ADVERTISEMENT

അന്ന് പ്രതീക്ഷ തിയറ്ററിൽ ഞായറാഴ്ച്ച പ്രദർശനത്തിനു ആൾക്കാർ കുറച്ചു കൂടുതലുണ്ടായിരുന്നു. സിനിമ തീർന്നതിന് ശേഷം  പതിയെയുള്ള പശ്ചാത്തല സംഗീതത്തിന്റെ പിൻബലത്തിൽ സംവിധായന്റെ പേര് വലിയ അക്ഷരത്തിൽ എഴുതികാണിച്ചു. വർത്തമാനകാല യാഥാർഥ്യത്തിലേക്ക് പൂർണമായി മനസ്സ് തിരികെ കൊണ്ട് വരാൻ മടിക്കുന്ന മുഖഭാവങ്ങളുമായി ആൾക്കാരുടെ വലിയ കൂട്ടം സ്ക്രീനിൽ ഇടക്കണ്ണിട്ട്, വ്യക്തമായി കാണാത്ത പടികളിലൂടെ വരിവരിയായി പുറത്തേക്ക് നീങ്ങിതുടങ്ങി. സീറ്റുകൾ ഏകദേശം കാലിയായിട്ടും സ്ക്രീനിലേക്ക് ആകാംഷയോടെ കണ്ണും നട്ടിരിക്കുന്ന നാലു പേരടങ്ങുന്ന ഒരു കുടുംബം മാത്രം എഴുന്നേറ്റില്ല. അച്ഛാ..!! ദേ നോക്ക്.! എന്റെ പേര് നോക്ക്! രണ്ടാമത്തെ നിരയിൽ! തൊട്ടടുത്ത സീറ്റിൽ നിന്നു തന്റെ ചെവിയിലെന്നപോലെയുള്ള ഹേമന്തിന്റെ ആഹ്ലാദശബ്ദം കേട്ടാണ് ശ്രീധരൻ മാഷ് സിനിമയുടെ ഹാങ്ങോവറിൽ നിന്നു വിമുക്തനായത്. സ്ക്രീനിലൂടെ കടന്നുപോകുന്ന പേരുകൾക്കിടയിൽ ചിത്രസംയോജനസഹായികൾ - ഹേമന്ത് ശ്രീധരൻ എന്ന പേര് അവ്യക്തമായി ശ്രീധരൻ മാഷ് കണ്ടു.

കണ്ണട ഊരി വെള്ളമുണ്ടിന്റെ കോണിൽ ഒന്നുരച്ചു വീണ്ടും വച്ചപ്പോൾ അത് അയാൾക്ക് ഒന്നൂടി വ്യക്തമായി, ശ്രീധരന്റെ കണ്ണുകൾ വിടർന്നു. അയാളുടെ ചുണ്ടിന്റെ അറ്റത്ത് പൂർത്തിയാകാത്ത ഒരു ചെറുപുഞ്ചിരി വന്നു നിന്നു. അയാൾ പതിയെ ഹേമന്തിന്റെ ചുമലിൽ അഭിമാനത്തോടെ കൈയ്യമർത്തി. അതിനേക്കാൾ കൂടിയ സന്തോഷാവസ്ഥ തന്നെയായിരുന്നു അമ്മ ലക്ഷ്മിക്കുട്ടിക്കും, അനിയത്തി വന്ദനക്കും, മൂന്ന്പേരുടെയും മുഖത്തു നിറഞ്ഞു നിന്ന സന്തോഷം ശ്രദ്ധിച്ചുകൊണ്ട് ശ്രീധരൻ മാഷ് ഹേമന്തിനോട്‌ പതിയെ പറഞ്ഞു. കൊള്ളാം!. ഇടയ്ക്ക് ഇതിനും സമയം കണ്ടെത്തുന്നതിൽ തെറ്റില്ല. ഇത് സ്വപ്നം, അത് ഭാവി. ശ്രദ്ധിക്കണം. മനസ്സിലാക്കണം. ശ്രീധരന്റെ മുഖത്ത് സമ്മിശ്ര ഭാവങ്ങൾ നിറഞ്ഞു. അച്ഛനെ നോക്കി ശരി എന്നു വക്കുന്ന രീതിയിൽ പതിയെ തലയനക്കിയപ്പോൾ ചെറിയൊരു നിസ്സംഗത അവന്റെ മുഖത്ത് മിന്നിമറഞ്ഞു. പേരുകളുടെ സഞ്ചാരം പൂർണമായി നിലച്ചു. പതിയെ ഇരുട്ടിലേക്ക് പോകുന്ന ആ വലിയ സ്ക്രീനിന്റെ നിഷ്പ്രഭ അവന്റെ കണ്ണിൽ പതിയെ പ്രതിഫലിക്കാൻ തുടങ്ങിയിരുന്നു.

