മരുഭൂമിയിലെ ആടുജീവിതത്തിനിടയിലും അയാൾ അമ്മയ്ക്കായി ഒരു സമ്മാനം കാത്തു വെച്ചു...
Mail This Article
ശീതകാലത്തിന്റെ തുടക്കമാണ്. പതിവിലും നേരത്തെ മടങ്ങേണ്ടി വന്നതിന്റെ കോപാവേശത്തോടെ സൂര്യൻ കുന്നിൻ ചെരുവിനപ്പുറത്ത് ചുവന്ന് ജ്വലിച്ചു നിൽപ്പുണ്ട്. താഴ്‌വാരത്ത് ഇരുൾ പടർന്നു തുടങ്ങിയെങ്കിലും ഒരു ആട്ടിൻപറ്റത്തെ കൂട്ടിൽ എത്തിക്കാനായി മല്ലിടുന്ന ഒരു മനുഷ്യക്കോലത്തെ കുറച്ച് അകലെയാണെങ്കിലും വ്യക്തമായി കാണാം.
വണ്ടി നിർത്തി മുൾവേലിക്കരികിലേക്ക് നീങ്ങി നിന്ന് കൈയാട്ടി വിളിച്ചപ്പോൾ പ്രകടമായ ആശങ്കയോടെയാണെങ്കിലും അയാൾ അരികിലേക്ക് നടന്നു വന്നു. പൊടി പുരണ്ട് ഇട്ടിരിക്കുന്ന വസ്ത്രം ഏതെന്ന് തിരിച്ചറിയാത്ത വിധം മാറിപ്പോയ, ദിവസങ്ങളായി വെള്ളം കാണാത്തതിന്റെ ലക്ഷണമുള്ള താടിയും മുടിയും നീട്ടി വളർത്തിയ ഒരു പ്രാകൃത രൂപം. ഏത് ഭാഷക്കാരനാണെന്നോ രാജ്യക്കാരനാണെന്നോ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാൻ ആവാത്ത വിധം മാറിപ്പോയിരിക്കുന്നു.
വെച്ചുനീട്ടിയ ബ്ലാങ്കറ്റും കുബ്ബൂസും കുടിവെള്ളവും കണ്ടപ്പോൾ അയാളുടെ ജീവനില്ലാത്ത കണ്ണുകൾ കട്ടി കൂടിവരുന്ന ഇരുളിനെയും തോൽപ്പിക്കും വിധം തിളങ്ങി. അറബിയും ഉർദുവുമൊക്കെ കലർന്ന നന്ദി വാക്കുകൾ വ്യക്തമായി മനസ്സിലായില്ലെങ്കിലും കേട്ടു നിന്നു. കുറെയേറെയായി ഒരു ശ്രോതാവിനെ ലഭിക്കാത്ത കാരണമാവും അയാളുടെ ഭാഷയും നിറം കെട്ടു വിറങ്ങലിച്ചിരുന്നു.
മരുഭൂമിയിലെ മരംകോച്ചും തണുപ്പിൽ ഒരു കമ്പിളിക്കഷ്ണമോ പഴകിക്കീറിയ രോമവസ്ത്രമോ പോലും കൈയ്യിലില്ലാതെ വയറു നിറയ്ക്കാൻ മതിയായ ഭക്ഷണമോ തൊണ്ട നനയ്ക്കാൻ ഒരിറക്ക് ശുദ്ധജലമോ കൂടാതെ വിദൂര കൃഷിയിടങ്ങളിൽ കുടുങ്ങിപ്പോയവരുടെ പ്രതിനിധിയാണ് അയാൾ. ആട്ടിടയന്മാർക്കും ഒട്ടകം മേയ്ക്കുന്നവർക്കും വേണ്ടി അന്നേ ദിവസം കരുതിയതെല്ലാം കൊടുത്ത് തീർത്ത സംതൃപ്തിയോടെ മടങ്ങാനായി കാറിലേക്ക് കയറുമ്പോഴാണ് അയാൾ ശബ്ദമുയർത്തിയത്. ഇനി നൽകാൻ കൈയ്യിൽ ഒന്നുമില്ലല്ലോ എന്ന നിരാശയോടെ തിരിഞ്ഞപ്പോഴാണ് ആവശ്യം അയാൾക്ക് വേണ്ടിയല്ല എന്ന് മനസ്സിലായത്.
കുറച്ച് ദൂരെ കുന്നിൻ ചെരുവിനോട് ചേർന്ന് പൊട്ടു പോലെ കാണുന്ന ടെന്റിൽ താമസിക്കുന്ന നേപ്പാളിയായ ആട്ടിടയന് കഴിയുമെങ്കിൽ ഒരു കമ്പളമെത്തിക്കാമോ എന്ന യാചനയാണ് അയാളുടെ മുറിഞ്ഞ വാക്കുകളിൽ നിറഞ്ഞു നിന്നത്. കൊണ്ടുവന്നതെല്ലാം തീർന്നു പോയെന്ന വാക്കുകളാണോ കട്ടി കൂടി വന്ന ഇരുളാണോ അയാളുടെ കണ്ണിലെ തിളക്കം നഷ്ടപ്പെടുത്തിയത് എന്നറിയില്ല. അടുത്ത ദിവസം തന്നെ ഇതുവഴി വീണ്ടും വരികയും അയാൾക്ക് ബ്ലാങ്കറ്റ് എത്തിച്ചു നൽകുകയും ചെയ്യാമെന്ന് പറയണമെന്നുണ്ടായിരുന്നിട്ടും അതിനായില്ല. ഈ വർഷമിനി മരുഭൂമിയാത്ര ഉണ്ടാവുമെന്നോ ഉണ്ടെങ്കിൽ തന്നെ ഇവിടേക്ക് വരാൻ കഴിയുമെന്നോ ഉറപ്പില്ലായിരുന്നു എന്നതാണ് സത്യം.
