ADVERTISEMENT

(കഥകൾ മിക്കതും നമ്മുടെ ചുറ്റിനും നടക്കുന്നതോ.. നമ്മൾ എവിടെയൊക്കെയോ കണ്ടുമറന്നതോ ആവാം.. ബാല്യത്തിലെ അനുഭവങ്ങൾ ഒന്നോർത്താൽ അതൊക്കെ മതി മുൻപോട്ട് ഉള്ള ജീവിതത്തിനു ചിരിയും ചിന്തയും പകരാൻ.. ഇതുവായിച്ചു ചിരിച്ചാലും ഇല്ലെങ്കിലും പുരുഷകേസരികൾ അടിവസ്ത്രം ഇടാൻ ഇനി മറക്കരുത്)

അങ്ങനെ ഞങ്ങളുടെയൊക്കെ ബാല്യവും കൗമാരവും കണ്ട കാരിച്ചാൽ ഗ്രാമം. പാന്റ് ഇടാനൊക്കെ ഞങ്ങളുടെ ഗ്രാമ പ്രദേശങ്ങളിൽ യുവജനങ്ങൾ തുടങ്ങിയ സമയം.. നാട്ടിലെ പ്രധാന തയ്യൽക്കാരാണ് സാബുച്ചായനും, ചന്ദ്രൻ പിള്ളയും.. ചന്ദ്രൻപിള്ള സാധാരണ ഷർട്ട്, ചട്ട എന്നിവയിലൊക്കെ തന്റെ പ്രാവീണ്യം തെളിയിക്കുമ്പോൾ നാട്ടിലെ യുവജനങ്ങളെ പാന്റിന്റെ ലോകത്തിലേക്ക് കൂട്ടികൊണ്ടു പോകാനാരംഭിച്ചിരുന്നു സാബുച്ചായൻ.. അന്നൊക്കെ പാന്റിന്റെ അടിയിൽ ഇടുന്ന ഷഡ്ഢി ഒക്കെ അത്ര പരിചിതമല്ല ഞങ്ങൾ കുട്ടികൾക്ക്.. ഷഡ്ഢികളുടെ ഉപയോഗത്തെക്കുറിച്ചു അജ്ഞരുമായിരുന്നു മിക്കവരും അതുകാരണം പലപ്പോഴും അതിന്റെ തിക്തഫലം അനുഭവിക്കുന്നത് ഞങ്ങൾ കുട്ടികളുടെ "കൊച്ചു സുനകൾ.." അറിയാതെ പാന്റിന്റെ സിബ്ബിനിടയിൽ ഇവൻ കുടുങ്ങുന്നത് പതിവാണ്. പലപ്പോഴും രക്ഷക്കെത്തുന്നത് അമ്മമാരോ സഹോദരങ്ങളോ ഒക്കെ ആയിരിക്കും.. ജീവൻ പോകുന്ന വേദന അതൊക്കെ അനുഭവിച്ചിട്ടുള്ളവർക്കറിയാം.. അങ്ങനെയൊക്കെ സംഭവിച്ചാലും പൊതുവെ മലയാളികൾ അടിവസ്ത്രം ഇടാൻ വിമുഖത കാട്ടുന്നവരാണ് സ്വന്തം വീട്ടിൽ.. അങ്ങനെ ഈയുള്ളോന് പറ്റിയ അമളിയാണീ ഗഥ....

സംഭവം നടക്കുന്നതെന്റെ കൗമാരത്തിൽ.. ഞങ്ങളുടെ നാട്ടിലെ പ്രധാന കള്ള് ഷാപ്പുകളാണ് കപ്പത്തറ ഷാപ്പും, മറ്റൊന്ന് പാലത്തിനടിയിലുള്ള ഷാപ്പും.. അന്നൊക്കെ കുടിയന്മാർ പലതരമുണ്ടായിരുന്നു.. കുടിച്ചിട്ട് പാട്ടുപാടി വരുന്നവർ, വഴിയരികിലെ വേലിയിൽ ചാരിനിൽക്കുന്നവർ, കുടിച്ചു കഴിഞ്ഞാൽ സ്നേഹം കൂടുന്നവർ, അങ്ങിനെ പലവിധം. പക്ഷെ അവരാരും സമൂഹത്തിനൊരു ഭീഷണിയോ, അക്രമാസക്തരോ ആയിരുന്നില്ല ഇന്നത്തെപോലെ.. തികച്ചും കുടുംബസ്നേഹികൾ ആയിരുന്നു അവരെല്ലാവരും... ജോലി കഴിഞ്ഞു വരുമ്പോൾ ഇത്തിരി അന്തി അടിച്ചിട്ടുവരും.. ക്ഷമിക്കണേ.. പറഞ്ഞു പറഞ്ഞു ഞാൻ കഥ തുടങ്ങിയില്ലല്ലോ. പാലത്തിനടിയിലുള്ള ഷാപ്പിൽ പൊതുവെ ചെറുപ്പക്കാരാരും പോകാറില്ല കാരണം പലപ്പോഴും അപ്പനോ, ബന്ധുക്കളോ, പരിചയക്കാരോ അങ്ങനെ ആരെങ്കിലുമൊക്കെ ഇളം കള്ളുകുടിക്കാൻ അവിടെയാണ് വരുന്നത്. പലപ്പോഴും അന്നൊക്കെ പറഞ്ഞു കേൾക്കുന്ന തമാശ.. 'കള്ള് കുടിച്ചു കിക്ക്‌ ആയാൽ പിന്നെ തൊട്ടുകൂട്ടാൻ മീൻ തലക്കറി ചോദിച്ചാൽ മുൻപിലിരിക്കുന്ന കൂട്ടിക്കഴിഞ്ഞ മീൻ തല കൊണ്ടുപോയി വീണ്ടും കുറച്ചു ചാറൊഴിച്ചു കൊണ്ട് കൊടുക്കുമെന്നാണ്..' “കള്ള് കടം കുടിക്കാൻ ചോദിച്ചിട്ടു കൊടുക്കാത്ത ഷാപ്പുകാരനിട്ട് ആരോ പണികൊടുത്തതായിരിക്കും ഈ വർത്തമാനമെന്നു തോന്നുന്നു..”

