'സഹപാഠിയെ വേദനിപ്പിച്ചു രസിക്കുന്നവൻ', ഒടുവില് ആ പാവം കോമയിലായപ്പോൾ...
Mail This Article
“ടാ ചെറുക്കാ, ഇവിടെ വാടാ”, സുപരിചിതവും നിത്യേനയുള്ളതുമായ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി. സ്കൂളിൽ അസംബ്ലി സമയത്ത് അവന്റെ ക്ലാസ്സിന്റെ വരിയിൽ മുമ്പിൽ തന്നെയാവും അവന് സ്ഥാനം. കുർണി എന്നാണ് എല്ലാവരും അവന് പേർ നൽകിയിരുന്നത്. കുർണി എന്നാൽ പൊക്കം കുറഞ്ഞവൻ. അതാ പിന്നിൽനിന്നും പതിവ് പോലെ അതിക്രൂരനായ അജിത്ത് തന്റെ ചൂണ്ടു വിരൽ കാട്ടി വിളിക്കുന്നു. എലിയെ വേഗം കൊന്നു തിന്നാതെ, അതിനെ വേദനിപ്പിച്ചു രസിക്കുന്ന പൂച്ചയുടെ മനോഭാവം ഉള്ളവൻ. സാഡിസ്റ്റ്. സ്കൂളുകളിൽ അതിന് പറയുന്ന പേരാണ് ബുള്ളിയിങ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ഇതിനെ പ്രതിരോധിക്കുവാനുള്ള വ്യവസ്ഥകളുണ്ട്. എന്നാൽ ബുള്ളിയിങ് എന്നതിനെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത ഇന്ത്യൻ വിദ്യാലയങ്ങളിൽ അജിത്തുമാർ അർമാധിച്ചുകൊണ്ടിരുന്നു. കുർണിമാരുടെ ജീവിതങ്ങൾ ആരുമറിയാതെ ഹോമിക്കപ്പെട്ടുക്കൊണ്ടിരുന്നു.
സ്കൂൾ ബുള്ളിയും അഭിനവ രാഷ്ട്രീയത്തിലെ ഫാസിസ്റ്റുകളും ഒരേ രീതിയാണ് അവലംബിക്കുന്നത്. തന്റെ ഇരയെ തിരിച്ചറിഞ്ഞാൽ പിന്നെ അവനെ അല്ലെങ്കിൽ അവരെ മറ്റുള്ളവരുടെ മുമ്പിൽ വില്ലനാക്കുക എന്നതാണ് തന്ത്രം. എന്തെങ്കിലും ചെറിയ കുറ്റമെങ്കിലും കണ്ടുപിടിക്കുക. എന്നിട്ട് അതിനെ വലിയ തോതിൽ പെരുപ്പിച്ച് കാണിക്കുക. ഫാസിസ്റ്റുകൾ സമൂഹത്തിലെ അബലരായ വിഭാഗത്തെ തിരഞ്ഞു പിടിച്ചു വില്ലനാക്കുമ്പോൾ, ബുള്ളികൾ ക്ലാസ്സിലെ അബലനായ ഒരു ഹതഭാഗ്യനെ തിരഞ്ഞുപിടിക്കുന്നു. ഫാസിസ്റ്റുകൾ ആ വിഭാഗത്തെ “കോമൺ എനിമി” ആക്കി ആക്രമിക്കുമ്പോൾ ബാക്കിയുള്ളവർ കൈയ്യടിക്കുന്നു. ക്ലാസ് റൂമിൽ ആ പാവത്തിനെ വില്ലനാക്കി ചിത്രീകരിച്ച്, ബുള്ളിയെന്ന മനോരോഗി അവനെ ചേതോവധം ചെയ്യുമ്പോൾ, ബുള്ളി ക്ലാസ്സിൽ ഹീറോയാവുന്നു. ബാക്കിയുള്ള കുട്ടികൾ ഇതൊന്നുമറിയാതെ അത് കണ്ട് രസിക്കുമ്പോൾ ബുള്ളി മനസ്സിൽ ആഹ്ലാദിക്കുന്നു. ഒരു “സൈക്കിക് കിക്ക്” ആണ് ബുള്ളിക്ക് അതിൽ നിന്നും ലഭിക്കുന്നത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരുടെ കണക്കുകൾക്ക് ഉത്തരം കണ്ടെത്തിയിരുന്ന കുർണി അന്നൊക്കെ സ്കൂളിൽ വളരെ പേരെടുത്തവനായിരുന്നു. പക്ഷേ പിന്നീടുള്ള അവന്റെ അധോഗതി വളരെ പെട്ടെന്നായി. സംസാരപ്രിയനും സ്വതവേ രസികനുമായ കുർണി പിന്നീട് സംസാരം കുറഞ്ഞവനും പഠിത്തത്തിൽ തീരെ താൽപര്യം ഇല്ലാത്തവനുമായി. ഒരു പക്ഷേ വികസിത രാജ്യങ്ങളിൽ ഇങ്ങനെയുള്ള മാറ്റത്തിൽ സംശയം തോന്നി അധ്യാപകരോ അതല്ലെങ്കിൽ മാതാപിതാക്കളോ കുട്ടികൾക്ക് “കൗൺസിലിങ്” ഏർപ്പെടുത്തും. എന്നാൽ അഷ്ടിക്ക് വകയില്ലാതെ നെട്ടോട്ടം ഓടുന്ന ഭാരതത്തിൽ ഇതെല്ലാം ആരുടെയും ശ്രദ്ധയിൽ പെടുന്നില്ല.
