ADVERTISEMENT

പാഞ്ഞാൾ എന്ന മനോഹരമായ തന്റെ സ്വന്തം ഗ്രാമത്തിലെ ഇരുവശവും നെൽപ്പാടങ്ങൾ മെത്തയൊരുക്കിയ നാട്ടുവഴിയിലൂടെ തിരിച്ചു ബാംഗ്ലൂരിലേക്ക് കാർ ഓടിച്ചു പോകുമ്പോൾ വിജനമായ ആ പാത പോലെ വിനോദിന്റെ മനസ്സും ശൂന്യമായിരുന്നു. പതിവില്ലാതെ തനിച്ചായിരുന്നു ഇത്തവണ നാട്ടിലേക്കുള്ള യാത്ര. അയാൾ എല്ലായ്‌പ്പോഴും കുടുംബസമേതമാണ് നാട്ടിൽ അച്ഛനെയും അമ്മയെയും കാണാൻ വരാറുള്ളത്. ഇത്തവണ മക്കളുടെ പരീക്ഷ നടക്കുന്ന കാരണമാണ് യാത്ര തനിച്ചാക്കിയത്. അതുകൊണ്ടു തന്നെ തറവാട്ടിൽ കൂടുതൽ സമയം ചെലവാക്കാൻ സാധിച്ചു. പതിവുള്ള ബന്ധു സന്ദർശനങ്ങളൊക്കെയും ഇപ്രാവശ്യം ഒഴിവാക്കി.  ആകെ കൂടി കണ്ടത് രാഘവമ്മാമയെ മാത്രം, അതും 'അമ്മ' ഒരുപാടു നിർബന്ധിച്ചതുകൊണ്ട്. "അമ്മാമയ്ക്ക് ഒട്ടും വയ്യാണ്ടായിരിക്കുണൂ കുട്ടാ... നീ ഒന്ന് പോയി കണ്ടിട്ട് വാ, മൂപ്പർക്ക് വല്യ സന്തോഷാവും". സ്വന്തം ഏട്ടന്റെ കാര്യവുമ്പോ വിലാസിനിയമ്മയ്ക്ക് അങ്ങനെയാണല്ലോ. താൻ രാഘവമാമ്മടെ മകളെ കെട്ടാത്തതു അമ്മയ്ക്കു മാത്രമല്ല അമ്മാമയ്ക്കും അൽപം വിഷമം ഉണ്ടാക്കിയ കാര്യമാണ്. അതൊക്കെ ഇപ്പോൾ പഴയ കഥ. വർഷങ്ങൾ 15 കഴിഞ്ഞിരിക്കുന്നു. 

Read also: ഉള്ള ജോലിയും കളഞ്ഞ് പുതിയ ജോലിയ്ക്ക് കയറി, പറ്റിയത് വൻ അമളി...

