ADVERTISEMENT

പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം എന്റെ പ്രണയത്തിന്റെ ഓർമകളിലേക്ക് ഞാൻ തിരിച്ചു പോവുകയാണ്.. എന്റെ തൂലികയിലൂടെ... അന്ന് ഞാൻ ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. അടുത്ത വർഷം പത്താം ക്ലാസ്സിലേക്കായതുകൊണ്ട്, എസ്.എസ്.എൽ.സി ക്ക് എ പ്ലസ് ന് കുറവൊന്നും വരാതിരിക്കാനുള്ള മുന്നൊരുക്കമെന്നവണ്ണം എന്റെ വീടിന്റെ കുറച്ചകലെയുള്ള ശാരദ ടീച്ചറുടെ ട്യൂഷൻ സെന്ററിൽ എന്നെ കൊണ്ട് ചേർത്തു.. ടീച്ചർ ആണെങ്കിൽ എ പ്ലസ്നുവേണ്ടി കുട്ടികളെ തല്ലിപഴുപ്പിക്കലാണ് പതിവ്. പഠനത്തിൽ മാത്രമല്ല കൃത്യനിഷ്ഠയുടെ കാര്യത്തിലും ടീച്ചർ കണിശക്കാരിയായിരുന്നു.

ഒമ്പതിനും പത്തിനും രാവിലെ ഏഴുമണിക്കാണ് ട്യൂഷൻ. ട്യൂഷനെത്താൻ ഒരു മിനുട്ട് എങ്ങാനും വൈകിയാൽ അന്നത്തെ കാര്യം തീരുമാനമാകും. അതുകൊണ്ട് തന്നെ എട്ടാം ക്ലാസ് വരെ നല്ല സുഖ സുന്ദരമായി രാവിലെ എട്ടുമണിവരെ കിടന്നുറങ്ങിയിരുന്ന എന്റെ ഉറക്കത്തിനും അന്ന് മുതൽ തിരശീല വീണു. രാവിലെ ട്യൂഷന് പോവുമ്പോൾ തന്നെ പ്രാതലും ഉച്ചഭക്ഷണവും അമ്മ തന്നു വിടും, കാരണം അവിടെ നിന്നു നേരെ സ്കൂളിലേക്ക് പോവുന്നതാണ് എനിക്ക് എളുപ്പം. എന്നും രാവിലെ നേരത്തെ തന്നെ ട്യൂഷൻ ക്ലാസ്സിലേക്ക് പുറപ്പെടും. എന്നും സൈക്കിളിലാണ് സവാരി. രാവിലെ നേരത്തെ എണീക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് കഠിനമാണെങ്കിലും, മഞ്ഞുതുള്ളികളാൽ ഈറനണിഞ്ഞ പുലരിയിലൂടെയുള്ള സവാരി അന്ന് എനിക്ക് പ്രിയപ്പെട്ടതായിരുന്നു... പ്രകൃതിയുടെ സൗന്ദര്യത്തിൽ എനിക്കു അസൂയ തോന്നിയത് ആ പുലരികളിൽ ആയിരുന്നു. 

പച്ചപുടവ ഉടുത്തവണ്ണം ചുറ്റിലും പരന്നു കിടക്കുന്ന നെൽവയലുകൾ, അതിനിടയിലൂടെ അങ്ങകലേക്കു നിവർന്ന് കിടക്കുന്ന റോഡ്.. ആ റോഡിലൂടെ സൈക്കിളിൽ പോവുമ്പോൾ വീശുന്ന തണുത്ത കാറ്റ് പലതവണ എന്റെ കവിളുകളെ ചുംബിച്ച് നെൽകതിരുകൾക്കിടയിലൂടെ കടന്നു കളഞ്ഞിട്ടുണ്ട്. ഒരുപാട് ആളുകൾ ആ സമയത്തു നടക്കാൻ ഇറങ്ങാറുണ്ട്, അതിൽ പലരും എനിക്ക് പരിചിതരായികഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് എനിക്ക് ഇതുവരെ പരിചിതമല്ലാത്ത രണ്ടു വെള്ളാരം കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി. ഒരു ചെറു പുഞ്ചിരി എനിക്ക് നേരെ എറിഞ്ഞ് ആ ചെറുപ്പക്കാരൻ നടന്നകന്നു. അടുത്ത ദിവസം ആ കണ്ണുകൾ എന്നെ തിരഞ്ഞുവന്നു, ഒരു ചെറു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. അതുപിന്നെ ഒരു പതിവായി. ആ നോട്ടവും പുഞ്ചിരിയും പതിയെ പതിയെ എന്റെ ജീവന്റെ ഒരു ഭാഗമായി മാറുകയായിരുന്നു, ഞാൻ പോലും അറിയാതെ... അതാരാണെന്നോ എന്താണെന്നോ ഒന്നും എനിക്ക് അറിയില്ല, പക്ഷെ എന്റെ നിദ്രയെപോലും തല്ലികെടുത്താൻവണ്ണം ആ പുഞ്ചിരിയിൽ എന്തോ ഉണ്ട് എന്ന് മാത്രം എനിക്ക് അറിയാം...

ഇന്നും ഞാൻ അദ്ദേഹത്തെ കണ്ടു, പതിവ് പുഞ്ചിരി എനിക്ക് സമ്മാനിക്കാൻ ഇന്നും അദ്ദേഹം മറന്നില്ല.. പക്ഷേ ഇന്നെനിക്കു എന്റെ മനസ്സിനെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ല. അദ്ദേഹം എന്നെ മറികടന്നു പോയപ്പോൾ തിരിഞ്ഞുനോക്കുന്നുണ്ടോ എന്നറിയാൻ ഞാൻ സൈക്കിളിൽ നിന്നും തിരിഞ്ഞു നോക്കി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.. ദാ ഞാൻ താഴെ കിടക്കുന്നു.. അപ്പോഴേക്കും ആളുകൾ വന്നു എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോഴാണ് അടുത്ത പണി കിട്ടിയതു മനസ്സിലായത്, സൈക്കിളിന്റെ ചങ്ങല തെറ്റിയിരിക്കുന്നു. ഇടിവെട്ടിയവന്റെ തലയിൽ പാമ്പുകടിച്ചു എന്നു ഞാൻ കേട്ടിട്ടുണ്ട്, എന്നാൽ അന്ന് ഞാൻ അതു അനുഭവിച്ചറിഞ്ഞു. എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ വന്നവരെല്ലാം എനിക്ക് കാര്യമായ പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നു മനസിലാക്കിയപ്പോൾ അവരുടെ പതിവ് നടത്തിലേക്ക് നീങ്ങി. എന്നാൽ ഒരാൾ മാത്രം എന്നെ സഹായിക്കാനായി എന്റെ അടുത്തു നിൽക്കുന്നു...

മൂന്നു നാലു മാസത്തെ പുഞ്ചിരിക്കൊടുവിൽ അന്ന് എന്നോടദ്ദേഹം സംസാരിച്ചു. എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്ന പോലെ, ഈ തണുപ്പിലും ഞാൻ ഇതാ വിയർക്കുന്നു. വെപ്രാളപ്പെട്ടു സൈക്കിൾ ശരിയാക്കാൻ നോക്കിയിട്ട് അതൊട്ടു നടക്കുന്നുമില്ല.. എന്റെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞു അവസാനം അദ്ദേഹം തന്നെ എന്റെ സൈക്കിൾ ശരിയാക്കി തന്നു. ട്യൂഷന് നേരം വൈകി എത്തിയാൽ ഉണ്ടാവാൻ പോവുന്ന പ്രത്യാഘാതത്തെ കുറിച്ചോർത്തും, സൈക്കിളിൽ നിന്നു വീണതിന്റെ ചമ്മലും, അതിലുപരി അദ്ദേഹം അടുത്തു വന്നു നിന്നപ്പോഴുള്ള വെപ്രാളവും എല്ലാം കാരണം എനിക്കദ്ദേഹത്തോട് ഒന്നും പറയാൻ സാധിച്ചില്ല. പലനാളായിട്ടു എന്റെ ഉറക്കം കെടുത്തുന്ന ആ കണ്ണുകൾക്കുമുന്നിൽ എനിക്ക് പിടിച്ചുനിൽക്കാൻ ആയില്ല. ഒരു നന്ദിവാക്കു‌പോലും പറയാതെ ഞാൻ സൈക്കിൾ എടുത്തു പാഞ്ഞു.. പതിവുപോലെ ഇന്നും രാത്രി കണ്ണടച്ചപ്പോൾ അദ്ദേഹത്തിന്റെ ആ പുഞ്ചിരിയും കണ്ണുകളും മനസ്സിൽ വന്നു നിറയുന്ന പോലെ, മനസ്സാകെ വീർപ്പുമുട്ടുന്ന പോലെ ഒരു തോന്നൽ. എന്നത്തേയും പോലെ നാളെയും അദ്ദേഹത്തെ കാണാം എന്നു മനസ്സിന് ഉറപ്പു കൊടുത്ത ശേഷം കണ്ണുകൾ നിദ്രക്കു വഴിമാറി കൊടുത്തു. 

രാവിലെ എഴുന്നേറ്റ് ട്യൂഷന് പോവാൻ ഇറങ്ങി. അദ്ദേഹത്തെ കാണാനുള്ള മനസ്സിന്റെ തിടുക്കം കാലുകൾക്ക് ഊർജ്ജം പകർന്നു. എന്റെ കണ്ണുകൾ അദ്ദേഹത്തെ പരതി. പതിവായി കാണുന്നവരെ എല്ലാം കണ്ടു. എന്നാൽ എന്റെ കണ്ണുകൾ തേടുന്ന ആൾ മാത്രം എന്റെ കണ്ണുകൾക്ക്‌ പിടി കൊടുത്തില്ല. അന്നത്തെ ദിവസം മുഴുവൻ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരു കണക്കിന് അന്നത്തെ ദിവസം തള്ളിനീക്കി. പക്ഷെ അടുത്ത ദിവസവും നിരാശ തന്നെ ഫലം. ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങൾക്കു വഴിമാറി. എന്നും നിരാശ തന്നെ.. പക്ഷെ അന്ന് തൊട്ട് ഇന്ന് ഈ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും എന്റെ പ്രണയം ആ വെള്ളാരം കണ്ണുകളോടായിരുന്നു... എന്റെ കണ്ണുകളെ കൊളുത്തിവലിച്ച, പ്രണയമെന്ന മധുരത്താൽ എന്റെ അധരങ്ങളിൽ പുഞ്ചിരി നിറച്ച, സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച, എന്റെ ഹൃദയത്തെ പ്രണയത്താൽ എന്നന്നേക്കുമായി ബന്ധനത്തിലാക്കിയ ആ വെള്ളാരം കണ്ണുകൾ ഇന്നും ഞാൻ തിരയുകയാണ്...

English Summary:

Malayalam Short Story ' Pranayathinte Ormakalilude ' Written by Sreeshma Sajith Nair