“റിസൈൻഡ് ടു ദ ഫേറ്റ്” എന്ന് ഇംഗ്ലിഷിൽ ഒരു പ്രയോഗമുണ്ട്. ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥയിൽ വിധിയോട് താദാത്മ്യം പ്രാപിക്കുക. അന്ന് അജിത്ത് വിരൽ നീട്ടി വിളിച്ചപ്പോൾ ഒരു പാവ കണക്കെ കുർണി അങ്ങോട്ട് പോയി. ഇതിന് മുൻപ് ഇതുപോലുള്ള അവസരങ്ങളിൽ അവൻ എതിർത്ത് നോക്കിയിരുന്നു. അജിത്തിനോട് മാത്രമല്ല, ഇതിന് മുമ്പും ഈ മാനസിക വൈകല്യം അവനോട് കാണിച്ച പലരോടും അവൻ കയർത്ത് നോക്കിയിരുന്നു. പക്ഷേ മുകളിൽ സൂചിപ്പിച്ചിരുന്ന “ബുള്ളിയിങ് ടാക്റ്റിക്സ്”, എന്ന അതിസമർഥതക്ക് മുമ്പിൽ, കീരിയുടെ മുമ്പിൽ പത്തി വിടർത്തി ആടി ആടി അവസാനം ക്ഷീണിച്ചു അടിയറവ് പറയുന്ന മൂർഖനെ പോലെ, അവൻ തലകുനിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യൻ. “അവിടെ പോയി എന്റെ ബാഗ് എടുത്തു കൊണ്ട് വാടാ” അജിത്ത് കൽപ്പിച്ചു. വെള്ളക്കാരന്റെ കല്‍പ്പന അതേപടി അനുസരിക്കുന്ന ആഫ്രിക്കൻ അടിമയെ പോലെ അവൻ ബാഗിനടുത്തേക്ക് നടന്നു തുടങ്ങി. അപ്പോഴാണ് ബലിഷ്ടമായ രണ്ടു കൈകൾ അവനെ തടഞ്ഞു നിർത്തിയത്. ക്ലാസ് ടോപ്പർ വിജയ് ബാബു ആയിരുന്നു അത്. “നീയെന്തിനാടാ അവന്റെ അടിമ പണി ചെയ്യുന്നത്?” ബാബുവിന്റെ ചോദ്യത്തിന് മുമ്പിൽ അവന്റെ ദയനീയ നോട്ടം മാത്രമായിരുന്നു ഉത്തരം. ബാബു അജിത്തിന് നേരെ തിരിഞ്ഞു. അജിത്തിന്റെ കോളറിൽ ശക്തമായി പിടിച്ചു കൊണ്ട് അവൻ അലറി “ഇനി നീ ആ പാവത്തിനെ ഉപദ്രവിച്ചാൽ, നിന്റെ പല്ലടിച്ചു താഴെയിടും ഞാൻ”. ബുള്ളി സൈക്കോളജി പ്രകാരം, ശക്തനായ എതിരാളികളെ ബുള്ളികൾ ഭയപ്പെടുന്നു, അതുകൊണ്ടു തന്നെ അവരിൽ നിന്നും മാറി നടക്കുകയും ചെയ്യും. സ്കൂളിൽ പിന്നീടുള്ള ദിനങ്ങളിൽ ബാബുവിനെ പേടിച്ച് അജിത്ത് കുർണിയിൽ നിന്നും മാറി നടന്നു.
