ADVERTISEMENT

നൈജൽ (കഥ)

നൈജൽ....

ന്യൂസിലാൻഡിലെ മാനാ ദ്വീപിൽ, ഹൃദയമിടിക്കാത്ത, മിഴികളനങ്ങാത്ത, ചുണ്ടുകൾ തുറക്കാത്ത, ചിറകുകൾ വിടർത്താത്ത ഒരു കോൺക്രീറ്റ് പക്ഷിക്കുവേണ്ടി തന്റെ പ്രണയവും ജീവിതവും സമർപ്പിച്ച നൈജൽ എന്ന കടൽപ്പക്ഷി!

അവൻ അവളുടെ ഇളകാത്ത തൂവലുകൾ കോതിയൊതുക്കി. തുറക്കാത്ത ചുണ്ടുകളെ ചുംബിച്ചു. മരവിച്ച പാദങ്ങളിൽ കൊക്കുരുമ്മി. തുടിക്കാത്ത ശരീരത്തെ മോഹിച്ചു. പപ്പും പൂടയും പൊഴിക്കാത്ത, അനങ്ങാത്ത അവൾക്കടുത്തൊരു കൂടൊരുക്കി കാത്തിരുന്നു. അവളുടെ പ്രണയത്തിനായ്... അവസാനം ആ കാൽച്ചുവട്ടിൽ മരിച്ചുവീഴുംവരെ കാത്തിരുന്നു.

നൈജൽ എന്ന ഏകാകിയായ ആൺപക്ഷിയുടെ കഥ കേട്ടപ്പോൾ എനിക്കോർമവന്നത് ഡേവിഡ് എന്ന മനുഷ്യനെയാണ്. അയാൾ കാവലിരുന്ന പ്രണയത്തെയാണ്. "I didn’t get marry because she didn’t say yes" എന്ന് വിവാഹത്തിനു വ്യാഖ്യാനംകൊടുത്ത, അമൂല്യമായ ഒന്നിനെ പ്രണയിച്ച, പ്രണയിച്ചു തൃപ്തിപ്പെട്ട ആ മനസ്സിനെയാണ്. പ്രണയം നഷ്‌ടമായ ദുഃഖമല്ല, മറിച്ച് പ്രണയത്തിന്റെ നേരും നിറവും നിറഞ്ഞ തൃപ്തി, പുഞ്ചിരി - അതായിരുന്നു ആ മുഖത്തെന്നും കാണാനായത്.

ഡേവിഡിനെ ഞാൻ പരിചയപ്പെടുന്നത് നാൽപ്പതു വർഷങ്ങൾക്കു മുൻപ്, ബാംഗ്ലൂരിലെ പ്രസിദ്ധമായ സെയിന്റ് ആൻഡ്രൂസ് ചർച്ചിന്റെ മുറ്റത്തുവച്ചാണ്‌.

ഞാൻ - സാവന്ത്. തമിഴ്നാട്ടിലെ ഒരുൾനാടൻ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും നിസ്സഹായതയും ഒരു കോളജ് ഡിഗ്രിയും കൈമുതലായി, ജോലി തേടി ബാംഗ്ലൂരിലെത്തി സിദ്ധപുരം കോളനിയിൽ അഭയം തേടിയ കറുത്തുമെലിഞ്ഞ ഇരുപത്തിരണ്ടുകാരൻ. 

ബാംഗ്ലൂരിന്റെ തെരുവുകളിലൂടെ അലഞ്ഞുനടക്കുമ്പോൾ ഒരത്ഭുതംപോലെ എനിക്കുമുന്നിൽ തലയുയർത്തി നിന്നിരുന്ന സെയിന്റ് ആൻഡ്രൂസ് ചർച്ച്. പ്രതീക്ഷയോടെ അങ്ങോട്ട് നോക്കിയപ്പോഴൊക്കെ വല്ലാത്തൊരു ഭയം എനിക്കനുഭവപ്പെട്ടു. ദേവാലയം! എങ്കിലും സ്വീകരിക്കപ്പെടില്ല എന്നൊരു തോന്നൽ. 

