ADVERTISEMENT

ലൈവ് ആത്മഹത്യ (കഥ)

ഹോസ്റ്റലിൽ ഒരു പണിയുമില്ലാതെ പാമ്പും കോണിയും കളിച്ച് ഇരിക്കുമ്പോഴാണ് മൊബൈൽ ബെല്ലടിച്ചത്... 

ആരാണെങ്കിലും ഇപ്പോൾ വിളിച്ചത് നന്നായി... 99 ൽ എത്തിയ ഞാനാ പടക്കോന്നു താഴേക്കു വീണത്... ഫോൺ വിളിക്കാൻ എന്നും പറഞ്ഞു സ്കൂട്ട് ആകാലോ... 

ഞാൻ ഫോൺ വിളിച്ചേച്ചു വരാന്നു പറഞ്ഞു വരാന്തയിലേക്ക് ഇറങ്ങി... ഡിസ്പ്ലേയിലേക്ക് നോക്കി... 

പരിചയമില്ലാത്ത നമ്പറാണല്ലോ... എന്തായാലും എടുക്കാം... നമ്പർ മാത്രമേ പരിചയമില്ലാത്തതുള്ളൂ... ശബ്ദം കേട്ടപ്പോഴെ ആളെ 

മനസ്സിലായി... അരുണ  

"ഇതേതാ പുതിയ നമ്പർ ? " 

"ഞാൻ ഒരു ജിയോ സിം എടുത്തു... ഫസ്റ്റ് നിന്നെ തന്നെ വിളിക്കാന്നു കരുതി..."

"ഇപ്പഴെങ്കിലും നീ എടുത്തല്ലോ... ദൈവത്തിനു സ്തോത്രം... "

"അതൊക്കെ പോട്ടെ, നീ പ്രൊജക്റ്റ്‌ എഴുതി കഴിഞ്ഞോ? "  

"എന്റെ അരുണ... ഞാൻ എന്നെങ്കിലും പ്രൊജക്റ്റ്‌ കൃത്യദിവസം സബ്മിറ്റ് ചെയ്തിട്ടുണ്ടോ? പിന്നെയല്ലേ ഇത്... "

"കാത്തു നീ ഇങ്ങു വന്നേ..."  

ഇതേതാ ഒരു അശരീരി... തിരിഞ്ഞു നോക്കിയപ്പോൾ റൂം മേറ്റ് ആണ്... 

"അരുണ... ഞാൻ പിന്നെ വിളിക്കാട്ടോ.. "

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് എന്താന്നു ചോദിച്ചപ്പോൾ അവൾ കുറച്ചു ദൂരെയുള്ള ഫ്ലാറ്റിലേക്ക് കൈചൂണ്ടി പിടിച്ചു നിൽക്കുവാ... 

ഇതെന്താ സംഭവം... ആ ചെക്കനോട് ഫോണിൽ സംസാരിച്ചുസംസാരിച്ച് ഈ പെണ്ണിന് വട്ടായോ... പറയാൻ പറ്റൂല.. ഫുൾ ടൈം അവൾക്ക് അവനോടു സംസാരിക്കാനേ നേരുള്ളൂ... 

"ടി... ആദിത്യേ നീ എന്തിനാ ആ ഫ്ലാറ്റിലേക്ക് കൈ ചൂണ്ടി നിൽക്കുന്നെ ?"

"കാത്തു നീ ആ ഫ്ലാറ്റിന്റെ 14-ആം നിലയിലേക്ക് നോക്കിയെ.. അവിടെ എന്തേലും കാണുന്നുണ്ടോ ?"

കഷ്ടപെട്ട് താഴെതൊട്ട് മേലെ വരെ എണ്ണി അവൾ പറഞ്ഞ സ്ഥലത്തേയ്ക്ക് നോക്കി... 

"കോപ്പ്.. ഞാനൊരു കുന്തോം കാണുന്നില്ല.."

"കാത്തു നീ ശരിക്കും സൂക്ഷിച്ചു നോക്കിക്കെ... ആ ഫ്ലോറിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്ന ഭാഗത്തേക്ക്‌... "

"ആ കണ്ടു, കണ്ടൂ... അവിടെ... "

"നിങ്ങളെന്താ പിള്ളേരെ... ഈ നോക്കുന്നെ ? "

സീനിയർ  ചേച്ചിമാരാണ്... ഒരാഴ്ചത്തെ അലക്കും കഴിഞ്ഞുള്ള വരവാണ്. ചോദിച്ച സ്ഥിതിക്ക് സ്ഥലമെല്ലാം പറഞ്ഞു കൊടുത്തു... ഇനി ഞാൻ കണ്ടതു തന്നെയാണോന്ന് ഉറപ്പിക്കാല്ലോ...

