sections
MORE

പട്ടിണികിടന്ന് വളർത്തിയ മക്കളൊക്കെ നല്ലനിലയിൽ, മാതാപിതാക്കൾ ശരണാലയങ്ങളിൽ

old-women
പ്രതീകാത്മക ചിത്രം
SHARE

ശരണാലയങ്ങൾ (കഥ) 

"നമുക്കീ കുഞ്ഞിനെ വേണ്ടാന്ന് വെക്കണോ? നിങ്ങൾക്ക് എന്തു തോന്നുന്നു? ഇപ്പൊ തന്നെ വല്ലാത്ത കഷ്ടമല്ലേ? ഇനി ഒരു കുഞ്ഞും കൂടി... കുറച്ച് കാലം കൂടി കഴിഞ്ഞു മതിയായിരുന്നു. "

"വേണ്ട... പൈസയൊക്കെ എങ്ങനെയെങ്കിലും വരും. നമ്മുക്കിതിനെ വളർത്താം. നീ നോക്കിക്കോ ഈ കുഞ്ഞ് വളർന്ന് നമ്മുടെ ഇപ്പോഴത്തെ പ്രായമെത്തുമ്പോൾ ഈ പറഞ്ഞ നമ്മൾ തന്നെ വിചാരിക്കും അന്ന് നമ്മൾ അത് ചെയ്യാത്തത് നന്നായെന്ന്… നോക്കിക്കോ ഇവനന്ന് ആവശ്യത്തിലേറെ പൈസയും, വീടും, കാറും എല്ലാം  ഉണ്ടാകും." 

"അതെ അതുപോലെ തന്നെ സംഭവിച്ചു. ഇന്ന് എന്റെ മകൻ ധനവാനാണ്, വിദ്യാസമ്പന്നനും. എന്നോടു നല്ല സ്നേഹമുള്ളവനാണ്." കല്യാണി കരുതി. "അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ...?? " അവർ ഭർത്താവിനെ ഓർത്തു. 

ഒരു നിമിഷം അവർ തന്റെ മകനെ വളർത്തിയ കാലത്തേയ്ക്ക് പോയി. 

"അമ്മേ നാളെ കുട്ടികളെല്ലാം ഉല്ലാസയാത്രക്ക് പോകുന്നു. എനിക്കും കാശ് കൊടുത്താൽ പോകാമെന്നു ടീച്ചർ പറഞ്ഞമ്മേ."

"അതിന് മോൻ ഇന്നലെ പറയായിരുന്നില്ലേ, ഞാൻ എങ്ങിനെയെങ്കിലും അച്ഛനോട് പറഞ്ഞ്  കാശു വാങ്ങി തരുമായിരുന്നില്ലേ?. നാളെ അവരെല്ലാം പോകുംനേരം കൊടുത്താൽ കൊണ്ടുപോകുമോ എന്തോ?"

"പോകും അമ്മേ.. ടീച്ചർ പറഞ്ഞതാ.. നാളെ എല്ലാരും പോണതിനു മുൻപ് തന്നാലും മതീന്ന്. പതിനൊന്നു മണിക്ക് ബസ് വിടും.  അതിനു മുൻപ് കൊടുത്താ മതി. " 

"ശരി നമുക്ക് നോക്കാം. " 

"ഹലോ… നീയാ കണാരൻ ചേട്ടനോട് പണം വാങ്ങി കൊടുക്ക്‌. ഞാൻ വന്നിട്ട് തിരിച്ചു കൊടുക്കാം. മോനായിട്ട് ചോദിക്കുമ്പോൾ വേണ്ടാന്നു പറയണ്ട. അവന് പൈസക്കുള്ള കഷ്ടമൊന്നും അറിയില്ല... ഇനി നീയതൊന്നും അവനോട് പറയണ്ട. വേണേൽ റേഡിയോ കണാരേട്ടന് പണയം കൊടുത്താൽ മതി. തരില്ലെന്ന് പറഞ്ഞെങ്കിൽ മാത്രം..." 

എങ്ങനെയോ പണമൊപ്പിച്ച് സ്കൂളിൽ പത്തരയ്ക്ക് ഓടി എത്തിയതും അവൻ ക്ലാസ്സിൽ ഗേറ്റും നോക്കി ഇരിക്കുന്നത് ഇന്നെന്നപോലെ കല്യാണിക്ക് തോന്നി. 

അതുപോലെ മോന്റെ ചെറിയ അസുഖങ്ങൾ, പുതിയ സാധനങ്ങൾ വാങ്ങാനുള്ള വാശി എല്ലാം ഒന്നൊന്നായി അവരുടെ കണ്മുന്നിൽ വന്നു നിന്നു. 

