ADVERTISEMENT

അടുത്ത പ്രദേശങ്ങൾ മുഴുവൻ പകർച്ചവ്യാധി പടർന്നു പിടിക്കുകയാണ്. അയൽ ജില്ലകളിൽ നിന്നും രോഗബാധയുടെ വിവരങ്ങൾ അറിഞ്ഞു തുടങ്ങിയപ്പോൾ തന്നെ, അവന് സംശയം തോന്നിയിരുന്നു. ഇത് ആ രോഗം തന്നെ....! ലക്ഷണങ്ങൾ എല്ലാം ആ രോഗത്തിന് സമാനമാണ്. നൂറുകണക്കിന് പക്ഷികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മരണനിരക്കും മുൻകാലങ്ങളെക്കാൾ കൂടുതലാണ് ഇത്തവണ. തന്റെ ജില്ലയിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ദൂരെയുള്ള ദേശങ്ങളിൽ നിന്നും തീറ്റക്കായും, ഇണചേരുന്നതിനായും, അനുകൂല കാലാവസ്ഥ തേടിയും, മനോഹരങ്ങളായ വർണ്ണ പക്ഷികൾ എത്തി തുടങ്ങിയിട്ടുണ്ട് എന്ന് രണ്ട് മാസം മുൻപ് സുഹൃത്തായ ഡോ. കൃഷ്ണകിഷോർ അവനോടു പറഞ്ഞപ്പോഴേ, അവൻ ഈ അപകടം ഉണ്ടാകുമെന്നു മുൻകൂട്ടി സംശയിച്ചിരുന്നു. ഇപ്പോൾ അവൻ സംശയിച്ചത് പോലെ തന്നെ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ആ രോഗബാധ ഓരോ ദിവസവും കൂടിക്കൂടി വരുകയാണ്. മരണവും കൂടി കൂടി വരുന്നു....! ഒപ്പം ഭയപ്പെടുത്തുന്ന തരത്തിലുള്ള പൊടിപ്പും തൊങ്ങലും ചേർത്ത അതിശയോക്തി കലർന്ന പത്രവർത്തകളും. മറ്റെന്തെങ്കിലും അസുഖങ്ങൾ കൊണ്ട് മരണപ്പെടുന്ന പക്ഷികളെയും ഈ രോഗം കൊണ്ട് മരണപ്പെട്ടു എന്ന് വരുത്തി തീർത്ത് സഹായം കൈപ്പറ്റാൻ ശ്രമിക്കുന്ന ഒരു ഗൂഢ സംഘത്തെയും അവന് കുറെ വർഷങ്ങളായി നന്നായി അറിവുള്ളതാണ്.

സുഹൃത്തായ കൃഷ്ണകിഷോർ ഇന്നലെ ഫോണിൽ വിളിച്ചപ്പോൾ അവനോടു പറഞ്ഞിരുന്നു - 'തന്റെ ജില്ലയിൽ രോഗം ബാധിച്ചു തുടങ്ങിയ പക്ഷികളെയെല്ലാം നാളെ മുതൽ ദയാവധം ചെയ്തു തുടങ്ങുന്ന കാര്യത്തെക്കുറിച്ച്. ഒന്നൊന്നായി രോഗബാധ എല്ലാ പക്ഷികളിലേക്കും അതിവേഗം പടർന്നു പിടിക്കുമ്പോൾ മറ്റ് മാർഗങ്ങൾ ഒന്നും തന്നെ ഇല്ലാ തന്നെ. ആ പ്രദേശത്തിനു ചുറ്റുമുള്ള രോഗസാധ്യത ഉള്ള മുഴുവൻ പക്ഷികളെയും അതിവേഗം ദയാവധം നടത്തി നശിപ്പിക്കുക. അതിലൂടെ രോഗം മറ്റ് പ്രദേശത്തേക്ക് വ്യാപിക്കുന്നത് തടയുക. ഇതിനെല്ലാം ഉപരിയായി ആ രോഗം ഭൂമിയിലെ ഏറ്റവും ബുദ്ധിശാലിയെന്ന്‌ അഹങ്കരിക്കുന്ന ഒരു ജീവിവർഗത്തിലേക്കു എത്തിചേരുന്നത് തടയുക. എല്ലാവർക്കും അവനവന്റെ ജീവനും, നിലനിൽപ്പും അല്ലെ ഏറ്റവും പ്രധാനം...? സ്വാർഥത കൂടി കൂടി വരുന്ന ഇന്നത്തെ ലോകത്ത് അവനവന്റെ നിലനിൽപ്പല്ലേ എല്ലാത്തിലും വലുത്...? സ്വാർഥത നിറഞ്ഞ ഇന്നത്തെ ലോകം കാണുമ്പോൾ, ഈ ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ ജീവിവർഗത്തിന്റെ വാക്കുകളും പ്രവർത്തികളും കാണുമ്പോൾ.. "ഏറ്റവും ശക്തനായവൻ നിലനിൽക്കും!" എന്ന ആ മഹാനായ ശാസ്ത്രഞ്ജന്റെ സിദ്ധാന്തം എത്ര മാത്രം അർഥവത്താണെന്ന്‌ അവനോർത്തു.

കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ഉറങ്ങാൻ ശ്രമിച്ചിട്ടും അവന് ഉറങ്ങാൻ കഴിയുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൻ ഇനിയും ഉറങ്ങിയിട്ടില്ല എന്ന് മനസിലാക്കിയിട്ടാകാം അടുത്ത് കിടന്ന് ഉറങ്ങിക്കൊണ്ടിരുന്ന അവൾ ഉറക്കത്തിനിടയിൽ എപ്പോഴോ അവനോടു ചോദിക്കുകയുണ്ടായി. "പാതിരാത്രിയായിട്ടും ഇച്ചായൻ എന്തേ ഇനിയും ഉറങ്ങിയില്ലേയെന്ന്‌?" അവൻ മറുപടി ഒന്നും പറഞ്ഞില്ല. കണ്ണുകൾ അടച്ചു പൂട്ടി വെറുതെ കിടന്നു. ആ മനസ്സിൽ നിറയെ അവന്റെ ജീവന്റെ ജീവനായ തന്റെ വളർത്തു പക്ഷികളെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു...! ഇന്നലെ രാത്രിയിൽ താൻ ഉറങ്ങിയിരുന്നോ എന്ന് പോലും അവനോർമ്മയുണ്ടായില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. അവൾ വളരെ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് കാപ്പികുടിക്കാൻ പോലും ഇരുന്നത്. അപ്പോഴും അവൾ ചോദിച്ചിരുന്നു - "ഇച്ചായന് ഇതെന്താ പറ്റിയത്...? ഇന്നലെ ഉറങ്ങിയതേ ഇല്ലായിരുന്നു ഇച്ചായൻ. രണ്ടുമൂന്ന് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. എന്തെങ്കിലും അസുഖം ആണോ ഇച്ചായന്. അതോ ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ...? എന്തായാലും എന്നോടും കൂടി പറയരുതോ...? പരിഹരിക്കാവുന്നതാണേൽ നമുക്ക് അങ്ങനെ ചെയ്യാമല്ലോ." 

ബ്ലെസി എപ്പോഴും അങ്ങനെ ആണ്. തന്നിൽ ഉണ്ടാകുന്ന ചെറിയ ഭാവമാറ്റം പോലും അവൾ ഉടൻ മനസ്സിലാക്കും. ബുദ്ധിമതിയാണവൾ...! മുപ്പതു വർഷത്തോളം ആകുന്നു അവൾ തന്റെ ജീവിതത്തിന്റെ ഭാഗം ആയിട്ട്. ഓഫീസിലേത് ആയാലും വ്യക്തിപരമായത് ആയാലും അവളോടും കൂടി തുറന്നു സംസാരിക്കുമായിരുന്നു അവൻ. അവൾ മനസ്സിലാക്കാത്തതായി ഒരു പ്രശ്നവും അവനുണ്ടായിരുന്നില്ല. കൂടെക്കൂടിയതിൽ പിന്നെ അവനുണ്ടായിട്ടുള്ള ഏതു പ്രശ്നവും അവളും കൂടിയാണ് പരിഹരിച്ചിരുന്നത്. എന്തിനും അവളുടെ പക്കൽ ഒരു സൊല്യൂഷൻ ഉണ്ടല്ലോ എന്നും അവന് എപ്പോഴും തോന്നിയിട്ടുള്ളതുമാണ്. എന്നാൽ ഇപ്പോൾ താൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം അവൾ കൂടി ചേർന്നാലും പരിഹരിക്കാൻ കഴിയുന്നതല്ല എന്നവന് നന്നായി അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ഒന്നും മറുപടി പറഞ്ഞില്ല അവളോട്‌. കാപ്പി കുടിച്ചു എന്ന് വരുത്തി തീർത്തിട്ട് വേഗം എണീക്കുകയായിരുന്നു അവൻ. ഓഫീസിൽ എത്തുമ്പോൾ ജീവനക്കാർ ആരും എത്തിയിരുന്നില്ല. വാച്ച്മാൻ ആയ നമ്പൂതിരി മാത്രം ഉണ്ടായിരുന്നു അവിടെ. മുതിർന്ന പക്ഷികളുടെ ക്വയ്ക്ക് ക്വയ്ക്.. ശബ്ദവും, കുഞ്ഞുങ്ങളുടെ കലപില ശബ്ദവും കൊണ്ട് ആകെ ബഹളം ഉണ്ടാകേണ്ട നേരമാണിത്. എന്നും അവക്കൊക്കെ തീറ്റ നൽകുന്ന സമയം ആയി വരുന്നതെ ഉള്ളൂ. അതുകൊണ്ടാകും കൂട്ടിലടക്കപ്പെട്ട ആ ജീവികൾ ഇന്ന് അധികം ബഹളം ഉണ്ടാക്കാതെ ഇരിക്കുന്നത് എന്നവന് തോന്നി. അതോ തങ്ങളെത്തേടി എത്താനിടയുള്ള മരണവാറണ്ടിനെപ്പറ്റി ഇവക്കൊക്കെ നേരത്തെ അറിവ് കിട്ടിയോ എന്തോ....? വല്ലാത്ത ശ്മശാന മൂകത നിറഞ്ഞു നിൽക്കുകയാണവിടെ...! നിറവും മണവുമില്ലാത്ത മരണം ശബ്ദമുണ്ടാക്കാതെ ഏതു നിമിഷവും അവയെത്തേടി എത്തിയേക്കും എന്നും അവൻ ഭയപ്പെട്ടു.. 