പിന്നെയുള്ളത് കപ്പത്തറ ഷാപ്പ്. കുറച്ചു ഉള്ളിലേക്കായതു കാരണം ആരുടെയും ശ്രദ്ധ അങ്ങോട്ട് വരികയില്ല.. എന്നിരുന്നാലും അന്നത്തെ യുവജനങ്ങൾ വളരെ സൂക്ഷിച്ചാണ് അവിടേക്കും പൊയ്ക്കൊണ്ടിരുന്നത്.. കാരണം മറ്റൊന്നുമല്ല ഇതേപോലെ വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ചു കള്ള് കുടിക്കാൻ നാട്ടിലെ മുതിർന്നവരും അവിടെ എത്തുമായിരുന്നു. ‘തന്നെയുമല്ല കപ്പത്തറ ഷാപ്പിന്റെ പരിധിയിൽ ഇനിയെങ്ങാനും തലകറങ്ങി വീണാലോ.. ഇനി വഴിയരികിലെ കല്ലിൽ തട്ടി ഒന്ന് വീണാൽ പോലും അത് കുടിച്ചു ബോധം കെട്ടു വീണതാണെന്നേ നാട്ടുകാർ പറഞ്ഞു പരത്തു. ഓഹ് അതൊക്കെയൊരു കാലം..’ സഹോദരിയുടെ കല്യാണം വിളിക്കുവാനാണ് ഞാനന്ന് കപ്പത്തറ ഷാപ്പിന്റെ പരിസര പ്രദേശത്തുള്ള വീടുകളിലേക്ക് പുറപ്പെട്ടത്.. സൈക്കിളിൽ രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടു, പുറകിലൊരു ചണച്ചാക്കും വെച്ചിട്ടുണ്ട്.. തിരിച്ചു വരുമ്പോൾ തേങ്ങയും മേടിച്ചുകൊണ്ടു വരണം. അങ്ങനെ വീട്ടിൽ നിന്നും പുറപ്പെട്ടു ആദ്യം ഒന്ന് രണ്ടു വീടുകളിൽ കല്യാണം വിളിച്ചു അടുത്ത വീട്ടിലേക്കു പോകാൻ കപ്പത്തറ ഷാപ്പും കഴിയണം.. 

സൈക്കിൾ പതിയെ ചവിട്ടി പോകുമ്പോൾ കൃത്യം പോലെ നാട്ടിലെ ഒരു പ്രധാന കുടിയൻ അവിടെ വാതുക്കൽ നിൽക്കുന്നു. എന്നെ കണ്ടതും അദ്ദേഹം  പറഞ്ഞു. "ഒന്ന് നിന്നെ.." ഞാൻ സൈക്കിൾ ചവിട്ടി നിർത്തി. പുള്ളി അടുത്തേക്ക് വന്നു. നല്ല മണമുണ്ട് രാവിലെ തന്നെ ഫോമിലാണെന്നു തോന്നുന്നു. "ഒരമ്പത് രൂപ ഇങ്ങോട്ടു തന്നെ.. രാവിലെ മിനുങ്ങിയിട്ടൊന്നുമായില്ല.." ഞാൻ പറഞ്ഞു "എന്റെ കൈയ്യിൽ പൈസ ഒന്നുമില്ല.." പുള്ളിക്കത്ര വിശ്വാസമായില്ല. പുള്ളി എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ടു. അതിലൊന്നുമില്ല എന്ന് കണ്ടപ്പോൾ എന്റെ കൈലിയുടെ മടിക്കുത്തിൽ പിടുത്തമിട്ടു. എന്റെ കൈലിയുടെ മടിക്കുത്തിൽ ആയിരിക്കും പൈസ ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നു കരുതിക്കാണും. പിന്നെ കൈലി വലിച്ചൂരാനുള്ള ശ്രമമായി. ഞാനും കൈലിയിൽ മുറുകെ പിടിച്ചു. ഞാൻ മുറുകെ പിടിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം ചിന്തിച്ചു കാണണം പൈസ അവിടെ തന്നെ ഉണ്ട്, അതാണിവൻ മസിലു പിടിക്കുന്നത്. എനിക്കല്ലേ അറിയൂ ഇവനെങ്ങാനും കൈലി വലിച്ചൂരിയാൽ എന്റെ മാനം പോകുമെന്ന് (കാരണം അന്നത്തെ ദിവസം ഈയുള്ളോൻ അടിവസ്ത്രത്തിനു വിശ്രമം കൊടുത്തിരിക്കുകയായിരുന്നു) വീണ്ടും കൈലി വലിച്ചൂരാൻ അദ്ദേഹവും കൊടുക്കാതിരിക്കാൻ ഞാനും.. തമ്മിൽ ഭയങ്കര മൽപിടിത്തം ഷാപ്പിന്റെ മുൻപിൽ..