ഒരുദിവസത്തെ അലച്ചിലിനൊടുവിൽ, തീവ്രമായ ആഗ്രഹം തന്ന ധൈര്യത്തിൽ ഞാനാ കൽപ്പടവുകൾ നടന്നുകയറി. മുറ്റത്തുനിന്നു. ദേവാലയത്തിനു ചുറ്റും നടന്നു. പിന്നെ ബലഹീനമായതെങ്കിലും ധൈര്യത്തിന്റെ ഒരു തള്ളലിൽ ഞാനാ വിശുദ്ധ മന്ദിരത്തിനകത്തു കടന്നു. പണ്ട് എന്റെ പൂർവ്വികർക്ക് അനുവദിച്ചുകൊടുത്തിരുന്ന ഏറ്റം പിൻനിരയിലിരുന്നു. 

അന്നൊരു ഞായറാഴ്ച ആയിരുന്നു. എത്രയോ തവണ ആ പള്ളിമണിയൊച്ച കേട്ടിരുന്നു. വാദ്യോപകരണങ്ങളുടെ സംഗീതത്തിന് മനസ്സിൽ കാതോർത്തിരുന്നു. അവിടുത്തെ പാട്ടും സംഗീതവും എന്റെ ശ്വാസത്തെപ്പോലും നിയ്രന്തിച്ചു. അതിനൊപ്പം എന്റെ ശ്വാസോഛ്വാസം ഉയർന്നുതാണു. 

വിശുദ്ധബലി അവസാനിക്കും മുൻപുതന്നെ, ആൾക്കാരിറങ്ങും മുൻപ്, ഞാൻ പുറത്തിറങ്ങി. കുറേനേരം അവിടെ കറങ്ങി നടന്നു. തിരിച്ചുവന്ന് തുറന്നുകിടന്ന ജനാലയിലൂടെ ആ പൈപ്പ് ഓർഗനിൽ നോക്കി നിൽക്കുമ്പോഴാണ്, പുറകിൽ, എന്റെ തോളിൽ ഒരു നേരിയ സ്പർശം അറിയുന്നത്. ഭയന്ന് തിരിഞ്ഞു നോക്കിയപ്പോൾ ചിരിക്കുന്ന മുഖവുമായി ഒരു അതികായൻ. പെട്ടന്ന് ഞാനാ മുഖം തിരിച്ചറിഞ്ഞു. പാട്ടുകാർക്കിടയിൽ ഗിറ്റാർ വായിച്ച പൊക്കക്കാരൻ. അറുപതോളം വയസ്സിന്റെ നരയോടിയ താടിയും മുടിയും. വൃത്തിയായി വസ്ത്രധാരണം ചെയ്ത അയാളുടെ സസ്‌പെൻഡർ പിടിപ്പിച്ച പാന്റ്സും ചെളി പുരളാത്ത ഷൂസും എനിക്കു കൗതുകമായി.

“What  are you looking at ?” സൗമ്യമെങ്കിലും, ആ ചോദ്യം എന്നെ ഭയപ്പെടുത്തി. 

“Pipe organ ...”  ജനാലയിലൂടെ അകത്തേക്ക് വിരൽ ചൂണ്ടി എന്റെ വിക്കിയ വാക്കുകൾ.

“Would you like to see it?” വീണ്ടും സൗമ്യമായ ചോദ്യം 

ചെളിപുരണ്ട വള്ളിച്ചപ്പൽ നടയിലൂരിയിട്ട് ഞാൻ അയാൾക്കു പിന്നാലെ നടന്നു. സംഗീതോപകരണങ്ങളുടെ ഒരുത്സവം. ഒരു വിരുന്ന്. ഭയങ്കരമായ സന്തോഷത്തോടെ, ഒരു സ്വപ്നത്തിലെന്നപോലെ ഞാനെല്ലാം നോക്കിനടന്നു. 

“Do you like music?” എന്ന ചോദ്യത്തിന് അപ്പോഴും വിട്ടുമാറാത്ത പതർച്ചയോടെ, മറുപടിയൊന്നും പറയാതെ ഞാനയാളെ നോക്കിനിൽക്കുക മാത്രം ചെയ്തു. 

“I am Dave. David.” പരിഗണനയുടെ സ്പർശവുമായി ആ നീണ്ട കൈകൾ എനിക്കുനേരെ നീട്ടി. 

“I am Savanth” ഞാനും പരിചയപ്പെടുത്തി. 

സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ, എന്റെ ചെറുപ്പത്തിലും ഒരു വലുപ്പമുണ്ട് എന്നു പഠിപ്പിച്ചുതന്ന അറിവിന്റെ ഒരു തുടക്കമായിരുന്നത്.

“We have a gathering on every Friday evenings at the cottage. We call it the Banglore Musical Group. If you are free, come and join us .”

വിശ്വസിക്കാനായില്ല. അതുവരെയുള്ള സന്തോഷം മുഖത്തൊരു പുഞ്ചിരിയായി നിറഞ്ഞിരുന്നെങ്കിലും വാക്കുകളൊക്കെയും മറന്നപോലെ. ഭാഷയും സംസാരശേഷിയും നഷ്ടപ്പെട്ടപോലെ.

എന്റെ കണ്ണുകളിൽ നോക്കി, സ്ഥായിയായ ആ പുഞ്ചിരിയോടെ “Friday evening. Just come.” എന്നു പറഞ്ഞയാൾ നടന്നു. 

കഴിഞ്ഞ കുറെ മാസങ്ങളായി ഞാനനുഭവിച്ച പരാധീനതകളൊക്കെയും അതിന്റെ ചരടുപൊട്ടിച്ച്‌ എന്നെ സ്വതന്ത്രനാക്കി. ഞാനുറക്കെപ്പറഞ്ഞു.

“I will be there .”

തിരിഞ്ഞുനിന്ന്‌, തലകുലുക്കി, കൈവീശി അയാൾ നടന്നു.

“Friday evening. St Andrews church cottage. Banglore Musical Group .” 

എങ്ങാനും മറന്നുപോയാലോ? ഞാനതങ്ങനെ ഉരുവിട്ടുകൊണ്ടേയിരുന്നു. 

എന്റെ ബുദ്ധിക്കും മനസ്സിനും ഏറ്റിരുന്ന പരിക്കുകൾക്കെല്ലാം മേലെ, കൃത്യമായി വെള്ളിയാഴ്‌ച വൈകുന്നേരം ഞാനവിടെയെത്തി. ആ കോംബൗണ്ടിൽ മടിച്ചു നിന്ന എന്നെ, ദൂരെ കോട്ടജിന്റെ മുന്നിൽനിന്നും ഡേവിഡ് കൈകാട്ടി വിളിച്ചു.  

അപൂർവ്വമായ ഒരു സൗഹൃദത്തിലേക്കുള്ള വിളിയായിരുന്നത്. 

ചെറുപ്പത്തിൽ പള്ളിപ്പാട്ടിൽനിന്നു കിട്ടിയ അറിവിൽ സ്വരങ്ങൾ മൂളാനായി. സ്കൂളിലെ സംഗീതക്ലാസ്സിലെ വയലിനും ഗിറ്റാറും – ആ അനുഗ്രഹങ്ങൾ കൈവിരലുകളുടെ പിണക്കമകറ്റി. അതിനുപരിയായി 'തീവ്രമായ ഇഷ്ടം' എന്ന അറിവു മാത്രമേ എനിക്ക് സംഗീതത്തിൽ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞാൻ ബാംഗ്ലൂർ മ്യൂസിക്കൽ ഗ്രൂപ്പിന്റെ ആഴ്ച കൂട്ടത്തിൽ  ഭാഗമായി. സമൂഹത്തിലെ ഉന്നതരുടെ ആ കൂട്ടായ്മയിൽ ഒരപസ്വരമായി തോന്നിയെങ്കിലും ആ അകൽച്ച അറിയിക്കാതെ ഡേവ് എന്നെ ചേർത്തുനിർത്തി. ബാംഗ്ലൂരിൽ എനിക്കുകിട്ടിയ ആദ്യത്തെ ജോലിയും ഡേവ് ഏർപ്പാടാക്കിയതുതന്നെ. ഏറെ നാളത്തെ സൗഹൃദത്തിനിടയിൽ മാതാപിതാക്കളെക്കുറിച്ച്‌, വിവാഹത്തെക്കുറിച്ച് ഒക്കെ ഡേവ് സംസാരിച്ചു. 

അധിനിവേശത്തിന്റെ കെട്ടുകളൊക്കെ പൊട്ടിക്കഴിഞ്ഞിട്ടും ഡേവ് സ്കോട്​ലാൻഡിനു തിരിച്ചുപോയില്ല. ഇന്ത്യക്കാരനായി ജീവിച്ചു.  അതിനു കാരണമിങ്ങനെ:

“I didn’t go back to Scotland because I couldn’t leave my Mother alone here.’