വർഷങ്ങൾ ഓടിപ്പോയി… അങ്ങേരും പെട്ടെന്നൊരു നാൾ എല്ലാരേം വിട്ടു പോയി. അത്യാവശ്യം ഒരു ചെറിയ വീടുണ്ടാക്കാനേ അദ്ദേഹത്തിന് പറ്റിയുള്ളു. പ്രാരാബ്ധങ്ങൾ അങ്ങിനെയായിരുന്നു.. 

അതിനുപുറമെ എത്ര കഷ്ടപ്പെട്ടിട്ടായാലും മോനെ ഒരുപാട് നല്ല സ്കൂളിൽ പഠിപ്പിക്കണം, നല്ല നിലയിൽ എത്തിക്കണം ഈ ഒരൊറ്റ ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളൂ... അദ്ദേഹം കരുതിയ പോലെ ഒക്കെയായി. കല്യാണി ഓർത്തു.

"കല്യാണിയമ്മ വരുന്നില്ലേ.. ഊണ് കഴിക്കാൻ സമയായി.. " അടുത്ത മുറിയിലെ മറിയം വിളിച്ചു. 

"ദാ… വരാം.. നിങ്ങൾ അകത്തു വരൂ. ഞാൻ ഈ മുടിയൊന്നു കെട്ടിയിട്ട് വരാം ഉള്ളത് കുറച്ചാണെങ്കിലും ഇങ്ങനെ പോണതെങ്ങിനെയാ.. ല്ലെ.. " കല്യാണി മുടി കെട്ടിവെച്ചു.

"നിങ്ങൾ അറിഞ്ഞോ കല്യാണിയമ്മേ അപ്പുറത്ത് ഒരു അമ്മ്യാരും, എന്റെ അടുത്ത മുറിയിൽ ഒരാൾ... എന്താ പേര് പറഞ്ഞെ.. പ്പാത്തിമ്മ.. രണ്ടാള് ഇപ്പൊ പുതിയതായി വന്നിരിക്കണൂ… പ്പാത്തിമക്ക് നമ്മടെ അത്ര വയസ്സൊന്നും ആയിട്ടില്ല… എപ്പോഴും മരുമകളുടെ അടുത്ത് വഴക്കുണ്ടാക്കുമത്രേ... ഇന്നു  മകനും മകളും കൂടിയാണ് കൊണ്ടാക്കിയത്. കുറച്ചു മുൻപു വരെ അവർ ഒരേ കരച്ചിലും ചീത്ത വിളിയുമായിരുന്നു.. " എന്നത്തേയും പോലെ മറിയത്തിനു ഇന്നും നിർത്താതെ പറയാൻ വിഷയമുണ്ടായിരുന്നു. 

"അത് കണ്ടില്ലേ അവരാ അമ്മ്യാര്… പേര് എനിക്ക് നാവിൻതുമ്പത്തു വരെ വരുന്നു. പക്ഷേ കിട്ടുന്നില്ല. എന്തോ... പറഞ്ഞല്ലോ അവര്… ഞാൻ മറന്നു. പാവം അവർക്കിവിടെ ഇണങ്ങാൻ ബുദ്ധിമുട്ടുണ്ട്. എപ്പോഴും റൂമിൽ തന്നെ ഇരിപ്പായിരുന്നു. പ്രാർത്ഥനക്കും വന്നിരുന്നില്ല…"

"ഇന്ന് ജാനകി ടീച്ചർ ഊണിനു വരില്ല. അവരുടെ റൂമിലേക്ക്‌ കഞ്ഞി കൊണ്ടുപോണത് കണ്ടു. പനി പിടിച്ചിരിക്കുണൂന്ന്‌... ടീച്ചർ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം ഒരു കുഞ്ഞു പോലും ഇങ്ങോട്ട് വരുന്നില്ലല്ലോ കാണാൻ. സ്വന്തം മക്കളോ പഠിപ്പിച്ച കുട്ടികളോ  ആരും. ആ മുഖം കാണാൻ എനിക്കു വയ്യ. ഇന്നലെ എന്റടുത്ത് പഴയ കഥകളൊക്കെ പറഞ്ഞു. എത്ര കുട്ടികളെയാണ് അവർ പണവും മറ്റും സഹായിച്ചു പഠിപ്പിച്ചിരിക്കണേ… ഉപകാരം ഇല്ലെങ്കിൽ വേണ്ടാണ്ടാവുവോ? കാലം അല്ലാതെന്തു പറയാൻ.. എന്നെ പോലെ ആരുമില്ലെങ്കിൽ പോട്ടെ, ഇതിപ്പോ... മറിയം പറഞ്ഞു നിർത്തി. 

