ADVERTISEMENT

കുത്തനെയുള്ള മലയുടെ മുകളിൽ നിന്ന് വീണ്ടും  മുകളിലേക്ക് നിരങ്ങിക്കയറുന്ന കാർ... സെക്കന്റ് ഗിയറിൽ നിന്ന് ഒന്നിലേക്ക് മാറ്റിക്കയറണം, ഉയരത്തിലേക്കുള്ള റോഡിലാണ് ശ്രദ്ധ മുഴുവൻ, അതോടൊപ്പം പേടിയും.. അടുത്ത സീറ്റിലിരുന്ന് എന്നെ വീക്ഷിക്കുന്ന എന്റെ പ്രിയ ചങ്ങാതി, കൂട്ടത്തിൽ പിന്നിലെ സീറ്റിൽ നിന്ന് ഒരൽപ്പം കളിയാക്കലിന്റെ ചുവയോടെ എന്നെ ചൊടിപ്പിക്കുന്ന മറ്റൊരുത്തി.. ഞാൻ കാർ പെട്ടെന്ന് ഓരത്തേക്ക് ചേർത്ത് നിർത്തിയിട്ട് പറഞ്ഞു, ഇനിയാരാണെന്ന് വെച്ചാ ഓടിച്ചോളിൻ, എനിക്ക് പറ്റില്ലെന്ന്.. വേഗം തന്നെ എന്റെ ചങ്ങാതി സീറ്റിൽ നിന്നിറങ്ങി, എന്നെ മാറ്റി, കാർ ഓടിക്കാൻ തുടങ്ങി, മാത്രമല്ല അതോടെ എന്നെ കളിയാക്കാനും തുടങ്ങി.. കുറച്ച് നേരം മുന്നോട്ട് പോയപ്പോൾ എന്റെ ഭയം വിട്ടകലാൻ തുടങ്ങിയിരുന്നു... കുത്തനെയുള്ള മലകൾ കീഴടക്കാൻത്തന്നെ ഞാനും ഒരുങ്ങി.. അല്ലെങ്കിൽ എന്തിന് പേടിക്കണം, പേടിയെ മറികടന്ന് ഇതുവരെയെത്തിയല്ലോ.. ജോലി മാറ്റം കിട്ടി ഇങ്ങോട്ട് വരുന്നത് വരെ, ഒരു വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞതല്ലെ.. ഉറക്കം വരാതെ, രാത്രിയിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ, ഇരുട്ട്, അതിന്റെ ദംഷ്ട്രകൾ കാട്ടിയെന്നെ പേടിപ്പെടുത്താറുണ്ടല്ലോ... അന്നും എന്നെ ആശ്വസിപ്പിച്ചു കൊണ്ട് ഒരു മന്ത്രമായി നീയല്ലേ എന്റെ കൂടെയുണ്ടായിരുന്നത്.. ഇപ്പോഴുമതുണ്ട്... പിന്നെന്ത് വേണം.. ധൈര്യം വീണ്ടെടുത്ത് ഞാനും ഓടിച്ചു കയറി, നിറുകിലേക്ക്, മലയെ തൊട്ടു നിൽക്കുന്ന ആകാശത്തെ ഒന്ന് തൊടാൻ... ആ പഞ്ഞിക്കെട്ട് കോരിയെടുക്കാൻ...

കുറെക്കാലമായി എവിടെയും പോകാതെ ജോലിയും ഓഫീസും മാത്രമായി, മനസ്സും ശരീരവും മരവിച്ച ഞാൻ എനിക്ക് വേണ്ടി, എന്റെ സന്തോഷം വീണ്ടെടുക്കാനായി എടുത്ത തീരുമാനമാണ് എന്നെ ഇവിടെയെത്തിച്ചത്... ജീവിതം മതിയായെന്ന് എത്രയോ തവണ തോന്നിയതാണ്.. ഇവിടെ വന്നപ്പോൾ ഒരു ഉത്സാഹമൊക്കെ തോന്നുന്നുണ്ട്. ചുറ്റും കാട്.. മലമുകളിൽ നിന്ന് കുതിക്കുന്ന വെള്ളച്ചാട്ടം.. എന്റെ മനസ്സ് പോലെ.. വലിയ മരങ്ങളിൽ കെട്ടി ഉയർത്തിയ വീടുകളിൽ വന്നു പോകുന്ന സഞ്ചാരികൾ, എവിടെയുമെത്താതെ യാത്ര തുടരുന്ന ഞാനും ഒരുപോലെ.."എടോ, ഇനി നമുക്ക് കുറച്ച് നേരത്തേക്ക് നമ്മുടെ കുട്ടിക്കാലത്തിലേക്കൊന്ന് പോയാലോ" കൂട്ടുകാരുടെ ചോദ്യമെന്നെ ചിന്തയിൽ നിന്നുണർത്തി.. എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു... തലേന്ന് വാങ്ങിയ നീന്തൽ ഡ്രസ്സ് ഇട്ടു ഞാനും റെഡിയായി, പോയകാലത്തിലേക്ക് ഊളിയിടാൻ..

