയായെന്നോ വരില്ല. വേണ്ടത്ര മെറ്റഫറുകളും ഇല്ല.
എന്നാൽ ഭാഷയിൽ ഗാഢമാകുന്ന അനുഭൂതിയാണ് അതിനെ നയിക്കുന്നത്. ഭാഷയിൽ എത്രയധികം നേരം ചെലവഴിക്കുന്നോ, അത്രയുമേറെ അത് അടുപ്പത്തിലാകുന്നു.
അതാണ് ഒരിക്കൽ വിരസമായ തോന്നിയ ഇടത്തിലേക്കു വീണ്ടും പോകുമ്പോൾ ഞാൻ മുൻപ് ഈ വരി ഇങ്ങനെയല്ലല്ലോ വായിച്ചത്, മുൻപ് ഈ നിമിഷത്തെ തൊട്ടുനോക്കിയില്ലല്ലോ എന്നെല്ലാം അറിയുന്നത്. ഈ അറിവാണു വായനക്കാരെ ധന്യരാകുന്നത്.
സ്വന്തം ജീവിതം എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുക, വിലയിരുത്തിക്കൊണ്ടിരിക്കുക അതാണു തനിക്കു ശീലമെന്നു ലിഡിയ ഡേവിസ് ഒരു അഭിമുഖത്തിൽ പറയുന്നു. തന്റെയുള്ളിൽ എല്ലാത്തിലും കുറ്റം തേടുന്ന, എല്ലാ പ്രവൃത്തിയെയും വിധിയെഴുതുന്ന ഒരാൾ, പാവപ്പെട്ട തന്റെ അമ്മയെപ്പോലെ ഒരാൾ ജീവിക്കുന്നതുകൊണ്ടാകാം അത്. അമ്മ മാത്രമല്ല അമ്മമ്മയും ജഡ്ജ്മെന്റൽ ആയിരുന്നു. ഇങ്ങനെ വിധിയെഴുത്തുകാരായ അമ്മമാരുടെ ഒരു നീണ്ട പരമ്പര തന്നെ കാണാം. എല്ലാത്തിലും കുറ്റം കേൾക്കുക എന്നതുപോലെ ഭാരമുള്ള അനുഭവം വേറെയുണ്ടോ? ഒരുപാടു വീട്ടുജോലി ചെയ്യാനുള്ള ഒരു സ്ത്രീക്ക് ലിഡിയ ഡേവിസിനെ വേഗം മനസ്സിലാകും. അവർ ഒരു ഉദാഹരണം പറയുന്നുണ്ട്: നിറയെ വീട്ടുജോലിക്കിടെ, പത്തു മിനിറ്റ് വിശ്രമിക്കാമെന്നു കരുതി ഒരു സോഫയിൽ ചാഞ്ഞുകിടന്ന് കഥ വായിക്കുന്നു. പത്തു മിനിറ്റ് എന്നതു അരമണിക്കൂറായിപ്പോകുന്നു. ഇത് ചീത്തയാണോ?
നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു നല്ല വ്യക്തി ഒരു കത്ത് നിങ്ങൾക്ക് എഴുതുന്നു. നിങ്ങൾ അതു കിട്ടാൻ കാത്തിരുന്നതാണ്. പക്ഷേ രണ്ടു മാസത്തേക്ക് നിങ്ങൾ ആ കത്തിനു മറുപടിയെഴുതുന്നില്ല. ശരിക്കു പറഞ്ഞാൽ ഇത് ശരിക്കും ചീത്തയാണ്. ഒരു സോഫയിൽ ഇരുന്നു വായിക്കാൻ കുറച്ചുനേരം കൂടുതലെടുക്കുന്നതിനേക്കാൾ ശരിക്കും ചീത്തയായ കാര്യം ഇതാണ്.
ഒരു കഥയ്ക്കു നിങ്ങൾ കൊടുക്കുന്ന മൂല്യം എന്തായാലും ഇത് അസംബന്ധനിമിഷങ്ങളെ ചേർത്തുവയ്ക്കാനൊരു ശ്രമമായിട്ടാണുവേണം കാണാൻ. കുട്ടികളും അമ്മമാരും കഠിനമായ യാതനയിലൂടെ കടന്നുപോകുന്ന യുദ്ധങ്ങൾ ലോകത്തിന്റെ മറ്റൊരുഭാഗത്തു ആരും തടയാതെ തുടരുന്നുണ്ടാകാം. നിങ്ങൾ ഇപ്പുറം ഇരുന്നു ഒരാൾക്കും നേട്ടമുണ്ടാകുമെന്ന് ഉറപ്പില്ലാതെ, സ്വന്തം സുഖം മാത്രം കണ്ടു കഥയെഴുതുന്നു.
