ADVERTISEMENT

നമ്മുടെ രാജ്യത്തെ അതിസുന്ദരികളായ ഏഴു സഹോദരിമാരെക്കുറിച്ച് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാവുമെന്ന് കരുതുന്നു. രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ആസാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവയാണ് ഈ സഹാേദരിമാർ. "സെവൻ സിസ്ടേഴ്സ്" എന്നാണ് പൊതുവായി ഇവർ അറിയപ്പെടുന്നത്. പുറം കാഴ്ചയിലും പ്രകൃതി ഭംഗിയിലും എല്ലാം ഒരുപോലെ മനോഹരങ്ങളാണെങ്കിലും ഓരോ ദേശത്തെയും ജനങ്ങളുടെ ജീവിതരീതികളും, ഭക്ഷണക്രമങ്ങളും കലാസാംസ്കാരിക പൈതൃകങ്ങളും തികച്ചും വിഭിന്നങ്ങളാണ്. ശരീര പ്രകൃതിയിൽ മംഗോളിയൻ പാരമ്പര്യമുള്ള അവിടത്തെ ജനത പൊതുവേ ഉയരക്കുറവുള്ളവരാണെങ്കിലും അരോഗദൃഢഗാത്രരും കഠിനാധ്വാനികളുമാണ്.

ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി 1986 മുതൽ 1989 വരെ മൂന്നു വർഷക്കാലം ആസാമിന്റെ തെക്കേ അതിർത്തിയിലുള്ള "സിൽച്ചാർ" എന്ന ചെറുപട്ടണത്തിൽ കുടുംബസമേതം താമസിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ആ ചുരുങ്ങിയ കാലഘട്ടത്തിനിടെ ആസാമിന് ചുറ്റുപാടുമുള്ള എല്ലാ അയൽ സംസ്ഥാനങ്ങളിലും ചുരുങ്ങിയ രീതിയിലെങ്കിലും സന്ദർശിക്കുവാനും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതരീതികൾ കണ്ടു പഠിക്കുവാനും എനിക്ക് കഴിഞ്ഞിരുന്നു. സിൽച്ചാർ പട്ടണത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം, സ്ഥലങ്ങളും കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും, ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ബംഗാൾ വംശജരുടെയും മാർവാഡികളുടെയും കൈവശത്തിലാണ്. ബംഗാൾ വിഭജന കാലത്ത് ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ലക്ഷക്കണക്കിന് ബംഗാളി ഹിന്ദുക്കൾ ഇന്ത്യൻ അതിർത്തിയിലെ "ബറാക്ക്" നദി കടന്ന് ആസാമിൽ കുടിയേറിപ്പാർക്കുകയും തദ്ദേശവാസികളായ ആസാമീസ് പൗരന്മാരിൽ നിന്നും പട്ടണപ്രദേശങ്ങൾ അധീനപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ആസാമീസ് വംശജരിൽ ഭൂരിഭാഗവും പട്ടണപ്രദേശങ്ങൾ ഉപേക്ഷിച്ച് ഉൾനാടൻ ഗ്രാമങ്ങളിലേക്കും മലഞ്ചെരുവുകളിലേക്കും പിൻവാങ്ങി വാസമുറപ്പിക്കാൻ നിർബന്ധിതരായത്. 

