ADVERTISEMENT

ഇടവപ്പാതി ചിന്തകൾ (കഥ)

നേരം പുലർന്നു വരുന്നതേയുള്ളു. ഉണ്ണിത്താന്റെ ഉള്ളിൽ ആവലാതികൾ ഉയർന്നു തുടങ്ങി. ഇന്നും വന്നില്ലങ്കിലോ എന്നോർത്ത് കൊണ്ടാണ് ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നത്. ജനൽ തുറന്നു പുറത്തേക്കു നോക്കാൻ പേടിയാവുന്നു. അരികിൽ ഒന്നും അറിയാതെ കൂർക്കം വലിച്ചു രേണു കിടക്കുന്നത് ഒന്നു നോക്കി. അവൾ ഇനി ഉണരമെങ്കിൽ പാൽ കൊണ്ടുവരുന്ന പയ്യൻ മുറ്റത്തു വന്ന് തന്റെ സൈക്കിളിന്റെ ബെല്ല് മൂന്നുവട്ടം അടിക്കണം. വീണ്ടും ചിന്തകൾ ഉള്ളിലേക്കു മാത്രം ഒതുങ്ങി. ഇതാദ്യമായിട്ടാണ് ഒരാഴ്ച ഇങ്ങനെ കാണാതെ അയാൾ ഒളിഞ്ഞു നടക്കുന്നതെന്ന് ഉണ്ണിത്താൻ ഓർത്തു. ഇതിനു മുമ്പും പലവട്ടവും ഇങ്ങനെ മാറിനിന്നിട്ടുണ്ട്. പക്ഷേ കൂടി വന്നാൽ രണ്ടു ദിവസം. അതിന് അതിന്റേതായ കാരണങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ മിക്കതും ഗ്രഹണങ്ങളുടെ പട്ടികയിലാണ്.

എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോൾ മുടങ്ങിയത്. മറ്റുള്ളവരെപ്പറ്റി ഒരു വിചാരം ഇല്ലാതെ ഇങ്ങനെ മാറി നിന്നാൽ ഇവിടുത്തെ കാര്യങ്ങൾ എങ്ങനെ നടക്കും എന്ന് ഉണ്ണിത്താൻ ഉള്ളിൽ പരിഭവം പറഞ്ഞു. അപ്പോൾ ചോദിച്ചേക്കാം ബാക്കിയുള്ളവർക്ക് എന്താ ഇത് പ്രശ്നം അല്ലേയെന്ന്. ആവാം, അല്ലെന്നു പറയുന്നില്ല. പക്ഷോ ഇവിടുത്തെ കാര്യം അതാണോ? നാളെ കഴിഞ്ഞാൽ വീടിന്റെ മുന്നിൽ ഒരു പന്തൽ ഉയരേണ്ടതാണ്. മറ്റന്നാളാണ് രവിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നത്, മുഹൂർത്തം ഉച്ചക്ക് 11:30 നാണ്. രവിക്ക് രണ്ടാഴ്ചത്തെ അവധിയേയുള്ളൂ. അതുകൊണ്ടു തന്നെ എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ വന്നാലും വന്നില്ലെങ്കിലും രവി രാവിലെ കാറിൽ തന്റെ പരിപാടികളുമായി ഇറങ്ങും. അല്ലെങ്കിൽ തന്നെ ഈ പുത്തൻ തലമുറക്ക് അയാളുമായി എന്തു ബന്ധം. അവർക്കൊക്കെ രാത്രിയെന്ത്? പകലെന്ത്? ജോലിക്ക് രാവും പകലും വ്യത്യാസം ഇല്ല. കൂത്താട്ടങ്ങൾക്ക് രാവും പകലും വേർതിരിവില്ല. പട്ടണങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ടെന്ന് ഉണ്ണിത്താൻ ഓർത്തു. അപ്പോൾ പിന്നെ അവർക്കൊക്കെ അയാൾ വന്നാലെന്ത്, വന്നില്ലെങ്കിൽ എന്ത്?  സർവ്വസമയവും വീട്ടിനകത്തായതിനാൽ രേണുവിനും അയാളുടെ അഭാവത്തിൽ പറയത്തക്ക വിഷമമില്ല. പക്ഷേ അതല്ലലോ എന്റെ കാര്യം എന്ന് ഉണ്ണിത്താൻ വിഷമിച്ചു.  

