ADVERTISEMENT

ഇന്ന് നഗരമധ്യത്തിലെ ആ കെട്ടിടത്തിലെ ഇടുങ്ങിയ മുറിയിൽ വെച്ച് വളരെ കാലങ്ങൾക്ക് ശേഷം ഞാൻ ആ മുഖം വീണ്ടും കണ്ടു. ഒരുകാലത്ത് ഞാൻ ആത്മാവ് കൊടുത്ത് സ്നേഹിച്ചയാൾ. പിന്നീട് എന്റെ പ്രണയത്തിന്റെ വീഞ്ഞിൽ ചതിയുടെ കയ്പ്പ് നീര് കലർത്തിയവൻ. എന്റെ പകയുടെ തീ ചൂടിൽ പൊള്ളിയവൻ… ഇപ്പോൾ… പ്രണയത്തിന്റെ തിരകളും, പകയുടെ തീക്കാറ്റും അടങ്ങി ശാന്തമായിരുന്ന എന്റെ ജീവിതത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ ഒരു കല്ല് പോലെ അയാൾ വീണ്ടും വന്നു വീണിരിക്കുന്നു. ഇന്ന്… ജീവനില്ലാത്ത ഒരു ശരീരമായി അയാളെ കണ്ടപ്പോൾ എനിക്ക് തോന്നിയ വികാരം എന്തായിരുന്നു. എ. എസ്. പി. ട്രെയിനിയായി ഈ ലോക്കൽ സ്റ്റേഷനിലെ എസ് ഐ യുടെ കൂടെ ഇൻക്വസ്റ്റ് തയാറാക്കാൻ വന്ന സീനിലെ സബ്ജക്ടായി അയാൾ ഒരു മുഴം കയറിൽ തൂങ്ങിയാടി നിന്നു. ആ വികൃത രൂപത്തിലേക്ക് അധികം നോക്കി നിൽക്കാനാവാതെ ഞാൻ ഓർമ്മകളിലേക്ക് കണ്ണുകളടച്ചു.

സൗമ്യമായ പെരുമാറ്റവും, നീല കലർന്ന കറുപ്പ് കണ്ണുകളും, ഒത്ത ഉയരവും, ഒഴുകിനടക്കുന്ന തലമുടിയുമുള്ള വരുൺ ഓഫീസിൽ ജോയിൻ ചെയ്ത അന്ന് മുതൽ തന്നെ ആരാധനയും പ്രണയവും മോഹവും നിറഞ്ഞ ഒരുപാട് പെൺ നേത്രങ്ങൾ അവന്റെ പിന്നാലെയുണ്ടായിരുന്നു. പക്ഷെ അവന്റെ പ്രണയം നേടിയത് ഞാനായിരുന്നു. ഓഫീസിലെ സൗഹൃദത്തിൽ ആരംഭിച്ച പ്രണയം, നഗരത്തിലെ പോഷ് ഹോട്ടലിലെ കാൻഡിൽ ലൈറ്റ് ഡിന്നറിലേക്കും പിന്നീട് വരുണിന്റെ ഫ്ലാറ്റിൽ ഞങ്ങൾ ഇരുവരും പങ്കിട്ട സ്വകാര്യ നിമിഷങ്ങളിലേക്കുമൊക്കെ വളർന്നത് പെട്ടെന്നായിരുന്നു. പക്ഷേ ആ പ്രണയത്തിന്റെ മധുവിധു കാലം അവസാനിച്ചു തുടങ്ങുമ്പോൾ തന്നേ എനിക്ക് കല്ലു കടിച്ചു തുടങ്ങിയിരുന്നു. വരുണിന്റെ അച്ചടക്കവും കൃത്യനിഷ്ഠയും എന്റെ ചെറിയ ചെറിയ നിഷ്ഠയില്ലായ്മകളോട് എപ്പോഴും പോരടിച്ചു. ഓഫീസിലെ ആൺസുഹൃത്തുക്കളോടുള്ള സൗഹൃദ സംഭാഷണങ്ങളിൽ തുടങ്ങി, വസ്ത്രത്തിന്റെ നിറത്തിലും, ഉപയോഗിക്കുന്ന ഫോണിലും വരെ വരുണിന്റെ ഇഷ്ടങ്ങളുടെ അദൃശ്യമായ ഒരു മതിൽ പണിയപ്പെടുന്നത് ഞാൻ അറിഞ്ഞു. പ്രണയം ഒരു ബാധ്യതയായും ഭാരമായും തോന്നി തുടങ്ങിയപ്പോഴാണ് നമുക്ക് പിരിയാം എന്ന് ഞാൻ അവനോട് പറഞ്ഞത്. പ്രണയം അവസാനിപ്പിച്ചു സുഹൃത്തുക്കളായി കഴിയാം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ വരുൺ പ്രതികരിച്ചത് അതുപോലെ ആയിരുന്നില്ല. "തേച്ചിട്ട് പോവുകയാണല്ലേ… ശരി... നമുക്ക് കാണാം." വരുണിന്റെ സംസാരത്തിൽ ഒരു ഭീഷണിയുടെ സ്വരമുള്ളത് അന്ന് ഞാനറിഞ്ഞിരുന്നില്ല.