വർഷങ്ങൾ കഴിഞ്ഞു. കൗമാരത്തിൽ മറ്റുള്ളവരൊക്കെത്തന്നെയും പൊക്കവും വണ്ണവും വച്ച് പുരുഷന്മാരായപ്പോഴും കുർണി ചെറിയൊരു പയ്യന്റെ രൂപേണ മാത്രമായി ചുരുങ്ങി. കോളജിലെ വരാന്തകൾക്ക് തരുണി മണികൾ സുഗന്ധം പകർന്നപ്പോൾ അത് നുകരാൻ അവനും ആഗ്രഹം ഇല്ലാതിരുന്നില്ല. എന്നാൽ “മാറി നടക്കെടാ ചെറുക്കാ”, “പൂച്ചക്കെന്താടാ പൊന്നുരുക്കുന്നിടത്ത് കാര്യം”, “നിന്റെ ചേച്ചിമാരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം” എന്നിങ്ങനെയുള്ള കുത്തുവാക്കുകൾ പേടിച്ച്, ഇടക്കൊക്കെ തന്നെ നോക്കി മന്ദസ്മിതം തൂകിയിരുന്ന ഗീതുവിനെ തിരിച്ചു തലയുയർത്തിയൊന്നു നോക്കാൻ പോലും അവൻ മിനക്കെട്ടില്ല. ക്യാംപസിന്റെ വസന്തകാലം ബാക്കിയുള്ളവർ അനുഭവിക്കുന്നത് കാണുമ്പോൾ ഇതെനിക്ക് പറഞ്ഞിട്ടുള്ളതല്ല എന്നാലോചിച്ചു അവൻ ആശ്വസിച്ചു. “താൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്” ഗീതുവിന്റെ അടുത്ത കൂട്ടുകാരി സുമതി കാന്റീനിൽ അവന് മുമ്പിലെ കസേരയിൽ വന്നിരുന്നു. അവന്റെ ചമ്മൽ വകവെക്കാതെ അവൾ പറഞ്ഞു “നാളെ ഗീതുവിന്റെ പിറന്നാൾ ആണ്, അവൾക്ക് ഒരു കേക്കുമായി വരാമോ? നാളെ ഞങ്ങൾ ലൈബ്രറിക്കു മുമ്പിൽ പത്ത് മണിക്ക് കാത്തു നിൽക്കാം, ഞായറാഴ്ചയല്ലേ, നമ്മുക്ക് ഉച്ചഭക്ഷണം ടൗണിൽ നിന്നാകാം. വന്നില്ലെങ്കിൽ ഞങ്ങൾ ഹോസ്റ്റലിൽ അന്വേഷിച്ചു വരും. ഓക്കെ?”. അവൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു നിർത്തി. കുർണിയുടെ സഹധർമ്മിണിയായി ഗീതുവിന്റെ വരവ് ആ കേക്കിൽ നിന്നാണ് ആരംഭിച്ചത്. അവർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനായി കച്ചകെട്ടിയിറങ്ങാനുള്ള സുമതിയുടെ തീരുമാനമായിരുന്നു വഴിത്തിരിവായത്.
പഠിത്തമെല്ലാം കഴിഞ്ഞു ഒരു ജോലി സംഘടിപ്പിക്കുവാൻ അവനും അന്ന് മറ്റുള്ളവർ ചെയ്യുന്നത് പോലെ ബോംബെക്ക് വണ്ടി കയറി. ജയന്തി ജനത എക്സ്പ്രെസ്സിൽ അന്ന് തൃശിവപേരൂർ സ്റ്റേഷനിൽ ഒരമ്പത് പേരെങ്കിലും അവനെ യാത്രയയക്കുവാൻ വന്നിരുന്നു. അതിന് ശേഷമായിരിക്കണം ദക്ഷിണറെയിൽവേ, പ്ലാറ്റ്ഫോം ടിക്കറ്റ് നിർബന്ധമാക്കിയത്. തൊണ്ണൂറുകളിലെ ഭാരതം, ഒരു വേക്കൻസിക്ക് ആയിരം ഉദ്യോഗാർഥികൾ, ഇങ്ങനെയായിരുന്നു കണക്ക്. എഴുത്ത് പരീക്ഷയായിരുന്നു ആദ്യം. ആ പരീക്ഷക്ക് ശേഷം, അമ്പതുപേരെ കഴിച്ചു ശിഷ്ടമുള്ളവരെയെല്ലാം പുറത്താക്കുമായിരുന്നു. അമ്പതു പേരിൽ ഗ്രൂപ്പ് ഡിസ്കഷൻ നടത്തി അതിൽ നിന്നും നാൽപതുപേരെ പുറത്താക്കും. ശേഷമുള്ള പത്ത് പേരെയാണ് ഇന്റർവ്യൂ ചെയ്യുക. പേർസണൽ ഇന്റർവ്യൂ എന്നാൽ ഒരാളുടെ വ്യക്തിത്വത്തെ വിശകലനം ചെയ്യുകയാണ്. ആറടി ഉയരമുള്ള ഉത്തരേന്ത്യക്കാരൻ കോട്ടും സൂട്ടും അണിഞ്ഞ് മുറി ഇംഗ്ലിഷും ബാക്കി ഹിന്ദിയിലും ഓരോന്ന് തട്ടി വിടുന്നു. എല്ലാ കാര്യത്തിലും പരിപൂർണ്ണത തേടുന്ന മലയാളി, ആപ്തമായ ഇംഗ്ലിഷ് വാക്കുകൾ തേടുന്നതിനിടയിൽ വ്യക്തമായി സംസാരിക്കാൻ കഴിയാതെ, പരിഹാസ്യനാകുന്നു. അത് പോരാതെ, കുർണിയേ പോലുള്ളവർ തങ്ങളുടെ ചെറിയ ശരീരം നിമിത്തം, “നോട്ട് എ ഗുഡ് പേർസണാലിറ്റി”, എന്ന ഒരൊറ്റ കമ്മന്റിൽ പുറത്താക്കപ്പെടുന്നു. അനേകം മൽസര പരീക്ഷകളും, ഗ്രൂപ്പ് ഡിസ്കഷനുകളും കടന്നു കയറിയ കുർണി, മാമാങ്കത്തിൽ അവസാന പടവിൽ വെട്ടി വീഴ്ത്തപ്പെടുന്ന പടയാളിയെ പോലെ, ഇന്റർവ്യു എന്ന മഹാമേരു ഒരിക്കലും കടന്നു കയറിയില്ല.
ആയിടക്കാണ് ഭാരതത്തിലെ പ്രധാന എൻജിനിയറിങ് കമ്പനിയിലെ ആദ്യ രണ്ടു കടമ്പകളും അവൻ കടന്നു കയറിയത്. പതിവ്പോലെ പേർസണൽ ഇന്റർവ്യു ആയിരുന്നു അവസാന റൗണ്ട്. യാതൊരു പ്രതീക്ഷകളും ഇല്ലാതെയാണ് അവൻ വാതിൽ തുറന്നു അകത്തു കയറിയത്. ഒരു ജീവച്ഛവം പോലെ അവൻ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടിരുന്നു. അതിൽ കട്ടി മീശയുള്ള ഒരാൾ അവന്റെ നിസംഗത കണ്ട് അവന്റെ നേരെ കയർത്തു. ഇന്റർവ്യു ചെയ്യുന്നവരുടെ കൂട്ടത്തിൽ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീയുണ്ടായിരുന്നത്. ജോസഫൈൻ എന്നായിരുന്നു അവരുടെ മുന്നിലുള്ള നെയിംപ്ലേറ്റിൽ എഴുതിയിരുന്നത്. പെട്ടെന്നായിരുന്നു അവർ ഇടയിൽ കയറി സംസാരിച്ചത്. “കേരളത്തിന്റെ ഒരോണംകേറാമൂലയിൽ നിന്ന് വന്നവനാണിവൻ, ബോംബേ പോലെയുള്ള മഹാനഗരം ആദ്യമായി കാണുന്നവൻ. അതിന്റെ ചങ്കിടിപ്പ് എനിക്ക് കേൾക്കാം. മീശ പോലും മുളക്കാത്ത ഇവനെ ആരും കാര്യമായെടുക്കില്ല എന്ന തിക്താനുഭവം വെച്ചായിരിക്കണം ഇവന്റെ പ്രതീക്ഷ നശിച്ചിരിക്കുന്നത്. നോക്കൂ, എഴുത്ത് പരീക്ഷയിൽ ഇവൻ ശരിയുത്തരം നൽകിയിരിക്കുന്ന ഈ പ്രോബ്ലത്തിന് എന്റെ അനുഭവത്തിൽ ഇന്നേ വരെ ഒരുവനും ശരിയുത്തരം നൽകിയിട്ടില്ല. ഹീ ഈസ് എ ജീനിയസ്”, അവർ ഉത്തരകടലാസ് ഉയർത്തി കാട്ടികൊണ്ട് പറഞ്ഞു നിർത്തി. ഇന്ത്യയുടെ എൻജിനിയറിങ് ഭീമനായ കമ്പനിയുടെ വാതിലുകൾ അങ്ങനെ കുർണിയുടെ മുമ്പിൽ തുറക്കപ്പെട്ടു.