ബാക്കിയുണ്ടായിരുന്നവരിൽ ചിലർ കൂലി വേല ചെയ്തും ബംഗാളികളുടെയും മാർവാഡികളുടെയും ആശ്രിതരായും കഴിയുന്നു. മറ്റു ചിലരാവട്ടെ വഴിയോര കച്ചവടവും റിക്ഷാ വണ്ടികളുമായി പട്ടണത്തിൽ ഉപജീവനം കഴിക്കുന്നു. മേൽപ്പറഞ്ഞ തരത്തിൽ വോട്ടവകാശമോ റേഷൻ കാർഡോ ഇല്ലാത്ത നിരവധി ബംഗാളി വംശജർ അക്കാലത്ത് പട്ടണത്തിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. ബാങ്ക് ഇടപാടുകൾക്ക് ഇവയിലേതെങ്കിലും ഒന്ന് നിർബന്ധമായിരുന്നതിനാൽ ഇത്തരത്തിൽപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ വായ്പ്പ നൽകുന്നതിനോ കഴിയുമായിരുന്നില്ല. ഇത്തരത്തിലുള്ള അനധികൃത താമസക്കാർക്കെതിരെ കർശന നടപടികളും നിയമനിർമ്മാണവും ആവശ്യപ്പെട്ടാണ് തദ്ദേശവാസികൾ ഉൾപ്പെടുന്ന "ബോഡോ കലാപകാരികൾ" വർഷങ്ങളായി പ്രക്ഷോഭങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നത്. സിൽച്ചാർ ഒരു ചെറുപട്ടണമാണെന്ന് ഞാൻ സൂചിപ്പിച്ചെങ്കിലും അക്കാലത്തു തന്നെ അവിടെ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ മുതലായ അടിസ്ഥാന സൗകര്യങ്ങളും, സർക്കാർ വക മെഡിക്കൽ കോളജ്, റീജിയണൽ എഞ്ചിനീയറിങ്ങ് കോളജ്, ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് എന്നിവയും സ്ഥാപിക്കപ്പെട്ടിരുന്നു. ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ആർട്ട്സ്കോ കോളജുകളും സ്കൂളുകളും കൂടാതെ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന നിരവധി ഇംഗ്ലിഷ് മീഡിയം സ്കൂളുകളും പട്ടണത്തിലും പട്ടണത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമായി ഉണ്ടായിരുന്നു. വൻകിടക്കാരെ മാത്രം ഉദ്ദശിച്ചിട്ടുള്ള മുന്തിയ സ്റ്റാർ ഹോട്ടലുകളും മാളുകളും അന്നേ പട്ടണത്തിൽ സുലഭമായിരുന്നു.

റെയിൽവേ വഴിയുള്ള ഗതാഗതം ആസാമിന്റെ തെക്കേ അതിർത്തിപ്പട്ടണമായ സിൽച്ചാർ വരെ മാത്രമായിരുന്നതിനാൽ സംസ്ഥാനത്തിന്റെ തെക്കൻ മേഖലയുമായി അതിർത്തി പങ്കിടുന്ന മലയോര സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലേക്കുള്ള ചരക്കുഗതാഗതം പൂർണ്ണമായും റോഡ് വഴിയായിരുന്നു. അതുകൊണ്ട് സിൽച്ചാറിൽ നിന്ന് ദിവസവും ആയിരക്കണക്കിന് ട്രക്കുകളാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കും മലയോര പ്രദേശങ്ങളിലേക്കും ചരക്കു നീക്കം നടത്തിക്കൊണ്ടിരുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് വമ്പൻ ട്രാൻപോർട്ട് കമ്പനികളും ചെറുകിട കോൺട്രാക്ടർമാരും സിൽച്ചാറിൽ പ്രവർത്തിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ട്രക്കുകൾ വിൽക്കപ്പെടുന്ന പ്രദേശമെന്ന സ്ഥാനവും അക്കാലത്ത് സിൽച്ചാർ പട്ടണത്തിനായിരുന്നു. അതിനാൽ ട്രക്കുകളുമായി ബന്ധപ്പെട്ട ടയർ, ബാറ്ററി, സ്പെയർപാർട്ട്സ് മുതലായവയുടെ ഷോപ്പുകൾ, സർവീസ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ടയർ റീട്രെഡിങ്ങ് കമ്പനികൾ എന്നിങ്ങനെ അനേകം അനുബന്ധസ്ഥാപനങ്ങളും പട്ടണത്തിൽ സുലഭമായിരുന്നു.

