ADVERTISEMENT

കോടതിയിൽ, ക്ലാർക്ക്, സ്വന്തം കേസ് നമ്പർ  വിളിച്ച് പറയുന്നത് കേട്ട് പെട്ടെന്ന് എഴുന്നേറ്റ് നിൽക്കുന്ന അമ്മ... അവർ പെട്ടെന്ന് എഴുന്നേറ്റപ്പോൾ പരിഭ്രമിച്ച് ചുറ്റും നോക്കി എഴുന്നേൽക്കുന്ന ഒരു മകളും. കോടതിയിൽ വാദിയുടെയും പ്രതിയുടെയും വക്കീൽമാർ അവരവരുടെ കക്ഷികൾക്ക് വേണ്ടിയുള്ള ന്യായം നിരത്തുന്നുണ്ട്. അതിനിടക്ക് ജഡ്ജിയുടെ സ്വരം ഉയർന്നു, "സഹതാപം അർഹിക്കാൻ ഭിന്ന ശേഷിയുള്ള ആളിനെ ഹാജരാകാൻ പാടില്ലെന്ന് അറിയില്ലേ..." പാവം അമ്മ തന്റെ കുഞ്ഞിനെ കൂട്ടിപ്പിടിച്ച് ചേർത്ത് നിർത്തി.. ഇതൊന്നുമറിയാതെ, മോള് എന്തോ കയ്യിൽ നിന്ന് നുള്ളിപ്പെറുക്കി വായിൽ വെക്കുന്നുണ്ട്.. അതിന്റെ വായിൽ നിന്ന് ഒഴുകുന്ന ഉമിനീർ മറുകൈക്കൊണ്ട് തുടച്ചു, കോടതി മുറിയിലെ ആൾക്കൂട്ടത്തെ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ടിരിക്കുന്നു.. കൈയ്യിലും മുഖത്തും അങ്ങിങ്ങായി മുറിവുകൾ കാണാം.. പതിനാറ് വയസ്സുള്ള അവൾക്ക് ശാരീരിക വളർച്ചയുണ്ട് എന്നാല്‍ മാനസിക വളർച്ച നന്നേയില്ല. പെട്ടെന്ന് ഒരു ജോലിക്കാരൻ വന്നു അവരോട് പുറത്ത് പോകാൻ പറഞ്ഞു.. കേസിനെ സ്വാധീനിക്കാൻ ഇങ്ങനെ കോടതിമുറിയിൽ വരാൻ പാടില്ലെന്ന താക്കീതോടെ...

തന്നോടും മകളോടും നീതി പുലർത്താൻ കഴിയാത്ത ഒരു ഭർത്താവും, അച്ഛനും ആയൊരാളിൽ നിന്ന് വേർപിരിയാൻ... അയാളിൽ നിന്ന് പിരിയാനും തനിക്കും കുഞ്ഞിനും ചിലവിനു കിട്ടാനും കോടതിയെ സമീപിക്കേണ്ടി വന്ന പാവം അമ്മ. കുട്ടിക്ക്, വികലമായ മാനസിക നിലയാണെന്ന് മനസ്സിലായ അന്ന് മുതൽ അയാൾ കുഞ്ഞിനെ ഉപദ്രവിക്കാൻ തുടങ്ങിയതാണ്, പ്രത്യേകിച്ച് പെൺകുഞ്ഞ്. അവൾ വളർന്നു വരുംതോറും അയാളുടെ ഉപദ്രവവും കൂടി വന്നു, പലതരത്തിൽ.. തന്നെയും വെറുതെ വിട്ടില്ല അയാൾ.. തനിക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല, കുഞ്ഞിനെ സംരക്ഷിക്കണം. മോളോടുള്ള കരുതലും ശ്രദ്ധയും കുറയുമോ എന്ന് പേടിച്ച് ഇനിയൊരു കുഞ്ഞിനെ വേണ്ടയെന്ന തീരുമാനവും എടുത്തത് എത്ര നന്നായെന്ന് പലവുരു  ഓർമിച്ചു പോകുന്നു. അങ്ങനെയാണ് കോടതിയിൽ പോയത്... 