കുർണിയുടെ കണ്ണുകൾ മെല്ലെ തുറക്കുന്നത് കണ്ട് ചുറ്റിലുമുള്ള നഴ്സുമാർ ആഹ്ലാദ നിശ്വാസങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈയൊരു നിമിഷത്തിന് വേണ്ടി ഡോക്ടർമാർ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷേ കണ്ണുകൾ തുറന്ന കുർണി പെട്ടെന്നു തന്നെ അവ വീണ്ടും ഇറുക്കിയടച്ചു. യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടുന്ന ഒട്ടകപ്പക്ഷിയുടെ തന്ത്രം. “കോമ” എന്ന അവസ്ഥ ഗാഢ നിദ്ര പോലെ തന്നെയാണ്. ഗാഢ നിദ്ര കഴിഞ്ഞു പുലരിയോടടുക്കുമ്പോൾ ആളുകൾ കിനാവുകൾ കാണുന്നു. അതുപോലെ തന്നെ, കോമയിൽ നിന്നും പുറത്തേക്ക് വരുന്ന യാമങ്ങളിൽ കുർണി കണ്ട വെറും സ്വപ്നകഥാപാത്രങ്ങൾ മാത്രമായിരുന്നു, വിജയ് ബാബുവും, സുമതിയും, ജോസഫൈനുമെല്ലാം. അതവന്റെ ഉപബോധ മനസ്സിൽ നിന്നുള്ള “വിഷ്ഫുൾ തിങ്കിങ്” എന്ന പ്രതിഭാസത്തിന്റെ പ്രതിഫലനങ്ങൾ മാത്രമായിരുന്നു. ജീവിതത്തിലെ നഷ്ടബോധം വീണ്ടും അവനെ വേട്ടയാടി തുടങ്ങി. “മരണത്തിന് പോലും വേണ്ടാത്ത കുർണിമാർ, അതല്ലെങ്കിൽ ഹൃഷികേശത്തിലെ കുത്തിയൊലിക്കുന്ന ഗംഗയിൽ നിന്നും എന്നെയാര് രക്ഷപ്പെടുത്തി? പരമശിവനോ?” അവൻ ആശുപത്രിമുറിയിലെ ശിവലിംഗത്തെ നോക്കി ആകുലപ്പെട്ടു.
ഇന്നാട്ടിൽ സ്ത്രീകളെയും, ശിശുക്കളെയും, വികലാംഗരെയും, എന്തിന് അഗതികളെ വരെയും സംരക്ഷിക്കുവാൻ നിയമങ്ങളുണ്ട്. എന്നാൽ ഈ വിഭാഗത്തിൽ ഒന്നും പെടാത്ത കുർണിമാർ, അജിത്തുമാരുടെ ജൽപനങ്ങൾക്ക് വിധേയരായി, തങ്ങളുടെ കഴിവുകൾ തെളിയിക്കുവാനാകാതെ, ജീവിതങ്ങൾ ഹോമിക്കുന്നു. ആശുപത്രിക്ക് പുറത്തുള്ള ശിവക്ഷേത്രത്തിൽ ആരോ രാവണലിഖിതമായ ശിവതാണ്ഡവ സ്തോത്രം ചൊല്ലുന്നുണ്ടായിരുന്നു. തിടുക്കത്തിൽ നടന്നിരുന്ന നഴ്സിന്റെ കൈകൾ ഇടറി കൈയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും രണ്ടിറ്റ് രക്തം ശിവലിംഗത്തിൽ പതിച്ചു. ഭൂമി കുലങ്ങുകയായിരുന്നോ അതോ തനിക്ക് തല ചുറ്റുന്നതാണോ, കുർണി ചിന്തിച്ചു. സംഹാരമൂർത്തി തന്റെ താണ്ഡവം തുടങ്ങിയിരുന്നു. കേദാരം മുതൽ ഹരിദ്വാരം വരെയുള്ള പ്രദേശങ്ങൾ താണ്ഡവമാടി. ഭീമാകാരമായ മഞ്ഞുകട്ടികൾ ഇളകി മാറി വെള്ളം കുത്തിയൊലിച്ചു. അനേകായിരങ്ങളെ വിഴുങ്ങി ഗംഗ ശിവനോടൊത്ത് താളം വെച്ചു. ആശുപത്രി കിടക്കയിലെ “ലൈഫ് സപ്പോർട്ട് സിസ്റ്റം” താറുമാറായിരുന്നു. കുർണി വീണ്ടും തന്റെ ഗാഢനിദ്രയിൽ അഭയം പ്രാപിച്ചു. ഇത്തവണ ശംഭു തന്റെ തോഴനെ കൂടെ കൂട്ടിയിരുന്നു.