ADVERTISEMENT

"ചാരു... നീ അച്ഛന്റെ റൂം വൃത്തിയാക്കിയില്ലെ? വല്ലാത്ത ദുർഗന്ധം വരുന്നല്ലോ? അവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചാരുലതയോട് കയർത്തു. "ഞാൻ വൃത്തിയാക്കി ഇപ്പോൾ എത്തിയതെയുള്ളു ഏട്ടാ." അവൾ പറഞ്ഞു. അച്ഛൻ ഉറങ്ങുകയാണ്.. അവൾ അച്ഛന്റെ മുറിയുടെ വാതിൽ ശബ്ദമില്ലാതെ പതിയെ അടച്ചു. വാതിൽ തുറന്നു വച്ചതുകൊണ്ട് ചിലപ്പോൾ വാസുവേട്ടന് മുറിയിലെ മണം വന്നതാവാം. നല്ലവണ്ണം മുറി വൃത്തിയാക്കി, വിസർജ്ജ്യാവശിഷ്ടങ്ങളൊക്കെ കളഞ്ഞു ശുചിയാക്കി അച്ഛനെ കുളിപ്പിച്ച് മുറിവിലൊക്കെ മരുന്നു തേച്ച് വച്ചുകെട്ടി ഉടുതുണിയും വിരിപ്പുകളും മാറ്റി.. മരുന്നും ഭക്ഷണവും കൊടുത്ത് കിടത്തിയതാണ് അവൾ.. ചാരുലതയും ഭർത്താവ് വാസുവും രണ്ടു കുട്ടികളും അച്ഛനും അടങ്ങുന്നതാണ് അവരുടെ കുടുംബം. ടൗണിൽ മൂന്നാലു സ്ഥലത്ത് ഫൈനാൻസ് സ്ഥാപനവും ഒരു വലിയ തുണിക്കടയും വാസുവിന് സ്വന്തമായി ഉണ്ട്. വളരെ കർക്കശക്കാരനാണ് വാസു. എല്ലാത്തിനും അച്ചടക്കവും കൃത്യതയും നിർബന്ധം. എപ്പോഴും വൃത്തിയായും, വില കൂടിയ വസ്ത്രങ്ങളും ധരിക്കുന്ന ആൾ. അച്ഛനെ പരിചരിക്കാൻ വേണ്ടി അവൾ നല്ലൊരു ജോലി ഉണ്ടായിരുന്നത് കളഞ്ഞു. ഹോം നഴ്സിനെ വയ്ക്കാമെന്ന് എത്ര പറഞ്ഞിട്ടും ചാരുലത സമ്മതിച്ചില്ല. വാസുവേട്ടന്റെ അച്ഛൻ തന്റെ അച്ഛനാണ്! അച്ഛനില്ലാത്ത അവൾക്ക് ആ അച്ഛൻ ജീവനാണ്. "വല്ലാത്ത വാട... ക്ലീൻ ചെയ്തിട്ട് നീ റൂം ഫ്രഷ്നർ സ്പ്രേ ചെയ്തില്ലെ..?" അവൻ വീണ്ടും ചോദിച്ചു.. "ചെയ്തു" എന്ന് ചാരുലത മറുപടി പറഞ്ഞ്, അവൻ ഭക്ഷണം കഴിക്കുന്ന സീറ്റിനടുത്തുവന്നു നിന്നു. അവൾ അടുത്തുവന്നതും അവനു മനം പുരട്ടി. അവൻ വല്ലാത്തൊരു ശബ്ദത്തോടെ ഓക്കാനിക്കാനാഞ്ഞു. രൂക്ഷമായി അവളോട് ആക്രോശിച്ചു. "നിന്നെയാണ് നാറുന്നത്.. അസഹ്യം.. നീ അച്ഛനെ വൃത്തിയാക്കിയിട്ട് കുളിച്ചില്ലെ." "ശ്ശോ.. ഈ നാശം ചത്തുപോകുന്നില്ലല്ലോ? എത്ര കാലമായി ഞാൻ ഈ വിഴുപ്പു ചുമക്കുന്നു.." അവൻ സ്വയം തലയ്ക്കു തല്ലി. ചാരുലത ഭർത്താവിന്റെ പെരുമാറ്റം കണ്ട് ആകെ പരിഭ്രമിച്ചു.

