ADVERTISEMENT

ഡൽഹിയിലെ കൃഷി ജലസേചന മന്ത്രാലയത്തിലെ കേന്ദ്ര ജല കമ്മീഷൻ ഇടക്കിടെ ചില റിഫ്രഷർ കോഴ്സുകൾ സർക്കാർ ഉദ്യോഗസ്ഥർക്കു വേണ്ടി നടത്തിക്കൊടുക്കും. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒക്കെ സർക്കാർ ചെലവിൽ ഡൽഹിയിൽ പോയി താമസിച്ച് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു തിരിച്ചുവന്ന് കൂടുതൽ ഊർജ്ജസ്വലതയോടെ ജോലി ചെയ്യാം. അങ്ങനെ 1980 കളിൽ നടന്ന രസകരമായ പറഞ്ഞു മറിഞ്ഞും കേട്ട ഒരു കാര്യം ഇവിടെ കുറിക്കുന്നു. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിലെ എൻജിനീയറായ സ്വാമിയ്ക്കാണ് ഇത്തവണ ഡൽഹിയിൽ പോയി ഈ പരിശീലനത്തിൽ പങ്കെടുക്കാനുള്ള അവസരം കിട്ടിയത്. വിവരം അറിഞ്ഞ ഉടനെ തന്നെ അമ്മ്യയാര് യാത്രയ്ക്കുള്ള തയാറെടുപ്പ് ഒക്കെ നടത്തി. മൂന്ന് പെട്ടികൾ. ആദ്യത്തെ പെട്ടിയിൽ കൊണ്ടാട്ടം, ഉപ്പിലിട്ടത്,  പുളിസാദം, തക്കാളി സാദം അങ്ങനെ ഒരു വർഷം വരെ കേടുവരാത്ത ഭക്ഷണസാധനങ്ങൾ. രണ്ടാമത്തെ പെട്ടിയിൽ 12 ദിവസത്തേക്കുള്ള തുണികൾ. മൂന്നാമത്തെ പെട്ടിയിൽ രാസ്നാധി പൊടി, തലയിൽ തേക്കാനുള്ള എണ്ണ, ദേഹത്ത് തേക്കാനുള്ള ചന്ദനാദിതൈലം, ദാഹശമനികൾ, ചെവിത്തോണ്ടി, പല്ലു കുത്തി.. കൈയ്യിൽ അത്യാവശ്യ സാധനങ്ങൾ മാത്രം ഉള്ള ഒരു സഞ്ചിയും.

ഭാര്യയോട്  യാത്രയും പറഞ്ഞ് സ്വാമി വിമാനത്താവളത്തിലെത്തി. വിമാനം കൃത്യസമയത്ത് ഡൽഹിയിലെത്തി. സമയം രാത്രി 11 മണി. പെട്ടികൾക്കായി കാത്തിരുന്നപ്പോഴാണ് എയർ ഇന്ത്യക്കാർ അറിയിക്കുന്നത് പെട്ടികൾ പുറകെയുള്ള വിമാനത്തിൽ വരുന്നതേയുള്ളൂ, നിങ്ങളെല്ലാം താമസസ്ഥലത്തേക്ക് പോയിട്ട് ഞങ്ങൾ അറിയിക്കുമ്പോൾ വന്നാൽ മതിയെന്ന്. കേരള ഹൗസിലാണ് താമസം അറേഞ്ച് ചെയ്തിരിക്കുന്നത്. ജന്തർമന്തറിനടുത്താണ് കേരള ഹൗസ്.അവിടേക്ക് പുറപ്പെട്ടു നിൽക്കുന്ന ബസ്സിൽ കയറി കുറച്ചു ദൂരം പിന്നിട്ടപ്പോൾ ബസ് ബ്രേക്ക് ഡൗണായി. പത്തിരുപത് പേരെ ആകെയുള്ളൂ. കൂടെ ഉള്ളവരൊക്കെ ഹിന്ദിക്കാരാണ്. അതു വഴി വരുന്ന ലോറിക്ക് കൈകാണിച്ച് ഓരോരുത്തരായി അതിൽ കയറി സ്ഥലം വിടാൻ തുടങ്ങി. ജന്തർമന്ദറിൽ ആണ് കേരള ഹൗസ് ഇതുമാത്രമേ സ്വാമിക്ക് അറിയൂ. ഓരോ ലോറി  നിർത്തുമ്പോഴും സ്വാമിയും ഓടിച്ചെല്ലും “ജന്തർ മന്ദിർ“,  “കേരള ഹൗസ്“എന്ന് പറയും. ലോറി ഡ്രൈവർ “അന്തർ ആ ജാവോ“ എന്ന് പറയും. ഹിന്ദിക്കാരൻ എന്താണ് പറയുന്നതെന്ന് ശരിക്ക് മനസ്സിലാകാത്തത് കൊണ്ട് ഡ്രൈവറുടെ മുഖഭാവം ശ്രദ്ധിക്കും. 