എവിടെയും പോകാതെ ഒരാഴ്ച വീട്ടിൽ ചടഞ്ഞു കൂടിയിരുന്നപ്പോഴാണ് ഒന്ന് പുറത്തേക്കു ഇറങ്ങാൻ തീരുമാനിച്ചത്. എങ്കിലത്‌ അമ്മാമടെ അടുത്തേക്ക് തന്നെയാവാം എന്ന് വിചാരിച്ചു. മാത്രമല്ല അവിടെ പോയാൽ അമ്മായി ഉണ്ടാക്കിയ നല്ല ഗോതമ്പ് പായസവും കിട്ടും. വിനോദിന് ഒരുപാടിഷ്ടമാണ് അമ്മായി ഉണ്ടാക്കുന്ന ഗോതമ്പ് പായസം. തന്നെ കണ്ടാൽ അമ്മായി അതുണ്ടാക്കുമെന്നു വിനോദിന് നന്നായി അറിയാം. അമ്മായിക്കും അയാളെ വല്യ ഇഷ്ടമായിരുന്നു, മകളെ കെട്ടാത്തതിൽ വിഷമമുണ്ടെങ്കിലും. രാധികയെ അയാൾക്കു പ്രത്യേകിച്ച് ഇഷ്ടമൊന്നുമായിരുന്നില്ല, തനി നാട്ടിൻപുറത്തുകാരി, കുശുമ്പും കുന്നായ്മയും വേണ്ടുവോളമുണ്ട്. രാഘവമ്മാമയെയും അമ്മായിയേയും കണ്ട് അമ്മാമടെ പഴംപുരാണവും ദീനതകളും കേട്ട് പായസവും കുടിച്ചു പതുക്കെ അയാൾ പാടവരമ്പത്തൂടെ തിരിച്ചു നടന്നു. വഴിയിൽ വച്ച് സ്കൂളിൽ കൂടെ പഠിച്ച രാജനെ കണ്ടു. "എന്നാപ്പിന്നെ ഓരോ ചായ ആയാലോ... വിനൂ". രാജൻ ചായ കുടിക്കാൻ കാത്തിരുന്ന പോലുണ്ട് ആ ചോദ്യം. "ഓ ആയ്‌ക്കോട്ടെ". കുറെ നാളായി നാട്ടിലെ ചായക്കടയിലെ ചായ കുടിച്ചിട്ട്. രണ്ടുപേരും നേരെ പോയത് സേതുവേട്ടന്റെ ചായപ്പീടികയിലേക്കാണ്. വിനോദിനെ കണ്ടതും സേതുവേട്ടന്റെ മുഖം തെളിഞ്ഞു "അല്ലാ.. ഇതാരാപ്പോ..." നാട്ടുമണമുള്ള ആ നീട്ടിവിളി. അതുകേൾക്കാൻ ഒരു സുഖം തന്നെ. ബാംഗ്ലൂരിലെ മെട്രോ ട്രെയിനിനെ കുറിച്ചറിയാനായിരുന്നു അങ്ങേർക്കു കൂടുതൽ താൽപര്യം. 

ചൂട് ചായയും മൊരിഞ്ഞ പരിപ്പുവടയും കഴിച്ച് ബാംഗ്ലൂർ വിശേഷങ്ങളും പറഞ്ഞു തിരിച്ചു വരുമ്പോഴായിരുന്നു രാജൻ അത് ചോദിച്ചത്. "വിനൂ.. നിനക്കോർമ്മയുണ്ടോന്നറിയില്ല, നമ്മടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന സുലേഖയെ...?" പത്താം ക്ലാസ് വരെ മാത്രം പഠിച്ച രാജന് സ്കൂളിൽ കൂടെ പഠിച്ചിരുന്നവരെല്ലാം ഇപ്പോഴും ഓർമ്മയുണ്ടാവുക സ്വാഭാവികം. പക്ഷെ തന്റെ കാര്യം അതല്ലല്ലോ, ബിരുദവും കഴിഞ്ഞു എഞ്ചിനീയറിംഗും പാസ്സായി ബാംഗ്ലൂരിലെ വലിയ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉന്നത ഉദ്യോഗത്തിലിരിക്കുന്നയാൾ. പക്ഷെ അയാൾക്ക്‌ ഓർമ്മയുണ്ടായിരുന്നു സുലേഖയെ! എട്ടാം ക്ലാസ് വരെ സ്കൂളിൽ തന്റെയൊപ്പം പഠിച്ചിരുന്ന നന്നേ വെളുത്ത, വട്ടമുഖമുള്ള, ചുരുണ്ടമുടിയുള്ള സാമാന്യം തടിയുള്ള സുലേഖ! എന്നും കരിമഷിയെഴുതിയ കണ്ണുകളും കാതിൽ വള പോലെ വലിയ കമ്മലുമിട്ട സുലൈഖ! തടിപ്പണിക്കാരൻ ഖാദറിന്റെ മൂത്ത മകൾ. എപ്പോഴും അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാവും, തന്നെ കാണുമ്പോൾ അവളൊന്നു ചിരിക്കും, ചിരിക്കുമ്പോൾ ആ മുഖം ഒന്നുകൂടി തിളങ്ങും.

Read also: തീരെ വയ്യ, ഒറ്റയ്ക്ക് കാറെടുത്ത് ആശുപത്രിയിലേക്ക്...