സോണായ് റോഡിനരികിലാണ് സിൽച്ചാർ ബിഷപ്പിന്റെ ആസ്ഥാനവും അതിനോട് അനുബന്ധമായുള്ള ദേവാലയവും സ്ഥിതി ചെയ്തിരുന്നത്. അതിന് എതിർവശത്തായി മംഗലാപുരം രൂപതയിൽ നിന്നുള്ള കന്യാസ്ത്രീകൾ നടത്തുന്ന "ഹോളിക്രോസ്" ഇംഗ്ലിഷ് മീഡിയം സ്കൂളും കോൺവെന്റും. സിൽച്ചാറിനെക്കുറിച്ച് ഓർക്കുമ്പോൾ അവിടത്തെ ബിഷപ്പിനെക്കുറിച്ച് കൂടി രണ്ടു വാക്ക് പറയാതിരിക്കാൻ വയ്യ. ഭൂമിയോളം വിനയമുള്ള വയോധികനായ ഒരു വൈദിക ശ്രേഷ്ഠൻ. പാന്റും ഫുൾ കൈ ഷർട്ടുമാണ് സാധാരണ വേഷം. ഞാൻ ബ്രാഞ്ചിൽ ചാർജെടുത്ത നാളുകളിൽ ഒരിക്കൽ അദ്ദേഹം ബാങ്കിൽ വന്നതോർക്കുന്നു. സാധാരണക്കാരന്റെ വസ്ത്രം ധരിച്ച് നേരെ കൗണ്ടറിൽ ചെന്ന് ചെക്ക് നൽകിയ ശേഷം ഹാളിലെ ബെഞ്ചിൽ ഇരുന്ന അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. ആ സമയത്ത് എന്റെ കാബിനിൽ ഇരുന്നിരുന്ന ഒരു മാർവാഡിയാണ് എന്നോട് അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. ഞാൻ ഉടനെ അദ്ദേഹത്തിനടുത്തു ചെന്ന് പരിചയപ്പെടുകയും കാബിനിലേക്ക് ക്ഷണിക്കുകയും ചെയ്തെങ്കിലും അദ്ദേഹം നന്ദി പൂർവം നിരസിക്കുകയും സ്നേഹത്തോടെ എന്നെ അരമനയിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്തത്. ഞാൻ നേരിട്ട് കാഷ്കാബിനിൽ പോയി പണം എടുത്ത് അദ്ദേഹം ഇരുന്ന സ്ഥലത്ത് കൊണ്ടു പോയി നൽകി. കാർ എവിടെയാണ് പാർക്കു ചെയ്തിരിക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ താഴെത്തന്നെയാണെന്ന് പറഞ്ഞ് അദ്ദേഹം ഗോവണിയിറങ്ങി. കാറിനടുത്തു വരെ പോയി യാത്രയാക്കാം എന്നു കരുതി ഞാനും താഴെക്കിറങ്ങി. ഗോവണിക്കരികിലായി വച്ചിരുന്ന ഹെർക്കുലീസ് സൈക്കിളിന്റെ ലോക്ക് തുറക്കുന്നതു കണ്ടപ്പോഴാണ് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയത്. കാരണം വിലപിടിപ്പുള്ള കാറുകളിൽ തിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞ തിരുമേനിമാരെ മാത്രമെ അതുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.

രാജ്യത്തിന്റെ ഏതു കോണിലും തങ്ങളുടെ നിറസാന്നിധ്യം രേഖപ്പെടുത്തിയിരിക്കും മലയാളികൾ. സിൽച്ചാറും അക്കാര്യത്തിൽ ഒട്ടും വ്യത്യസ്തമായിരുന്നില്ല. ട്രാൻസ്പോർട്ട് മേഖലയിൽ പ്രത്യകിച്ച് ടയർ റിട്രെഡിങ്ങിൽ നേട്ടം കൈവരിച്ച മലയാളികളിൽ പലരും പതിറ്റാണ്ടുകൾക്കു മുമ്പേ തന്നെ അവിടെ എത്തി വേരുറപ്പിച്ചിരുന്നവരാണ്. ഇത്തരത്തിൽ അവിടെ താമസമുറപ്പിച്ചിട്ടുള്ള നിരവധി മലയാളി കുടുംബങ്ങളെ കേരളത്തിൽ നിന്നെത്തിയ ഒരു ബാങ്ക് മാനേജർ എന്ന നിലയിൽ എനിക്ക് പരിചയപ്പെടുവാൻ ഇടയായി. അവരിൽ പലരും അതി സമ്പന്നരും സ്വന്തമായി പട്ടണത്തിൽ വീടുവച്ച് താമസമാക്കിയവരുമായിരുന്നു. അവരിൽ ചുരുക്കം ചിലരുടെ കുടുംബങ്ങളുമായും ഞങ്ങൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. അവരിൽത്തന്നെ ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് ഞങ്ങൾ സ്നേഹത്തോടെ "മാമച്ചായൻ" എന്നു വിളിച്ചിരുന്ന കായംകുളംകാരനായ C K മാമ്മന്റെ കുടുംബവുമായിട്ടായിരുന്നു. 

പട്ടണത്തിലെ തിരക്കേറിയ "റിങ്കിർ ഖാരി" കവലയിൽ നിന്നും തെക്കോട്ടേക്ക്... മിസോറാമിന്റെ തലസ്ഥാനമായ "ഐസോൾ" വരെ നീണ്ടുകിടക്കുന്ന വിശാലമായ "സോണായ്" റോഡരികിലുള്ള ബിഷപ്പ് ഹൗസിനടുത്തായിരുന്നു മാമച്ചായന്റെ ബഹുനില വീട്. ഒരു ഡസനിലേറെ ട്രക്കുകളും വലിയൊരു ടയർ റിട്രെഡിങ്ങ് ഫാക്ടറിയും മാമച്ചായന് സ്വന്തമായിട്ടുണ്ടായിരുന്നു. മാമച്ചായൻ പൊതുവേ സരസനും സ്നേഹസമ്പന്നനുമായിരുന്നു. മറ്റുള്ളവർക്കു വേണ്ടി എപ്പോഴും എന്തു സഹായവും ചെയ്യാൻ മടിയില്ലാത്ത ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നതിനാൽ, വളരെ വലിയ ഒരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. മാമച്ചായന്റെ ഭാര്യ പൊന്നമ്മയാവട്ടെ മറ്റുള്ളവരെ സഹായിക്കുന്നതിലും ആതിഥ്യമര്യാദയിലും ഒട്ടും തന്നെ പുറകിലായിരുന്നില്ല. പൊന്നമ്മ ചേച്ചിയുടെ പാചക വൈദഗ്ധ്യം അവിടത്തെ മലയാളികൾക്കിടയിൽ പ്രസിദ്ധമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഞങ്ങൾക്കും അത് അനുഭവവേദ്യമായിത്തീർന്നു.

മൂത്ത മകൾ ഷെർലി, തെറ്റില്ലാത്ത ഫാഷൻ ഭ്രമമുള്ള ഒന്നാം വർഷ ഡിഗ്രിക്കാരി. രണ്ടാമൻ സ്കൂട്ടർ യാത്രയിൽ വല്ലാത്ത ഭ്രമമുള്ള എട്ടാം ക്ലാസുകാരൻ ഷാജി. മംഗ്ലിഷിലാണ് എല്ലാവരുടെയും സംഭാഷണം. കുട്ടികൾക്കാണെങ്കിൽ, നമുക്ക് മനസ്സിലാവാത്ത, കൊഞ്ഞപ്പുള്ള ഒരു തരം മലയാളഭാഷയും നന്നായി പറയാനറിയാം. കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ ടോപാസിനെപ്പറ്റി പറയാതിരുന്നാൽ ഈ കഥ പൂർണമാവില്ല. ഗോൾഡൻ റിട്രീവർ വംശത്തിൽ പെട്ട അവന് വയസ്സ് രണ്ടേ കഴിഞ്ഞുള്ളുവെങ്കിലും അവന്റ കുസൃതികളും അപാരമായ ബുദ്ധിശക്തിയും കൊണ്ട് വീട്ടുകാരുടെ മാത്രമല്ല വീട്ടിലെത്തുന്നവരുടെയും വാൽസല്യഭാജനമായിത്തീർന്നു അവൻ. ഗോൾഡൻ ബ്രൗൺ നിറവും നീലക്കണ്ണുകളുമുള്ള അവന്റെ ശാന്തസ്വഭാവവും ഓമനത്തം തുളുമ്പുന്ന ചലനങ്ങളും കൊണ്ട് കണ്ടു മുട്ടുന്നവരുടെയെല്ലാം പ്രിയപ്പെട്ടവനായിത്തീർന്നു ടോപാസ്. മാമച്ചായന്റെയും കുടുംബത്തിന്റെയും ഒരവിഭാജ്യ ഘടകമായിരുന്ന ടോപാസ് ഇല്ലാത്ത വീടിനെക്കുറിച്ച് ഓർക്കാൻ പോലും അവർക്ക് കഴിയുമായിരുന്നില്ല. കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും അത്രയും പ്രിയങ്കരനായിരുന്നു അവൻ.

ഞായറാഴ്ചകളിൽ ഞങ്ങൾ അഞ്ചു പേരും കൂടിയാണ് ദിവ്യബലിക്കായി പള്ളിയിൽ പോയിരുന്നത്. എന്റെ പ്രീയപ്പെട്ട, ചുവപ്പു നിറമുള്ള രാജ് ദൂത് 250 മോട്ടോർ സൈക്കിളിൽ.. ഞാനും ഗീതയും മൂന്നു മക്കളും... ഇളയവൻ രണ്ടു വയസ്സുകാരൻ വിമൽ പെട്രോൾ ടാങ്കിന്റെ മുകളിൽ.. രണ്ടാം ക്ലാസുകാരി വീണക്കുട്ടി എന്റെയും ഗീതയുടെയും നടുവിൽ.. മൂത്തവൻ വിപിൻ പിന്നിൽ കാരിയറിന്മേലും ഇരുന്ന് ഒരു സർക്കസ് അഭ്യാസത്തിലെന്ന പോലെ ബിഷപ്പസ് ഹൗസിലുള്ള ചാപ്പലിന്റെ മുന്നിൽ ചെന്നിറങ്ങുന്നത് അത്ഭുതത്തോടെയാണ് പലരും കണ്ടു കൊണ്ടിരുന്നത്. സാധാരണയായി ഞങ്ങൾ കുറച്ചു മലയാളികളെ കൂടാതെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കുറച്ച് "ബോഡോ"കത്തോലിക്ക വിശ്വാസികളും മാത്രയിരുന്നു ദിവ്യബലിയിൽ സംബന്ധിക്കാൻ വരാറുണ്ടായിരുന്നത്. കുർബാനക്കുശേഷം പള്ളിയിൽ നിന്നും നേരെ മാമച്ചായന്റെ വീട്ടിൽ എത്തി, അവിടന്ന് പ്രഭാതഭക്ഷണം കഴിച്ചിട്ടേ ഞങ്ങൾ വീട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നുള്ളൂ. 

മാമച്ചായന്റെ മറ്റൊരു സ്നേഹിതനും ബിസിനസ് പാർട്ട്നറുമായ മിസോറാംകാരൻ മിസ്റ്റർ ലിങ്ങ്ഡോയെയും ഭാര്യ "മരിയാന" യെയും ഞങ്ങൾ പരിചയപ്പെടുന്നത് അവിടെ വച്ചാണ്. മിസോറാമിലുള്ള ഒരു ഉന്നതകുല ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായ ലിങ്ങ്ഡോ അവിടത്തെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു. നൂറോളം വരുന്ന ട്രക്കുകളുടെ ഒരു ഫ്ലീറ്റ് അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. മാമച്ചായൻ അദ്ദേഹത്തിന്റെ ട്രാൻസ്പോർട്ടിങ്ങ് ബിസിനസ്സിൽ പാർട്ട്നർ എന്നതിലുപരി അടുത്ത കുടുംബ സുഹൃത്തും ആയിരുന്നു. ലിങ്ങ്ഡോയിൽ നിന്നാണ് മിസോറാം സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ചും അവരുടെ ജീവിത രീതികളെപ്പറ്റിയും വിശദമായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. സംസ്ഥാനത്തെ തൊണ്ണൂറു ശതമാനത്തിലധികം ജനങ്ങളും ക്രൈസ്തവ വിശ്വാസികളാണെങ്കിലും, നിയന്ത്രണങ്ങളില്ലാത്ത പാശ്ചാത്യ സംസ്കാരത്തിന്റെ അമിതപ്രസരം മൂലം യുവതലമുറയുടെ ഇടയിൽ അന്യമായിരിക്കുന്ന സദാചാരബോധവും ധാർമ്മികതയും അവർക്കിടയിൽ വർധിച്ചു വരുന്ന മയക്കു മരുന്നുകളുടെ ഉപയോഗവും കുറ്റകൃത്യങ്ങളും അദ്ദേഹം അതിവ ദു:ഖത്തോടെ വിവരിക്കുമായിരുന്നു.

മിക്കവാറും ഞായറാഴ്ചകളിൽ രാവിലെ മാമച്ചായന്റെ വീട്ടിൽ ഞങ്ങളും ലിങ്ങ്ഡോയുടെ കുടുംബവും ഒത്തുകൂടുക പതിവായിരുന്നു. പ്രഭാത ഭക്ഷണവും നർമ്മസംഭാഷണങ്ങളുമായി ഒന്നുരണ്ടു മണിക്കൂറുകൾ ചിലവഴിച്ച ശേഷമേ ഞങ്ങൾ മടങ്ങാറുണ്ടായിരുന്നുള്ളൂ. അതിനിടയിൽ ടോപ്പാസിന്റെ കൂടെ കളിക്കുക എന്നതായിരുന്നു ഞങ്ങളുടെ കുട്ടികളുടെ ഏറ്റവും വലിയ വിനോദം. ഞങ്ങളുടെ ബൈക്കിന്റെ ശബ്ദം പോലും ടോപാസ് തിരിച്ചറിഞ്ഞിരുന്നു എന്നതായിരുന്നു അത്ഭുതം. ലിങ്ങ്ഡോയും മരിയാനയും ടോപാസിന്റെ വലിയ ആരാധകരായിരുന്നു. നാളുകൾ കഴിയുന്തോറും അവന്റെ വണ്ണവും തൂക്കവും കാര്യമായി വർധിച്ചു വന്നു. രോമങ്ങൾക്ക് നീളവും തിളക്കവുമേറി വന്നു. ഉരുണ്ടുരുണ്ടുള്ള ആ നടപ്പു കാണുവാൻ തന്നെ ഒരു ചന്തമായിരുന്നു. ഓരോതവണ കാണുമ്പോഴും ടോപാസ് കൂടുതൽ കൂടുതൽ സുന്ദരനായി മാറുകയായിരുന്നുവെന്ന് ഞങ്ങൾക്ക് തോന്നി. പോകെ പോകെ ലിങ്ങ്ഡോയെയും മരിയാനയെയും കണ്ടാൽ അവൻ ഓടിച്ചെന്ന് മടിയിൽ കയറി അവരുടെ മുഖത്ത് നക്കി സ്നേഹം പ്രകടിപ്പിക്കുന്ന ഘട്ടം വരെയെത്തി. അവരാണെങ്കിൽ ടോപാസിനെ തലോടിയും മുത്തം നൽകിയും അവനെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കും. അവരുള്ള സമയങ്ങളിൽ ടോപാസ് മറ്റാരുടെയടുത്തും അടുപ്പം കാണിക്കുകയോ പണ്ടത്തെപ്പോലെ ഞങ്ങളുടെ കുട്ടികളുടെ കൂടെ കളിക്കുവാൻ തയ്യാറാവുകയോ ചെയ്യാത്തത് കാണുമ്പോൾ ഞങ്ങൾക്കു തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്. അത്രയേറെ ടോപാസുമായി ലിങ്ങ്ഡോയും മരിയാനയും ആത്മബന്ധത്തിലായി തീർന്നിരുന്നു. 

"ആവശ്യക്കാരന് ഔചിത്യമില്ല" എന്ന ചൊല്ല് എല്ലാവരും കേട്ടിരിക്കും. എന്നാൽ സാമാന്യ മര്യാദയുടെ ഇത്രയും നഗ്നമായ ലംഘനം ഞങ്ങൾ നേരിൽ അനുഭവിച്ചത് അത് ആദ്യമായിട്ടായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ പ്രതീക്ഷിച്ചിരിക്കാതെ അത് സംഭവിച്ചു. ലിങ്ങ്ഡോയാണ് തുടക്കമിട്ടത്. "മരിയാനക്ക് ഒരാഗ്രഹം" എന്തെന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാവരും ലിങ്ങ്ഡോയുടെ മുഖത്ത് നോക്കി. "മരിയാന വല്ലാതെ ആഗ്രഹിച്ചു പോയി. ഒരു കുറവും വരാതെ... ഞങ്ങൾ നന്നായി നോക്കിക്കൊള്ളാം. ഐസോളിലാണെങ്കിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ഇവിടത്തേക്കാൾ നല്ല കാലാവസ്ഥയുമാണ്" പതിഞ്ഞ ശബ്ദത്തിൽ നിറുത്തി നിറുത്തിയുള്ള മുഖവുര കേട്ടപ്പോൾ അദ്ദേഹത്തിന്റെ മൂത്ത മകനു വേണ്ടി മാമച്ചായന്റെ മകൾ ഷെർലിയെ പ്രപ്പോസ് ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നിയത്. പക്ഷ മാമച്ചായന് പെട്ടെന്ന് കാര്യം പിടികിട്ടി. ടോപാസിനോടുള്ള രണ്ടുപേരുടെയും അമിതമായ "പ്രേമം" ഇത്തരത്തിലേ അവസാനിക്കൂ എന്ന് മാമച്ചായന് തോന്നിയിരുന്നു. 

ഉള്ളിൽ തിളച്ചുപൊങ്ങിയ ക്ഷോഭം പുറത്തു കാണിക്കാതെ മാമച്ചായൻ പറഞ്ഞു "ഇല്ല ലിങ്ങ്‍ഡോ, കുട്ടികൾക്ക് അത് വല്ലാതെ വിഷമമാകും. തന്നെയുമല്ല അവനും അത് സഹിക്കാനാവുമെന്ന് തോന്നുന്നില്ല" അതിന് മറുപടി പറഞ്ഞത് മരിയാനയായിരുന്നു. "അവന്റെ കാര്യത്തിൽ ഒട്ടും വിഷമിക്കേണ്ട. ടോപാസ് ഞങ്ങളുമായി അത്രയേറെ അടുപ്പമായിരിക്കുന്നു. പിന്നെ കുട്ടികളുടെ കാര്യം. അവർക്കു വേണ്ടി ലിങ്ങ്ഡോ ഇപ്പോഴെ തന്നെ നല്ലൊരു സുന്ദരൻ പപ്പിയെ നോക്കി വച്ചിട്ടുണ്ട്". എന്തു മറുപടി പറയണം എന്നറിയാതെ കനത്ത മുഖത്തോടെ മാമച്ചായനും പൊന്നമ്മച്ചേച്ചിയും അകത്തേക്ക് നടന്നു. ബിസിനസ്സിൽ നിന്നുമുള്ള മാമച്ചായന്റെ വരുമാനത്തിൽ മുക്കാൽ ഭാഗവും ലിങ്ങ്ഡോയുമായുള്ള കൂട്ടുകച്ചവടത്തിൽ നിന്നായതിനാൽ പറ്റില്ലെന്ന് അറുത്തുമുറിച്ചു പറയുന്നതെങ്ങിനെ? കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന സ്ഥിതിയിലായി മാമച്ചായൻ. കാര്യങ്ങൾ പന്തിയല്ലെന്നു തോന്നിയതിനാൽ ഞങ്ങൾ കുട്ടികളെയും കൂട്ടി പെട്ടെന്ന് സ്ഥലം കാലിയാക്കി. അടുത്ത ഞായറാഴ്ച പതിവു പോലെ കുർബാന കഴിഞ്ഞ് ഞങ്ങൾ മാമച്ചായന്റെ വീട്ടിലെത്തി. ഒരു മരണവീട് പോലെ ശോക മൂകമായിരുന്നു അവിടത്തെ അവസ്ഥ. ഞങ്ങളുടെ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോഴേക്ക് ഓടി വരാറുണ്ടായിരുന്ന ടോപാസിനെ കാണാതായപ്പോഴേ ഏകദേശരൂപം വ്യക്തമായി. നാലുപേരും ദു:ഖിതരായി സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്നു. 

ലിങ്ങ്ഡോയുടെ നിരന്തരമായ ശല്യം സഹിക്കവയ്യാതെ.... കുട്ടികളുടെ എതിർപ്പുകൾ പോലും അവഗണിച്ച് ടോപാസിനെ അവർക്കു വിട്ടു കൊടുക്കാൻ മാമച്ചായൻ നിർബന്ധിതനായി എന്ന വാർത്ത വളരെ വേദനയോടെ പൊന്നമ്മച്ചേച്ചിയിൽ നിന്നും അറിഞ്ഞു. ടോപാസ് പോയതിനു ശേഷം മാമച്ചായൻ വളരെ ദു:ഖിതനായിരുന്നുവെന്നും പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ലിങ്ങ്ഡോയെ വിളിച്ച് ടോപാസിന്റെ വിശേഷങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും പൊന്നമ്മച്ചേച്ചി പറഞ്ഞു. ആദ്യത്തെ രണ്ടു മൂന്നു ദിവസത്തേക്ക് ടോപാസ് വെള്ളം പോലും കുടിച്ചില്ലത്രേ. ലിങ്ങ്ഡോയുടെയും മരിയാനയുടെയും തുടർച്ചയായ പരിചരണങ്ങളാൽ പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഉന്മേഷവാനായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നുവെന്ന വാർത്തയാണ് മാമച്ചായന് കുറച്ചെങ്കിലും ആശ്വാസമേകിക്കൊണ്ടിരുന്നത്. ആഴ്ചകളും മാസങ്ങളും കടന്നുപോയി. സമയമാണല്ലോ എല്ലാ മുറിവുകളെയും ഉണക്കുവാൻപറ്റിയ ഔഷധം. ടോപാസ് ലിങ്ങ്ഡോയുടെ കൈകളിൽ സുരക്ഷിതനാണെന്ന് അറിഞ്ഞ ശേഷം മാമച്ചായൻ പൂർണമായും സന്തോഷവാനായിരുന്നു. ടോപാസിനെ നഷ്ടപ്പെട്ട ദിവസങ്ങളിൽ തോന്നിയ ശൂന്യതയും ആശങ്കകളും, പിന്നീട് കേട്ടറിഞ്ഞ അവന്റെ സുഖ സൗകര്യങ്ങൾ കണക്കിലെടുത്തപ്പോൾ അസ്ഥാനത്തായിരുന്നുവെന്ന് മാമച്ചായന് ബോധ്യമായി. 

അധികം താമസിയാതെ എനിക്ക് സ്ഥലം മാറ്റം കിട്ടി, നാട്ടിലേക്ക് തിരിച്ചു പോരുന്നതിനു തലേ ഞായറാഴ്ച.. ഞങ്ങളെ പ്രത്യേകമായി ഉച്ചയൂണിന് ക്ഷണിച്ചിരിക്കുകയായിരുന്നു മാമച്ചായൻ. ലിങ്ങ്ഡോയും കുടുംബവും നേരത്തെ എത്തിയിരുന്നു. അടുക്കളയിൽ നിന്ന് ഉയർന്നു കൊണ്ടിരുന്ന മസാലഗന്ധങ്ങളിൽ നിന്നും വിഭവസമൃദ്ധമായ ഒരു ഉച്ചഭക്ഷണമാണ് പൊന്നമ്മചേച്ചി ഞങ്ങൾക്കുവേണ്ടി ഒരുക്കിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി. ഞങ്ങൾ സ്വീകരണ മുറിയിലിരുന്ന് ചെറിയ രീതിയിൽ വൈൻ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് സൗഹൃദം പങ്കിട്ടു കൊണ്ടിരുന്നു. അതുവരെ കേരളം കണ്ടിട്ടില്ലാത്ത ലിങ്ങ്ഡോയെ "ദൈവത്തിന്റെ സ്വന്തം നാട്" കാണുവാൻ ഞാൻ ക്ഷണിക്കുകയായിരുന്നു. സംസാരം തുടരുന്നതിനിടെ "ടോപാസ് എങ്ങനെയിരിക്കുന്നു" എന്ന എന്റെ ചോദ്യത്തിന് ലിങ്ങ്ഡോയുടെ ഉത്തരം പെട്ടെന്നായിരുന്നു. "മിസ്റ്റർ ജോഷ്, ഞാൻ എങ്ങനെയാണ് അത് വിവരിക്കേണ്ടത്... ഇത്രയേറെ ഇളയതും സ്വാദിഷ്ടവും പാകത്തിന് നെയ്മയവുമുള്ള ഇറച്ചി ഞങ്ങൾ ജീവിതത്തിൽ ഇതുവരെ രുചിച്ചിട്ടില്ല". വിടർന്ന കണ്ണുകളോടെ അയാൾ വാചാലനാവുകയായിരുന്നു. ഒരിക്കൽ, മിസോറാമിന്റെ തെരുവോരങ്ങളിൽ നിരനിരയായി കാണപ്പെടുന്ന പട്ടിയിറച്ചിക്കടകളെക്കുറിച്ച് വിവരിച്ചപ്പോൾ കണ്ട അതേ തിളക്കം അയാളുടെ കണ്ണുകളിൽ ഞാൻ വീണ്ടും കണ്ടു. പിന്നീട് അവിടെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ വിവരിക്കാൻ ഞാൻ തുനിയുന്നില്ല. അത് ഞാൻ നിങ്ങളുടെ ഭാവനക്ക് മാത്രമായി വിടുന്നു.

English Summary:

Malayalam Short Story ' Puppy Priyappetta Puppy ' Written by Jose Pallath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com