ഹിന്ദിക്കാരൻ കയറിക്കോളാൻ ആണോ ഇറങ്ങാൻ ആണോ പറയുന്നത് എന്ന് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ട് ഇറങ്ങാൻ തുടങ്ങും. ഉടനെ ഡ്രൈവർ ഒന്നുകൂടി അലറും. “അന്തർ ആ ജാവോ”. അത് കേട്ട ഉടനെ സ്വാമി ജീവനുംകൊണ്ട് താഴെ ഇറങ്ങും. അപ്പോൾ ഡ്രൈവർ പറയുകയാണ് “തും ഉദർ ഹി ഗടെ ഹോ ഉല്ലു കാ പട്ടേ” പമ്പരവിഡ്ഢി നീ അവിടെത്തന്നെ നിന്നോ എന്ന്. പാവം സ്വാമി കേരളത്തിൽ ഓഫീസിൽ പോകുന്നത് സർക്കാർ ജീപ്പിൽ. ഡ്രൈവർ വന്ന്  ഡോർ തുറന്നു കൊടുക്കുമ്പോൾ കയറും. ഓഫീസിൽ എത്തുമ്പോൾ ഇറങ്ങും, ഫയലുകളും കൊണ്ട് ഡ്രൈവർ പുറകെവരും. മനുഷ്യരുടെ ഓരോരോ അവസ്ഥകളെ!! സ്വാമിക്ക് ഇംഗ്ലിഷും തമിഴും മലയാളവും അറിയാം, പക്ഷേ ഹിന്ദി പള്ളിക്കൂടത്തിൽ പഠിച്ചിട്ടുമില്ല. ഭാര്യയുടെ കൂടെയിരുന്ന് കുറച്ച് ഹിന്ദി സീരിയലുകൾ കണ്ടിരുന്നെങ്കിൽ ഒരു വെടിക്ക് ഉള്ള പടക്കം കരുതാമായിരുന്നു എന്ന് സ്വാമി സങ്കടത്തോടെ ഓർത്തു. പോയ ബുദ്ധി ഇനി പിടിച്ചാൽ കിട്ടില്ലല്ലോ. കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുവഴി ഒരു ലൈൻ ബസ്സ് വന്നു. എന്റെ ശ്രീപത്മനാഭാ!! ആ ബസ്സ് സ്വാമിയെ സുരക്ഷിതമായി കേരള ഹൗസിൽ എത്തിച്ചു. രാത്രി മണി രണ്ട്.  

ഉറങ്ങി എഴുന്നേറ്റപ്പോൾ പുതിയ പ്രശ്നം. പെട്ടികൾ ഒന്നും തിരുവനന്തപുരത്തുനിന്ന് കയറിയിട്ടില്ല. ആറു ദിവസം കഴിഞ്ഞേ എത്തുകയുള്ളൂ എന്ന അറിയിപ്പ് കിട്ടി. പുളി സാദവും കൊണ്ടാട്ടവും ഒക്കെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇരുന്നിട്ട് എന്ത് കാര്യം? ഭക്ഷണവും ഇല്ല, വസ്ത്രവും ഇല്ല, ഉടുതുണിയ്ക്ക് മറുതുണി ഇല്ല എങ്കിലും കേരള ഹൗസിലെ മലയാളികളെ കണ്ടപ്പോൾ സ്വാമിക്ക് വയറും മനസ്സും നിറഞ്ഞു. എലി പുന്നെല്ല് കണ്ടതുപോലെയുള്ള സന്തോഷമായി. ഒരു മലയാളിയെ (അദ്ദേഹത്തിന് ഹിന്ദിയും നന്നായി അറിയാം) കൂട്ടി സരോജിനി മാർക്കറ്റിൽ പോയി അത്യാവശ്യം തുണിയും നിത്യോപയോഗസാധന സാമഗ്രികളും വാങ്ങി പരിശീലനത്തിന് പോയി തുടങ്ങി. രാത്രി കേരളഹൗസിൽ ചെറുപയറും കഞ്ഞിയും പപ്പടവും ചമ്മന്തിയും കഴിക്കാൻ ഡൽഹിയിലെ വലിയ ഹോട്ടലുകളിൽ താമസിച്ചിരുന്ന പല പ്രമുഖ ഉദ്യോഗസ്ഥരും എത്തും. അവർക്ക് അവിടെ ഭക്ഷണം ഇല്ലാത്തതുകൊണ്ടല്ല മലയാളികളുമായി മിണ്ടിയും പറഞ്ഞും ഇരുന്ന് കഞ്ഞി കുടിക്കാൻ വേണ്ടിയാണ്. കേരളത്തിലാണ് എങ്കിൽ ഇവർ പരസ്പരം നോക്കുക പോലുമില്ലായിരിക്കും. പക്ഷേ അന്യനാട്ടിൽ എത്തിയാൽ ഇവരൊക്കെ ഒന്ന്. നമ്മൾ മലയാളികളുടെ മാത്രം പ്രത്യേകത. 

ആറ് ദിവസം കഴിഞ്ഞപ്പോൾ സാമിയുടെ പെട്ടികൾ ഒക്കെ കേരള ഹൗസിൽ എത്തി അപ്പോഴേക്കും സ്വാമി കുറച്ച് ഹിന്ദിയും പഠിച്ചു. കൊണ്ടാട്ടവും ഉപ്പിലിട്ടതും ഒക്കെ കേരള ഹൗസിലെ കുക്കിനെ ഏൽപ്പിച്ചു ട്രെയിനിങ്ങും വിജയകരമായി പൂർത്തിയാക്കി സ്വാമി മടങ്ങി. ഡൽഹിയാത്ര കഴിഞ്ഞതിൽ പിന്നെ “ലെസ്സ് ലഗേജ് മോർ കംഫർട്ട്” എന്ന പ്രോവെർബ് അന്വർഥമാക്കുന്ന തരത്തിലേ സ്വാമി യാത്രകൾ ചെയ്തിട്ടുള്ളൂ. ഈ എൺപത്തി രണ്ടാം വയസ്സിലും സ്വാമിക്ക് നന്നായി ഓർമ്മ ഉള്ള ഒരിക്കലും മറക്കാൻ പറ്റാത്ത ഒരേ ഒരു ഹിന്ദി വാക്കെ ഉള്ളൂ അത് “ജന്തർ മന്ദിർ” എന്നാണ്.

English Summary:

Malayalam Short Story ' Jantar Mantar ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com