"ഇന്നത്തെ ചമ്മന്തിക്ക് ഇത്തിരി എരിവ് കൂടുതലാണല്ലോ കുഞ്ഞാ..." ഭക്ഷണശാലയിൽ ആരോ ഭക്ഷണം വിളമ്പുന്ന കുഞ്ഞനോട് പറഞ്ഞു..

"അതെ പുതിയ ആളല്ലേ പാചകം. അതായിരിക്കും... ഞാൻ പറയാട്ടോ എരിവിത്ര വേണ്ടാന്ന്." മനുഷ്യസ്നേഹിയായ കുഞ്ഞൻ പറഞ്ഞു.. 

"കുഞ്ഞാ നിന്റെ ഇന്നലത്തെ പെണ്ണ് കാണലെന്തായി മോനെ?" അവിടെ ഗീതാ  ക്ലാസ്സ്‌ എടുക്കുന്ന അവിടുത്തെ അന്തേവാസി പാർവതിയമ്മയായിരുന്നു ചോദിച്ചത്... 

"എന്തു പറയാൻ… എനിക്കു വയസ്സ് 39. പെണ്ണിന് 26. പിടിക്കുവോ... ഞാൻ ഒരനാഥൻ വേറെ… അതും ഇല്ലാന്നായി പാർവതിയമ്മെ" 

ഇവിടെ, ഈ ശരണാലയത്ത് പല പ്രായക്കാർ ഉണ്ട്... കുഞ്ഞൻ മുതൽ എല്ലാരും വന്നു ചേർന്നവരാണ്. അല്ലെങ്കിൽ ചേർക്കപ്പെട്ടവർ...

വൈകിട്ട് റൂമിൽ വിശ്രമിക്കുമ്പോൾ കല്യാണിയമ്മയെ കാണാൻ ദേവു വന്നു... 

"കല്യാണി ഏടത്തി… നിങ്ങൾ അറിഞ്ഞോ എന്റെ കൂടെ കഴിഞ്ഞ പ്രാവശ്യം  ഇവിടെ വന്ന ശ്രീദേവിയമ്മ കുളിമുറിയിൽ വീണു. ഇവിടുത്തെ അത്ര വൃത്തിയൊന്നും അവിടെയില്ല... ഒരു പെണ്ണ് വന്ന് ഇത്തിരി വെള്ളം വീഴ്ത്തിയിട്ട് പോകും കുളിമുറി കഴുകിയെന്നു പേര്… കാലു വെച്ചാൽ വഴുക്കിയിട്ട് വയ്യ. പറഞ്ഞിട്ടൊന്നും ആരും കേൾക്കുന്നുവില്ല... ശ്രീദേവിയമ്മ കുളിമുറിയിൽ തെന്നി വീണു. തലയിൽ രക്തം വന്നതിന്റെ പേരിൽ ആശുപത്രിയിൽ പോയിരിക്കണൂ. ഒരുപാട് ചോര പോയിട്ടുണ്ട്… എല്ലാറ്റിനും കാശാ ചേച്ചി.. കാശു പോലെ സൗകര്യങ്ങളും. ഇതിന്റെ പകുതി ഇല്ല അവിടെ മുറികൾ... രണ്ടാൾക്കൊരു മുറി.. ഇപ്പൊ നമ്മടെ അവസ്ഥ അതിലും ദയനീയമല്ലേ… കുട്ടികൾക്ക് വരെ വേണ്ടാത്തവരായില്ലേ. ശരണം പ്രാപിക്കാൻ ഒരിടമില്ലെങ്കിൽ ഈ മക്കളൊക്കെ നമ്മളെ വിഷം തന്നു കൊല്ലുമായിരുന്നോ ആവോ? " 