കുറച്ചുനാൾ കഴിഞ്ഞ് ഒരുനാൾ എന്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ പല കണ്ണുകൾ എന്നിലേക്ക് പതിവില്ലാത്ത ഒരു അസാധാരണ നോട്ടമെറിയുന്നത് ഞാൻ അറിഞ്ഞു. എന്റെ ടീമിലെ പ്രോഗ്രാമേഴ്സിനെ വിളിച്ച് സംസാരിക്കുമ്പോൾ അവരുടെ മുഖത്തും ഒരു അസാധാരണ ഭാവം തോന്നി. "ഭവ്യാ എനി തിംഗ് റോങ്ങ്. നിങ്ങളുടെ ഒക്കെ പെരുമാറ്റത്തിൽ ഒരു സ്ട്രേഞ്ചനെസ്സ് ഫീൽ ചെയ്യുന്നു" ടീമിലെ തന്റെ സുഹൃത്ത് ഭവ്യയെ വിളിച്ചു മാറ്റി നിർത്തി ഞാൻ ചോദിച്ചു. "ഉണ്ട് ചേച്ചി..." ചെറിയ ഇടർച്ചയുള്ള ശബ്ദത്തിൽ തന്റെ മൊബൈൽ എന്റെ നേരേ നീട്ടി അവൾ പറഞ്ഞു. മൊബൈൽ സ്ക്രീനിൽ പ്ലേ ചെയ്യുന്ന വീഡിയോ കണ്ട് എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി. "വരുൺ... യൂ" എന്ന് തളർന്ന ശബ്ദത്തിൽ പിറുപിറുത്ത് കൊണ്ട് ഞാൻ സീറ്റിലേക്ക് തളർന്നിരുന്നു. ആദ്യത്തെ തളർച്ചക്ക് ശേഷം ശക്തി സംഭരിച്ച് ഞാൻ വീണ്ടും എഴുന്നേറ്റു. ഈ ചതി ചെയ്തവനെ ഒരു പാഠം പഠിപ്പിക്കണം എന്ന ചിന്തയാണ് എന്നിലപ്പോൾ ശക്തമായി വന്നത്. പൊലീസ് സഹായം തേടാനാണ് ആദ്യം പോയത്. പക്ഷേ ഇത് ചെയ്തത് അയാൾ എന്ന് തെളിയിക്കാൻ തെളിവുകൾ അപര്യാപ്തങ്ങൾ ആയിരുന്നു. പേര് പോലും കേൾക്കാത്ത ഒരു രാജ്യത്തെ സർവറിൽ നിന്ന് അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ അയാളാണ് ചെയ്തതെന്ന് തെളിയിക്കാൻ സൈബർ പൊലീസിന് സംവിധാനങ്ങൾ ഇല്ലായിരുന്നു. എങ്കിൽ അപ്‌ലോഡ് ചെയ്യപ്പെട്ട പോർണോഗ്രാഫിക്ക് സൈറ്റിൽ നിന്നും ഈ വീഡിയോ വേഗം നീക്കം ചെയ്യാൻ ഉള്ള നടപടികൾ ചെയ്യാൻ ഞാൻ അഭ്യർഥിച്ചു.