നല്ല പച്ചയും നീലയും കലർന്ന വെള്ളം.. കുളത്തിന്റെ അടിഭാഗം വരെ കാണാം.. രണ്ടുനാലു കുട്ടികൾ ചാടിത്തിമിർത്ത് നീന്തുന്നുമുണ്ട്.. കുറെ നേരമായി അവർ കളിക്കുന്നു എന്ന് തോന്നുന്നു, അവരുടെ കണ്ണുകളും ചുമന്ന് കലങ്ങിയിരുന്നു.. അതിന്റെ രസച്ചരട് പൊട്ടിച്ച് കൊണ്ട് ആരോ ഒരു വടിയും കൊണ്ട് അവരോട് കരക്ക് കയറാൻ പറയുന്നുണ്ട്.. അവരോടിക്കയറി... ഞങ്ങളും ഇറങ്ങാൻ തയ്യാറായി.. എത്രയോ കാലമായി ഞാൻ  നീന്തിയിട്ട്.. പണ്ട്, ചെറുപ്പത്തിൽ, അമ്പലക്കുളത്തിൽ ചാടിക്കുളിച്ചതാണ് ഓർമ്മ വരുന്നത്.. അടുത്ത വീട്ടിലെ കുട്ടികളെല്ലാവരും കൂടി ഒരു പോക്കാണ് കുളിക്കാൻ.. പിന്നെ, കുളം കലക്കി, കണ്ണ് ചുമന്ന്, ഒറ്റ ഓട്ടമാണ് വീട്ടിലേക്ക്.. അമ്മ ജോലി കഴിഞ്ഞു വരുമ്പോഴേക്കും വീടെത്തണം. ഇല്ലെങ്കിൽ നല്ല അടികിട്ടും, നീന്താൻ പോയതിന്.. കുളത്തിലെ വെള്ളം വറ്റാൻ തുടങ്ങിയാൽ പിന്നത്തെ യാത്ര പുഴയിലേക്ക്.. കുളത്തിൽ നിന്ന് കുറച്ചൂടെ ദൂരമുണ്ട് പുഴയിലേക്ക്.

പുഴയും കുളവും അമ്പലപ്പറമ്പും ഞങ്ങൾ ഗ്രാമവാസികളുടെ സ്വന്തമായിരുന്നു.. രവിയേട്ടനും സോമൻ ചേട്ടനും കുഞ്ഞെച്ചിയും ആമിനയും സുധയും  സുബൈദയുമൊക്കെ ഒരുമിച്ച് കളിച്ച് കുളിച്ചു നടന്നിരുന്ന ആ നല്ല കാലം... വെള്ളം എന്റെ മേലേക്ക് തെറിപ്പിച്ചു കൊണ്ട് എന്റെ കൂട്ടുകാർ കുളത്തിൽ നീന്തുന്നു.. നല്ല തണുപ്പുള്ള വെള്ളം, ഇറങ്ങാനൊരു മടി.. ആകെ മുങ്ങിയാൽ കുളിരില്ല എന്നാരോ പറയുന്നു.. ഞാനും മുങ്ങി... പറഞ്ഞതും കേട്ടതുമൊക്കെ സത്യം.. തണുപ്പ് എവിടെയോ പോയിരിക്കുന്നൂ.. പിന്നെയങ്ങോട്ടൊരു നീന്തലായിരുന്നു കുട്ടിക്കാലത്തിലേക്ക്... കുന്നിന്റെ മുകളിലൊരു അണക്കെട്ട്.. അതിന്റെ ഒരു വശത്ത് പാർക്കും കളിസ്ഥലവും.. മറുവശം കാടും കാട്ടാറും.. പ്രകൃതിയെ ഇത്തിരിപോലും മുറിവേൽപ്പിക്കാതെ, സഞ്ചാരികളെ ക്ഷണിക്കുന്ന മറ്റൊരു ലോകം.. രണ്ട് മൂന്ന് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നീന്തിയപ്പോൾ ഞാൻ പഴയ നീന്തൽക്കാരിയായി... എന്റെ ചങ്ങാതികളും തലങ്ങും വിലങ്ങുമായി നീന്തിത്തകർക്കുന്നുണ്ട്.. അങ്ങനെ ഞങ്ങളും നഷ്ടബാല്യം തിരിച്ചെടുത്തു, ആവോളം.. കണ്ണ് ചുമന്നുകലങ്ങി.. ദൂരെ സൂര്യനും...