മമ്മയുടെ രോഗാവസ്ഥയിൽ പപ്പയും ഞാനും കൂടെ വേണമെന്ന് ശഠിച്ചിരുന്നു. എന്നാൽ ജന്മനാട്ടിലേക്ക് തിരിച്ചുപോകണം എന്നൊരിക്കലും മമ്മ ആവശ്യപ്പെട്ടില്ല. കൽക്കട്ടയിലെ സ്കോട്‌ലാൻഡ് സെമെറ്ററി തന്നെയാകും മമ്മ മുന്നിൽ കണ്ടിരുന്നതും. 

മമ്മയെ യാത്രയാക്കി എല്ലാവരും തിരിച്ചുപോയിട്ടും, പതിനഞ്ചു വയസ്സിന്റെ പക്വതയില്ലാതെ മകൻ കുഴിമാടത്തിനരികെ നിന്ന് അലറിക്കരഞ്ഞു. പപ്പ ചേർത്തുപിടിച്ച് മാറ്റുംവരെ അവിടെ ഇളകിക്കിടന്ന പുതുമണ്ണിൽ അവന്റെ കണ്ണീർ നനവുപടർത്തി. 

മമ്മയോട് ഒട്ടിനിന്ന മകന് അങ്ങനെയൊരാഘാതത്തിൽനിന്നു പുറത്തുകടക്കുക അത്ര എളുപ്പമായില്ല. മൂകനായി, തനിച്ചിരിക്കാനിഷ്ടപ്പെട്ട അവനെ ആ പിതാവ് വീണ്ടും വിരൽത്തുമ്പിൽ പിടിച്ചു നടത്തി. പതിയെപ്പതിയെ അവനിഷ്ടപ്പെട്ട സംഗീതത്തിലേക്കും വായനയിലേക്കും കൈപിടിച്ച് നടത്തി. 

ബ്രിട്ടീഷ് പട്ടാളത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ. തന്റെ മകനെ ഔദ്യോഗികമായി ഉന്നതിയിലെത്തിക്കാൻ ഏറെ ശ്രമിച്ചു. എന്നാൽ സംഗീതത്തെയും പുസ്തകങ്ങളെയും സ്നേഹിച്ച മകന് തന്റെ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയില്ല എന്നറിഞ്ഞ ആ പിതാവ് അവനെ അവന്റെ വഴിയേ വിട്ടു. 

ഡേവ് ഇരുണ്ടനിറക്കാരായ ഇന്ത്യൻ കുട്ടികളുടെ അദ്ധ്യാപകനായി. മരണശേഷം തന്നെ സ്കോട്‌ലാൻഡ് മണ്ണിനു കൊടുക്കണം എന്ന പപ്പയുടെ ആഗ്രഹം നിറവേറ്റിക്കഴിഞ്ഞപ്പോൾ ഡേവ് തീർത്തും അനാഥനായി. ആയിടെയാണ് ഒരു പാർട്ടിയിൽവച്ച് ഡേവ് റൂത്തിനെ പരിചയപ്പെടുന്നത്. 

ആധിപത്യവും നിലനിൽപ്പും നഷ്ടമാകുന്ന ബ്രിട്ടീഷ് പട്ടാളക്കാരുടെ ഇടയിലേക്ക് ഒരു പുതിയ തസ്തികയിലാണ് ആ സുന്ദരി സ്ഥാനമേറ്റത്– സോഷ്യൽ വർക്കർ. ജോലിയിൽ പ്രഗത്ഭയും കൃത്യനിഷ്ടക്കാരിയുമായ റൂത്ത് ആഘോഷവേളകളിൽ സുബോധം നഷ്ട്ടമായ പട്ടാളക്കാർക്കിടയിലൂടെ ഒരു പരൽമീനിനെപ്പോലെ നീന്തിനടന്നു. അവരുടെ വിരലുകളിൽ തൂങ്ങി, കൈപ്പിടിയിൽ ഒതുങ്ങാതെ ആഘോഷങ്ങളെ വരുതിയിലാക്കി. സൽക്കാരഹാളുകളുടെ മാർബിൾ തറയിലൂടെ  മടമ്പുയർന്ന ഷൂസിട്ട് ഒരു പുൽച്ചാടിയെപ്പോലെ അവൾ നൃത്തച്ചുവടുകൾ വച്ചു. 