ഇന്റർനെറ്റിൽ എന്തെങ്കിലും ഒന്ന് അപ്‌ലോഡ് ചെയ്യപ്പെട്ടാൽ അത് കടലിൽ ഉപ്പു കലക്കുന്ന പോലെയാണെന്നും തിരിച്ചെടുക്കാൻ അത്ര എളുപ്പമല്ലെന്നും സൈബർ പൊലീസ് ഉപദേശം നൽകി. പോകാൻ നേരം നിങ്ങൾ പെൺകുട്ടികൾ ഇതൊക്കെ സൂക്ഷിക്കേണ്ടേ എന്ന സ്ഥിരം ഉപദേശവും നൽകാൻ ആ പൊലീസുകാരൻ മറന്നില്ല. ഞാൻ വിട്ടു കൊടുക്കാൻ തയാറായിരുന്നില്ല. വരുണിന്റെ വിശ്വാസ വഞ്ചന എന്റെ ഉറക്കം കെടുത്തി. തലകുനിച്ച് നടക്കേണ്ടത് ഞാനല്ലെന്നും അവനാണെന്നും എന്നേത്തന്നേ പറഞ്ഞു പഠിപ്പിച്ചു. എന്റെ ഓഫീസിലെ മിടുക്കരായ കുറച്ചു സൈബർ ഫോറൻസിക് ടീമിലെ കൂട്ടുകാരോട് ചേർന്ന് എത്തിക്കലും, കുറച്ചൊക്കെ അൺ എത്തിക്കലുമായ ഹാക്കിങ്ങിലൂടെ ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ട എല്ലാ സൈറ്റുകളും കണ്ടെത്തുകയും അയാളെ കുരുക്കാനുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഒടുവിൽ കോടതി അയാൾക്ക് തടവ് ശിക്ഷ നൽകി. അതിനു ശേഷം കുറച്ചു നാൾ ഞാൻ എല്ലാത്തിൽ നിന്നും മാറിനിന്നു. പുതിയൊരു തുടക്കമായിരുന്നു ഞാൻ ആഗ്രഹിച്ചത്.