സിനിമ കഴിഞ്ഞെല്ലാവരും തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും രാത്രി തുടങ്ങിയിരുന്നു. പുതുക്കിപ്പണിത ആ വലിയ നാലുകെട്ടിന്റെ മുന്നിലെ വിശാലമായ പറമ്പിലേക്ക് ശ്രീധരൻമാഷ് ഒരു ടോർച്ചുമെടുത്തു നടന്നു. 'ഇരിഞ്ഞിയിൽ' എന്ന് വലിയ അക്ഷരങ്ങളിൽ കൊത്തുപണി ചെയ്ത വീട്ടുപേരിന്റെ മുകളിൽ തല പോയ ഒരു കവുങ്ങിന്റെ നിഴൽ വന്നു പാതിമറച്ചു. മണ്ണിലേക്ക് മാറ്റി നടാൻ ആർക്കോ വേണ്ടി കാത്തിരുന്നു വാട്ടംതട്ടി തലതാണുപോയ മുളപ്പിച്ച പയറു തൈകൾ നിറഞ്ഞ ചട്ടികൾ വരിവരിയായി കിടന്നു ദീർഘനിദ്രയിലാണ്ടു. പണ്ടെങ്ങോ കടയിൽ നിന്ന് കൃഷിയാവശ്യത്തിന് മേടിച്ച വേപ്പിൻപിണ്ണാക്കും, എല്ലുപൊടിയും മിശ്രണം ചെയ്ത ചാക്ക്കെട്ട് അയാളുടെ ശ്രദ്ധയിൽ പെട്ടു. കാലദൈർഘ്യം കൊണ്ട് കീറിതുടങ്ങിയ ചാക്ക്കെട്ട് പറമ്പിന്റെ മൂലയിലേ ചായ്‌പ്പിലേക്ക് മാറ്റിവച്ചതിന് ശേഷം അയാൾ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. ഉമ്മറത്തെ ശ്രീധരൻ മാഷ് ഇരിക്കാറുള്ള ചാരുകസേരയിലിരുന്നു മലയാള പദ്യം ആവർത്തിച്ചു പാരായണം ചെയ്ത് പഠിക്കുകയായിരുന്നു ആ സമയം വന്ദന.

മാവു വെട്ടുന്ന തൊടിയിൽ മൂങ്ങ മൂളുന്നൊരന്തിയിൽ... പെട്ടെന്ന് തന്നെ അവൾ ശബ്ദം നിർത്തി. അടുത്ത വരികൾ വെറുതെയൊന്നു ധൃതിയിൽ കണ്ണോടിച്ചു അവൾ പേജ് മറിച്ചു. ഉമ്മറത്തേക്ക് കയറി വന്ന ശ്രീധരൻമാഷ് അത് ശ്രദ്ധിച്ചു. അതെന്താ വന്ദനേ ആ വരികൾ പൂർത്തിയാകാതെ വിട്ടുകളഞ്ഞേ.. ഒന്നുമില്ല അച്ഛാ.. മനസിന്റെ സ്വസ്ഥത പോകുന്ന പോലെ.. ആ ഭാഗം മാത്രം വായിക്കുമ്പോൾ. വന്ദനയുടെ മുഖത്ത് ചെറിയൊരു വല്ലായ്മ നിറഞ്ഞു. ശ്രീധരൻ പതിയെ ചിരിച്ചു. മരണം പ്രകൃതി നിയമത്തിനപ്പുറം പച്ചയായ ഒരു യാഥാർഥ്യം അല്ലെ മോളെ. നാളെ എന്റെ മുന്നിലും നിന്റെ മുന്നിലും എല്ലാവരുടെ മുന്നിലും എത്തിപ്പെടുന്ന യാഥാർഥ്യം. അതിനെ ഉൾക്കൊണ്ടാൽ മതി. പേടിക്കേണ്ട കാര്യമില്ല. ശൈശവത്തിലും, യൗവനത്തിലും, അതൊക്കെ കഴിഞ്ഞ് അവസാനം മരണത്തിലും ദീപം കൂടെത്തന്നെ സാക്ഷിയായുണ്ട് എന്നു കവി ഓർമിപ്പിക്കുന്നു. അതിനപ്പുറം അതിൽ കൂടുതൽ ചിന്തിച്ചു കൂട്ടേണ്ടതൊന്നുമില്ല. കേട്ടോ.. ശ്രീധരൻ ഒരു കരുതൽ പോലെ സ്നേഹത്തോടെ പറഞ്ഞു നിർത്തി.. അച്ഛന്റെ ആ വാക്കുകൾ വന്ദനയുടെ മനസ്സ് തണുപ്പിക്കുന്നതായിരുന്നു.