അവൾ അവളെത്തന്നെ പലവട്ടം മണത്തു നോക്കി.. ഇല്ല തനിക്ക് അങ്ങനെ ഒരു ദുർഗന്ധവും ഇല്ല.. അവൾ ഹാളിലെ ശ്വാസം വീണ്ടും വീണ്ടും വലിച്ചെടുത്ത് ചേട്ടനെ ഒക്കാനിപ്പിച്ച മണം കിട്ടുന്നുണ്ടോ നോക്കി.. 'ഇല്ല..' തനിക്കു മാത്രമല്ല ഈ ഹാളിൽ എവിടെയും ചേട്ടൻ പറഞ്ഞ മനം പുരട്ടുന്ന മണം ഇല്ല. ഒരു പക്ഷെ തനിക്ക് ആ മണം കിട്ടാത്തതു കൊണ്ടാവാം. രണ്ടു വർഷമായിട്ട് അച്ഛൻ കിടപ്പിൽത്തന്നെ അല്ലെ.. എപ്പോഴും ഛർദിക്കും അറിയാതെ മലമൂത്ര വിസർജനം നടത്തും.. എല്ലാം വൃത്തിയാക്കുന്നതും നോക്കുന്നത് താൻ തന്നെയല്ലെ.. അതുകൊണ്ടാവാം ചേട്ടൻ പറഞ്ഞ "നാറ്റം" തനിക്കറിയാത്തത്. നല്ല കാലത്ത് അച്ഛൻ വളരെ സ്നേഹത്തോടു തന്നെയാണ് തന്നോട് പെരുമാറിയിട്ടുള്ളത്.. "ചാരുമോളേ " എന്നെ എപ്പോഴും വിളിക്കു.. തന്റെ എല്ലാ കാര്യത്തിലും ഒരു മകളെക്കാൾ വാസുവേട്ടന്റെ അച്ഛൻ ശ്രദ്ധിക്കും. എല്ലാ വിശേഷ ദിനങ്ങളിലും പുതുവസ്ത്രങ്ങൾ വാങ്ങിത്തരും, തനിക്കിഷ്ടപ്പെട്ട കടലമിഠായി അച്ഛൻ എവിടെ പോയാലും കൊണ്ടുവരും. അതുമാത്രം മതി ആ പിതൃവാത്സല്യം മനസ്സിലാക്കാൻ..! താൻ തിരിച്ചും അതുപോലെത്തന്നെ... അച്ഛനോട്.. പെരുമാറാറുള്ളു.. അന്നും ഇപ്പോഴും...! അവൾ ഓർമ്മിച്ചു. "ചാരു.. നീ കേൾക്കുന്നുണ്ടോ?" വാസു ശബ്ദമുയർത്തി! ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ അദ്ദേഹം വല്ലാതെ ക്ഷുഭിതനായിരിക്കുന്നു.. അവൾ ഡൈനിംഗ്ടേബിൾ വൃത്തിയാക്കി കൊണ്ട് തലയുയർത്തി ചോദ്യഭാവത്തിൽ വാസുവിനെ നോക്കി. "എത്ര കാലമാ ഞാൻ വിഴുപ്പു ചുമക്കുന്നത്.. മടുത്തു എനിക്ക്.. മാസാമാസം മരുന്നിനു മാത്രം പൈസ എത്രയാ ചെലവാക്കുന്നതെന്ന് നിനക്കറിയാമോ? സ്വത്തു മുഴുവൻ കൊടുത്തത് ഏട്ടനും അനുജത്തിക്കും ഈ വിഴുപ്പു മാത്രം എന്റെ തലയിൽ വച്ചുകെട്ടി അവർ.." അവൻ ആവർത്തിച്ചു. 

Read also: ബുക്ക് ചെയ്ത കോട്ടേജ് കണ്ട് എല്ലാവരും അന്തംവിട്ടു, ഭാര്യ കലിപ്പിൽ, ചിരിച്ച് മറിഞ്ഞ് കൂട്ടുകാരൻ; പ്രശ്നങ്ങളുടെ പെരുമഴ