പഴയ കമ്പനിയിലെ ജോലി ഞാൻ രാജി വച്ചു. ലോകത്തിന് മുന്നിൽ വീണ്ടും ജയിച്ചു കാണിക്കണമെന്ന് എനിക്ക് വാശി തോന്നി. അങ്ങനെയാണ് സിവിൽ സർവീസ് ട്രെയിനിങ് പോയത്. ഒരു കണക്കിന് ഇന്നത്തെ ഈ ഐപിഎസ് പോസ്റ്റിങ്ങിന് ഞാൻ കടപ്പെട്ടിട്ടുള്ളത് അയാളോടാണ് ഞാൻ തോറ്റിട്ടില്ല എന്ന് തെളിയിക്കാനുള്ള, ജയിച്ചു കാണിക്കാനുള്ള ആ വാശിയാണ് എന്നെ ഇന്ന് ഈ ഐപിഎസ് ഓഫീസർ ആക്കിയത്. പുതിയ എ എസ് പി ട്രെയിനി റൂട്ട് ലെവൽ മനസ്സിലാക്കണമെന്ന് പറഞ്ഞാണ് ഓരോ ആഴ്ച വീതം ഓരോ ലോക്കൽ സ്റ്റേഷനിൽ നിൽക്കാൻ എസ്.പി വിട്ടത്. അങ്ങനെയാണ് ഞാൻ ഈ ലോക്കൽ സ്റ്റേഷനിലെത്തിപ്പെട്ടത്. നഗരമധ്യത്തിലെ കെട്ടിടത്തിൽ ഒരു ഡെഡ് ബോഡി കണ്ടുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവിടെയെത്തുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ആ ശവശരീരം ഒരിക്കൽ പ്രാണൻ കൊടുത്ത് സ്നേഹിച്ച വരുണിന്റേതാവുമെന്ന്.. "മാഡം ദിസ് ഈസ് ക്ലിയർ കേസ് ഓഫ് സൂയിസൈഡ്." സബ്‌ ഇൻസ്പെക്ടറുടെ ശബ്ദമാണ് എന്നെ ഓർമ്മകളിൽ നിന്ന് തിരിച്ച് കൊണ്ടു വന്നത്. "മാഡം ഫോറൻസിക് ടീം പ്രാഥമിക പരിശോധന കഴിഞ്ഞു. ലിഗേച്ചർ മാർക്ക് കണ്ടിട്ട് സൂയിസൈഡ് ഏകദേശം കൺഫേം ആണെന്നാ ഡോക്ടർ പറഞ്ഞേ. കൂടാതെ നമുക്ക് സൂയിസൈഡ് നോട്ട് കിട്ടിയിട്ടുണ്ട്. ഹാൻഡ് റൈറ്റിംഗ് പേരന്റ്സ് കൺഫേം ചെയ്തിട്ടുണ്ട്. സോ 99% its suicide". എസ് ഐ കൈ മാറിയ ആ ആത്മഹത്യാക്കുറിപ്പ് ഞാൻ ഉയർന്ന ഹൃദയമിടിപ്പോടെ വായിച്ചു.

പ്രിയപ്പെട്ട..,

ക്ഷമിക്കുക അങ്ങനെ പ്രിയപ്പെട്ടവർ ആരുമെനിക്കില്ലല്ലോ അല്ലേ. ഞാൻ എന്നേ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ. എന്റെ സ്വാർഥതക്ക് ബലിയാടുകളായവരോട്.. ദയവായി എനിക്ക് മാപ്പു തരിക. ഇല്ല നിങ്ങൾക്കെന്നോട് ക്ഷമിക്കാനാവില്ല എന്ന് എനിക്കറിയാം. കുറ്റബോധം എന്റെ ജീവൻ കാർന്നു തിന്നുകയാണ്. ഇനി വയ്യ. വിട..

"കത്ത് ഹാൻഡ് റൈറ്റിംഗ് എക്സ്പേർട്ടിന് വിടണം" ഞാൻ SI ക്ക് കത്ത് കൈമാറി. "പക്ഷേ മാഡം പേരെന്റ്സ് ഹാൻഡ് റൈറ്റിംഗ് കൺഫേം ചെയ്തതാണല്ലോ ഇതിൽ വേറെ പൊല്ലാപ്പ് ഒന്നും ഇല്ല. മാഡം വി കാൻ കൺക്ലൂഡ് ആസ് എ സൂയിസൈഡ്." "ഡു വാട് ഐ സെഡ്" എന്റെ സ്വരം അൽപം പരുഷമായിരുന്നു ഇത്രനേരം അയാളുടെ മുന്നിൽ വിനീതയായി തന്നെ നിന്നിരുന്ന പുതിയ ട്രെയിനി എ എസ് പിയുടെ ഭാവമാറ്റം ആ എസ് ഐ യെ അമ്പരപ്പിച്ചു. "ഈ മരണപ്പെട്ട ആള് അവസാന നാളുകളിൽ ആരും ആയിട്ടൊക്കെയായിരുന്നു കോൺടാക്ട് ഉണ്ടായിരുന്നത്." അത് മാഡം ഇയാൾ അഞ്ചുവർഷം ജയിലിലായിരുന്നല്ലോ. പുറത്തിറങ്ങിയിട്ട് ഇപ്പോൾ ഒരു മാസമേ ആയിട്ടുള്ളൂ. പേരന്റ്സും ബന്ധുക്കളുമായിട്ടൊന്നും ഒരു കോൺടാക്ടും ഇല്ല. ആകെ ബന്ധപ്പെട്ടിരുന്നത് അയാളുടെ സൈക്കാർട്ടിസ്റ്റിനോടാണ്. ജയിലിൽ സൗജന്യമായി കൗൺസിലിംഗ് സെഷൻസ് നടത്തിയിരുന്ന ഒരു സ്ത്രീയാണ്. ഇയാൾക്ക് ആദ്യം ജയിലിലായപ്പോ ചെറിയൊരു മെന്റൽ ബ്രേക്ക്ഡൗൺ പോലെ ഉണ്ടാരുന്നു. ഓരോ ആഴ്ചയിലും മുടങ്ങാതെ അവർ ഇയാൾക്ക് കൗൺസിലിംഗ് നടത്തിയിരുന്നു. അവര് പറഞ്ഞാൽ മാത്രം അയാൾ എന്തും അനുസരിക്കുമായിരുന്നു. വല്ലാത്തൊരു മാന്ത്രിക ശക്തി തന്നേ ചില പെണ്ണുങ്ങൾക്ക്, അല്ലേ മാഡം." അയാൾ ഒരു വൃത്തികെട്ട ചിരി ചിരിച്ച് കൊണ്ട് പറഞ്ഞവസാനിപ്പിച്ചു.

"‌ഈ സ്ത്രീയുടെ രേഖകൾ വല്ലതും ഉണ്ടോ." "യെസ് രേഖകൾ ഒക്കെ ഉണ്ട് മാഡം, ഷീ ഈസ് ക്ലീൻ. പിന്നെ ജയിലല്ലേ എല്ലാർക്കും കേറി നിരങ്ങാൻ പറ്റില്ലല്ലോ." അയാൾ കുറേ രേഖകൾ നീട്ടി. ഞാൻ ആ രേഖകൾ പരിശോധിച്ചു. ഉന്നത സർവകലാശാലകളിൽ നിന്നും നേടിയ മനഃശാസ്ത്ര ബിരുദങ്ങൾ. എല്ലാം വിദേശ സർവകലാശാലകൾ. ഒരുപാട് റിസേർച്ച് വർക്കുകൾ.. ഒറ്റനോട്ടത്തിൽ സംശയിക്കതക്കതൊന്നുമില്ല. "മാഡം ഇയാള് തീരെ നീറ്റൊന്നുമല്ലാരുന്ന് കെട്ടോ. ഒരു പക്കാ വുമണൈസർ ആയിരുന്നു കക്ഷി. അവസാനം ഒരു പെൺകൊച്ച് പണി കൊടുത്താ ഇയാൾ ജയിലിലായേ. അതിനു മുമ്പും കുറേ പാവത്തുങ്ങളെ ഇയാൾ പറ്റിച്ചിട്ടുണ്ടെന്നാ കേട്ടെ. കണ്ടാൽ സുന്ദരനും യോഗ്യനുമാണല്ലോ. നല്ല വിദ്യാഭ്യാസവുമുണ്ട്. ആരും എളുപ്പം വീണു പോവും. പക്ഷേ നമ്മുടെ കൈയ്യിൽ കേസും റെക്കോർഡുമുള്ളത് അവസാനത്തേ കേസ് മാത്രം. അല്ല മാഡം മാഡത്തിനിത് ആത്മഹത്യയല്ലെന്ന് സംശയമുണ്ടോ" "അല്ലടോ താൻ ഈ അലാം ഫെറമോൺസ് എന്ന് കേട്ടിട്ടുണ്ടോ." "സോറി മാഡം ഇല്ല" ഇല്ലാത്ത ഭവ്യത ഉണ്ടെന്ന് വരുത്തിക്കൊണ്ട് അയാൾ പറഞ്ഞു."പേടിക്കെണ്ടെടോ പൊലീസുകാർ അറിയേണ്ട കാര്യമൊന്നുമല്ല. വേട്ടമൃഗം അടുത്ത് വരുമ്പോൾ ഇരയുടെ ശരീരത്തിൽ ഒരു പ്രത്യേക തരം ഗന്ധം പുറപ്പെടും. മറ്റു ഇരകൾക്ക് ഒരറിയിപ്പായി ഇരകൾക്ക് മാത്രം മനസ്സിലാവുന്ന അവർ തമ്മിലുള്ള ഒരു പ്രത്യേക തരം ആശയ വിനിമയം ആണ് ഈ ഗന്ധം. അതാണ് ഈ സംഗതി." ഈ പെണ്ണുമ്പിള്ള എന്തു തേങ്ങയാ പറയുന്നേ എന്ന ഭാവത്തിൽ മിഴിച്ചിരിക്കുന്ന പൊലീസുകാരനെ നോക്കി ഞാൻ പറഞ്ഞു 'ഒന്നുമില്ലടോ. ഐ റ്റൂ തിങ്ക് യൂ ആർ റൈറ്റ്. ഇതു 100 % ഒരു ആത്മഹത്യ തന്നേ. അതുപോലെ റിപ്പോർട്ട് എഴുതിക്കോ." എസ് ഐ യുടെ മുഖം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും വിടർന്നു.