നാലായിരത്തോളം പക്ഷികളെ അവന്റെ മേൽനോട്ടത്തിൽ ആ പക്ഷിവളർത്തൽ കേന്ദ്രത്തിൽ സംരക്ഷിച്ചു വളർത്താൻ തുടങ്ങിയിട്ട് ഇപ്പോൾ പതിനൊന്നു വർഷത്തോളമാകുന്നു. അവിടെയുള്ള ഓരോ പക്ഷികളെയും അവന് നേരിട്ടറിയാം. അവറ്റകൾക്ക് അവരുടെ രക്ഷകനെയും,...! മുട്ടയുടെ തോടിനുള്ളിൽ സ്പന്ദിച്ചിരുന്ന ആ ജീവനുകൾ ഓരോന്നും മുട്ടത്തോട് പിളർന്ന്‌ ചിറകു മുളക്കാത്ത പക്ഷികുഞ്ഞുങ്ങളായി ജന്മം കൊണ്ട ശേഷം അവന്റെ സംരക്ഷണത്തിലാണ് അവയെല്ലാം വർണ്ണത്തൂവലുകൾ നിറഞ്ഞ മനോഹരങ്ങളായ പക്ഷികളായി രൂപാന്തരപ്പെട്ടിരുന്നത്. ഒരു തൂവൽ പോലുമില്ലാതെ ചലിക്കുന്ന വെറുമൊരു മാംസകഷ്ണം മാത്രമായി ഓരോ പക്ഷിക്കുഞ്ഞും വിരിഞ്ഞിറങ്ങുമ്പോൾ തന്നെ അവനറിയാമായിരുന്നു വളർന്നു വരുമ്പോൾ അവയ്ക്ക് ഉണ്ടാകുന്ന തൂവലുകളുടെ വർണ്ണ നിറങ്ങൾ പോലും....! വെള്ളയും, ചാരയും, ചെമ്പല്ലിയും, മയിൽപ്പീലി നിറങ്ങളുള്ളതുമായ ആ വർണ്ണ പക്ഷികളെല്ലാം തന്നെ അവനെന്ന ആ പക്ഷിശാസ്ത്രഞ്ജന്റെ നിരന്തര പ്രയത്നത്തിലൂടെ പിറവിയെടുത്തവയായിരുന്നു..! വർണ്ണ പറവകളുടെ ആ കൊട്ടാരത്തിലെ രാജകുമാരനായിരുന്നു അവരുടെ സംരക്ഷകനായ ആ പാവം 'ബേർഡ് മാൻ..!' അവന്റെ സഹായികളായി ഒപ്പം നല്ലകുറെ മനുഷ്യരും. അവർക്കെല്ലാം തന്നെ 'ആ പറക്കാൻ കഴിയാത്ത പറവകൾ' തങ്ങളുടെ ജീവന്റെ ഭാഗം തന്നെയായിരുന്നു. ഓരോ പക്ഷികളെയും അവയുടെ കുഞ്ഞുങ്ങളെയും അവരെല്ലാം ചേർന്ന് നിധി കാക്കും പോലെ അനേകം വർഷങ്ങളായി വളർത്തിപ്പോരുകയാണ് ആ പക്ഷിവളർത്തൽ കേന്ദ്രത്തിൽ.....!

അവയൊക്കെ ഉണരും മുൻപ് അവരെല്ലാവരും ആ തൂവൽ കൊട്ടാരത്തിലെത്തും. പക്ഷികൾക്കെല്ലാം വിശപ്പ്‌ മാറുവോളം തീറ്റ നൽകും. നീന്തിത്തുടിക്കാനായി ഓരോന്നിനെയും കൂടുകളിൽ നിന്നിറക്കി കുളത്തിലേക്ക് തുറന്നുവിടും. ആ നേരത്തിനിടയിൽ അവയുടെ കൂടൊക്കെ വൃത്തിയാക്കും. പരിപൂർണ്ണ സ്വതന്ത്ര്യത്തോടെ കുളത്തിലും പറമ്പിലുമായി നീന്തലും കുളിയും, കളിയുമായി, വൈകിട്ട് വരെയും ആർത്തുല്ലസിക്കുന്ന പറക്കാനറിയാത്ത, പറക്കാനാവാത്ത, ചിറകും വർണ്ണത്തൂവലുകളുമുള്ള ആ പക്ഷികളെ രാത്രിയാവുമ്പോൾ വീണ്ടും തങ്ങളുടെ കൊട്ടാരക്കൂട്ടിലേക്കു കയറ്റി വയറ് നിറയെ വെള്ളവും തീറ്റയും നൽകിയിട്ടേ അവരൊക്കെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയിരുന്നുള്ളൂ. എല്ലാത്തിന്റെയും മേൽനോട്ടം അവനിലായിരുന്നു. ആ ബേർഡ് മാനിൽ....! പക്ഷികൾക്ക് തീറ്റ നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു ജീവനക്കാരൻ മാത്രമേ ഇതിനകം എത്തിയിട്ടുള്ളൂ. അയാളെയും ഒപ്പം കൂട്ടി അവൻ തന്റെ പറവകളുടെ കൂടുകളിലെത്തി തീറ്റ നൽകാൻ തുടങ്ങി. ആർത്തിയോടെ തീറ്റ കൊത്തി തിന്നുന്നതിനിടയിലും അവ ഓരോന്നും തങ്ങളുടെതായ ക്വാക്ക്, ക്വാക്ക് ശബ്ദത്തിൽ അവനോടുള്ള നന്ദി അറിയിച്ചുകൊണ്ടിരിക്കുന്നു....! ജീവനക്കാർ എല്ലാം ഇതിനകം എത്തിച്ചേർന്നിട്ടണ്ട്. അവരിൽ ചിലർ അവനോട് അന്വേഷിക്കുന്നുണ്ടായിരുന്നു.. അയൽ ജില്ലയിലെ പക്ഷികളുടെ അസുഖങ്ങളെ ക്കുറിച്ചും, പെട്ടെന്നുള്ള അവയുടെ മരണത്തെക്കുറിച്ചുമെല്ലാം... അവൻ ആരോടും ഒരു മറുപടിയും പറഞ്ഞില്ല.

കുറെക്കഴിഞ്ഞപ്പോൾ സുഹൃത്തായ ഡോ. കൃഷ്ണകിഷോറിന്റെ വിളിയെത്തി, "എടാ.., ഞങ്ങളുടെ ജില്ലാ അതിർത്തിയ്ക്കുള്ളിലെ രോഗം ബാധിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള അസുഖം ഉള്ളതും, ഇല്ലാത്തതുമായ എല്ലാ പക്ഷികളെയും ഇന്ന് കൊണ്ട് തന്നെ ദയാ വധം നടത്തി രോഗബാധ നിയന്ത്രിക്കാൻ മുകളിൽ നിന്നും ഉത്തരവ് വന്നിട്ടുണ്ട്. ഞങ്ങൾ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു ഇതിനകം. ഇരുപതു സ്‌ക്വാഡുകൾ ഉണ്ടിവിടെ. ആദ്യം പക്ഷികളെ ഒക്കെ ക്ലോറോഫോം കലക്കിയ വെള്ളം നിറച്ച പ്ലാസ്റ്റിക് ചാക്കുകളിൽ പിടിച്ചിടും. പത്തുമിനിറ്റ് കഴിയുമ്പോൾ അവയൊക്കെ മയങ്ങിതുടങ്ങും. മയക്കത്തിലിരിക്കുന്ന പക്ഷികളെ പിന്നീട് ഒന്നൊന്നായി പുറത്തെടുത്ത് അവയുടെ കഴുത്തു പിരിച്ച് ദയാവധത്തിന് വിധേയമാക്കും. ഇങ്ങനെ കൊന്നൊടുക്കിയ എല്ലാ പക്ഷികളെയും പിന്നീട് വിറകു കൊണ്ടൊരുക്കിയ ചിതയിലിട്ട് കത്തിച്ചു നശിപ്പിക്കും. അങ്ങനെ ഞങ്ങളുടെ പ്രദേശത്തെ ഈ രോഗബാധ ഞങ്ങൾ ഇന്ന് കൊണ്ട് തന്നെ നിയന്ത്രണ വിധേയമാക്കും...!" കൃഷ്ണന്റെ വാക്കുകളിൽ നിറഞ്ഞു നിന്നത് പ്രതിരോധിക്കാനറിയാത്ത ആ പാവം പക്ഷിക്കൂട്ടങ്ങളെ കൊന്നൊടുക്കാനുള്ള അമിതമായ ഉത്സാഹമാണോ, അതോ ആ രോഗബാധ നിയന്ത്രിച്ചു നിർത്തുന്നതിന് തന്നിൽ അർപ്പിതമായ ഉത്തരവാദിത്വബോധമാണോ എന്ന് അവന് കൃത്യമായി വേർതിരിച്ച് അറിയാൻ കഴിഞ്ഞില്ല. അത്രയ്ക്ക് കലുഷിതമായിരുന്നു ആ മനസ്സപ്പോൾ...!

പക്ഷികളെ കൊന്ന് നശിപ്പിക്കാൻ നിയോഗിച്ചിരിക്കുന്ന തന്റെ ജില്ലയിലെ ഉദ്യോഗസ്ഥരുടെ സാമർഥ്യത്തെക്കുറിച്ചും, അവരുടെ മുൻ പരിചയത്തെക്കുറിച്ചും, അവർക്കായി തങ്ങൾ ഒരുക്കിയിരിക്കുന്ന സുരക്ഷാ സാമഗ്രികളെക്കുറിച്ചുമൊക്കെ കൃഷ്ണൻ വാചാലനാവാൻ തുടങ്ങിയപ്പോൾ അവൻ ഫോൺ ഡിസ്‌ക്കണക്ട് ചെയ്യുകയായിരുന്നു. കൃഷ്ണന്റെ വാക്കുകൾ കേട്ടിരിക്കാൻ അവനായില്ല. ഓരോ വാക്കുകളും അവനു താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. "ഈ ഭൂമിയിൽ ഏറ്റവും ശക്തനായവൻ നിലനിൽക്കുന്നു....! ബലഹീനരായ എല്ലാവരും ശക്തനായവന്റെ മൃഗയാ വിനോദത്തിന് ഇരയായി നശിക്കുന്നു." എത്ര മാത്രം ഉത്കാഴ്ചയോടെയാണ് മഹാനായ ആ ശാസ്ത്രജ്ഞൻ തന്റെ കണ്ടുപിടുത്തങ്ങളെ അപഗ്രഥിച്ചിരിക്കുന്നതെന്നും അവനപ്പോൾ ഓർത്തു. തന്റെ ഓഫീസ് ടേബിളിനു മുകളിൽ തല താഴ്ത്തി കുമ്പിട്ടിരിക്കുകയാണവൻ കുറെ മണിക്കൂറുകളായി. ഫയലുകൾ ഒന്നും നോക്കാൻ തോന്നുന്നില്ല.. അല്ലെങ്കിൽ തന്നെ ഇനിയും എന്ത് ഫയലുകൾ നോക്കാനാണ്....? ഉച്ചയോടടുത്തപ്പോൾ അവൻ ഭയപ്പെട്ടിരുന്ന ആ ഫോൺ കോൾ അവനെത്തേടിയെത്തി....!

"....ഫാം  അസിസ്റ്റന്റ് ഡയറക്ടർ ഡോ. തോമസ് അല്ലെ? ഞാൻ ഡോ. രാമചന്ദ്രൻ ആണ്. നിങ്ങളുടെ.... ഫാമിന്റെ അടുത്ത ജില്ലയിലെ ..... സ്ഥലത്ത് പക്ഷികളിൽ.... എന്ന രോഗബാധ കൺഫേം ചെയ്തിട്ടുണ്ട്. ആ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുള്ള സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്നതാണ് നിങ്ങൾക്ക് ചുമതലയുള്ള ആ ഫാമും....! അതിനാൽ നിങ്ങളുടെ നിയന്ത്രത്തിലുള്ള പക്ഷിവളർത്തൽ കേന്ദ്രത്തിലെ മുഴുവൻ പക്ഷികളെയും, അവയുടെ തീറ്റ, മുട്ട, മറ്റ് അവശിഷ്ടങ്ങൾ എന്നിവ ഒക്കെയും നാളെ രാവിലെ തന്നെ കത്തിച്ചു നശിപ്പിക്കണം. അതിനുള്ള ഓർഡർ മെയിൽ ആയി ഉടനെ താങ്കൾക്ക് കിട്ടും. അതിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്ന് തന്നെ നിങ്ങൾ നേരിട്ട് നടത്തിയിരിക്കണം...!" "സാർ, ദയവായി എന്റെ പക്ഷികളെ കൊന്നൊടുക്കാൻ ഓർഡർ ഇടരുത് സാർ. ഇവയെല്ലാം ഞാൻ കഴിഞ്ഞ പതിനൊന്നു വർഷമായി കഷ്ടപ്പെട്ട് വളർത്തിയെടുത്ത അപൂർവ ഇനം വളർത്തു പക്ഷികളാണ് സാർ. ഈ കേന്ദ്രത്തിലെ പക്ഷികൾ ഇല്ലാതായാൽ, ഈ പക്ഷി വർഗം തന്നെ ഭൂമിയിൽ നിന്നും ഇല്ലാതാകും സാർ...! എന്റെ രണ്ടുമക്കളെക്കാൾ നന്നായി ഞാൻ നോക്കി വളർത്തിയവയാണ് സാർ ഈ കേന്ദ്രത്തിലെ എല്ലാ പക്ഷികളെയും. എന്റെ ജീവനാണ് സാർ ഇവറ്റകളെല്ലാം....! ദയവായി ഞങ്ങളെ ഈ ഓർഡറിൽ നിന്നും ഒഴിവാക്കി തരൂ സാർ....!! അല്ലെങ്കിൽ ഈ പക്ഷികളോടൊപ്പം എന്നേക്കൂടി അങ്ങ് കൊന്ന് കളഞ്ഞേക്കാൻ ഉത്തരവിടൂ സാർ.....!! ഈ ഫാമിലെ ഞങ്ങൾ ഇരുപത് ജീവനക്കാർക്ക് വർഷങ്ങളായി അന്നം നൽകിയിരുന്നത് ഈ പാവം പക്ഷികളായിരുന്നു സാർ,....! ഈ ഫാമിലെ ഒരു പക്ഷിയ്ക്കു പോലും ഇപ്പോൾ ഒരു അസുഖവും ഇല്ലാ സാർ.....! ഒന്ന് പോലും ആ അസുഖം കൊണ്ട് ഇവിടെ മരണപ്പെട്ടിട്ടുമില്ല സാർ....!"

അവൻ തന്നാൽ കഴിയുന്നിടത്തോളം ആ മേലധികാരിയോട് കേണപേക്ഷിച്ചുകൊണ്ടിരുന്നു വർഷങ്ങളായി സ്വന്തം മക്കളെപ്പോലെ വളർത്തിക്കൊണ്ട് വന്നിരുന്ന തന്റെ ഓമനകളായ പറക്കാനറിയാത്ത ആ പറവകളെ ദയാവധത്തിൽ നിന്നും ഒഴിവാക്കിനൽകാൻ...! ഒന്നും കേൾക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം ഇത്രയും പറഞ്ഞു.- "സീ ഡോക്ടർ, തോമസ്, ദിസ്‌ ഈസ്‌ ദി അപ്പ്രൂവ്ഡ് പ്രോട്ടോക്കോൾ ആസ് പെർ ഗൈഡ്ലൈൻസ്.....! വീ ക്യാന്റ് ചേഞ്ച്‌ ഇറ്റ്. ഐ ക്യാൻ അണ്ടർ സ്റ്റാൻഡ് യുവർ ഇമോഷൻസ് ആൻഡ് ഫീലിംഗ്സ്. ബട്ട്‌ ഐ ആം ഹെൽപ്‌ലെസ്. ദിസ്‌ ഈസ്‌ ദി ഓർഡർസ് ഫ്രം ഔർ ഹയർ അപ്സ്. വീ ആർ മിയർ ഇൻസ്‌ട്രുമെന്റ്സ്. ദി ഇൻസ്‌ട്രുമെന്റ്സ് വിച്ച് ആർ ഇന്റൻഡഡ് ടു വർക്ക്‌ ഫോർ അഥേഴ്‌സ് ആസ് പെർ ദേർ വിൽ ആൻഡ് ആസ് പെർ ദി  എക്സിസ്റ്റിംഗ് ഓർഡർസ്....! ഹെൻസ് ഡിയർ ഡോക്ടർ ഗെറ്റ് റെഡി ഫോർ ദി ഫൈനൽ  ടാസ്ക്....!" ഇത്രയും പറഞ്ഞു അദ്ദേഹം ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു. അദ്ദേഹം വളരെ തിരക്കുള്ള ഉദ്യോഗസ്ഥനാണ്. തന്റെ ആത്മാർഥതയുള്ള പ്രവർത്തനത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവും മതിപ്പുമുള്ളതാണ്. അതുകൊണ്ടാവാം അദ്ദേഹം തന്നെ ഇത്രയുമെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചത്.. അദ്ദേഹത്തിനും നിയമങ്ങളുടെ പരിധിയും, പരിമിതിയുമുണ്ടല്ലോ പ്രവർത്തനങ്ങൾക്ക്....! ആർക്കാണ് തന്നെ ഇനി ആശ്വസിപ്പിക്കാൻ കഴിയുക...? ആർക്കാണ്, കൂട്ടിലടയ്ക്കപ്പെട്ട് വളർന്ന് വന്ന പറക്കാനാവാത്ത ഈ പാവം പറവകളെ മരണത്തിൽ നിന്നും രക്ഷിക്കാനാവുക......?