"കഷ്ടമായല്ലോ.... ശ്രീദേവിയമ്മ പാവം. വേഗം ഗുണമായി വരട്ടെ. കുട്ടികളെ കുറിച്ച് അതൊന്നും നീ പറയാതെ ദേവു... കുട്ടികൾ വെറുതെയൊന്നും  നമ്മളെ കൊണ്ടാക്കിയില്ലല്ലോ. അവരുടെ ഓരോ പ്രാരാബ്ധങ്ങൾ അവരെ കൊണ്ടിതൊക്കെ ചെയ്യിക്കുന്നതല്ലേ… നിന്റെ മോൻ കഷ്ടപ്പെട്ടിട്ടെങ്കിലും പണം കെട്ടിവെച്ചിട്ടില്ലേ ഇവിടെ... നിന്റെ സൗകര്യങ്ങൾക്കു വേണ്ടിയല്ലേ അത്. അവൻ ഇപ്പോൾ കഴിയുന്ന ആ വൻ നഗരത്തിൽ നിന്നെയും കൊണ്ടു പോയാൽ നിനക്ക് അസുഖം വന്നാൽ ആര് നോക്കും.. ഒരു ദിവസം വീടൊക്കെ വാങ്ങി നിന്നെ കൊണ്ടുപോകും.. നോക്കിക്കോ.. " 

"കല്യാണി ഏടത്തിക്ക് എപ്പോഴും നല്ല ചന്തകളല്ലേ ഉള്ളു... അല്ലാതെന്തു പറയാൻ. ഇവർക്ക് പണം കിട്ടിയില്ലെങ്കിൽ ഇവർ നമ്മെ ചേർക്കുവോ ഇവിടെ... ഇവർക്ക് ജനങ്ങളിൽ നിന്ന് പിരിച്ചു കിട്ടുന്ന കാശിൽ ഇത്ര സൗകര്യങ്ങൾ പോലും ചെയ്തു തരാൻ പറ്റില്ലല്ലോ... എന്തായാലും അതെങ്കിലും മക്കൾ ചെയ്തല്ലോ."

"ദേവു ഇതു നോക്ക് ആംബുലൻസ് അല്ലേ അത്.. "

"അതെ.. അയ്യോ ശ്രീദേവിയമ്മയാ ചേച്ചി... പോയോ… അവർ നമ്മെ വിട്ടു പോയി.." വായപൊത്തി അവളെക്കൊണ്ടാവുന്നതും വേഗത്തിൽ നടന്നകന്നു ദേവു.

എത്ര ജോലി ചെയ്തവളാ ഈ ദേവു. അവളുടെ കൈകൾ എത്ര കിലോ അരിയും മറ്റും പൊടിച്ചു കാണും... എത്ര ചുമടെടുത്തു കാണും... ഇന്നവൾക്ക് ഒരു പൈപ്പ് അടക്കാൻ പറ്റുന്നില്ല. 

കുളിമുറിയിൽ ദേവു പകുതി തുറന്നിട്ടിരുന്ന ടാപ്പ് പതുക്കെ ചെന്ന് മുഴുവനും അടച്ചു കല്യാണി. 

റൂമിലെ മുറിയിലെ ജനാലയിലൂടെ ഗേറ്റും നോക്കി നിന്നു കല്യാണി… ഇപ്പോഴൊന്നും അവൾക്ക് പണ്ടത്തെ അത്ര ശക്തിയില്ല… ഒന്നും ചിന്തിക്കാനും വയ്യാതായിരിക്കുന്നു… മക്കളുടെ സാമീപ്യത്തിനായി അവളുടെ മനസ്സ് ആഗ്രഹിച്ചു… അവളോ അവിടെയുള്ള മറ്റു വൃദ്ധസ്ത്രീകളോ ഇങ്ങനെ ഒറ്റപ്പെടാൻ എന്തു തെറ്റാണ് ചെയ്തതെന്ന് അവൾ സ്വയം ചോദിച്ചു.

പണ്ടെപ്പോഴോ സ്കൂളിൽ കാത്തുനിന്ന മകനെ കൂട്ടി വരാൻ പോയ അവരെ കണ്ടതും അവൻ ഓടി വന്നു പുണർന്നത്. ആ കുഞ്ഞു കൈകൾ കൊണ്ടുള്ള അവന്റെ ആ സ്പർശം. അവർ അത് വീണ്ടും ഓർത്തു… അവരുടെ കണ്ണോരം ഒരു നനവ് പോലെ… പണ്ടു കാലങ്ങളിലെ പോലെ ശരണാലയങ്ങൾ ഇല്ലാതിരുന്നെങ്കിൽ. അവർ ആഗ്രഹിച്ചു… ഇല്ല. എന്റെ മോൻ അങ്ങിനെയൊന്നും ചെയ്യില്ല… അവൻ ഒരു ദിവസം എന്നെ വന്നു അവന്റെ അടുത്തേക്ക് തന്നെ കൊണ്ടുപോകും. നല്ല സ്നേഹമുള്ളവനാ... അവർ മനസ്സിൽ വീണ്ടുമൊരിക്കൽ പറഞ്ഞു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA