'വഴിയില് വെച്ച് പരിചയപ്പെട്ടവൻ വണ്ടിയും കൊണ്ട് മുങ്ങി', ബാച്ചലേഴ്സ് യാത്രക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം
Mail This Article
80 കളിൽ നടന്ന ഒരു സംഭവകഥയാണിത്. തൃശൂര് പലതരം ബിസിനസ് ചെയ്യുന്ന ബാച്ചിലേഴ്സ് ഫ്രണ്ട്സ് എട്ടുപേർ ഒറ്റദിവസത്തെ ഒരു വിനോദയാത്രയ്ക്ക് പ്ലാനിട്ടു. നാലുപേർ ഒരു ഫിയറ്റ് കാറിലും ഈരണ്ടു പേർ രണ്ട് സ്കൂട്ടറുകളിലും ആയി രാവിലെ യാത്ര തുടങ്ങുക. മലമ്പുഴ എത്തി കാഴ്ചകളൊക്കെ കണ്ടു അവിടെ വൈകുന്നേരം ലൈറ്റുകൾ തെളിയിക്കുന്നതോടെ, ആ ഭംഗി കൂടി ആസ്വദിച്ച് ഒരു ഏഴ് ഏഴരയോടെ അവിടുന്ന് തിരിച്ചു പുറപ്പെടുക ഇതായിരുന്നു പ്ലാൻ. കാറിന്റെ ഡിക്കിയിൽ അത്യാവശ്യത്തിന് ഭക്ഷണവും വെള്ളവും ജ്യൂസും ഒക്കെ കരുതിയിരുന്നു. എട്ടുപേർ ഉല്ലാസമായി മലമ്പുഴ കാണുന്നതിനിടയിൽ പാലക്കാട് നിന്ന് വന്ന രണ്ടു പേർ ഇവരെ പരിചയപ്പെടാൻ എത്തി. പത്താം ക്ലാസ്സിലും കോളജിലും പഠിക്കുന്ന ആ കുട്ടികളെ കൂടി ഇവരുടെ കൂട്ടത്തിൽ കൂട്ടി ഇവരുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും നൽകി, വിലാസവും കൈമാറി.
വൈകുന്നേരമായപ്പോൾ പത്താം ക്ലാസുകാരന് സ്കൂട്ടർ ഓടിക്കാൻ ഒരു മോഹം. ഒരു മടിയും കൂടാതെ ബാച്ചിലേഴ്‌സ് സ്കൂട്ടർ കൊടുത്തു. പയ്യൻ അവിടെയൊക്കെ സ്കൂട്ടർ ഓടിച്ചു പഠിക്കുന്നുണ്ടായിരുന്നു. എല്ലാവരും കൂടി തൂക്കുപാലത്തിലേക്ക് കയറി ഏകദേശം പറഞ്ഞുറപ്പിച്ച തിരിച്ചു പോകേണ്ട സമയം ആയപ്പോഴാണ് സ്കൂട്ടർ ഓടിച്ചു കൊണ്ടിരുന്ന പയ്യനെ കാണാനില്ല എന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാക്കി എട്ടു പേരും കൂടി ഇവന്റെ കൂട്ടുകാരനെ മുറുകെ പിടിച്ചു. സ്കൂട്ടറും കൊണ്ട് പയ്യൻ മുങ്ങിയത് ആണോ എന്നും സംശയമായി. എല്ലാവരും കൂടി കാറും കൈവശമുള്ള ഒരു സ്കൂട്ടറും എടുത്തു മലമ്പുഴ പാർക്ക് മുഴുവൻ തെക്കുവടക്ക് ഓടിച്ചു പയ്യനെ അന്വേഷിച്ചു. പയ്യനെ മാത്രം കാണാനില്ല. അവസാനം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കണ്ടു കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറയുന്നു "ഈ പയ്യൻ ഒരു പെണ്ണിനെയും കുഞ്ഞിനെയും തട്ടി മറിച്ചിട്ടു അവനെയും പെണ്ണിനെയും കുഞ്ഞിനെയും ഞങ്ങൾ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ടിരിക്കുകയാണ്. സ്കൂട്ടർ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്." എന്ന്.
"ഞങ്ങൾ തൃശ്ശൂർക്കാർ ആണ്. ഞങ്ങൾക്ക് ഇവരെ യാതൊരു പരിചയവുമില്ല, ഇന്ന് രാവിലെ ഇവിടെ വച്ച് പരിചയപ്പെട്ടതാണ്. ഇവർ ഇവിടെയടുത്ത് പാലക്കാട്ടുനിന്ന് ഉള്ളവരാണ്. ഞങ്ങളുടെ സ്കൂട്ടർ വിട്ടുതാ, ഞങ്ങൾ പോകട്ടെ." എന്നൊക്കെ പൊലീസുകാരനോട് പറഞ്ഞിട്ടും പൊലീസുകാർ സമ്മതിക്കുന്നില്ല. കുറെ കഴിഞ്ഞ് പെണ്ണും കുട്ടിയും ഈ പയ്യനും കൂടി വന്നു. "അവർക്ക് നഷ്ടപരിഹാരം കൊടുക്കണം. മാത്രമല്ല ഈ രണ്ടു പയ്യന്മാരെ ഇനി നിങ്ങളുടെ കൂടെ വിടാൻ പറ്റില്ല. നിങ്ങൾ തടിയന്മാർ ഈ കുട്ടികളെ പോകുന്നവഴിക്ക് ഉപദ്രവിച്ചാലോ അതുകൊണ്ട് രണ്ടു കുട്ടികളുടെയും രക്ഷകർത്താക്കൾ വന്ന് അവരെ ഇവിടെ നിന്ന് കൊണ്ടുപോകണം. ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ലാത്ത കാലം. എല്ലാവരും പൊലീസ് സ്റ്റേഷനിൽ വെയിറ്റ് ചെയ്യാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. എസ്.ഐ പാലക്കാട് പോയിരിക്കുകയാണ്. അദ്ദേഹം എത്തിയിട്ടേ എന്തെങ്കിലും ചെയ്യാൻ പറ്റൂ" എന്ന്.
രാത്രി എട്ടുമണി ആയപ്പോൾ പൊലീസുകാർ ഏതായാലും എല്ലാവർക്കും ഭക്ഷണം വാങ്ങി കൊടുത്തു. എസ്.ഐ വന്നപ്പോൾ മണി ഒമ്പതര. പത്താം ക്ലാസുകാരൻ പയ്യന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് അച്ഛനെ വരുത്തി. മകനെ കാണാതെ തീ തിന്ന അദ്ദേഹം വന്ന വഴിക്ക് ബാച്ചിലേഴ്സിന്റെ മെക്കിട്ട് കയറാനും തല്ലാനും ഒക്കെയുള്ള പുറപ്പാടാണ്. ജീവിതത്തിൽ സൈക്കിൾ മാത്രം ഓടിച്ചിട്ടുള്ള അയാളുടെ മകന് എന്തിനു സ്കൂട്ടർ കൊടുത്തു? എട്ട് പേരുടെ പേരിലും കേസ് ചാർജ് ചെയ്യണം സാർ എന്നും പറഞ്ഞ് ഒരു ബഹളം. പിന്നെ എസ്.ഐ. നല്ലവാക്കു പറഞ്ഞ് ഒതുക്കി പയ്യന്മാരെ രക്ഷകർത്താക്കളെ ഏൽപ്പിച്ചു. വലിയ പരിചയമില്ലാത്തവരുമായി ഇങ്ങനെ ചങ്ങാത്തത്തിൽ ഏർപ്പെടരുത് എന്നൊരു താക്കീത് ബാച്ചിലേഴ്‌സ്നും കൊടുത്ത് അവരെയും യാത്രയാക്കി. പത്തുമണി ആയപ്പോൾ സ്കൂട്ടർ വിട്ട് കിട്ടി.
