sections
MORE

കാലങ്ങൾ അകന്നു കഴിഞ്ഞവർ വീണ്ടും ഒന്നിക്കുമ്പോൾ...

divorce
പ്രതീകാത്മക ചിത്രം
SHARE

അഴിയാത്ത ബന്ധങ്ങൾ (കഥ)

മനുവിന്റെ കൊച്ചിക്കുള്ള വിമാനം മഴ കാരണം അനിശ്ചിതമായി താമസിച്ചിരിക്കയാണ്. എയർപോർട്ടിൽ കണക്ഷൻ ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോഴാണ് മനുവിനെ പരിചയപ്പെട്ടത്. ഒരു മണിക്കൂറിൽ തുടങ്ങിയ താമസം ആറുമണിക്കൂറിൽ എത്തുന്നതിനിടയിൽ പരസ്പരം യാത്രയുടെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് സംസാരം തുടങ്ങിയത്. നാട്ടിൽ പോയിട്ട് കുറെ വർഷങ്ങളായതിനാൽ ഇപ്പോഴത്തെ രാഷ്ട്രീയ ചുറ്റുപാടുകൾ തനിക്കറിയില്ലെന്ന് പറയാൻ മടിച്ചില്ല. കൃത്യമായി പറഞ്ഞാൽ ആറുവർഷം മുൻപ് അപ്പൻ മരിച്ചപ്പോൾ പോയതാണ്. അതോടുകൂടി ആകെയുണ്ടായിരുന്ന ബന്ധം കൂടി തീർന്നുവെന്നു പറയുന്നതാവും ശരി. 

കാത്തിരിപ്പിനിടയിൽ എപ്പോഴോ മനു സ്വന്തം കുടുംബത്തെക്കുറിച്ച് പറഞ്ഞു. ഒപ്പം എന്നെക്കുറിച്ച് തിരികെ ചോദിക്കാനും മറന്നില്ല.  മറുപടിയും തുടർന്നുള്ള ചോദ്യോത്തരങ്ങളും അത്ര താൽപര്യം തോന്നിയില്ലങ്കിലും, സംസാരിച്ചിരിക്കാൻ ഒരാളെ കിട്ടിയതിൽ ഒരാശ്വാസം തോന്നിച്ചു. ഇതിനിടയിൽ എപ്പഴോ, സിനിമാക്കരുടെ ശൈലിയിൽ ഒരു വൺലൈൻ പോലെ എന്റെ ജിവിതം പറഞ്ഞപ്പോൾ ഒരു പുതിയ തിരക്കഥക്കുള്ള സാധ്യത മുന്നിൽ തെളിയുന്നതുപോലെ മുനിവിന്റെ ആകാംഷ ഏറിവന്നു, അതിനനുസരിച്ചുള്ള ചോദ്യങ്ങളും.

വർഷങ്ങൾക്കു മുമ്പ് പലരും പലവട്ടം ചോദിച്ചതും ഇനിയും ഉത്തരമില്ലാത്തതുമായ ആ ചോദ്യം മനു ചോദിച്ചപ്പോൾ ഉള്ളിലെന്തോ വല്ലാണ്ട് വീണ്ടും കൊത്തി വലിച്ചു തുടങ്ങി, "നിങ്ങൾ എന്തിനാ പിന്നെ പിരിഞ്ഞത്?" അറിയില്ല എന്നുതന്നെയാണ് ഇപ്പഴും ഉത്തരം.  

ലണ്ടനിൽ എത്തിയിട്ട് മൂന്നാലു മാസമായിട്ടുണ്ടാവും, നാട്ടുകാരനായ തോമാച്ചായന്റെ കൂടെയാണ് അന്ന് ആദ്യമായി പള്ളിയിൽ പോയത്. തോമാച്ചായന്റെ കുടുംബ സുഹൃത്ത് എന്ന നിലയിൽ പരിചയപ്പെടുത്തുമ്പോൾ ജോണിച്ചായന്റെ കൂടെയുണ്ടായിരുന്ന നിഷയെ അധികം ശ്രദ്ധിച്ചില്ല. പക്ഷേ എല്ലാം വളരെ പെട്ടന്നായിരുന്നു. തോമാച്ചായൻ തന്നെയാണ് ആദ്യം ആ പ്രൊപോസൽ പറഞ്ഞത്. പഠിക്കാൻ എത്തിയ എനിക്ക് ലണ്ടനിൽ സ്ഥിരമായി നിൽക്കാൻ ഒരു വിസക്കുവേണ്ടിയുള്ള ഉപാധിയായിരുന്നെങ്കിൽ, നിഷയുടെ മാതാപിതാക്കൾക്ക് മകൾക്ക് ഒരു മലയാളി ഭർത്താവ് എന്നതായിരുന്നു ആ കല്യാണത്തിന്റെ ഹൈലൈറ്റ്. അധികം താമസിയാതെ പറഞ്ഞറിയിക്കാൻ പറ്റാത്ത താളപ്പിഴകൾ ഓരോന്നായി കണ്ടുതുടങ്ങി. 

ഒരു വർഷം തികയുംമുമ്പ് പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു താമസിക്കാമെന്നായി. അവൾ മാതാപിതാക്കളോടൊപ്പമാക്കി താമസം.  ചോദിച്ചവരോടൊക്കെ കോളജിൽ പോകാനെളുപ്പം എന്നു പറഞ്ഞൊഴിവാക്കി. 