"അച്ഛനെ.. വിഴുപ്പ്.. വിഴുപ്പ്.. എന്ന് പറയല്ലെ വാസുവേട്ടാ.. നിങ്ങളെയൊക്കെ പഠിപ്പിച്ച് ഇത്ര വലിയ സ്ഥാനത്ത് എത്തിച്ചത് ഈ മനുഷ്യനല്ലെ..." അവൾ ദേഷ്യത്തോടെ പറഞ്ഞു. "അതിന് ഞാൻ മാത്രമല്ലല്ലോ മക്കളായി. രണ്ടുപേർ വേറെയും ഉണ്ടല്ലോ? അവരും നോക്കട്ടെ... എന്റെതു മാത്രമാണോ അച്ഛൻ? മടുത്തു എനിക്ക്.. സ്വത്തെല്ലാം അവർക്ക്.. ഈ നാശം പിടിച്ച കിളവനെ മാത്രം എനിക്ക്" അവൻ വീണ്ടും അതുതന്നെ പറഞ്ഞു. "ഏട്ടാ.. എന്താ എട്ടാ അച്ഛൻ നമുക്കു ഒന്നും തന്നില്ല എന്നു പറയുന്നത്? ഈ ടൗണിൽ അൻപത് സെൻ്റു സ്ഥലവും ഈ വീടും അച്ഛൻ നടത്തികൊണ്ടുപോയിരുന്ന പണമിടപാടു സ്ഥാപനവും.. തന്നില്ലെ? അതത്ര ചെറുതാണോ.. അതിനു മാത്രം എത്ര വില വരുമെന്നറിയുമോ..." ഇത്തവണ ചാരുലത കുറച്ച് ശബ്ദത്തോടെത്തന്നെയാണ് പറഞ്ഞത്. "നീ ഒന്നും പറയണ്ട.. ഇത് എന്റെ അച്ഛനല്ലെ ഞാൻ നോക്കിക്കോളാം. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് നന്നായി അറിയാം.. നാളെ ഞാൻ ഇതിന് ഒരു തീരുമാനമെടുത്തിരിക്കും.." അവൻ അതിനെക്കാൾ ശബ്ദത്തിൽ പറഞ്ഞു. "ഞാൻ ഇവിടെ ഉള്ളപ്പോൾ അച്ഛനെ എവിടേയും കൊണ്ടു പോവാൻ സമ്മതിക്കില്ല.., ഞാൻ ഈ വീട്ടിൽ വന്നു കേറിയിട്ട് പതിനഞ്ച് വർഷത്തോളമായി, രണ്ടു വർഷത്തോളമായിട്ടെ ഉള്ളു അച്ഛൻ കിടപ്പിലായിട്ട്.. എനിക്ക് അച്ഛനൊരു ഭാരവുമല്ല." അവൾ തിരിച്ചു പറഞ്ഞു. പിന്നീട് അവൻ ഒന്നും മിണ്ടിയില്ല.. സ്വയം എന്തൊക്കേയൊ തീരുമാനങ്ങൾ അയാൾ എടുത്തിരുന്നു..! 