സ്കൂട്ടറിലും കാറിലുമായി എല്ലാവരും യാത്ര പുറപ്പെട്ടു. പയ്യൻ ഓടിച്ചു പഠിച്ചിരുന്ന സ്കൂട്ടർ കുറച്ചു കഴിഞ്ഞപ്പോൾ പെട്രോൾ തീർന്നു, വണ്ടി നിന്ന് പോയി. വീണ്ടും എല്ലാവരും അടുത്തടുത്ത് വണ്ടി പാർക്ക് ചെയ്ത് ആലോചനയായി. വിജനപ്രദേശത്ത് സ്കൂട്ടർ പൂട്ടി വെച്ച് വരാൻ ഒന്നും പറ്റില്ല. രണ്ടുപേർ കാറിൽ പോയി തൃശൂർ എത്തി ഒരു ക്യാനിൽ പെട്രോൾ വാങ്ങി കൊണ്ടുവന്ന് യാത്ര തുടരാം എന്ന് തീരുമാനമായി. ആറു പേരും കൂടി വിജനപ്രദേശത്ത് നിന്നു. രണ്ടുപേരുംകൂടി വേഗം കാറോടിച്ചു വരികയാണ്.അപ്പോൾ ആണ് കഥയിലെ അടുത്ത ട്വിസ്റ്റ്. ഒരു ലോറിയും ബൈക്കും കൂട്ടിയിടിച്ച് നാട്ടുകാരൊക്കെ കൂടി. രണ്ട് ഡ്രൈവർമാരെയും ആശുപത്രിയിൽ ആക്കാൻ നോക്കിനിന്ന നാട്ടുകാരുടെ മുമ്പിലേക്ക് ആയിരുന്നു ഇവരുടെ കടന്നുവരവ്. എന്തെങ്കിലും പറയാൻ വാ തുറക്കുന്നതിനുമുമ്പ് കാറിന്റെ ബാക്ക് ഡോർ തുറന്ന് രണ്ട് ഡ്രൈവര്‍മാരെയും നാട്ടുകാര് ഇവരുടെ കാറിൽ കയറ്റി, നേരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് വിട്ടോ എന്ന് പറഞ്ഞു.
അവരെ ആശുപത്രിയിലാക്കി, ഡോക്ടർ വന്ന് നോക്കി അവരുടെ വീട്ടുകാരെ വിവരം അറിയിച്ച്, പൊലീസ് വന്ന് കേസെടുത്ത്, ഇവരെ സാക്ഷികളാക്കി ഒപ്പ് വാങ്ങി, ഇവർ സ്വതന്ത്രർ ആയപ്പോൾ രാത്രി മണി രണ്ട്. ക്യാനിൽ പെട്രോളും വാങ്ങി തിരികെ എത്തിയപ്പോൾ ബാക്കി ആറു പേരും വിജനപ്രദേശത്ത് ഉടുമുണ്ട് വിരിച്ച് കിടന്ന് ഉറക്കം ആയി. എല്ലാവരെയും തട്ടിയുണർത്തി പെട്രോൾ ഒക്കെ സ്കൂട്ടറിൽ ഒഴിച്ച് വഴിയിൽ നടന്ന സംഭവ കഥകൾ ഒക്കെ പറഞ്ഞു തിരികെ വീട്ടിലെത്തിയപ്പോൾ രാവിലെ മണി ആറ്. പിറ്റേന്ന് പിന്നെ ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരും പള്ളിയിൽ പോലും പോകാതെ ഉറക്കത്തോട് ഉറക്കം. അങ്ങനെയൊരു പുലിവാൽ യാത്ര.
യാത്ര ചെയ്യുമ്പോൾ അപരിചിതരോട് അധികം ചങ്ങാത്തത്തിന് പോയാൽ ഉണ്ടാകാൻ പോകുന്ന വിപത്തിനെക്കുറിച്ച് ബാച്ചലേഴ്‌സിന് പിന്നീട് കല്യാണം കഴിച്ചു കുഞ്ഞുകുട്ടി കുടുംബവുമായി ജീവിച്ചപ്പോൾ മറക്കാനാകാത്ത നല്ല ഒരു പാഠം ആയിരുന്നു ഇത്.