"മാവ് വെട്ടുന്ന തൊടിയിൽ.. മൂങ്ങ മൂളുന്നൊരന്തിയിൽ..

കോടി വസ്ത്രം മൂടിയിട്ട തലക്കൽ സാക്ഷിയായി നിന്നതും ദീപം തന്നെ..."

അവൾ വീണ്ടും പദ്യം ആവർത്തിച്ചു പാരായണം ചെയ്യാൻ തുടങ്ങി. അതെ സമയം തീൻ മേശയിൽ ഭക്ഷണം എടുത്തു വക്കുകയായിരുന്നു ലക്ഷ്മിക്കുട്ടി. അതിനിടയിൽ നടന്നു വരുന്ന ശ്രീധരനെ തിരിഞ്ഞു നോക്കിയതിനു ശേഷം അവർ വീണ്ടും പണി തുടർന്നു. നല്ല സിനിമയായിരുന്നല്ലേ ശ്രീധരേട്ടാ... മോൻ പറയുമ്പോൾ ഞാൻ ഇത്രേം കരുതിയില്ല. ലക്ഷ്മിക്കുട്ടിയുടെ മുഖത്ത് അഭിമാനവും, സന്തോഷവും നിറഞ്ഞിരുന്നു. ശ്രീധരൻ അതെ എന്ന അർഥത്തിൽ നീട്ടി മൂളിക്കൊണ്ട് പതിയെ തലകുലുക്കി. പല ആംഗിളിലും ക്യാമറ വച്ചെടുക്കുന്ന ഈ സിനിമയുടെ സീൻസൊക്കെ ആദ്യം നാല് മണിക്കൂറിൽ കൂടുതലുണ്ടാകുമത്രെ!.. പിന്നെ വെട്ടീം മുറിച്ചും അതീന്ന് ഏറ്റവും അനുയോജ്യമായത് മാത്രമെടുത്ത്, കൂട്ടിവച്ചു അവസാനം രണ്ടര മണിക്കൂറോളം വരുന്ന കാമ്പുള്ള ഒരൊറ്റ വീഡിയോ ഉണ്ടാക്കി എടുക്കുന്നത് സമ്മതിക്കേണ്ട കാര്യം തന്നല്ലേ! ലക്ഷ്മിക്കുട്ടി തനിക്ക് തോന്നിയ അത്ഭുതവും, അഭിമാനവും മറച്ചു വച്ചില്ല. ഇതൊക്കെ താൻ എവിടുന്നു പഠിച്ചെടുത്തെടോ!. ശ്രീധരൻ തെല്ലതിശയത്തോടെ ലക്ഷ്മികുട്ടിയെ നോക്കി. മോന്റെ വായിന്നു ഇത്തരം കാര്യങ്ങൾ അല്ലെ വീഴുക. അങ്ങനെ കുറച്ച് കേട്ട് മനസ്സിൽ കേറി..