അയലത്തുള്ളവരൊക്കെ എത്തിനോക്കുന്നു. ഇവന്മാര് രാവിലെ തന്നെ കള്ളുകുടിച്ചു ബഹളം വെക്കാൻ തുടങ്ങിയോ എന്ന മട്ടിൽ. അവസാനം അദ്ദേഹം എന്നെ സൈക്കിളിൽ നിന്നും വലിച്ചു താഴെ ഇട്ടു.. എനിക്ക് അയാളെ തള്ളി നീക്കണം എന്നുണ്ട് പക്ഷെ കൈലിയിൽ നിന്നും പിടിവിട്ടാൽ ആ നിമിഷം അയാൾ എന്റെ കൈലി വലിച്ചൂരും. ചിലരൊക്കെ കാഴ്ച കാണാൻ അപ്പുറത്തു നിൽക്കുന്നു. അവരുടെ മുഖഭാവത്തിൽ നിന്നുമെനിക്കൂഹിക്കാം ഇവനൊക്കെ ഇത്ര ചെറുപ്പത്തിലെ മദ്യത്തിന് അടിമയായല്ലോ എന്ന് വിചാരിക്കുകയാണെന്നു. മൽപിടിത്തത്തിനൊടുവിൽ എന്റെ കൈലി നാല് ഭാഗമായി അദ്ദേഹം കീറി വലിച്ചെടുത്തു.. ഇടവഴിയിൽ ഞാൻ നഗ്നനായി ഒരു നിമിഷം.. പെട്ടന്ന് തന്നെ ഞാൻ സൈക്കിളിൽ തേങ്ങാ കൊണ്ടുപോകാൻ വെച്ചിരുന്ന ചണചാക്കെടുത്തു എന്റെ നഗ്നത മറച്ചു. കൈലി കീറിയെടുത്തു അതിൽ പൈസ ഇല്ലെന്നുകണ്ടപ്പോൾ അയാൾ കീറിയ കൈലി അവിടെയിട്ടു സ്ഥലം കാലിയാക്കി. ഇനി കീറിയ കൈലി കൊണ്ട് എനിക്കെന്തു പ്രയോജനം. ഞാൻ ചണച്ചാക്കുമുടുത്തു കൊണ്ട് തിരിച്ചു വീട്ടിലേക്കു പോകാനായി സൈക്കിളിൽ കയറി അപ്പോഴാണ് എന്റെ അപ്പയുടെ സുഹൃത്ത് അതുവഴി വന്നത്.. "എന്താണിവിടെ ചണചാക്കുടുത്തു നിൽക്കുന്നതെന്ന്" ചോദിച്ചു. "ഓഹ് എന്ന പറയാനാ ചേട്ടാ.. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് നോയമ്പ് നോക്കുമ്പോൾ ചണച്ചാക്കു ധരിച്ചു ഉപവസിക്കണമെന്നാണ് പ്രമാണം.." ശെടാ ഞാൻ വർഷങ്ങൾ ആയി ക്രിസ്ത്യാനികളെ കാണുന്നു. അവരൊന്നും ഇങ്ങനെ ചാക്കുടുത്തു കണ്ടിട്ടില്ലാലോ എന്ന മട്ടിൽ പുള്ളി എന്നെ നോക്കുന്ന സമയം കൊണ്ട് ഞാൻ സൈക്കിളുമെടുത്തു സ്ഥലം കാലിയാക്കി..

ഞാൻ പഠിച്ച ഗുണപാഠം..

1. അടിവസ്ത്രം ഇടാതെ ഒരിക്കലും വീടിനു പുറത്തിറങ്ങരുത്, പണി എവിടെ നിന്ന് വരുമെന്ന് ഒടേതമ്പുരാനുപോലും അറിയില്ല.

2. ലഹരിയിൽ ആയിരിക്കുന്നവരോട് ഒരിക്കലും മൽപിടുത്തതിന് പോകരുത്. അവരെ കാണുമ്പോഴേ നമ്മൾ സ്ഥലം കാലിയാക്കുക.

English Summary:

Malayalam Short Story Written by Iypens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com