ആഘോഷങ്ങൾക്കും ആരവങ്ങൾക്കും ഇടയിലും റൂത്തിന്റെ മിഴികൾ എന്തോ തിരഞ്ഞുകൊണ്ടേയിരുന്നു. സുമുഖരായ ബ്രിട്ടീഷ് പട്ടാളക്കാരുടെ കൈകളിൽ തൂങ്ങി നൃത്തം ചെയ്യുമ്പോഴും മദ്യം നുണയുമ്പോഴും ഹാളിന്റെ കനത്ത വാതിലുകൾക്കപ്പുറം അവളുടെ കണ്ണുകൾ എന്തോ തിരഞ്ഞലഞ്ഞു. 

പട്ടാളക്കൈകൾ കൈവിരലുകളിൽ നിന്നും  ശരീരത്തിലേയ്ക്കിഴയുമ്പോൾ, അതീവ വൈദഗ്ധ്യത്തോടെ അവൾ നൃത്തച്ചുവടുകൾ മാറ്റി. ഈർഷ്യ തോന്നിപ്പിക്കാതെ തെന്നിമാറി. ആ ചുവടുകൾ പലപ്പോഴും ഒരാശ്രയം പോലെ ചെന്നവസാനിച്ചത് ഡേവിലായിരുന്നു. 

ഡേവ് അവൾക്കൊരഭയമായിരുന്നു. ഉറപ്പായിരുന്നു. കണ്ണുകളടച്ച് അടുത്തിരിക്കാൻ പോന്ന വിശ്വാസമായിരുന്നു. ആ വിശ്വാസത്തെ അവൾ സ്നേഹിച്ചു. ഇഷ്ടപ്പെട്ടു. 

റൂത്തിന്റെ അടുപ്പം, വിശ്വാസം – അത് ഡേവിൽ ഒരു പുതിയ ഊർജം നിറച്ചു. റൂത്തിനൊപ്പം ആയിരിക്കുമ്പൊഴൊക്കെ, പപ്പയുടെയും മമ്മയുടെയും മരണശേഷം അനുഭവിച്ച അനാഥത്വം നേർത്തുവന്നു. 

ഡേവ്, റൂത്തിനൊപ്പമായിരിക്കാൻ ഇഷ്ടപ്പെട്ടു.  

അവർ ഒന്നിച്ചു യാത്ര ചെയ്തു. സംസാരിച്ചു. ഭക്ഷണം കഴിച്ചു. മദ്യപിച്ചു. വിശേഷദിനങ്ങളാഘോഷിച്ചു. ഡേവ്, റൂത്തിന്റെ വിരലുകളിൽ വിരലുകൾ കോർത്ത് സുന്ദരമായ ചുവടുകളിൽ നൃത്തം ചെയ്തു. ഒരു പൂവ് വിടരുമ്പോലെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.

രാവേറെനീളുന്ന പാർട്ടികൾക്കൊടുവിൽ ചുറ്റുമുള്ള പട്ടാളക്കാരുടെ മത്തുപിടിച്ച കണ്ണുകളും പാദങ്ങളും തെന്നി റൂത്തിനു നേരെ എത്തുമ്പോൾ, റൂത്ത് ഡേവ് എന്ന വിശ്വാസത്തിലേക്ക് നടന്നു. ശുഭരാത്രി നേർന്ന് അവർ പിരിയുംവരെ ഡേവ് റൂത്തിന്റെ ശക്തമായ കോട്ടയായി. 

മണിക്കൂറുകൾ യാത്ര ചെയ്ത്, മമ്മയുടെ കുഴിമാടത്തിനരികെ നിന്ന് “Mamma, this is Ruth എന്ന് പലവട്ടം റൂത്തിനെ പരിചയപ്പെടുത്തി. അവളുടെ അടർന്നുവീണ കണ്ണീർ മമ്മയോട് സ്നേഹം പറഞ്ഞു. നനഞ്ഞ മിഴികൾ മകന്റെ മാതൃസ്നേഹം വാഴ്ത്തി. 