വീട്ടിലെത്തി സെറ്റിയിലേക്ക് ചാഞ്ഞ് കിടക്കുമ്പോൾ എന്റെ ശ്വാസത്തിൽ വീണ്ടും ഞാൻ ആ ഗന്ധം അറിഞ്ഞു. ഇരയുടെ മണം... കുളിമുറിയിലേക്കോടി ഷവർ തുറന്നു മുന്നിൽ നിൽക്കുമ്പോൾ എന്റെ കൺമുന്നിലൂടെ ഇന്നത്തെ സംഭവങ്ങൾ വീണ്ടും ചലച്ചിത്രത്തിലെന്ന പോലെ ഓടിത്തുടങ്ങി. ഉച്ചയ്ക്ക് ഇൻസ്പെക്ടർ തന്ന രേഖകളിൽ നിന്ന് വരുണിന്റെ സൈക്കാർട്ടിസ്റ്റിന്റെ പേര് നയന വേലകം എന്നു വായിച്ചപ്പോൾ ഞാനോർത്തത് നക്ഷത്ര വേലകം എന്ന മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പേരായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് വരുണിനെതിരെയുള്ള കേസിന് ശക്തി കിട്ടാൻ" പ്രതി സമാന സംഭവങ്ങളിൽ മുൻപും ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ പറ്റിയാൽ നന്നാവും" എന്ന് ഞങ്ങളുടെ വക്കീൽ പറഞ്ഞതനുസരിച്ചാണ് ഞാൻ വരുണിന്റെ ചരിത്രം തേടി പോയത്. അപ്പോഴാണ് ഞാൻ നക്ഷത്ര വേലകത്ത് എന്ന കുട്ടിയുടെ കഥ കേട്ടത്. ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച ആ കുട്ടിയുടെ കഥയിലെ വില്ലനും വരുണായിരുന്നു. പക്ഷേ വാമൊഴിക്കഥകൾക്കപ്പുറം കോടതിയിൽ അതു തെളിയിക്കാനുള്ള തെളിവുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. കേസിൽ കക്ഷി ചേരുവാൻ വേണ്ടി കുട്ടിയുടെ ഏക ബന്ധുവായിരുന്ന ചേച്ചി നയന വേലകത്തിനെ ഞാൻ വിളിച്ചു. വിദേശത്ത് ഗവേഷണ വിദ്യാർഥി ആയിരുന്നു നയന അന്ന്. “ഞാനൊരു കേസിനുമില്ല. പക്ഷേ എന്റെ കുട്ടിയുടെ മരണത്തിന് അവൻ കാരണക്കാരനാണെങ്കിൽ അവനു ശിക്ഷ കിട്ടുക തന്നേ ചെയ്യും” നിസംഗത നിറഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു. "കോടതിയല്ലേ അയാളെ ശിക്ഷിക്കണ്ടത്. അതിന് കേസ് വേണ്ടേ" ഞാൻ ചോദിച്ചു. "അല്ല അവന്റെ മനസ്സാക്ഷി തന്നേ അവനേ ശിക്ഷിക്കും." ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ട് അവർ അന്ന് ആ കാൾ കട്ട് ചെയ്തു.