ഈ ഭൂമിയിലെ ആർക്കുംതന്നെ തന്റെ ഈ പക്ഷികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയില്ല എന്നവന് തോന്നി....! "ഇത് ഉത്തരവാണ്. ഉത്തരവുകൾ അനുസരിക്കപ്പെടാനുള്ളതാണ്. അത് ലംഘിക്കാൻ ശ്രമിച്ചാൽ തന്റെ സർവീസ് ഇവിടം കൊണ്ട് അവസാനിക്കുന്നു.....! ഇവിടെ മനുഷ്യത്വത്തിന് യാതൊരു സ്ഥാനവുമില്ല. ഈ ലോകം എന്നത് ഓരോരുത്തരുടെയും നിലനിൽപ്പിനായുള്ള പോരാട്ടങ്ങളുടെ വെറുമൊരു യുദ്ധഭൂമിക മാത്രമാണെന്നവന് തോന്നി. അധികാരികളുടെ കണ്ണിൽ തന്റെ പൊന്നോമനകളായ ഈ നാലായിരം പക്ഷികൾക്കും ഒരു നിശ്ചിത വില കണക്കാക്കിയിട്ടുണ്ട്.....! ഈ രോഗബാധയുടെ പേരിൽ അവയെ മുഴുവൻ കൊന്നൊടുക്കിയാൽ തന്നെ മറ്റാർക്കും അതൊരു വലിയ നഷ്ട്ടമായി തോന്നില്ല. എന്നാൽ തന്റെ കഴിഞ്ഞ കാല ജീവിതം... കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി പറക്കാനറിയാത്ത, പാടാനറിയാത്ത, ക്വാക്ക് ക്വാക്ക് ശബ്ദം മാത്രം പുറപ്പെടുവിച്ചു കൊണ്ട് തനിക്കു ചുറ്റും അനുസരണയോടെ നടന്നു നീങ്ങിയിരുന്ന ഈ പാവം പക്ഷിക്കൂട്ടങ്ങളോടൊപ്പം, മാത്രമായിരുന്നു. മേലധികാരി പറഞ്ഞ ആ അവസാന വാക്കുകൾ അവന്റെ കാതിൽ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു. "ഗെറ്റ് റെഡി ഫോർ ദി ഫൈനൽ ടാസ്ക്...!" അതെ ഫൈനൽ ടാസ്ക്. "ആൻഡ് ദാറ്റ്‌ ഈസ്‌ ദി മേഴ്‌സി കില്ലിംഗ് ഓഫ് ദി എൻടയർ ഫ്ലോക്ക് ഓഫ് ബേർഡ്സ് ഇൻ മൈ ഫാം." അതെക്കുറിച്ച് ആലോചിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു..! അവന്റെ  മനസ്സ് നിറയെ അവൻ നാളെ രാവിലെയോടെ നടപ്പിലാക്കാൻ പോകുന്ന ആ ഉത്തരവിന്റെ മനോഹരമായ ദൃശ്യങ്ങളായിരുന്നു.....!