റൂത്തിനൊപ്പം ഡേവ് സുരക്ഷിതനായി. സന്തോഷവാനായി. അവന്റെ ബോധത്തിൽനിന്നും മമ്മ പതിയെ വിരലുകൾവിട്ട് പുറകോട്ടുമാറി. 

അന്ന് സെയിന്റ് ആൻഡ്രൂസ് ഈവ്. പരമ്പരാഗതമായ പാട്ടും ഡാൻസും ഭക്ഷണവും ഒക്കെയായി നവംബറിലെ സുന്ദരമായ ഒരു രാത്രി. 

റൂത്ത്! ഇതാണ് തന്റെ അഭയം. ഇതാണ് തന്റെ പ്രണയം. ഇതാണ് തന്റെ മറുപാതി. ആ നേരറിഞ്ഞ ഡേവ് റൂത്തിന്റെ കൈത്തലം തന്റെ കൈകളിലൊതുക്കി. സ്നേഹത്തോടെ ആ കൈകൾ പിടിച്ച്‌, മിഴികളിൽ നോക്കി നിൽക്കെ ഏറ്റം സത്യസന്ധമായ, നിഷ്ക്കളങ്കമായ, സുന്ദരമായ വാക്കുകൾ ആ ചുണ്ടുകൾ മന്ത്രിച്ചു:

" Ruth... will you marry me? "

തൃപ്തനായി, സന്തോഷം നിറഞ്ഞ മനസ്സോടെ, ആ കണ്ണുകളിൽ നോക്കി ഡേവ് അങ്ങനെ തന്നെ നിന്നു. റൂത്തിന്റെ വിടർന്ന മിഴികളിൽ നനവ് പടർന്നു. അത് നിറഞ്ഞൊഴുകി. 

അവൾ നിശബ്ദയായി. വാക്കുകൾ മറന്നേ പോയി. അവർ കൈകൾ ചേർത്തുപിടിച്ചു. വിരൽത്തുമ്പിൽ ഹൃദയമിടിപ്പറിഞ്ഞു. മിഴികളിൽ ജീവനെ ആവാഹിച്ചെടുത്തു. ചുണ്ടുകളിൽ വിതുമ്പൽ ഒരു പുഞ്ചിരിയായി.... ബാംഗ്ലൂർ മ്യൂസിക്കൽ ഗ്രൂപ്പിന്റെ വാദ്യഘോഷങ്ങൾ അവർക്കിടയിലെ മൗനം മുറിച്ചുകളയുംവരെ.

മിഴികളകറ്റി, ഹൃദയത്തെയടർത്തി, കൈകൾ വിട്ട് അവർ പാട്ടുകാർക്കൊപ്പം ചേർന്നു.

പിറ്റേന്ന്.... സെയിന്റ് ആൻഡ്രൂസ് ഡേ.

ഡേവ് റൂത്തിനെ കാത്തിരുന്നു. അവൾ വന്നു - ഒരു യാത്രക്കൊരുങ്ങി. 

ഡേവിന്റെ കൈകളിൽ മുറുകെപ്പിടിച്ച്, ഇട്ടിട്ടുപോകാൻ വയ്യല്ലോ എന്നൊരാന്തലോടെ, ആ കണ്ണുകളിൽ ഉറ്റുനോക്കി. നെഞ്ചുപറിയുന്ന വേദനയോടെ വിറയ്ക്കുന്ന ചുണ്ടിൽ കണ്ണീരിൽ നനഞ്ഞ വാക്കുകൾ വിതുമ്പി. 

“Sorry, Dave.... I have to go... I have to go back to England....”

ചലനമറ്റ്, മിഴികളിൽ മിഴികളുടക്കി, മുറുകെപ്പിടിച്ചിരിക്കുന്ന തന്റെ കൈത്തലങ്ങൾ അവൾക്കു കൊടുത്ത്‌ ഡേവ് അങ്ങനെതന്നെ നിന്നു...

ശരീരഭാഗങ്ങൾ അടർന്നുപോകുന്ന തോന്നൽ. ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ മുറിവിന്റെ വിങ്ങൽ. ഓരോ നെഞ്ചിടിപ്പിലും ഇളകിയാടുന്ന ഹൃദയത്തിന്റെ കോർത്തുവലിക്കുന്ന നൊമ്പരം. 

നൊമ്പരങ്ങൾ എരിയുന്ന ഒരഗ്നികുണ്ഡമായി ഡേവ് നിന്നു കത്തി. ആളിക്കത്തി. 