നിങ്ങളുടെ ജീവിതത്തിൽ കേട്ട ഒരു കഥ, കണ്ട ഒരു സംഭവം, അതിനെ ഭാവനാത്മകമാക്കാതെ തന്നെ വിവരിച്ചാൽ അതൊരു കഥയായി മാറുമെന്നതാണു സത്യം. ഇതിനർഥം എല്ലാം ആത്മകഥാപരം എന്നല്ല. യാഥാർഥ്യം മതി, അതുതന്നെ വപറയുകയാണു ഏറ്റവും താൽപര്യം. അതു വളരെ ഭാവനാത്മകമായി അനുഭപ്പെടുമെന്നതിനാൽ അതിനെ വീണ്ടും ഭാവന കൊണ്ടുനിർമിക്കേണ്ട, ഉണ്ടാക്കിപ്പറയേണ്ട ഒരു അവസ്ഥയിലേക്കു താൻ വരുന്നില്ലെന്നതാണു ലിഡിയ ഡേവിസിന്റെ രീതി.
‘ഒരു വിവർത്തകയുടെ അപരാഹ്നം’ എന്ന കഥ, ഇപ്പോൾ മലയാളത്തിൽ എഴുതുന്ന ചെറുപ്പക്കാരിൽ, ഭാഷയെയും യാഥാർഥ്യത്തെയും ഭാവനയുെ സ്രോതസ്സായി സ്നേഹിക്കുന്ന ആരെങ്കിലും വായിക്കുമെങ്കിൽ അടുത്ത ക്ഷണം മുതൽ അവർ പുതിയ എഴുത്താളായി പുനർജ്ജനിക്കുമെന്നതിൽ എനിക്കു സംശയമില്ല. ഒരു വിവർത്തക തനിക്ക് വിവർത്തനജോലി തരാമെന്നു പറഞ്ഞ സമ്പന്നനായ ഒരു അന്ത്രോപ്പോളജിസ്റ്റിനെ കാണാൻ പോകുകയാണ്. ഭംഗിയായി ഒരുങ്ങിയിട്ടുണ്ട് എന്ന ചിന്തയോടെ വീടിനുപുറത്തിറങ്ങി സബ് വേയിൽ എത്തി ശുചിമുറിയിൽ കണ്ണാടി നോക്കിയതും
അവർ തീരുമാനിച്ചു-തന്റെ വേഷം നന്നായില്ല. അങ്ങനെ വിചാരിച്ച് നടക്കുമ്പോൾ വഴിയരികിൽ പട്ടിത്തീട്ടത്തിൽ ചവിട്ടി. ഷൂവിൽ പുരണ്ട മാലിന്യം ചവിട്ടിത്തേച്ചു കളയാൻ ശ്രമിക്കുമ്പോൾ ഒരു യുവാവ് സൗഹൃദത്തോടെ വന്ന് ഉപദേശിക്കുന്നു. പിന്നെ അവൾ ഷൂ ഉരയ്ക്കുന്നതും നോക്കി നിൽക്കുന്നു. ആർക്കിടെക്റ്റിന്റെ വീട്ടിൽ വാതിൽ തുറന്ന് അകന്നു കയറുന്നതും അയാൾക്ക് ഫോൺ വരുന്നു. അന്നേരം വിവർത്തക ശുചിമുറിയിൽ പോയി കൈകഴുകുന്നു. ഷൂ പരിശോധിക്കുന്നു. അവർ പുറത്തിറങ്ങുമ്പോഴും ഫോൺ സംഭാഷണം നിലച്ചിട്ടില്ല. പിന്നീട് അയാൾ അവരെ മുകളിലെ നിലയിലേക്ക്കൊണ്ടുപോകുമ്പോൾ ആദ്യം കുറെ ശിൽപങ്ങൾ, കിടപ്പുമുറിയു മുറിയുടെ തുറന്നിട്ട വാതിലൂടെ ഒരു തൊട്ടിൽ എന്നിവ കാണുന്നു. അയാൾക്കു രണ്ടര വയസ്സുള്ള ഒരു മകൻ മെക്സിക്കോയിൽ ഉണ്ട്, അയാൾ വിവർത്തകയോടു പറയുന്നു. വിവർത്തനജോലികളെല്ലാം സംസാരിച്ച് തിരിച്ചു തെരുവിലേക്ക് ഇറങ്ങുന്ന വിവർത്തകയ്ക്ക് നല്ല ഉൽസാഹം തോന്നുന്നു. ഒരു മാളിൽ മണിക്കൂറുകൾ അലഞ്ഞിട്ട് ഒരു ജോടി ഷോർട്സ് മാത്രം വാങ്ങി വീട്ടിലേക്കു പോകുന്നു.