എന്നും രാത്രികളിൽ ഉറങ്ങുമ്പോൾ അവൾ പലവട്ടം എഴുന്നേറ്റ് അച്ഛന്റെ മുറിയിലേക്ക് പോയി നോക്കാറുണ്ട്.. ചിലപ്പോൾ അച്ഛന്റെ ഷുഗർ നില താഴും. പലപ്പോഴും ഉടുത്തിരുന്ന പാഡ് രണ്ടു മൂന്നു തവണ മാറ്റേണ്ടി വരും, ഉണ്ടാക്കി വച്ച കാപ്പി ഫ്ലാസ്ക്കിൽ നിന്ന് അവൾ കുടിപ്പിക്കും.. അങ്ങനെ അവൾക്ക് രാത്രിയിലും പകലിലും ഉറക്കമില്ലായിരുന്നു. അന്നും അവൾ പല പ്രാവശ്യം അച്ഛന്റെ മുറിയിലേക്ക് പോയിവന്നുകൊണ്ടിരുന്നു. അവൾ മടങ്ങി വന്നു കിടന്നപ്പോൾ അവളുടെ മണം അയാളുടെ മൂക്കിൽ തറച്ചു.. അയാളൊന്നു വിട്ടുകിടന്നു എന്നിട്ടും അയാളിൽ മനം പുരട്ടലുണ്ടാക്കി.. അയാൾ ശപിച്ചുകൊണ്ട് എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി.. ഒന്നു രണ്ടു വട്ടം ഛർദിച്ചു. ഉറക്കം നഷ്ടപ്പെട്ടതും ഭക്ഷണം കഴിക്കാത്തതിന്റെയും ദേഷ്യം അയാളിൽ വർധിച്ചു. സമയം.. പുലർച്ചെ മൂന്നു മണിയായി കാണും.. അവൾ ഇപ്പോൾ വന്നു കിടന്നതെ ഉള്ളു. കുറച്ചു നേരം അയാൾ അനക്കമില്ലാതെ കിടന്നു.. പതിയെ അവളെ നോക്കി. അവൾ നല്ല ഉറക്കമാണെന്നു തോന്നുന്നു. ഇനി എന്തായാലും അവൾ അഞ്ചു മണി കഴിയാതെ ഉണരില്ലെന്നു തോന്നുന്നു... അയാൾ ഉറപ്പിച്ചു..! അയാൾ കാറിന്റെ കീ തപ്പിയെടുത്തു.. പുറത്തേക്കുള്ള വാതിൽ തുറന്ന് കാർ സ്റ്റാർട്ടു ചെയ്തു നിർത്തി. ശേഷം തിരികെ അച്ഛന്റെ മുറിയിലേക്ക്.. മുറിയുടെ വാതിൽ തുറന്നതും വല്ലാത്ത ദുർഗന്ധം അയാളുടെ മൂക്കിലേക്ക് തള്ളിക്കയറി. അറപ്പോടെ വെറുപ്പോടെ അയാൾ വാതിലടച്ചു. അയാൾക്ക് മനം പുരട്ടൽ ശക്തമായി.. ഓക്കാനം വരാൻ തുടങ്ങി.. അതെല്ലാം എങ്ങനെയോ അടക്കിപ്പിടിച്ച്.. രണ്ടു മൂന്നു മാസ്ക്കുകൾ ഒരുമിച്ചു ചേർത്ത് അയാൾ ധരിച്ചു.. വീണ്ടും ആ വാതിൽ തുറന്നു...

Read also: ' എടാ, എന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ട്, കയ്യിലുണ്ടായിരുന്ന സ്വർണം ഞാൻ നിന്റെ കടയിലാ ഒളിപ്പിച്ചത്. പണിപാളി

അച്ഛൻ ഉറങ്ങുകയാണ്... "മനുഷ്യരൂപം ഉണ്ടെന്നെ ഉള്ളു. വെറുമൊരു എല്ലിൻ കൂട് മാത്രം, കാലിലെ മുറിവുകൾ അവൾ ഡ്രസ്സ് ചെയ്തിട്ടുണ്ടെങ്കിലും.. ചലവും ചോരയും മുറിവിന്റെ കെട്ടിനു മുകളിലൂടെ കിനിഞ്ഞിരിക്കുന്നു. പീളകെട്ടി അടഞ്ഞിരിക്കുന്ന കണ്ണുകൾ, ഉള്ളിലേക്ക് താണ തൊണ്ടക്കുഴി, ഒരിക്കലും മാറാത്ത സദാ ഒലിച്ചിറങ്ങുന്ന മൂക്ക്.. തുറന്നുകിടക്കുന്ന വാ.. വായിലൂടെ ഉമിനീര് ഒലിച്ചിറങ്ങി മുഖവും തലയിണയും മുഴുവൻ നിറഞ്ഞിട്ടുണ്ട്.. ഒട്ടിയ ആ എലുമ്പിൻ കൂടിൽ വയറുമാത്രം വല്ലാത്തൊരവസ്ഥയിൽ ഉന്തിവീർത്ത്  നിൽക്കുന്നു. പൊക്കിൾ നെല്ലിക്കാ വലുപ്പത്തിൽ വീർത്തുകെട്ടിയിരിക്കുന്നു. കരൾ രോഗത്തിന്റെ തീക്ഷ്ണത..!! ഉന്തിയ നെഞ്ചിൻ കൂട് ഇടവിട്ട് ഉയർന്നു താഴ്ന്നുണ്ട്.. നനഞ്ഞുമാറിയ ഉടുതുണിയിൽ നിന്നും വിസർജ്ജ്യം നിറഞ്ഞ പാഡ് വീർത്തിരിക്കുന്നതു കാണാം.. പാഡിനിടയിലൂടെ മൂത്രമൊഴുകി വരുന്ന ട്യൂബ് കാണാം.. കട്ടിലിന്റെ ഒരരുകിൽ അവൾ മൂത്രസഞ്ചി കെട്ടി ഞാറ്റിയിട്ടിരിക്കുന്നു. അടുത്തുള്ള പ്ലാസ്റ്റിക് ബക്കറ്റിൽ രാത്രിയിലെ മാറ്റിയ പാഡുകൾ ഇട്ടിരിക്കുന്നത് ശരിയായി അടക്കാത്ത മൂടിയിലെ വിടവിലൂടെ വാസു കണ്ടു. മുഖം ഒരു വശത്തേക്ക് ചരിച്ച് അയാൾ മൂത്രസഞ്ചിയുടെ കെട്ടഴിച്ച് അച്ഛന്റെ മാറിൽ വച്ചു.. തികഞ്ഞ അറപ്പോടെ.. വെറുപ്പോടെ.. രണ്ടു കൈ കൊണ്ടും ബെഡ്ഷീറ്റോടുകൂടി ആ വിഴുപ്പിനെ അയാൾ വാരിയെടുത്തു. മലത്തിന്റെയും, മൂത്രത്തിന്റെയും, ചോരയുടെയും, ചലത്തിന്റെയും അസഹ്യ ഗന്ധം അയാളിൽ നിറഞ്ഞു.. ചെറിയൊരു ചലനം പോലുമില്ലാതെ ആ "വിഴുപ്പ്" അയാളുടെ കൈകളിൽ ചുരുണ്ടുകൂടി.