അതിരിക്കട്ടെ, നിങ്ങൾ രാവിലെ എപ്പോഴാ ഇറക്കം?. അവർ ചോദ്യഭാവത്തിൽ ഭർത്താവിനെ നോക്കി. മ്മ്..  രാവിലെ തന്നെ ഇറങ്ങണം, പാർട്ടി സെക്രട്ടറി അച്യുതനെ കണ്ട് ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്, അത് കഴിഞ്ഞ് ഡിഎൻപി യുടെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെറിയൊരു പരിപാടി. പിന്നെ കുഞ്ഞു അധ്യക്ഷപ്രസംഗം, അവസാനം ചെറിയൊരു സമ്മാനദാനം. ശ്രീധരൻ പറഞ്ഞു നിർത്തി. റിട്ടയർ ആയിട്ട് 3 വർഷം ആയിട്ടും നിങ്ങൾക്ക് വിശ്രമം പറഞ്ഞിട്ടില്ല എന്ന് ദൈവം തീരുമാനിച്ചതാണെന്ന് തോന്നുന്നു. ജനസേവനം ഒക്കെ നല്ലതുതന്നെ.. എന്നാലും.. ഞാൻ ഒന്നും കൂടുതൽ പറയുന്നില്ല. എന്ത് വേണേലും ചെയ്തോളു. ലക്ഷ്മിക്കുട്ടി പരിതപിച്ചു. അത് കേട്ടത്തോടെ ശ്രീധരൻമാഷ് ഭാര്യയുടെ അടുത്ത് വന്നു. അവരുടെ ചുമലിൽ കൈ വച്ചു. വിശ്രമത്തിനു മുൻപ് ചെയ്യാനുള്ളത് ചെയ്ത് തീർക്കണ്ടേ ലക്ഷ്മിക്കുട്ടി. എന്നാലല്ലേ പിന്നീടത് കൂടുതൽ സുഖവിശ്രമമാക്കി നമുക്ക് ആസ്വദിക്കാൻ പറ്റുക.. അതിപ്പോ ശരീരത്തിനായാലും, മനസ്സിനായാലും. സമയമുണ്ടല്ലോ!!. നോക്കാം. ലക്ഷ്മികുട്ടിയുടെ മുഖ ഭാവം ശ്രദ്ധിക്കാതെ എന്തോ ചിന്തിച്ചു കൊണ്ടയാൾ പതിയെ കിടപ്പുമുറിയിലേക്ക് നടന്നു.