"മുനീറത്താ... വല്ലതും കണ്ടോ?"

"എന്തോ ഒരു ഡെഡ്ബോഡി കയറിൽ തൂങ്ങുന്ന പോലെ.. "

വിറയ്ക്കുന്ന ശബ്ദത്തോടെ ആയിരുന്നു മുനീറത്തയുടെ മറുപടി. എല്ലാരും പരസ്പരം നോക്കി കാര്യം സ്ഥിരീകരിച്ചു.. രണ്ടു മൂന്നു പേരോടു കൂടി ചോദിച്ചപ്പോൾ എല്ലാവരും പറഞ്ഞതും ഒരേ ഉത്തരം... ഹോസ്റ്റലിലെ ഏറ്റവും വലിയ തോൽവിപോലും പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും അതിശയിച്ചു.. 

10 മിനിറ്റുകൊണ്ടു തന്നെ സംഭവം കാട്ടുതീ പോലെ പരന്നു... പെണ്ണുങ്ങൾക്ക് ഒരു കാര്യം കിട്ടിയാൽ നാലുപേരെ അറിയിച്ചില്ലെങ്കിൽ ഒരു സമാധാനം കിട്ടൂല... പരസ്പരം മിണ്ടാത്തവരു വരെ തമ്മിൽ ചർച്ചചെയ്യാൻ തുടങ്ങി.. 

ഏകദേശം 9.05 ആയപ്പോൾ ഞങ്ങൾ നാലുപേരും കൂടി ഒന്നുകൂടി വ്യക്തമായി ഉറപ്പിക്കാൻ ടെറസിലേക്ക് ഓടി... ഇപ്പോൾ കൂടുതൽ വ്യക്തമായി കാണാം... 

കറുത്ത പാന്റ്സും വെള്ളപോലെ ഇളം കളർ ഷർട്ടുമാണ് വേഷം.. തലനിറയെ കറുത്ത മുടി... ഇപ്പോൾ ആ ഡെഡ്ബോഡി കുറച്ചു കൂടി വശത്തേയ്ക്ക് ചെരിഞ്ഞിരിക്കുന്നു... ഇപ്പോൾ എല്ലാം വ്യക്തമായി കാണാം..

ആ റൂമിൽ മറ്റൊരാൾ കൂടിയുണ്ട്... ബാത്‌റൂമിലെ ലൈറ്റ് ഇടയ്ക്ക് ആരോ ഓണും ഓഫും ചെയ്യുന്നുണ്ട്.. അതുകൂടി കണ്ടപ്പോൾ സംശയം കൂടുതൽ ഇരട്ടിച്ചു. 

ഒരു പക്ഷേ, അതൊരു കൊലപാതകമായി കൂടെ? കൊലപാതകം നടത്തിയതിനു ശേഷം ആത്മഹത്യ ആക്കി തീർക്കാനുള്ള ശ്രമം ആണെങ്കിലോ? എന്തിനായിരിക്കും ഇങ്ങനെ ചെയ്തത്?

സംശയം കൂടുംതോറും ഉള്ളിലെ ഭയവും കൂടികൂടി വന്നു... തികച്ചും ഞങ്ങൾ നിസഹായരായിരുന്നു....

"എന്താ എല്ലാരും പതിവില്ലാതെ ടെറസിൽ?"

ഹോസ്റ്റലിലെ ബുജിയാണ്... പുള്ളിക്കാരി സ്റ്റഡി ഹാളിലെ സംസാരം കാരണം ടെറസിലിരുന്നാ പഠിക്കുന്നത്.... 

"രമ്യാ.... താൻ ഒരു മെഡിക്കൽ വിദ്യാർഥിനി അല്ലെ? ഒരാൾ ആത്മഹത്യ ചെയ്താൽ ജീവൻ നിലയ്ക്കാൻ എത്ര നേരം വേണം ?"   

അമിതചേച്ചിയുടെ ഗൗരവത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ രമ്യ ഒന്നു സംശയിച്ചു.... 

"ചേച്ചി എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ?"

"തനിക്കു പറയാൻ പറ്റുമെങ്കിൽ പറ.. അല്ലങ്കിൽ ഞങ്ങൾ ഗൂഗിൾ ചെയ്തോളാം" ഞങ്ങളുടെ മുഖഭാവം  കണ്ടിട്ടെന്നോണം രമ്യ മറുപടി പറയാൻ തയാറായി.

"ഒരു മൂന്നു മിനുറ്റ് മതി.. "

രമ്യയുടെ ഉത്തരം ഞങ്ങളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു... അങ്ങനെയാണെങ്കിൽ ആ വ്യക്തി മരണപെട്ടിട്ട് 25 മിനുറ്റ് കഴിഞ്ഞിരിക്കുന്നു.