ഉച്ചക്ക് ഇൻസ്പെക്ടർ തന്ന രേഖകൾ പരിശോധിച്ച ശേഷം ഞാൻ ഇന്റർനെറ്റിൽ പരതിയത് നയനയുടെ റിസേർച്ചുകളെ കുറിച്ചായിരുന്നു. അതിൽ ഒരു റിസേർച്ച് അബ്സ്ട്രാക്ട് ഇങ്ങനെയായിരുന്നു. "ന്യൂറോ സൈക്കോട്ടിക്ക് പ്രോഗ്രാമിംഗ് എന്ന പുതിയ ആശയം ഞങ്ങൾ അവതരിപ്പിക്കുന്നു. ഒരു വ്യക്തിയുടെ മനസ്സിനെ ഒരു കമ്പ്യൂട്ടർ മെമ്മറി പോലെ പ്രോഗ്രാം ചെയ്യാൻ പറ്റുമോ എന്നാണ് ഈ പേപ്പർ പരിശോധിക്കുന്നത്. ഇതു ഹിപ്നോട്ടിസം പോലുള്ള ഒരു ചെറിയ സമയത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വിദ്യയല്ല. മറിച്ച് വ്യക്തിയുമായി ആത്മബന്ധം സ്ഥാപിച്ച് സ്ഥിരമായ സൈക്യാട്രിക്ക് സെഷനുകളിലൂടെ സാധിക്കുന്ന ഒന്നാണ്. ഒരു പക്ഷേ ഒരു കുറ്റവാളിയെ നല്ലവനാക്കാനും, ദയ, കരുണ, കുറ്റബോധം എന്നിവ ജനിപ്പിക്കാനും ഈ വിദ്യകൊണ്ട് സാധിച്ചേക്കാം." അതിലെ കുറ്റബോധം എന്ന വാക്കിന് ഞാൻ ഹൈലൈറ്റിംഗ് കൊടുത്തു. എന്റെ ശ്വാസത്തിൽ അപ്പോൾ വീണ്ടും ഞാൻ ഇരയുടെ ഗന്ധമറിഞ്ഞു. കുളി കഴിഞ്ഞ് പുറത്തിറങ്ങി ബെഡിലേക്ക് വീണു കിടക്കുമ്പോൾ ഞാൻ ഓർത്തത് രണ്ട് ഇരകളേ പറ്റിയായിരുന്നു.. പകയുടെ കനൽ പ്രിയപ്പെട്ടവരിലേക്ക് പടർന്ന് സ്വയം എരിഞ്ഞടങ്ങിയ ഒരുവൾ. അവൾ എനിക്കു കൈമാറിയ ആ അലാം ഫെറമോൺസ്.. പിന്നെ.. പകയേ കുതിപ്പിനുള്ള ഈർജ്ജമാക്കിയ ഞാൻ... ഇല്ല.. എന്റെ ശ്വാസത്തിൽ ഇപ്പോൾ ഇരയുടെ ഗന്ധമില്ല.’

English Summary:

Malayalam Short Story ' Irayude Manam ' Written by Jose Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com