പിറ്റേന്ന് അതിരാവിലെ തന്നെ എരൂരിലേക്ക് പോകാൻ കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ എത്തിയിരുന്നു ശ്രീധരൻ മാഷ്. ഒഴിഞ്ഞൊരു സീറ്റിലിരിക്കാൻ ശ്രമിക്കവേ അബദ്ധവശാൽ അദേഹത്തിന്റെ കണ്ണട ഊർന്നു നിലത്തു വീണു. അതെവിടെ എന്നു നോക്കുമ്പോഴാണ് അപ്രതീക്ഷിതമായി ബസ്സിൽ കയറിയ ഒരു ചെറുപ്പക്കാരൻ അതെടുത്തു അയാൾക്ക് നേരെ നീട്ടിയത്. താങ്ക്സ്. ശ്രീധരൻ അയാളുടെ നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തോളിൽ തൂക്കിയ വലിയ ബാഗ് ഒന്ന് മുകളിലേക്ക് വലിച്ചിട്ടു അയാൾ തിരിച്ചും പുഞ്ചിരിച്ചു. കണ്ണട ഒന്നുറപ്പിച്ചു വച്ചതിനു ശേഷം ശ്രീധരൻ അയാളെ ഒന്നുകൂടി നോക്കി. "ഹാഷിം അല്ലെ.. ചെറുതാഴം സ്കൂളിൽ ഞാൻ പഠിപ്പിച്ച.." ശ്രീധരൻ ചെറിയൊരു സംശയത്തോടെ അയാളോട് ചോദിച്ചു. "അതെ.. ഹാഷിം അബൂബക്കർ.." ഒരു പുഞ്ചിരിയോടെ ഉത്തരം കൊടുത്തതിനു ശേഷം അയാൾ ബസ്സിൽ ഒഴിഞ്ഞ സീറ്റുകളുണ്ടോന്ന് ഒന്ന് കണ്ണോടിച്ചു നോക്കി. ശ്രീധരന്റെ മുഖത്ത് ചെറിയൊരു സന്തോഷം വിടർന്നു. "നീ ന്താ പിന്നെ മാറി നിക്കുന്നെ.. ഇവിടെ ഇരിക്ക്." അയാൾ തന്റപ്പുറമുള്ള സീറ്റിലേക്ക് നീങ്ങിയിരുന്നുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും ബസ് മെല്ലെ മുന്നോട്ട് നീങ്ങിതുടങ്ങിയിരുന്നു. രാവിലെയായത് കൊണ്ട് തന്നെ തിരക്ക് കുറവായിരുന്നു ബസ്സിൽ. പല തരം ചിന്തകളിലും, വ്യാകുലതകളിലും, സ്വപ്നങ്ങളിലും, സന്തോഷനുഭവങ്ങളിലും മനസ്സിറക്കി സ്വയം മറന്നിരിക്കുന്നവരായിരുന്നു ആ ബസ് യാത്രയിൽ കൂടുതൽ പേരും. അവരെയൊന്നു ശ്രദ്ധിച്ചുകൊണ്ട് ഹാഷിം ഓടിയകലുന്ന പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. "ഹാഷിം ഇപ്പോൾ എന്ത് ജോലിയാ ചെയ്യുന്നേ.." ശ്രീധരൻമാഷിന്റെ ചോദ്യം അയാളെ ചില ചിന്തകളിൽ നിന്നുണർത്തി. അയാൾ ബാഗ് തൊട്ടുകാണിച്ചു. "അച്ചാർകുപ്പികളാണ് മാഷേ.. ഓർഡർ എടുത്ത് ആവശ്യമുള്ള കുറച്ച് കടകളിൽ  എത്തിക്കും. പിന്നെ എം എസ് സി കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഒരു ജോലി നോക്കുന്നുണ്ട്." അയാൾ പുഞ്ചിരിച്ചു. ശ്രീധരൻ മാഷിന്റെ മുഖത്ത് ചെറിയൊരതിശയം വിരിഞ്ഞു. "നിങ്ങളിപ്പോഴത്തെ ചില ചെറുപ്പക്കാർ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു.. പണ്ട് പഠിപ്പിച്ച പലരും ഇന്ന് വലിയ സംരംഭകർ ആണ്.. നല്ലത് തന്നെ." അയാൾ പറഞ്ഞു നിർത്തി. 

ഹാഷിമിന്റെ മുഖത്ത് വ്യക്തമല്ലാത്ത ഒരു ഭാവം വന്നു. മറുപടി എന്ന നിലയിൽ അയാൾ തലയൊന്നനക്കി പതിയെ പറഞ്ഞു തുടങ്ങി. "ഇരിഞ്ഞിയിൽ ശ്രീധരൻമാഷിന്റെ പ്രസംഗം ഞാൻ പലയിടത്തുന്നും പണ്ട് ചിലപ്പോൾ ശ്രദ്ധിക്കാറുണ്ട്. നാലാൾ കവലകളിലും, പാർട്ടി സമ്മേളന പരിപാടികൾ ടീവിയിൽ വരുമ്പോഴൊക്കെ ഈ മുഖം കാണാനും, പറയുന്നത് എന്തെന്ന് ശ്രദ്ധിക്കാനും ഞാൻ സമയം കണ്ടെത്തി.. വേദികളിൽ മാഷിന്റെ തുറന്ന കാഴ്ചപ്പാട് മറ്റുപലരെ പോലെ പുതിയ അവബോധം ഉണ്ടാക്കാൻ എന്നെപോലുള്ള ചെറുപ്പക്കാരെ സഹായിച്ചിട്ടുണ്ട്. പക്ഷേ... ഈയടുത്ത് മുതൽ എന്റുള്ളിലേക്ക് മാഷ് വേദികളിൽ പറയുന്ന അക്ഷരക്കൂട്ടങ്ങൾ കയറാറില്ല. മാഷിന്റെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന ചില പാർട്ടി സൂക്തങ്ങളുടെ കടന്നുവരവുകൾ എന്റെ യുക്തിക്കു ചേരാത്തതായി സ്വയം തോന്നിയതും അതിനൊരു കാരണമായിരുന്നു. എന്റെ മുന്നിലുള്ള അദൃശ്യമായ ഒരു ചില്ല് ഗ്ലാസ്സിൽ തട്ടിതെറിച്ചു മാഷിന്റെ വാക്കുകളൊക്കെ എവിടൊക്കെയോ ചിന്നിചിതറിപ്പോകും." ഹാഷിം ഒന്ന് നിശ്വസിച്ചു.

