'അപകടസാധ്യതയില്ലാത്ത സ്ഥലമായിരുന്നിട്ടും വണ്ടിയിടിച്ചു തകർന്നു', സംശയങ്ങൾ ബാക്കി...
Mail This Article
വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ നിന്ന് ആരോ വിളിച്ചുണർത്തിയത് പോലെയാണ് ചാടിയെഴുന്നേറ്റത്. ജോലിത്തിരക്കിൽ പുറത്തേക്കൊന്നും ഇറങ്ങാറേ ഉണ്ടായിരുന്നില്ല. വളരെ നാളുകൾക്കു ശേഷം വാരാന്ത്യമല്ലേ എന്ന് കരുതി ലുലു സൂപ്പർമാർക്കറ്റിലേക്കും, അലക്കിതേക്കാൻ കൊടുത്ത വസ്ത്രങ്ങളും വാങ്ങാൻ ഓഫിസിൽ നിന്ന് വൈകി ഇറങ്ങിയിട്ടും അങ്ങോട്ട് തന്നെ വെച്ചുപിടിച്ചു. രാത്രി എട്ടുമണിയായിട്ടെന്താ, പ്രധാന നിരത്ത് നിറഞ്ഞു കവിഞ്ഞു വാഹനങ്ങൾ, ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന ജീവിതം. വരാന്ത്യത്തിന്റെ തിരക്ക് കൂടി ആകാം. ജോലിയിലെ അസ്വാരസ്യങ്ങൾ, വീട്ടിലെത്തി വസ്ത്രങ്ങളും ബാഗും വലിച്ചെറിഞ്ഞു നീണ്ടകുളി കാത്തു നിൽക്കുന്നവർ, വഴിയിൽ അഞ്ച് നിരയിൽ പതുക്കെ വണ്ടികൾ നീങ്ങുമ്പോൾ പരസ്പരം നോക്കുന്നു, എല്ലാവർക്കും അറിയാം ക്ഷമയുടെ നെല്ലിപ്പലക എപ്പോൾ വേണമെങ്കിലും തകരാമെന്ന്. അതൊഴിവാക്കാൻ അവർ ഓരോരുത്തരും ദീർഘനിശ്വാസങ്ങളിൽ അഭയം തേടുകയാണ്.
മാസാവസാനം, ആഴ്ചയവസാനം, മിക്കവർക്കും ശമ്പളം എത്തിയെന്ന് തോന്നുന്നു, അത്രയധികം തിരക്കുണ്ട്. വണ്ടി പാർക് ചെയ്യാനും, സാധനങ്ങൾ എടുക്കാനുള്ള ട്രോളിക്കും കാത്തു നിൽക്കേണ്ടി വന്നു. ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, വെള്ളരി എന്ന കുക്കുമ്പർ, പഴം, ആപ്പിൾ, ഓറഞ്ച് - ആരോഗ്യസംരക്ഷണത്തിന്റെ ആ പഴയനാളുകൾ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. കാരറ്റിനോട് എന്തോ വിരക്തി തോന്നുന്നു. മറ്റെങ്ങോട്ടും നോക്കിയില്ല, നോക്കിയാൽ ഓഫറിൽ വീണു ആവശ്യമില്ലാത്തതൊക്കെ വാങ്ങിക്കൂട്ടും, എന്നിട്ടും, വെള്ളയിൽ താഴേക്ക് വരയുള്ള ഒരു ടീഷർട് കണ്ണിൽ കുടുങ്ങി, കുറെ നാളായില്ലെ എനിക്കായി എന്തെങ്കിലും വാങ്ങിയിട്ട് എന്ന് സ്വയം പറഞ്ഞു ആശ്വസിച്ചു, അതും വാങ്ങി. രാത്രിയിൽ മേൽപ്പാലത്തിൽ നിന്ന് പ്രധാനനിരത്തിലേക്ക് ഇറങ്ങുമ്പോൾ ഒരു കാഴ്ചയുണ്ട്, വിവിധ വാഹനങ്ങളുടെ പിന്നിലെ ചുവപ്പ് വെളിച്ചം ഒരു ചുവന്ന കടൽ പോലെ മുന്നിൽ. റോഡിൽ തടസ്സമുണ്ടെങ്കിൽ, ചുവന്ന കടൽ കാഴ്ച നീണ്ടു നിൽക്കും.
മുറിയിൽ എത്തുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു, കുളിച്ചു ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ പന്ത്രണ്ട്, ഇതൊന്നും തനിക്ക് പതിവില്ലാത്തതാണ്, നേരത്തെ ഉറങ്ങണം, നേരത്തെ ഉണരണം. സാരമില്ല, നാളെ വെള്ളിയാഴ്ചയല്ലെ, പതിവ് അലാറം ഓഫ് ചെയ്‌തെന്ന് രണ്ടു തവണ ഉറപ്പാക്കി. അങ്ങനെ കിടന്നതാണ്, എന്നിട്ടും അതി രാവിലെ ഞെട്ടി എഴുന്നേറ്റു. ഒരിക്കൽ ഉണർന്നാൽ പിന്നെ ഉറക്കം കിട്ടില്ല. കുളി കഴിഞ്ഞപ്പോൾ ഓഫിസിൽ പോകാം എന്ന് തോന്നി, ഒരുപാട് ജോലികൾ ബാക്കിയാണ്, തനിക്കാണെങ്കിൽ ശരിയായി വിശ്രമിക്കാനും അറിയില്ല. ഒഴിഞ്ഞ പ്രധാന പാത, വളരെ ചുരുക്കം വണ്ടികൾ മാത്രം. വളരെ പതുക്കെയാണ് കാർ ഓടിച്ചത്, പെട്ടെന്ന് മുന്നിൽ വണ്ടികൾ എല്ലാം നിന്നു. അപകടം നടന്നിരിക്കും.
അപകടം തന്നെ; ഒരു ലോറി, മുന്നിൽപോയ ലോറിയിൽ ഇടിച്ചു മുൻവശം തകർന്നു തരിപ്പണമായിരിക്കുന്നു. ഡ്രൈവറുടെ ക്യാബിൻ മുഴുവനായി ഞെരിഞ്ഞമർന്നിരിക്കുന്നു. തീർച്ചയായും അതിനുള്ളിലെ മനുഷ്യനും ജീവനും ഞെരിഞ്ഞമർന്നിരിക്കും. വണ്ടിയുടെ മുകളിലേക്ക് കയറിയ ഒരു സ്വദേശിയുടെ കൈകൊണ്ടുള്ള ആംഗ്യം അത് സ്ഥിതീകരിച്ചു. അപകടം നടക്കാൻ ഒരു സാധ്യതയുമില്ലാത്ത ഇടം. പ്രധാന നിരത്തിലാണെങ്കിൽ അധികം വണ്ടികളും ഉണ്ടായിരുന്നില്ല. പിന്നെ എന്ത് സംഭവിച്ചിരിക്കാം? ഒന്നുകിൽ ഉറങ്ങിപ്പോയിരിക്കും, അതല്ലെങ്കിൽ മുമ്പിലെ വണ്ടിയോട് ചേർത്തോടിച്ചു ആ വണ്ടി എന്തെങ്കിലും കാരണത്താൽ പെട്ടെന്ന് നിർത്തിയപ്പോൾ ഇടിച്ചിരിക്കാം. എന്നാൽ വണ്ടിയുടെ അപകടത്തിന്റെ ആഘാതം കണ്ടാൽ അറിയാം, വളരെ വേഗത്തിൽ ചെന്നിടിച്ചപോലെയാണെന്ന്.
അയാൾ ഏത് നാട്ടുകാരനായിരിക്കും, അയാളുടെ വീട്ടിൽ ആരൊക്കെ അയാളെ കാത്തിരിക്കുന്നുണ്ടാകും. ഒരു പക്ഷെ വണ്ടി ഓടിക്കുന്നതിനിടയിൽ അയാൾ വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നോ? പ്രണയപൂർവം സംസാരിച്ചു വണ്ടിയോടിച്ചപ്പോൾ ശ്രദ്ധ തെറ്റിയതാണോ, അതോ വീട്ടുകാരോട് കലഹിച്ചു ജീവൻ ഒടുക്കിയതാണോ? ഒരു പക്ഷെ എവിടെയും എത്താത്ത ജീവിതം അയാളുടെ ചിന്തകളെ കലുഷിതമാക്കിയോ, കടം കയറി പെരുകിയ ജീവിതം അവസാനിപ്പിച്ചതാണോ, അതുമല്ലെങ്കിൽ ഒരു നിമിഷത്തിന്റെ അശ്രദ്ധ. ആ അപകടം വീണ്ടും വീണ്ടും ഒരായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അവൻ, അവൻ നമുക്ക് പുറകെയോ മുന്നിലോ ഉണ്ട്!