പതിയെപ്പതിയെ നൊമ്പരങ്ങളെല്ലാം ഓരോന്നായി ഊരിക്കളഞ്ഞ്, മുറുകെപ്പിടിച്ചിരിക്കുന്ന അവളുടെ കൈകൾക്കുള്ളിൽ തന്റെ ഇഷ്ടവും സ്നേഹവും സമർപ്പിച്ച് ഡേവ് തലകുലുക്കി സമ്മതം പറഞ്ഞു. അവളെ ചേർത്തുപിടിച്ച്, നിറുകയിൽ ചുണ്ടമർത്തി, തന്റെ ശ്വാസത്തിന്റെ ചൂടുകൊടുത്ത്‌ യാത്രയാക്കി. 

റൂത്ത് തിരഞ്ഞത് ആരെ എന്നന്വേഷിച്ചില്ല. ഒരിക്കൽ അവളെ ഉപേക്ഷിച്ചുപോയ കൂട്ടുകാരനെ തിരഞ്ഞുള്ള യാത്രയിൽ, അവൻ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന ഭയത്തിനും ചെവികൊടുത്തില്ല. അവനെ കണ്ടേക്കാം എന്ന പ്രതീക്ഷക്കും ചെവികൊടുത്തില്ല. 

ഡേവ് എല്ലാം അംഗീകരിക്കുകയായിരുന്നു. 

ഒരേ പാതയിൽ എതിർദിശയിൽ സഞ്ചരിച്ചവർ. തമ്മിൽ കൂട്ടിമുട്ടി. അവിടെ ജ്വലിച്ച അഗ്നിയിൽ, ആ പൊള്ളലിൽ അവരറിഞ്ഞു - ചില സ്‌നേഹങ്ങൾ ഇങ്ങനെയാണ്. തുടച്ചുകളയാനോ ഇറക്കിവയ്ക്കാനോ കഴിയില്ല. ശ്വാസത്തിലും ജീവനിലും ലയിച്ചങ്ങനെ - ഒരു വിശ്വാസമായി എന്നും കൂടെയുണ്ടാകും. 

ഡേവിന്റെ കൈകൾ വിട്ട്, നെഞ്ചിലെ ചൂടുപേക്ഷിച്ച് റൂത്ത് തനിക്കായ്‌ കാത്തുനിൽക്കുന്ന കാറിനരികിലേക്കു നടന്നു. 

പണ്ട് മമ്മയുടെ കുഴിമാടത്തിനരികെ നിന്ന അതേ നിൽപ്പ് ഡേവിന് അനുഭവപ്പെട്ടു. പക്ഷേ കണ്ണുകൾ നിറഞ്ഞില്ല. 

സ്നേഹം എത്ര തീവ്രമാണ് എന്ന്‌ അത്ഭുതപ്പെട്ടു. ആ സത്യം അംഗീകരിച്ചു. അതിനെ ബഹുമാനിച്ചു. വിശ്വസിച്ചു. ആ സന്തോഷം ചുണ്ടുകളെ ഒരു പുഞ്ചിരിയിലേക്ക് ചലിപ്പിച്ചു. പിരിയാൻ മടിക്കുന്ന മിഴികളോടെ നിൽക്കുന്ന റൂത്തിനെ കൈകൾ വീശി ഡേവ് യാത്രയാക്കി. 

പിന്നെയും ഡേവ് കുട്ടികളെ പഠിപ്പിച്ചു. പാട്ടുകൾ പാടി. യാത്ര ചെയ്തു. സെയിന്റ് ആൻഡ്രൂസ് ദിനങ്ങളാഘോഷിച്ചു. കുഴിമാടത്തിനരികെ മമ്മയോട് സംസാരിച്ചു. എന്തേ ഇനിയും അവിവാഹിതൻ എന്ന്‌ സ്വകാര്യത്തിൽ തിരക്കിയവരോട് ഒരു തകർപ്പൻ ചിരിയോടെ വിവാഹത്തിന്റെ  വ്യാഖ്യാനം പറഞ്ഞു:

“I didn’t get marry because ‘She didn’t say yes .” 

പിന്നീടെപ്പോഴും ഡേവിന്റെ ചുണ്ടുകളിൽ അതേ പുഞ്ചിരിയുണ്ടായിരുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com