Read also: മരണത്തോട് മല്ലിടുന്ന സൂപ്പർസ്റ്റാറിനെ കണ്ട് ഡോക്ടർ ഞെട്ടി; പ്രഗത്ഭ ന്യൂറോ സർജന്റെ കൈവിറച്ച നിമിഷം

ഒരു ശബ്ദം പോലും ഉണ്ടാക്കാതെ അയാൾ സാവധാനം അച്ഛനെന്ന 'വിഴുപ്പ്' കാറിന്റെ പിൻസീറ്റിൽ ചുരുട്ടി വച്ചു.. അപ്പോൾ ഒരു ചലനവും ആ വിഴുപ്പുകെട്ടിൽ നിന്ന് ഉണ്ടായില്ല. അയാൾ കാറിൽ കയറി അതിവേഗം യാത്ര തുടങ്ങി.. കാറിന്റെ വിൻഡോഗ്ലാസുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും കാറിലാകെ അയാളെ മനം പുരട്ടുന്ന നാറ്റം നിറഞ്ഞുവന്നു. മനം പുരട്ടൽ ഉണ്ടായപ്പോഴൊക്കെ അയാൾ കാർ നിർത്തി ഛർദിച്ചു. അങ്ങനെ ഏകദേശം അൻപതോ അറുപതോ കിലോമീറ്റർ സഞ്ചരിച്ചു കാണും.. ഇപ്പോൾ കാട്ടുപാതയിലൂടെയാണ് വണ്ടി ഓടുന്നത്.. പിറകിലെ വിഴുപ്പുകെട്ടിൽ നിന്നും "ചാരുമോളേ" എന്നു വിളിക്കുന്നതു പോലെ അയാൾക്കു കേട്ടു.. ഒന്നു തിരിഞ്ഞു നോക്കിയെങ്കിലും അയാൾ വണ്ടി നിർത്തിയതെയില്ല. പിറകിലെ വിളി ഒന്നു രണ്ടു വട്ടം വീണ്ടും കേട്ടെങ്കിലും പൊടുന്നനെ നിലയ്ക്കപ്പെട്ടു.. അയാൾ വണ്ടി റോഡിനരികിൽ ചേർത്തുനിർത്തി. പിറകിലെ ഡോർ തുറന്ന് "വിഴുപ്പ് " വാരിയെടുത്തു.. അരണ്ട വെളിച്ചത്തിൽ ഉൾക്കാടിന്റെ വഴിയിലൂടെ നടന്നു. ഒരു പാറയുടെ മറവിൽ ഒരു മരത്തിന്റെ ചുവട്ടിലായി ആ "വിഴുപ്പ് " ഇറക്കി വച്ചു.. അതിലേക്ക് അയാൾ ഒന്നു നോക്കി.. ശേഷം അയാളുടെ അച്ഛനെന്ന ആ "വിഴുപ്പിനെ" ഒന്നു തട്ടി നോക്കി. ചെറിയൊരു ഞരക്കം അതിൽ നിന്ന് കേട്ടു.. 'ഉണ്ട്.. ജീവനുണ്ട്.' അയാളുടെ മനസ്സു പറഞ്ഞു..! ശേഷം ഒന്നു തിരിഞ്ഞു നോക്കാതെ ദ്രുതഗതിയിൽ അയാൾ കാറിനടുത്തേക്കു നടന്നു.. ഒരു തുണികൊണ്ട് പിറകിലെ സീറ്റ് തുടച്ചു വൃത്തിയാക്കി. സോപ്പ് ഉപയോഗിച്ച് കൈകൾ പലവട്ടം കഴുകി.. ഫ്രഷ്നർ കുറെ വട്ടം കാറിൽ സ്പ്രെ ചെയ്തു... ഡോറുകൾ അടച്ച് അയാൾ കാറിനുള്ളിലെ മണം വീണ്ടും വീണ്ടും ശ്വസിച്ചു നോക്കി. "ഇല്ല.. ആ മനം മടുപ്പിക്കുന്ന നാറ്റം ഇല്ല.." അയാൾ ഉറപ്പിച്ചു..