"ഈശോയെ... " മനസ്സിൽ പറഞ്ഞതാണെങ്കിലും വെപ്രാളം കാരണം ശബ്ദം പുറത്തു കേൾക്കായിരുന്നു.

"കാത്തു... എന്താടാ നിങ്ങൾക്കെല്ലാർക്കും പറ്റിയത്?"

എല്ലാവരും അറിഞ്ഞു. ഇനി ഇവളോടായിട്ട് മറച്ചുവെച്ചിട്ടും കാര്യമില്ല... ഒരു ഞെട്ടലോടെയാണ് രമ്യയെല്ലാം കേട്ടത്...

10.00 കഴിഞ്ഞിരിക്കുന്നു... ടെറസിൽ അനുവദിച്ച സമയം കഴിഞ്ഞു... ടെറസും പൂട്ടി താഴേക്കു വരുമ്പോഴും പലരും അതെ നിൽപ്പു തന്നെ... സ്റ്റഡി ഹാളിൽ ആണെങ്കിൽ ഒരു മനുഷ്യകുഞ്ഞിനെയും കാണാനില്ല... എല്ലാവരുടെയും കണ്ണുകൾ 14 ആം നിലയിലെ ഫ്ലാറ്റിൽ ... 

അനുവാദം കൂടാതെ തന്നെ കണ്ണുകൾ വീണ്ടും അവിടേയ്ക്ക് മാടി വിളിച്ചു... ഇപ്പോഴും ഇടയ്ക്കൊക്കെ ബാത്‌റൂമിലെ ലൈറ്റ് കത്തുകയും അണയുകയും ചെയ്യുന്നുണ്ട്.....ബോഡിക്കും ചെറിയ മാറ്റം വന്നിരിക്കുന്നു.... 

'നാളെ വല്ല കൊലപാതകത്തിനും സാക്ഷി പറയേണ്ടി വരുമോ? ഒന്നു വേഗം നേരം വെളുത്താൽ മതിയായിരുന്നു... ' കണ്ണുമടച്ചു പ്രാർഥിക്കുമ്പോഴാണ് ഒരു കൂട്ടകരച്ചിൽ കാതിൽ മുഴങ്ങിയത്... 

"മുനീറത്ത... എന്താ ഒച്ച കേട്ടത് ?"

"അവിടെ നിന്നും ഒരു കരിംപൂച്ച ചാടിയതാണ്.. "

അതല്ലേലും അങ്ങനെയാണല്ലോ... മനുഷ്യൻ പേടിച്ചു എടങ്ങേറ് ആയി നിൽക്കുമ്പോൾ ഇങ്ങനെ ഓരോ സാധനങ്ങൾ വന്ന് മുൻപിൽ ചാടിക്കോളും... ഒന്നൂടെ പേടിപ്പിക്കാനായിട്ട്.

"എല്ലാരും  റൂമിൽ പോയി കിടന്നേ... സമയം ഒരുപാടു കഴിഞ്ഞു... എല്ലാർക്കും നാളെ ക്ലാസ്സിൽ പോകേണ്ടതല്ലേ... താഴെ അവരും കൂടി അറിയണ്ട... എന്താ ഏതാന്നൊക്കെ നാളെ രാവിലെ അറിയാം.. ചെല്ല്... "

പ്രിയങ്ക ചേച്ചി പറഞ്ഞാൽ ആരും എതിർക്കാറില്ല... എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമ... എല്ലാരും റൂം ലക്ഷ്യമാക്കി നടന്നു. 

ആർക്കും ഉറങ്ങാൻ കഴിയുമായിരുന്നില്ല... മുറിയിലാകെ സൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദത. എല്ലാരും അത്രയ്ക്കു ഭയന്നിരിക്കുന്നു... 

"കാത്തു.. നീ തനിയെ അവിടെ കിടക്കണ്ട കട്ടിൽ അടുപ്പിച്ച് ഇട്.. എല്ലാർക്കും ഇന്ന് ഒരുമിച്ചു കിടക്കാം.. "

ഇതെങ്ങനെ ചോദിക്കും എന്നു കരുതിയിരിക്കുവായിരുന്നു എന്തായാലും അമിതേച്ചി ഇങ്ങോട്ടു പറഞ്ഞതു നന്നായി.. 

"ശരി അമിതേച്ചി.. "

കട്ടിലും അടുപ്പിച്ചിട്ട് ലൈറ്റ് ഓഫ്‌ ചെയ്യാനായി തുനിഞ്ഞപ്പോഴേക്കും ആദിത്യ തടഞ്ഞു... അവൾക്ക് പേടിയാണത്രെ... അവളുടെ പറച്ചിൽ കേട്ടാൽ തോന്നും പേടി അവൾക്കു മാത്രം തീറെഴുതി കൊടുത്തതാണെന്ന്.. 