അയാൾ ഒറ്റയ്ക്ക് വീട്ടിലുള്ളപ്പോൾ താനൊരിക്കലും മകളെ വീട്ടിൽ നിർത്തിയിട്ടില്ല.. കൂടെക്കൊണ്ട് നടക്കും. അവള് ചെറിയ കുട്ടിയായിരുന്നപ്പോൾ, ജോലിക്ക് പോകുമ്പോഴോക്കെ കൂടെക്കൂട്ടുമായിരുന്നു, അങ്ങനെ എവിടേക്ക് പോകുമ്പോഴും അവള് തന്റെയൊരു ഭാഗമായി കൂടെതന്നെയുണ്ടാകാറുണ്ട്... അവള് വലുതായപ്പോൾ, കൂടെക്കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയായി.. ഒറ്റയ്ക്ക് വീട്ടിൽ നിർത്താനും വയ്യ.. ഈ കുഞ്ഞ് ഉണ്ടായപ്പോൾ ആണത്രേ അയാളുടെ ജോലി പോയത് എന്ന് പറഞ്ഞായിരുന്നു വഴക്ക് തുടങ്ങിയത്. പോരാത്തതിന് അവള് വൈകല്യമുള്ളവളും.. അവളെ തീറ്റിപ്പോറ്റാനും ചിലവിനുമൊന്നും അയാളുടെ കൈയ്യിൽ പൈസയില്ലെന്ന്. അങ്ങനെ, വഴക്കിട്ടു അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപോകും. പിന്നെ എപ്പോഴോ ആണ് തിരിച്ച് വരാറ്. വന്നു കഴിഞ്ഞാൽ, അടുത്ത പോക്കിനുള്ള പൈസക്ക് വേണ്ടിയുള്ള ഗുസ്തിയാണ്, പൈസ കിട്ടുന്നത് വരെ.. മകളുടെ കാര്യങ്ങൾക്ക് വേണ്ടി സ്വരൂപിച്ച പൈസ ഒറ്റയടിക്കയാൾ കൈക്കലാക്കും. പിന്നെ, വരവ് തന്റെ നേരെയാണ്.. ഒരു കാട്ടുപോത്തിന്റെ ആക്രോശത്തോടെ കീഴടക്കാൻ... അതും കഴിഞ്ഞാൽ പിന്നെയീ വഴിക്ക് കാണില്ല. താൻ പോകുമ്പോൾ മോളെ നോക്കാനൊരു സ്ത്രീയെ വീട്ടിൽ നിർത്തിയിരുന്നു. അവരുമായും ലഹളയായി.. ആളില്ലാത്ത സമയം നോക്കി വീട്ടിൽ ചെന്ന് അവരെ കേറിപ്പിടിക്കാൻ വരെ തുടങ്ങിയിരുന്നു.. മോളെയോർത്ത് കുറെയേറെ അവർ സഹിച്ചു, അവസാനം അവരും ജോലി ഉപേക്ഷിച്ച് പോയി.. ഞാനും മോളും ഒറ്റപ്പെട്ടു!!

കവലയിൽ കള്ളുഷാപ്പ് നടത്തുന്ന സുഹാസിനി, പേരുപോലെത്തന്നെ എല്ലാവരെയും ചിരിയിൽ മയക്കുന്ന ഒരു ചന്തക്കാരിപ്പെണ്ണ്. അവളുടെ ഒരു ചിരി കാണാൻ മാത്രമായി ഷാപ്പിൽ പോകുന്നവരുമുണ്ടത്രെ... അവൾക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നൊരു  മോനുണ്ട്, ഭർത്താവ് എവിടെയാണെന്ന് ഒരറിവുമില്ല.. അവളെ കടയിലേക്ക് സഹായിക്കൻ ഒരു ചെക്കനും വയസ്സായ ഒരു അമ്മായിയുമുണ്ട്.. വീട്ടു ആവശ്യ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാൻ പോകുന്ന സമയത്ത് പലപ്പോഴായി അയാളെ ഈ ഷാപ്പിന്റെ പരിസരത്ത് വെച്ച് കണ്ടിട്ടുണ്ട്.. കുറച്ച് ദിവസം മുന്നേ അപ്പുറത്തെ നിർമ്മലചേച്ചി പറയുന്നത് കേട്ടു.. "മോളുടെ അച്ഛനിപ്പോൾ സുഹാസിനീടെ ഷാപ്പിൽ തന്നെയാണ് കുടിയും കിടപ്പുമെന്ന്"  കേട്ടപ്പോൾ തനിക്ക് ഒന്നും തോന്നിയില്ല.. പുതിയ മേച്ചിൽപ്പുറങ്ങൾ തേടി മേഞ്ഞു നടക്കുന്ന അയാളെക്കുറിച്ച് അല്ലെങ്കിൽ തന്നെ എന്ത് പറയാൻ.. പിന്നെയൊരു ആശ്വാസമുള്ളത്, അവിടത്തെ കമ്പം കഴിയുന്നത് വരെ ഇങ്ങോട്ടുള്ള വരവ് കുറയുമല്ലോ എന്നതാണ്.. ആ ആശ്വാസത്തോടെയാണ് താനന്നും ജോലിക്ക് പോയത്.. തിരിച്ച് വീട്ടിൽ വന്നപ്പോൾ മോളുടെ ശബ്ദം കേൾക്കാനില്ല... "മോളെ" എന്നും ഉറക്കെ വിളിച്ച് കൊണ്ട് താനാ വീട് മുഴുവൻ ഒരു പ്രാന്തിയെപോലെ  ഓടിനടന്നു. വീട്ടിൽ കാണാനില്ല തന്റെ പൊന്നോമന മകളെ!! പിന്നെ ശങ്കിച്ചില്ല, രണ്ടും കൽപ്പിച്ച് ഷാപ്പിലേക്ക് ഒരു ഓട്ടമായിരുന്നു..