Read also: ആഘോഷമായി വിവാഹമുറപ്പിക്കൽ ചടങ്ങ്, പക്ഷേ കല്യാണത്തിൽനിന്നു പിൻമാറാൻ വധുവിന് അജ്ഞാതസന്ദേശം, ഒപ്പം ഭീഷണി

അയാൾ കാർ അതിവേഗം ഓടിക്കാൻ തുടങ്ങി.. കാട്ടുവഴികൾ കഴിഞ്ഞു.. കാർ പ്രധാന റോഡിലേക്ക് പ്രവേശിച്ചു. നേരം വെളുത്തു തുടങ്ങി. പെട്ടെന്ന്... അയാൾ ചാരുലതയെ ഓർത്തു.. "അച്ഛനെവിടെ എന്നു ചോദിച്ചാൽ അവളോട് എന്താ പറയുക." എന്നു ചിന്തിച്ചു. ഓർക്കും തോറും അയാൾക്ക് പരിഭ്രമവും വേവലാതിയും വർധിച്ചു. അയാളുടെ തലയ്ക്കുള്ളിൽ വല്ലാതെ പെരുപ്പു കയറി. അയാൾ വല്ലാതെ വിയർത്തു കുതിർന്നു. അയാൾ ഒന്നു ഞെട്ടി വിറച്ചു.. നട്ടെല്ലിനുള്ളിലൂടെ എന്തോ ഒരു വേദന പാഞ്ഞുകയറി.. അയാളുടെ ശരീരം ആകെ ഒന്നു കുഴഞ്ഞു.. നെഞ്ചിനുള്ളിൽ കൊടും വേദന എരിഞ്ഞു കത്തി.. കണ്ണുകൾ പുറത്തേക്ക് ഉന്തി. ശ്വാസമെടുക്കാൻ അയാൾ വളരെ പണിപ്പെട്ടു.. കൈകാലുകളിൽ ഷോക്കേറ്റപോലെ വിറയൽ വന്നു കയറി. നടുറോഡിൽ തെന്നിത്തെന്നി അയാൾക്ക് വണ്ടി നിർത്തേണ്ടി വന്നു. അയാളുടെ പാന്റിനെ ആകെ നനച്ച് മൂത്രമൊഴുകിയിരിക്കുന്നു.. "വല്ലാത്ത ദുർഗന്ധം" അനുഭവപ്പെട്ടു. അയാൾ കൈ കൊണ്ട് പൃഷ്ഠഭാഗം തപ്പി നോക്കി അറപ്പോടെ അയാൾ കൈ പിൻവലിച്ചു..! വല്ലാത്ത മനം മടുപ്പിക്കുന്ന നാറ്റം. അയാളറിഞ്ഞു. അയാളുടെ വില കൂടിയ കാറിനുള്ളിൽ മൂത്രത്തിന്റെയും മലത്തിന്റെയും വൃത്തികെട്ട ഗന്ധം നിറഞ്ഞു. അത് അയാളിൽ പടർന്നു.. അയാൾക്ക് മനംപുരട്ടി... വല്ലാതെ... വല്ലാതെ...! അടിവയറിൽ നിന്ന് എന്തോ ഒന്ന് ഉരുണ്ടു കയറി.. അയാൾ ഛർദിക്കാൻ തുടങ്ങി...!!!

Content Summary: Malayalam Short Story ' Vizhuppu ' Written by Divakaran P. C.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com