എന്തോ ഒന്ന് ചിന്തിച്ച ശേഷം അയാൾ വാക്കുകൾ തുടർന്നു. "പണ്ട് മാഷ് ക്ലാസ്സിൽ പഠിപ്പിച്ച ഒരു കാര്യമുണ്ട്. ആശയവിനിമയചാതുര്യവും, ചാരുതയും ഉണ്ടാവാൻ ആദ്യം വേണ്ടത് ആത്മാർഥത ആണെന്ന്. മനസ്സിൽ തട്ടാതെ പറയുന്ന ഒരു കാര്യവും കേൾവിക്കാരനിൽ എത്തില്ല എന്നും, വാക്കുകൾ അല്ല.. മനസ്സാണ് മനസിനെ സ്പർശിക്കുന്നത് എന്നും." ഹാഷിം പറയുന്ന വാക്കുകൾ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു ശ്രീധരൻ മാഷ്. അയാളുടെ മുഖത്ത് വന്ന വലിയൊരു ചോദ്യചിഹ്നം ശ്രദ്ധിച്ച ഹാഷിമിന്റെ മുഖത്ത് ചെറിയൊരലിവ് കലർന്ന നിസ്സാരഭാവം വന്നു. "മാഷിന് ഒന്നും മനസ്സിലായിട്ടുണ്ടാകില്ല അല്ലെ.." ഹാഷിം പതിയെ ചിരിച്ചു. "പഠിത്തം കഴിഞ്ഞ് നല്ലൊരു ജോലിക്ക് ഒരുപാട് ശ്രമിച്ചവനാണ് ഞാൻ. ദിവസങ്ങളും മാസങ്ങളും മുന്നിൽ കൂടി കടന്നുപോയത് വളരെ വേഗത്തിനായിരുന്നു.. പണ്ടാരോ പറഞ്ഞ പോലെ The days are long, but the years are short.. അതൊരു യാഥാർഥ്യം തന്നല്ലേ.. അവസാനം ഒരുപാട് ശ്രമത്തിന് ശേഷം ഒരു സർക്കാർ ജോലി തന്നെ ശരിയായി..

ഇവിടുത്തെ ഷിപ്പ്‌യാർഡിലെ ഡെപ്യൂട്ടി മാനേജർ ആയിട്ട്. വീട്ടിലും, കൂട്ടുകാർക്കും എല്ലാർക്കും സന്തോഷം. പഠിച്ചു നേടിയെടുത്ത ജോലിക്ക് ഒരു എക്സ്ട്രാ സന്തോഷം ആയിരുന്നു മാഷേ.. പക്ഷേ അവസാനനിമിഷം ആ മൂന്ന് ഒഴിവുകളിൽ അയോഗ്യരായ മറ്റു ചില പുതിയ ആൾക്കാർ നിയോഗിതരായി. കൂടുതൽ അന്വേഷിച്ചപ്പോൾ പാർട്ടിയിൽ നിന്നുള്ള ചില സമ്മർദ്ദം കാരണം അങ്ങനെ അവർക്ക് ചെയ്യേണ്ടി വന്നു എന്നറിഞ്ഞു. എന്നെപ്പോലെ തന്നെ ആ ജോലിക്ക് അനുയോജ്യമായ മറ്റു രണ്ട് പേരും അവിടെ പൂർണമായും തഴയപ്പെട്ടു.. സമരം ചെയ്യാനോ, കേസിനോ എന്തുകൊണ്ടോ പോകാൻ തോന്നിയില്ല. സാമ്പത്തികമായി അതിനുള്ള ചുറ്റുപാടുമില്ല. അതിന് വേണ്ടി കളയാൻ ഇനി സമയവുമില്ല. പിന്നെ പ്രത്യേകിച്ചു  ഞാൻ ഒരു പാർട്ടിയിലെയും അംഗവുമല്ല.. പണം, പദവി. ഇതിൽ ഒന്നെങ്കിലും ഇല്ലെങ്കിൽ നമ്മുടെ ജനാധിപത്യരാഷ്ട്രം എന്നു വിളിക്കുന്ന രാജ്യത്ത് ഞാൻ അടക്കമുള്ള മനുഷ്യർ വെറും കീടങ്ങളാണ് മാഷേ. അതെത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും. ഹാഷിം പറഞ്ഞു നിർത്തി ദീർഘമായൊന്നു നിശ്വസിച്ചു. എല്ലാം കേട്ട് വല്ലാത്തൊരു ഭാവത്തോടെ ഇരിക്കുകയാരുന്നു ശ്രീധരൻ മാഷ്. 