"അവൾക്കു കാൻസറാണ് ടൗണിൽ സർക്കാർ ആശുപത്രീലാണിപ്പോ" രാജന്റെ ശബ്ദം കേട്ട് അയാൾ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു. "നമ്മടെ അബൂക്കാടെ കൂടെ ഞാനും പോയി കണ്ടു കഴിഞ്ഞ ആഴ്ച. കാണാൻ വയ്യാണ്ടായിരിക്കുണൂ ആ കോലം. ബ്ലഡ് കാൻസർ ആണത്രേ, ആകെക്കൂടെ ഒട്ടി ഉണങ്ങിയ ഒരു രൂപം. ആ നെറ്വോക്കെ പോയിരിക്കുണൂ. പല്ലൊക്കെ വെളിയിൽ തള്ളി കാണാൻ വയ്യ വിനൂ. ഞാൻ വെറുതെ ഒന്ന് കണ്ടിട്ട് വേഗം പൊറത്തെറങ്ങി. ഓ... അതൊന്നും കണ്ടു നിക്കാൻ വയ്യാർന്നൂ എനിയ്ക്ക്. അവളടെ അഞ്ചാറ് കുട്ട്യോളും ചുറ്റും ഇരിക്കണ്ടാർന്നു". ഭൂതകാലം വീണ്ടുമൊരു വിളിപ്പാടകലെ പോലെ അയാൾക്ക്‌ തോന്നി. അയാളിപ്പോഴും ഓർക്കുന്നു സുലേഖയുടെ നിക്കാഹിന്റെ തലേന്ന് അവളുടെ വീട്ടിൽ പോയതും നല്ല ബിരിയാണി കഴിച്ചതും ഒക്കെ. എട്ടാം ക്ലാസ്സിൽ പഠിത്തം നിർത്തിയ അവളെ രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ വീട്ടുകാർ കെട്ടിച്ചയച്ചു. ടൗണിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിലായിരുന്നു ചെക്കന് ജോലി. 

Read also: എല്ലാ ദിവസവും ബസ്സിൽ യാത്ര ചെയ്തിരുന്നത് അവളെ കാണുവാൻ വേണ്ടി, ഒടുവിൽ...

"ഇനി എപ്പഴാ മടക്കം?" വീണ്ടും രാജൻ അയാളെ തിരിച്ചു വർത്തമാനകാലത്തേക്കു കൂട്ടികൊണ്ടു വന്നു. "മറ്റന്നാൾ" മറുപടി പറയുമ്പോൾ തികച്ചും വികാരശൂന്യമായിരുന്നു അയാളുടെ മനസ്സ്. രാജനോട് യാന്ത്രികമായി കൈ വീശി യാത്ര പറഞ്ഞു തിരികെ അയാൾ വീട്ടിലേക്ക് നടന്നു. മൊബൈൽ ഫോൺ ശബ്ദിച്ചപ്പോൾ അയാൾ ചിന്തകളിൽ നിന്നുണർന്നു. അമ്മയായിരുന്നു അങ്ങേത്തലക്കൽ, യാത്രക്കിറങ്ങിയ വഴിക്ക് അയ്യപ്പങ്കാവിൽ കേറി തൊഴുതോ എന്നറിയാനായിരുന്നു. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ 'അമ്മ' പറഞ്ഞിരുന്നു കാവിലൊന്നു കേറി തൊഴുത്തിട്ടേ പോകാവൂ എന്ന്. അമ്മയുടെ ലോകം തന്നെ അയ്യപ്പങ്കാവും പരിസരവും മാത്രമാണ്. സംസാരിച്ചു ഫോൺ കട്ട് ചെയ്ത ശേഷം അയാൾ കാറിന്റെ വിൻഡോ ഗ്ലാസ്സുകൾ ഉയർത്തി, പതുക്കെ ആക്‌സിലേറ്ററിൽ കാൽ അമർത്തി, കാറിന് വേഗം കൂടിത്തുടങ്ങി. ഇനി മറ്റൊരു ലോകം. വേഗത്തിന്റെയും തിരക്കുകളുടെയും ലോകം.. അയാൾ യാത്ര തുടർന്നു...

Content Summary: Malayalam Short Story ' Ormappookkal ' Written by Jayaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com