സംഭാഷണങ്ങളോട് ഒരു താൽപര്യവുമില്ല ലിഡിയ ഡേവിസിന്. എന്നാൽ മൗനമായ സംസാരങ്ങൾ കഥയിൽ നടക്കുന്നുണ്ട്. അറ്റവും മൂലയും മാത്രമേ നാം കേൾക്കുകയുള്ളു.വിവരിക്കാതെ പോയതും വിശദീകരിക്കാതിരുന്നതുമാണു കഥയെ മനോഹരമാക്കുന്നത്. അപ്രധാനമായ ഒരു സംഭവത്തെ എഴുതുമ്പോഴാണ് അതിലേക്ക് പ്രാധാന്യം വന്നുകയറുന്നത്.
ലിഡിയ ഡേവിസിനോടു വിവർത്തകയെയാണോ കഥാകാരിയെയോ ആണോ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചുനോക്കൂ, അവർ പറയും, തനിക്ക് ഈ രണ്ടു വഞ്ചിയിലും കാൽവച്ചു പോകണം. മനസ്സിന്റെ ഒരുഭാഗം എപ്പോഴും മറ്റൊരു രാജ്യത്താണ് എന്നാണു ലിഡിയ ഡേവിസ് ഇതിനു പറയുക. മാർസൽ പ്രൂസ്റ്റിനെ വിവർത്തനം ചെയ്തുകൊണ്ടിരുന്ന കാലത്താണു ലിഡിയ ഡേവിസ് തന്റെ ഏറ്റവും കുഞ്ഞുകഥകളെല്ലാം എഴുതിയത്. പ്രൂസ്റ്റിന്റെ ദീർഘമായ വാക്യങ്ങൾ ഇംഗ്ലിഷിൽ ഉണ്ടാക്കിയെടുക്കുന്നതെന്നതു ശ്രമകരവും എന്നാൽ ആഹ്ലാദകരവുമായ ജോലിയായിരുന്നു. അത് ഇംഗ്ലിഷ് ഭാഷയിലുള്ള ജ്ഞാനം വർധിപ്പിച്ചു. ഭാഷയിൽഎന്തെല്ലാം സാധ്യമാണെന്നത് കണ്ടുപിടിക്കാനും അവസരമൊരുക്കി.
ഒന്നോ രണ്ടോ വരികളിലുള്ള ലിഡിയ ഡേവിസിന്റെ കഥകളെ കവിതകളെന്നും വിശേഷിപ്പിക്കാറുണ്ട്. എഴുത്തുകാരിയും സമ്മതിക്കുന്നു, മിക്കവാറും അവ കവിതകളാണ്. ഉദാഹരണത്തിന്: “എന്താണിത്, അവളെ മൃദുവായി തൊട്ടുകൊണ്ടിരിക്കുന്നത്, ബാത്ത് ടബിൽ ഇളം ചൂടുള്ള വെള്ളത്തിൽ അവൾ മലർന്നു കിടക്കുമ്പോൾ?
ആഹ്, ഒരു ബുക്മാർക്ക് ഓളം വെട്ടുന്നതാണ്!
“ഒരാളെയും മുറിവേൽപിക്കാതെ സ്വാർഥമതിയായി കഴിയാനാകുമോ" എന്ന ചോദ്യത്തിന് ലിഡിയ ഡേവിസ് ഉത്തരം നൽകിയത് ഇങ്ങനെ – ‘ഒരിക്കലും വിവാഹം കഴിക്കാതെ, തനിയെ ജീവിച്ച്, പാതിരാവിൽ ഒരു സുഹൃത്തുമായി നീണ്ട സംഭാഷണം നടത്തുക. പക്ഷേ അയാളെ ഒരിക്കലും നേരിൽ കാണാതിരിക്കുക’.