അവിടേക്ക് എത്തുന്നതിനു മുന്നേ ആരുടെയൊക്കെയോ ഉറക്കെയുള്ള, എന്നാലക്ഷരസ്ഫുടതയില്ലാത്ത പാട്ട് കേൾക്കാനും തുടങ്ങി. എന്തോ പന്തികേട് തോന്നി, ഷാപ്പിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്ന താൻ സ്തംഭിച്ചു പോയി.. കുറെ കശ്മലന്മാരുടെ ഇടയിൽ മോളിരിക്കുന്നു..അവളുടെ തോളിൽ ഏതോ ഒരു ചെറുപ്പക്കാരന്റെ കൈചുറ്റിപ്പിടിച്ചിട്ടുണ്ട് മറുകൈയ്യിൽ കള്ള് നിറച്ച ഗ്ലാസും അതവളുടെ ചുണ്ടിലേക്ക് അടുപ്പിക്കുന്നു. മറ്റുള്ള ആണുങ്ങളും പെണ്ണുങ്ങളും തലക്ക് ലഹരിപിടിച്ച‌ പാട്ടും കൊട്ടുമായി അകമ്പടി. ഇതെല്ലാം കണ്ട് കൊണ്ട് രസിച്ചു അവളുടെ അച്ഛനും.. തനിക്ക് ബോധം നഷ്ടപ്പെട്ട പോലെയാണ്, പിന്നെ നടന്നതൊക്കെ.. അപ്രതീക്ഷിതമായി തന്നെക്കണ്ടമാത്രയില് പാട്ട് പെട്ടെന്ന് നിന്നു.. ആ തക്കത്തിൽ അയാളെ ആഞ്ഞടിച്ചു.. ലഹരിയിൽ കുതിർന്ന അവരിൽനിന്നും മോളെ പിടിച്ച് മാറ്റി. ചെറിയൊരു മൽപ്പിടിത്തത്തിന് ശേഷമാണ്  വീട്ടിലേക്ക് പോകാൻ കഴിഞ്ഞത്... പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുന്ന ഒരു കെണിയിലാണ് അവള് പെട്ടിരിക്കുന്നത് എന്ന് ആ കൂട്ടത്തെ കണ്ടപ്പോൾ ഒരു ഞെട്ടലോടെയറിഞ്ഞു.. ഓർമ്മയിൽ നിന്ന് ഉണർന്നപ്പോൾ ജഡ്ജിയുടെ സ്വരം,  കേസ് അടുത്ത മാസം  പത്താം തിയതിയിലേക്ക് മാറ്റിയിരിക്കുന്നു.. ജഡ്ജിക്ക് പിറകിലായി തൂക്കിയിട്ട ഗാന്ധിജിയുടെ ചിത്രം തന്നെ ദയനീയമായി നോക്കുന്നതു പോലെ.. എന്നാൽ, ഫോട്ടോക്ക് പുറം തിരിഞ്ഞിരിക്കുന്ന ജഡ്ജിക്കോ അത് കാണാനും കഴിഞ്ഞില്ല...

English Summary:

Malayalam Short Story Written by Sreepadam