രാത്രി, ഞങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ട് കടന്നു വന്നു. മഞ്ഞും കോടയും മലയെ മൂടി.. താഴെയും മേലെയും നക്ഷത്രക്കൂട്ടങ്ങൾ... ഭൂമിക്കിത്രയും സൗന്ദര്യമോ... രണ്ടു കൈയ്യിലും ഓരോ ഗ്ലാസ് വീഞ്ഞുമായിതാ ഒരുത്തി വരുന്നു.. അവള് അതിലൊന്നെന്നെ  പിടിപ്പിച്ചു...വേണോ വേണ്ടയോ എന്നൊരു നേരം ശങ്കിച്ചെങ്കിലും ഒരു ഗ്ലാസ്സ് ഞാനുമെടുത്തു.. വീഞ്ഞ് മൊത്തിക്കുടിക്കുന്ന ഞാൻ.. പാട്ടും പാടി ആഘോഷിക്കുന്ന കൂട്ടുകാരും.. ഒരൽപ്പ മാറിയാണ് ഞാൻ നിൽക്കുന്നത്.. നനുനനുത്ത കാറ്റെന്നെ തലോടിയോ... പേരറിയാത്തൊരു സുഗന്ധമെന്നെയുഴിഞ്ഞുവോ.. കാറ്റിലലയുന്ന പാട്ടിന് നിന്റെ ശബ്ദമെങ്ങനെ വന്നു.. ഈ ശബ്ദവീചികൾ മറ്റുള്ളവർ കേൾക്കുന്നുണ്ടോ, അതോ എനിക്ക് മാത്രമുള്ള ഗാനമാണോ ഇത്... മധുരമില്ലാത്ത, വീര്യം കൂടിയ വീഞ്ഞ് എന്റെയുള്ളിലെയെന്നെ ഉണർത്തുന്ന പോലെ.. ഞാനും മൂളിയോ..

"പ്രേമ് ദിവാനി ഹു മെം 

സപ്നോം കി റാണി ഹു മെം..

പിച്ച്‌ലേ ജനം സെ തേരി

പ്രേമ് കഹാനി ഹു മേം...

ഹാ ഇസ് ജനം മേ ഭി തൂ 

അപ്നാ ബനാലെ..."

കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ... ഞാൻ കേട്ടത് എന്റെ പാട്ടാണോ അതോ ഞാൻ കാണാത്ത നാട്ടിലിരുന്ന് എനിക്ക് വേണ്ടി നീ പാടിയതോ.. പെട്ടെന്നാണ് കാറ്റടിച്ചു പൊങ്ങിയത്.. താമസിക്കുന്ന മരവീടുകൾ കാറ്റിലുലയുന്നു.. ജന്നലിൽ തൂക്കിയിരുന്ന കർട്ടനുകൾ പറന്നു എങ്ങോ പോയി.. മരവാതിൽ പൊളിഞ്ഞ് താഴേക്ക് പതിക്കാൻ പാകത്തിലായി... നരിച്ചീറുകളും പാറ്റകളും മുറിയിലാകെ പറന്നു നിറഞ്ഞു... കിടക്കയിൽ നിന്നെപ്പരതുന്ന ഞാൻ കണ്ടത്, പാറ്റകൾ മൂടിയ നിന്നെ.. ഞാനലറിക്കരഞ്ഞു.. ശബ്ദം തൊണ്ടയിൽ കുടുങ്ങുന്നു.. മേൽക്കൂര പൊളിഞ്ഞ് ഇപ്പൊ താഴേക്ക്  വീഴുമെന്ന പരുവം.. എന്റെ കരച്ചിൽ ഒന്നൂടെ ഉച്ചത്തിലായി.. ഒരു മരച്ചില്ലയറ്റ് എന്റെ നെഞ്ചിലേക്ക് വീണതും എനിക്ക് വേദന തോന്നി ഞാനൊന്നു ഞരങ്ങിയോ ആവോ.. ഏതോ കൈകളെന്നെ തലോടിയിട്ട് ആശ്വസിപ്പിക്കുന്നു.. പേടിക്കേണ്ട, ഞാൻ കൂടെയുണ്ടല്ലോ.. സുഖമായി ഉറങ്ങൂ എന്ന്.. നീയെപ്പോഴാണ് ഇങ്ങോട്ട് വന്നത്... അതോ നുണഞ്ഞ വീഞ്ഞ് നിന്നെ എന്നിലേക്ക് എത്തിച്ചതാണോ.. മനസ്സിന്റെ ഓരോരോ തേരോട്ടങ്ങൾ...

English Summary:

Malayalam Short Story Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com