രാവിലെ എന്നും സമയത്തെത്തുന്ന ആളാണ്, പക്ഷേ ഇടവപ്പാതിയിൽ അത് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഈ നീണ്ട ഒരു അവധിയെടുപ്പ് വേണ്ടിയിരുന്നില്ല. നമ്മളെപ്പോലെ ഷുഗറിന്റെയോ, പ്രഷറിന്റെയോ, വേണ്ട ഒരൽപം അരിസസിന്റെയോ ബുദ്ധിമുട്ടുള്ള ഒരാളായിരുന്നാണെങ്കിൽ അങ്ങനെ ഒരിളവ് നൽകാമായിരുന്നുവെന്ന് ഉണ്ണിത്താന് തോന്നി. പിന്നെ കൂടാത്തതിന് പറയുമ്പോൾ, എല്ലാം അറിയാവുന്നയാൾ, സർവ്വത്തിനും മേലെയുള്ളയാൾ, എന്തിനു രാജാവിന്റെ ഗണത്തിൽ ഉള്ളയാൾ. എന്നിട്ടും ഈ ഒളിച്ചുകളി? വേണ്ടിയിരുന്നില്ല. 

ഇനി ഒരിക്കലും വന്നില്ലങ്കിലോ എന്നുകൂടി ഒരു വേണ്ടാത്ത ചിന്ത മനസ്സിൽ കുടിയേറി. പെട്ടന്നൊന്നു ഞെട്ടി, ഒരു വല്ലാത്ത പേടിപ്പെടുത്തുന്ന തരിപ്പ് ഉള്ളിലൂടെ കടന്നുപോയി. കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ നോക്കി, ടിവി വാർത്തകളിൽ നോക്കി. അവരൊക്കെ പ്രതീക്ഷയോടെ വരാനും വരാതിരിക്കാനും സാധ്യത ഉണ്ടെന്ന രീതിയിൽ എന്തെങ്കിലും ഒക്കെ പറയുന്നതല്ലാതെ ആർക്കും ഒരു തിട്ടമില്ല. ഇനി ഒരിക്കലും അയാൾ വരാതിരുന്നാലുള്ള അവസ്ഥ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ, ആവോ. അയാളിനി വരാതെ ഇനിയുള്ള നാളുകൾ ഇരുട്ടിന്റെ മാത്രം ആയി മാറിയാൽ. ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു.

ഇനി കാത്തിരിക്കാൻ വയ്യ. പ്രതീക്ഷയോടെ, പക്ഷേ ഉള്ളിൽ പേടിച്ച് ജനൽ പാളികൾ മെല്ലെ പുറത്തേക്കു തുറന്നു. ആ കാഴ്ച ഉണ്ണിത്താനെ സന്തോഷത്തിൽ ആറാടിച്ചു. പ്രഭാത സൂര്യകിരണങ്ങൾ അകത്തേക്കടിച്ചു. ഉണ്ണിത്താൻ കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു. ജനൽ തുറന്നപ്പോഴുണ്ടായ കൊളുത്തുകളുടെ കിലുക്കങ്ങളും മുറിയിലേക്ക്‌ കടന്ന വെളിച്ചവും രേണുവിനെ ഉണർത്തി. ഉണ്ണിത്താൻറെ ഉന്മാദം തിരിച്ചറിയാനാവാതെ മുടി അലസമായി വാരിക്കെട്ടിക്കൊണ്ട് രേണു കട്ടിലിൽ എഴുന്നേറ്റിരുന്നു. 

"സൂര്യൻ ഉദിച്ചു. ആളിനെ കണ്ടിട്ട് ഒരാഴ്‌ചയായി, അറിയുമോ? ഞാനാകെ പേടിച്ചുപോയി." അയാളുടെ ശബ്ദത്തിൽ ആവശ്യത്തിൽ ഏറെ സന്തോഷവും മുഖത്തൊരു ഭ്രാന്തമായ ചിരിയും കണ്ടിട്ട് ഉണ്ണിത്താനെ മുഴുവനായും മനസ്സിലാക്കാതെ രേണു ചോദിച്ചു, 

"വട്ടായി, അല്ലെ" 

ഉണ്ണിത്താൻ വീണ്ടും ഉറക്കെ ചിരിച്ചു, "അതെയെടി, എനിക്ക് വട്ടായി. ഇരുണ്ടു മൂടിക്കിടക്കാൻ തുടങ്ങിയിട്ട്  ഒരാഴ്ചയായി. നിനക്കെന്നല്ല, ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല എന്റെ വിഷമം. അയാൾ വന്നില്ലെങ്കിൽ ഈ ലോകത്ത് പിന്നെ ഒന്നുമില്ല. നിറയെ പ്രകാശവുമായി അയാൾ വീണ്ടും നമ്മളിലേക്ക് ഉദിച്ചിറങ്ങിയില്ലേ. എനിക്കതു മതി. ഞാൻ സന്തോഷിക്കും." 

അതുപറഞ്ഞയാൾ കൈകൾ നീട്ടി രണ്ടു ജനൽ പാളികളും മലർക്കെ തുറന്നിട്ട് കഴിഞ്ഞ പലനാളുകളായി മേഘപാളികൾ നീക്കി പുറത്തേക്കു വരാൻ ആവാതെ അകന്നുനിന്നിരുന്ന സുര്യനെ അകത്തേക്ക് ആനയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com