ബസ്സിന്റെ പുറത്തേക്ക് നോക്കിയതിനു ശേഷം.. ഹാഷിം വീണ്ടും തുടർന്നു. ഷിപ്പ്‌യാർഡിലെ ഒരു ചെറിയ പരിചയക്കാരനിൽ നിന്നും പുതിയ ജോലിക്ക് കയറിയ ആൾക്കാരുടെ പേരിന്റെ ലിസ്റ്റ് അവിചാരിതമായി ഞാൻ കാണാനിടയായിരുന്നു. ഹാഷിം ഒന്ന് നിർത്തി. ഇരിഞ്ഞിയിൽ ഹേമന്ത് ശ്രീധരൻ എന്ന പേരും ഞാനതിൽ വായിച്ചു. ഹാഷിം പതിയെ ചിരിച്ചു. എനിക്ക് മാഷിനോട് ദേഷ്യം ഒന്നുമില്ല.. കാരണം പ്രസംഗവേദികളിൽ അലയൊലിക്കുന്ന പാർട്ടി സൂക്തങ്ങൾക്കിടയിലും, കവലയിൽ ലോട്ടറിക്കട നടത്തുന്ന 90 വയസ്സുള്ള അബ്ദുക്കാന്റെ വീടില്ലാ പ്രശ്നവും, അച്ഛനമ്മമാർ മരിച്ചു പഠിത്തം നിന്നുപോയ എ‌രൂരിലെ 2 കുഞ്ഞു പിള്ളേരുടെ മുന്നോട്ടുള്ള കാര്യത്തിലെ അവ്യക്തതയിൽ ഒരു തീരുമാനം കൊണ്ടുവരാനുമൊക്കെ സർക്കാരിനെ മാഷ് ഓർമിപ്പിച്ചിരുന്നു.. അതുപോലെ പലതും. ഇതിപ്പോൾ സ്വന്തം മകന്റെ കാര്യം അല്ലെ.. സാരമില്ല.. ഹാഷിം അയാളുടെ കൈ മെല്ലെ തൊട്ടു. ശ്രീധരൻ മാഷിന്റെ മുഖം വിവർണ്ണമായിരുന്നു. സദാസമയവും പുറത്തേക്ക് കുതിക്കാൻ അക്ഷരങ്ങൾ തിക്കിതിരക്കാറുള്ള അയാളുടെ നാവ് അന്ന് നിശ്ചലമായി വിശ്രമിച്ചു. ബസ്സ്‌ അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ വലിയ ബാഗുമെടുത്തു ബസ്സിൽ നിന്നിറങ്ങി വേഗത്തിൽ നടന്നു നീങ്ങുന്ന ആ ചെറുപ്പക്കാരനെ ശ്രീധരൻ മാഷ് ഒന്നൂടി നോക്കി. മുണ്ടിന്റെ കോണിൽ തുടച്ചു വൃത്തിയാക്കി, യാതൊരു അടയാളവും ശേഷിക്കാത്ത ആ കണ്ണടയിലൂടെ നോക്കിട്ടും പിടികിട്ടാത്ത ഒരു അവ്യക്തത അയാളുടെ കണ്ണുകളിൽ പതിയെ നിറഞ്ഞു. ഒരു ചെറിയ താത്കാലിക സുഖത്തിനെന്നപോലെ അയാൾ പതിയെ കണ്ണുകൾ അടച്ചു.

English Summary:

Malayalam Short Story ' Swantham Swartham ' Written by Nishad P. V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com