എങ്കിലും അടുത്ത ആഴ്ച തന്നെ വീണ്ടും യാത്രയ്ക്ക് വഴി ഒരുങ്ങിയപ്പോൾ അത് മറ്റൊരു ദിക്കിലേക്ക് ആയിരുന്നിട്ടും ആദ്യം അയാളുടെ അടുത്തേക്ക് തന്നെ പോകണമെന്ന് ഉറപ്പിച്ചു. പക്ഷേ, സമയത്ത് തന്നെ എത്തുവാൻ വേണ്ടി വളരെ നേരത്തെ യാത്ര പുറപ്പെടേണ്ടി വന്നുവെന്ന് മാത്രം. തണുപ്പിൻ കൂടാരത്തിൽ നിന്നും ഉറക്കച്ചടവോടെ പുറത്ത് വന്നു കൊണ്ടിരുന്ന പുലരിവെളിച്ചത്തെ തോൽപിച്ചാണ് അവിടെ എത്തിയത്. അയാളെ അവിടെങ്ങും കാണാനില്ല. ആടുകൾ വല്ലാതെ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും രണ്ടും കൽപിച്ച് മുള്ളുവേലി നൂന്ന് കടന്ന് ടെന്റിനരുകിലേക്ക് കുതിച്ചു. അയാളൊരു കീറത്തുണി പുതച്ച് തണുത്ത് വിറങ്ങലിച്ച് കിടപ്പുണ്ട്. പനിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
ഉള്ളിൽ കോപമാണാദ്യം തോന്നിയത്, ഇത്ര കഷ്ടപ്പെട്ട് ഇത്രടം വന്ന് ഇയാൾക്ക് ബ്ലാങ്കറ്റ് കൊണ്ടുക്കൊടുത്തത് എന്തിനായിരുന്നു?, "അരേ ബായി, വോ നയാ ബ്ലാങ്കറ്റ് കിതർ ഹേ?" അയ്യോ, ഇയാളിനി ബ്ലാങ്കറ്റ് ആ നേപ്പാളിക്ക് കൊടുത്തതാണോ?, മനസ്സ് വീണ്ടും മറിച്ച് ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. മറ്റുള്ളവരെ മനസ്സിലാക്കാതെ ഉള്ളിൽ വരുന്ന കോപം ഇനിയെങ്കിലും നിയന്ത്രിക്കണം. അയാൾ പതുക്കെ കണ്ണ് തുറന്നു. ഞങ്ങളെ കണ്ടതോടെ പനിയുടെ ക്ഷീണം മറന്ന് ചാടി എഴുന്നേറ്റു. "അരേ യാർ, ഉസ് കേ ലിയെ ദൂസരാ കമ്പൾ ലായാ ഹേ, തും നേ അപനാ ക്യോം ദിയാ?".
കാര്യം മനസ്സിലായ അയാൾ തല കുനിച്ചു. "മേം നേ നയാ കംപൾ കിസീ കോ നഹിം ദിയാ, സാബ്, മേരാ,..." , എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന കട്ടിലിനടിയിലേക്ക് നീണ്ട വിരലുകൾ കാട്ടിത്തന്നത് പൊതിയഴിക്കാത്ത പുതിയ ബ്ലാങ്കറ്റ് ആയിരുന്നു. "മേരെ ഗാവ് മേം ഇസ് സേ ഫീ ജ്യാദാ ശർദീ ഹേ, സാബ്, നയാ കംപൾ മേരീ മാ കേ ലിയേ..", ഏതോ മലമുകളിലെ കൊച്ചുകുടിലിൽ ഇരുന്ന് അതിരു കാണാത്ത മരുഭൂമിയിൽ കഷ്ടപ്പെടുന്ന മകന് വേണ്ടി പ്രാർഥിക്കുന്ന ഒരു വൃദ്ധമാതാവിന്റെ തണുത്തു വിറക്കുന്ന രൂപം മനസ്സിലോടിയെത്തി. കിട്ടുന്നതിൽ നല്ലതെല്ലാം മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെച്ച് ഏത് കഷ്ടപ്പാടിനെയും തരണം ചെയ്യാൻ തയാറാവുന്ന പ്രവാസികൾക്ക് എന്നും തണൽ ആവുന്നത് ആ പ്രാർഥനകൾ തന്നെയാണ്.
"ഭയ്യാ, യേ ബ്ലാങ്കറ്റ് തുമാരേ ലിയേ ഹേ, ബാക്കി ഹം ദേഖേംഗേ", അയാളുടെ നാട്ടിലെ മേൽവിലാസം കുറിച്ചെടുത്ത് മടങ്ങുമ്പോൾ നഗരത്തിൽ തിരിച്ചെത്തിയാലുടൻ ആ പാവം അമ്മയ്ക്ക് അവരുടെ മകന്റെ സ്നേഹം കാർഗോ ചെയ്യണം എന്ന നിശ്ചയദാർഢ്യം ആയിരുന്നു മനസ്സിൽ. നിറയെ നന്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു പിടി സ്നേഹിതർ നൽകിയ ബ്ലാങ്കറ്റുകളും മറ്റ് അവശ്യവസ്തുക്കളും നിറച്ച വാഹനം മറ്റൊരു ഇടയന്റെ കഥയിലേക്ക് സാവധാനം ഉരുണ്ടു നീങ്ങി.