കട്ടിലിൽ വന്നു കിടന്നപ്പോൾ അവളുടെ അടുത്ത ഡയലോഗ്

"കാത്തു... നീ ഉറങ്ങല്ലേടാ.. നമുക്ക് വർത്താനം പറഞ്ഞു നേരം വെളുപ്പിക്കാം...."

അവൾക്ക് ഇതൊക്കെ ശീലമാ... ഫോൺ വിളിച്ചു കരഞ്ഞുകൊണ്ട് ഉറങ്ങാതെ നേരം വെളുപ്പിക്കൽ.... ഓരോന്നും കണ്ടുപിടിച്ചിട്ടു വന്നോളും...

"കാത്തു.. നീ ഉറങ്ങിയോ ?"

"എന്റെ ആദിത്യേ ... നീ വല്ല നാമോം ജപിച്ചു കിടക്ക്... ഇനി എല്ലാം വരുന്നെടത്തുവെച്ചു കാണാം... "

"പിള്ളേരെ എല്ലാരും 5.00ന് അലാറം ഇട്ടോ... അപ്പോഴേക്കും  നേരം  വെളുക്കും... അപ്പോൾ നമുക്ക് ടെറസിൽ പോയി നോക്കാം  "  

സമയം വീണ്ടും പൊയ്ക്കൊണ്ടിരുന്നു... പക്ഷേ ഉറക്കം മാത്രം വന്നില്ല... എങ്ങനെയെക്കെയോ 4.40 വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു. 

എല്ലാരും നല്ല ഉറക്കമാ... 01.20 വരെ ആരും ഉറങ്ങിയിട്ടില്ല. ഇപ്പോഴായിരിക്കും മയങ്ങിയത്. ആരെയും വിളിക്കാതെ പോകാം... ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ടെറസ് ലക്ഷ്യമാക്കി നടന്നു.

നേരം വെളുത്തു വരുന്നതേയുള്ളൂ... നല്ല തണുപ്പും മഞ്ഞുമുണ്ട്. പക്ഷേ, കൈകളാകെ വിയർത്ത് നനഞ്ഞിരിക്കുന്നു... ലക്ഷ്യസ്ഥാനം എത്തും തോറും ഭയം ഇരട്ടിച്ചു കൊണ്ടിരുന്നു.

ഇപ്പോഴും അവ്യക്തമായി ആ കാഴ്ച കാണാം. ബാത്‌റൂമിലെ ലൈറ്റ് തെളിഞ്ഞു തന്നെ കിടക്കുന്നു. ഏകദേശം 10 മിനുറ്റ് കഴിഞ്ഞപ്പോഴേക്കും അവരും എത്തി.

"നീ എന്തിനാ കാത്തു ഒറ്റയ്ക്ക് പോന്നത്... ഞങ്ങളെ വിളിക്കാൻ പാടില്ലാരുന്നോ?"

"അതു പിന്നെ... ചേച്ചി നിങ്ങളെല്ലാരും നല്ല ഉറക്കമായിരുന്നു... അതാ "

"ഉം. ശരി ശരി "

നേരം വെളുക്കുന്തോറും ആ ഡെഡ്ബോഡിയുടെ ഓരോ ഭാഗങ്ങൾ മാഞ്ഞുമാഞ്ഞു പോകുന്നു.. തലയുടെ ഭാഗവും കാൽഭാഗവും മാഞ്ഞ് വെള്ള നിറം വരുന്നതുപോലെ.. 

ഏകദേശം 5.30 ആയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ എല്ലാവരെയും അംബരപ്പിച്ചു... ഡെഡ്ബോഡി കണ്ട സ്ഥാനത്ത് വെള്ള പൂക്കൾ നിറഞ്ഞ ഓർക്കിഡ് ചെടി തൂങ്ങി കിടക്കുന്നു... വീണ്ടും വീണ്ടും നോക്കി.... അതുതന്നെ 

പക്ഷേ അപ്പോഴും മനസിൽ ഒരുസംശയം തികട്ടി മറിഞ്ഞു കൊണ്ടിരുന്നു...

'ബാത്ത്റൂമിൽ മാത്രം തെളിഞ്ഞും അണഞ്ഞും നിന്ന ആ വെളിച്ചം. അവിടെ ആളനക്കം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് മറ്റൊരു ഭാഗത്ത് ലൈറ്റുകൾ തെളിഞ്ഞില്ല... ! '

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com