ഇടവകയിലെ അച്ഛൻ മാത്രം, തോമാച്ചായൻ പറഞ്ഞിട്ടാവും, കൂട്ടി യോജിപ്പിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ എങ്ങും എത്തിയില്ല. പെട്ടന്ന് ഒരു ദിവസം ഉപരിപഠനത്തിനായി അവൾ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേയ്ക്ക് പോകുന്നുവെന്ന് തോമാച്ചായൻ പറഞ്ഞറിഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

അവൾ പോകുന്നതിന്റെ തലേന്ന് ലൈബ്രറിയിൽവെച്ച് യാദൃച്ഛികമായി കണ്ടിരുന്നു. യാത്രയുടെ കാര്യം സൂചിപ്പിച്ചതല്ലാതെ അധികം ഒന്നും പറഞ്ഞില്ല. പിന്നീട് പതിനൊന്നു കൊല്ലങ്ങൾ. ജോലിയും തിരക്കുമായി മുന്നോട്ട്, അവളും മറ്റെവിടെയോ അവളുടേതായ തിരക്കുകളിൽ.

പള്ളിയിൽ പോലും പോക്കുകൾ ഇല്ലെന്നായി, ആരുമായും പറയത്തക്ക ബന്ധങ്ങൾ ഇല്ലെന്നായി. തോമാച്ചായൻ ഒരു വശം തളർന്നു വീണു കിടപ്പിലായതോടെ എല്ലാം തന്നിലേക്ക് ചുരുങ്ങി. വല്ലപ്പോഴും തോമാച്ചായനെ കാണാൻ പോകുന്നതൊഴിച്ചാൽ ജിവിതം എന്നത് ജോലിമാത്രമായി.

കഥ മുഴുമിപ്പിക്കാറായി എന്നോർമിപ്പിച്ചുകൊണ്ട് മനുവിന്റെ യാത്രയ്ക്കുള്ള വിമാനത്തിലേക്കുള്ള ബോഡിംഗിനുള്ള അറിയിപ്പ് കേട്ടു. 

ഒരുവർഷം മുൻപ് ഒരു ദിവസം രാവിലെ ജോലിക്കു പോകാൻ ഇറങ്ങുമ്പോഴാണ് ലാലിയാന്റിയുടെ ഫോൺ വന്നത്, തോമാച്ചായന്‌ എന്നെ കാണണം, ശനിയാഴ്ച ചെല്ലണമെന്നു മാത്രം പറഞ്ഞു നിർത്തി. തോമാച്ചായനെ കാണാൻ പോയിട്ട് കുറെയായിരുന്നു, ഉള്ളിൽ കുറ്റബോധത്തോടെയാണ് അവിടെ ചെന്നത്. തോമാച്ചായന്റെ മുറിയിൽ എന്തിനാണു വിളിപ്പിച്ചതെന്ന് ചോദിക്കാൻ മടിയോടെ കാത്തിരിക്കുമ്പോഴാണ് ലാലിയാന്റിയോടൊപ്പം വരുന്ന ആളിനെ ശ്രദ്ധിച്ചത്. 

കാലം നിഷയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു, എന്റെ നരകയറിത്തുടങ്ങിയ തലയും, ഷേവുചെയ്യാതെ ഒട്ടിയ കവിളും കണ്ടപ്പോൾ അവൾക്കും അങ്ങനെ തോന്നിയിട്ടുണ്ടാവും. ഏതോ കോളജ് സംബന്ധമായ മീറ്റിങ്ങിനു വന്നതാണ്, അവൾക്ക് തോമാച്ചായനെ കാണാതെ പോകാൻ കഴിയില്ല. കുറെ എടുത്തു കൊണ്ടു നടന്നതല്ലേ. 

ആ കൂടിക്കാഴ്ച ഒരു വഴിത്തിരിവായിരുന്നു. എങ്ങും എത്താതെ വഴിമുട്ടി നിൽക്കുന്ന രണ്ട്‌ ജന്മങ്ങൾക്ക് അത് വേണമായിരുന്നു. തോമാച്ചയാൻ വഴങ്ങാത്ത നാവുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിക്കണമെന്നത് തന്റെ അവസാനത്തെ ആഗ്രഹമാണെന്ന് പറഞ്ഞത് എവിടെയോ ഉടക്കി. എന്തുകൊണ്ട് അങ്ങനെ ആയിക്കൂടേന്നു രണ്ടാൾക്കും തോന്നി. പിറ്റേന്ന് നിഷ തിരിച്ചു പോകുമ്പോൾ എയർപ്പോർട്ടിൽ ഞാനുണ്ടായിരുന്നു. ആറുമാസത്തിനു ശേഷം തോമാച്ചായൻ മരിച്ചപ്പോൾ അവൾ വീണ്ടും വന്നു. തുടർന്നുള്ള വാട്ട്സ്ആപ്പ് ഫെയ്സ്ബുക്ക് മെസ്സേജുകൾ ഞങ്ങളിലെ അകലം കുറച്ചു. 

രണ്ടാളും നടന്നു ഗെയ്റ്റിൽ എത്തി, വീണ്ടും അയാളെ ഒറ്റയ്ക്ക് കാത്തിരിക്കാൻ വിട്ടിട്ട് മനു യാത്ര പറഞ്ഞു. നിഷയുടെ വിമാനം എത്താൻ ഇനിയും നാല് മണിക്കൂർ ഉണ്ട്. ഒന്നിച്ച് നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചാണ് ദുബായ് കണക്ഷൻ രണ്ടുപേരും എടുത്തത്.  

കാത്തിരിക്കുന്നതിനിടയിൽ നഷ്ടപെട്ട കഴിഞ്ഞ പതിനൊന്നു വർഷങ്ങൾ തിരിച്ചുപിടിക്കാനായി അയാളുടെ മനസ്സ് കൊതിച്ചു.

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA