'നായയെ കണ്ടെത്തുന്നവർക്ക് പതിനായിരം രൂപ പ്രതിഫലം'; മാസങ്ങളായി തിരച്ചിൽ, അപ്രതീക്ഷിതമായി ഒരു ദിവസം...
Mail This Article
മാത്തച്ചൻ മുതലാളിയുടെ പട്ടണത്തിൽ ഉള്ള ബംഗ്ലാവിലെ ന്യൂട്ടൺ എന്ന പേരുള്ള നായയെ കാണാൻ ഇല്ല. കാണാതെ പോയ നായയെ കണ്ടുപിടിക്കുന്നതിനായി മുതലാളി പണിക്കാരെ പട്ടണത്തിലേക്ക് പറഞ്ഞുവിട്ടു. നായയെ കണ്ടെത്തുന്നവർക്ക് പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. മുതലാളി പ്രഖ്യാപിച്ച പ്രതിഫലം വളരെ വലുതായതുകൊണ്ട് ഏൽപ്പിച്ച പണി വേലക്കാർ തുടർന്നു കൊണ്ടിരുന്നു. എങ്കിലും കാണാതെ പോയ ന്യൂട്ടനെ പണിക്കാർക്ക് രണ്ട് ആഴ്ച കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ നഷ്ടപെട്ട നായയുടെ അന്വേഷണം അവസാനിപ്പിച്ച് മുതലാളിയുടെ ബംഗ്ലാവിലേക്കു വേലക്കാർ തിരിച്ചു വന്നു.
ഇതേ സമയം പൂത്തുലഞ്ഞ് നിൽക്കുന്ന പൂമരത്തിന്റെ ഇടയിലൂടെ സൂര്യരശ്മികൾ വന്ന് പതിച്ചത് പരിസര മലീനീകരണത്തെ സംബന്ധിച്ച് ലഭിച്ച പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് നിയോഗിച്ച ഹെൽത്ത് ഇൻസ്പക്ടറായ ബാലൻ സാറിന്റെ മേലായിരുന്നു. റോഡ് പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് ലഭിച്ചിരുന്നു. പരാതികൾ അന്വേഷിക്കുന്നതിനായി സത്യസന്ധനും, കൃത്യനിഷ്ഠയോടെയും ജോലി ചെയ്യുന്ന ബാലൻ സാറിനെ നിയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പട്ടണത്തിലൂടെ പൂക്കളുടെ പരിമളം നുകർന്ന് അതിരാവിലെ നടക്കാൻ ബാലൻ സാർ തീരുമാനിച്ചു.
വാഹനങ്ങളുടെ അകമ്പടിയൊന്നും ഇല്ലാതെ കുളിർക്കാറ്റിന്റെ സുഗന്ധം പേറി മുന്നോട്ട് നടന്ന് നീങ്ങുമ്പോൾ ആളൊഴിഞ്ഞ ഒരു പറമ്പിൽ നിന്നും നായ്ക്കളുടെ കടിപിടി ശബ്ദം കേട്ടപ്പോൾ ബാലൻ സാറിന്റെ ശ്രദ്ധ അങ്ങോട്ടായി. നിലത്ത് നിന്നും സ്വയരക്ഷക്കായി ഒരു വടി തപ്പിയെടുത്ത് ബാലൻ സാറ് ആ പറമ്പിനെ ലക്ഷ്യമാക്കി നടന്നു. പ്രധാന റോഡിൽ നിന്നും ദൂരയല്ലാതെ ആരാലും അധികം ശ്രദ്ധിക്കപ്പെടാത്ത വിജനമായ ആ പറമ്പിൽ പരിസരവാസികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു. അത് കൊണ്ടു തന്നെ അവിടം അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രവുമായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ആ പുരയിടത്തിലായിരുന്നു പരിസരത്തുള്ളവർ എല്ലാ മാലിന്യങ്ങളും തള്ളിയിരുന്നതെന്ന് ബാലൻ സാറിന് മനസ്സിലായി. ആ മാലിന്യ കൂമ്പാരത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം നാട്ടുകാർക്ക് വലിയ ഭീഷണിയാണെന്നും, പകർച്ചവ്യാധികൾ പടർന്ന് പിടിക്കുവാൻ സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ട ബാലൻ സാറ് ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൊണ്ടിരുന്നപ്പോൾ ബ്രൗൺ നിറത്തിലുള്ള ഒരു നായ ബാലൻ സാറിന്റെ ശ്രദ്ധയിൽപ്പെട്ടു.
പരിചയ ഭാവത്തോടെ അടുത്തേക്ക് വന്ന ആ നായയോട് അലിവ് തോന്നിയ ബാലൻ സാർ ബാഗിൽ നിന്നും ഉച്ചഭക്ഷണത്തിനായി കരുതിയിരുന്ന പൊതിയിൽ നിന്നും ഒരു കഷണം ബ്രെഡ് എടുത്ത് നായ്ക്ക് എറിഞ്ഞു കൊടുത്തു. ബെൽറ്റിട്ട് സുന്ദരനായ ആ നായ തന്റെ യജമാനനെ കണ്ടത് പോലെ വാലാട്ടി ദൈന്യതയോടെ ബാലൻ സാറിനെ നോക്കി അടുത്തേക്ക് ഓടി വന്നു. നായ്ക്കളോട് ബാലൻ സാറിന് പണ്ടേ വലിയ ഇഷ്ടമാണ്. ആ നായ ആരോ അരുമയോടെ വളർത്തിയിരുന്ന നായയാണെന്നും, എങ്ങനെയോ കൂട്ടം തെറ്റി ഇവിടെ എത്തിയതാണെന്നും ബാലൻ സാറിന് തോന്നി. വളരെ നാളുകളായി ഒരു ഭക്ഷണവും കഴിച്ചിട്ടില്ലാത്തമട്ടിൽ ആ നായ ഓടി വന്ന് ആ ബ്രെഡ് ആർത്തിയോടെ തിന്നുന്നത് ബാലൻ സാർ വളരെ വിഷമത്തോടെ നോക്കി നിന്നു.
ഭക്ഷണത്തോടുള്ള ആർത്തി കണ്ടപ്പോൾ ഒരു കഷണം ബ്രെഡ് കൂടി ആ നായക്ക് ഇട്ടു കൊടുത്തു. ആ നായ ബ്രെഡ് തിന്നുന്ന ദൃശ്യം മൊബൈലിൽ പകർത്തുന്നതിനിടയിലാണ് നായയുടെ ബെൽറ്റിൽ തൂങ്ങി കിടക്കുന്ന നെയിം ടാഗ് ബാലൻ സാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ആ ടാഗിൽ 'ന്യൂട്ടൻ' എന്നാണ് രേഖപെടുത്തിയിട്ടുള്ളതെന്നു കണ്ടു. അവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പരിസരത്തുള്ള വീടുകളിൽ നിന്നുള്ള ഗാർഹിക മാലിന്യങ്ങളും, പിന്നെ പല വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളുമാണെന്നും ബാലൻസാറിന് ബോധ്യമായി. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
ബാലൻ സാർ തിരിച്ചു നടക്കുമ്പോൾ വാലാട്ടി ന്യൂട്ടനും പിന്നാലെ കൂടി. അവർ അങ്ങനെ നല്ല ചങ്ങാതിമാരായി. കുറെ ദൂരം നടന്നപ്പോൾ ഒരു വലിയ ബംഗ്ലാവിന്റെ ഗെയിറ്റിനടുത്ത് എത്തിയപ്പോൾ ന്യൂട്ടൺ ബംഗ്ലാവിനെ നോക്കി ഉറക്കെ കുരക്കുന്നത് ബാലൻ സാറിന്റെ ശ്രദ്ധയിൽപ്പെട്ടു. ന്യൂട്ടന്റെ കുര കേട്ടപ്പോൾ ബാഗ്ലാവിൽ നിന്ന് രണ്ട് കുട്ടികൾ ഓടി വന്നു ഗെയ്റ്റ് തുറന്നു ന്യൂട്ടനെ കെട്ടിപിടിച്ചു. സന്തോഷം കൊണ്ട് നായയും അവരെ വാലാട്ടി നക്കുവാൻ തുടങ്ങി. ആ നായ മാസങ്ങൾക്ക് മുമ്പ് കാണാതായ അവരുടെ പ്രിയപ്പെട്ട 'ന്യൂട്ടൻ' ആയിരുന്നു. അവരുടെ ഒച്ച കേട്ട് വീട്ടുടമസ്ഥനും പിന്നാലെ ഓടി വന്നു. കുട്ടികളുടെ ആനന്ദം കണ്ട് സന്തോഷവാനായ വീട്ടുടമസ്ഥൻ ഗെയിറ്റിനരികെ നിൽക്കുന്ന ബാലൻ സാറിനെ കണ്ട് ആരാണെന്ന് ചോദിച്ചു. ബാലൻ സാർ സ്വയം പരിചയപ്പെടുത്തി, ന്യൂട്ടനെ കണ്ടെത്തിയ കഥ പറഞ്ഞു.
മൂന്ന് മാസമായി ന്യൂട്ടനെ നഷ്ടപ്പെട്ടിട്ട് എന്നും, കുട്ടികൾ അവനെ കാണാത്തിൽ വലിയ സങ്കടത്തിലായിരുന്നെന്നും അയാൾ പറഞ്ഞു. ന്യൂട്ടനെ തിരിച്ചു കിട്ടുന്നതിന് സഹായിച്ച ബാലൻ സാറിനോട് അവർ പ്രത്യേകം നന്ദി പറയുന്നതോടൊപ്പം മാത്തച്ചൻ മുതലാളി ചെറിയ പ്രതിഫലം നൽകാൻ പോയപ്പോൾ സർ അത് നിഷേധിച്ചു. ബംഗ്ലാവിൽ നിന്നും തിരിച്ചു നടക്കുമ്പോൾ ബാലൻ സാറിന്റെ പിന്നാലെ വന്ന ന്യൂട്ടൻ വാലാട്ടി ഉറക്കെ കുരക്കുന്നത് കണ്ടപ്പോൾ ബാലൻ സാറിന് സങ്കടവും, ഒപ്പം സന്തോഷവും തോന്നി. ഒരു പക്ഷെ താൻ കാണിച്ച സ്നേഹത്തിന് ന്യൂട്ടൺ നന്ദി പ്രകടിപ്പിക്കുന്നതായിരിക്കുമെന്നു ബാലൻ സാറിന് തോന്നി. തിരിച്ചു നടക്കുമ്പോഴും ബാലൻ സാറിന്റെ മനസ്സിൽ പരിഷ്കൃതരായ മനുഷ്യർ എത്ര ഹീനമായാണ് പരിസ്ഥിതിയോട് പെരുമാറുന്നതെന്ന ചിന്തയായിരുന്നു. കോടിക്കണക്കിന് ജീവജാലങ്ങളുള്ള ഈ ഭൂമിയിൽ മനുഷ്യൻ മാത്രമല്ലെ പ്രകൃതിയോട് ഇങ്ങനെ പെരുമാറുന്നുള്ളു. വ്യക്തി ശുചിത്വം പാലിക്കുന്ന മലയാളികൾ എന്തുകൊണ്ടാണ് പരിസര ശുചിത്വത്തിന് പ്രാധാന്യം നൽകാത്തതെന്ന് ആലോചിച്ചു പതുക്കെ നടന്നു.
അപ്പോൾ അനുഭവപ്പെട്ട സഹിക്കാനാവാത്ത ദുർഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോൾ തൊട്ടടുത്തുള്ള കാനയിൽ നിറയെ, വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ കിറ്റുകളിലാക്കി അലക്ഷ്യമായി ഇട്ടിരിക്കുന്ന കാഴ്ച്ച ഒരു ഞെട്ടലോടെയാണ് കണ്ടത്. കാനയിൽ വേയ്സ്റ്റുകൾ നിറഞ്ഞതിനാൽ അഴുക്ക് വെള്ളം കെട്ടി നിന്ന് നിറയെ കൊതുകുകളും, കൂത്താടികളും അവിടെ കാണാമായിരുന്നു. എല്ലാ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ടാണ് ബാലൻ സർ മുന്നോട്ട് നടന്നത്. ആ പ്രദേശത്തുള്ള മാലിന്യ പ്രശ്നത്തെപ്പറ്റിയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് അടിയന്തിര റിപ്പോർട്ട് തയാറാക്കാൻ ബാലൻ സർ തീരുമാനിച്ചു. കടുത്ത വെയിലിനെ അവഗണിച്ച് പട്ടണത്തിൽ കൂടെ ബാലൻ സർ നടന്നു നീങ്ങുമ്പോൾ കർമ്മസാക്ഷിയായി സൂര്യൻ തലയ്ക്ക് മീതെ ജ്വലിക്കുന്നുണ്ടായിരുന്നു.