ഉച്ചക്ക് ഊണ് കഴിക്കാൻ തോന്നിയില്ല. ഒപ്പമുള്ള ജീവനക്കാരും, തൊഴിലാളികളും ആരും തന്നെ ഉച്ചയൂണ് കഴിച്ചിട്ടില്ല എന്നവന് മനസ്സിലായി. ആരും പരസ്പരം ഒന്നും ഉരിയാടാതെ ആ പക്ഷിക്കൂടുകൾക്ക് ചുറ്റും കൂനിക്കൂടിയിരിക്കുകയാണ്. എന്ത് ചെയ്യണം എന്നറിയാൻ കഴിയാത്ത മനസ്സികാവസ്ഥയിലാണ് എല്ലാവരും. ഇടയ്ക്കെപ്പോഴോ അവനൊന്ന് മയങ്ങിപ്പോയി. അധികം അകലെയല്ലാതെ നിന്നാണ് ആ ബഹളം കേൾക്കുന്നതെന്നവന് തോന്നി. ഓഫീസ് മുറിയിൽ നിന്നും അവൻ പുറത്തേക്കിറങ്ങി. തന്റെ പക്ഷിവളർത്തൽ കേന്ദ്രത്തിന്റെ അതിരിലൂടെ ഒഴുകുന്ന ആ വിസ്തൃതമായ നദിയ്ക്ക് അപ്പുറത്തെ അയൽ ജില്ലയുടെ പരിധിയിലുള്ള പ്രദേശത്തെ പാടശേഖരത്തിൽ തീറ്റക്കായി എത്തിച്ചിരുന്ന പക്ഷികളെ ദയാവധം നടത്താൻ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നു..! അപ്പുറത്ത് നടക്കുന്ന എല്ലാം നദിയുടെ ഇങ്ങേ കരയിൽ നിന്നു കൊണ്ട് അവന് വ്യക്തമായി കാണാം. വെള്ളനിറമുള്ള പ്രത്യേക സുരക്ഷാ വസ്ത്രവും, കൈകളിൽ നീണ്ട ഗ്ലോവ്സും, മുഖാവരണവും ഒക്കെ ധരിച്ച പ്രത്യേക പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ. കൃഷ്ണൻ ഫോണിൽ അവനോടു പറഞ്ഞിരുന്ന മാതിരി ഇത്തരം  ദയാവധത്തിന് സാമർഥ്യം സിദ്ധിച്ച ദൗത്യസേനാ ഉദ്യോഗസ്ഥർ...! ആ ഉദ്യോഗസ്ഥരും, പാടത്ത് വലയ്ക്കുള്ളിൽ കൊന്നൊടുക്കാനായി തയാറാക്കി നിർത്തിയിരുന്ന പക്ഷികളുടെ ഉടമകളും തമ്മിൽ വാഗ്വാദം നടക്കുകയാണ് ഉച്ചത്തിൽ. 

തങ്ങളുടെ പക്ഷികളെ കൊല്ലരുത് എന്ന് പറഞ്ഞു കൊണ്ടല്ല അവയുടെ ഉടമസ്ഥർ ആ ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നത്...? ദയാവധത്തിനായി  ക്ലോറോഫോം നിറച്ച ചാക്കിൽ മൂടിക്കെട്ടിയിട്ടിരിക്കുന്ന പക്ഷികളുടെ എണ്ണവും, പ്രായവുമാണ് അവരുടെ തർക്കവിഷയം....! പ്രായം കൂടുതലുള്ള, കൂടുതൽ എണ്ണം പക്ഷികളെ കൊന്നതായി ഉദ്യോഗസ്ഥർ എഴുതി കൊടുത്താൽ മാത്രമേ കൂടുതൽ നഷ്ടപരിഹാരം ഉടമകൾക്ക് അധികാരികളിൽ നിന്നും കിട്ടുകയുള്ളൂ.....! അതിനായി മത്സരബുദ്ധിയോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എണ്ണം കൂട്ടി എഴുതിക്കാൻ ശ്രമിക്കുകയാണ് ഓരോ ഉടമസ്ഥരും....! മുൻകൂട്ടി തയാറാക്കിവെച്ചിരുന്ന വിറക് അടുക്കിയ ചിതകളിൽ, ദയാവധം നടത്തിയ പക്ഷികളെ നിറച്ച ആ ചാക്കുകെട്ടുകൾ നിരത്തി വെച്ച് തീ കൊളുത്താൻ തുടങ്ങുന്നത് കണ്ട അവൻ ആ കാഴ്ച കാണാൻ നിൽക്കാതെ തിരികെ നടന്നു....! നദിയ്ക്ക് അക്കരെ നിന്നും വെന്ത പച്ച മാംസത്തിന്റെ ഗന്ധം കാറ്റിലൂടെ എത്തിയത് ശ്വസിച്ചത് കൊണ്ടാകാം അവന്റെ പക്ഷി സങ്കേതത്തിലെ പക്ഷികളെല്ലാം ഒരേ സ്വരത്തിൽ ക്വാക്ക്, ക്വാക്ക് എന്ന് ബഹളമുണ്ടാക്കുകയാണിപ്പോൾ...! 'രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷങ്ങളായി' അവന് അനുഭവപ്പെട്ടു. തന്റെ പക്ഷികളുടെ പതിവില്ലാത്ത മട്ടിലുള്ള ഉച്ചത്തിലുള്ള തേങ്ങൽ നിറഞ്ഞ ആ ശബ്ദം കേട്ടപ്പോൾ...! നിരപരാധികളായ തങ്ങളുടെ സഹജീവികൾ തീജ്വാലയിൽ വെന്തെരിഞ്ഞു കൊണ്ടിരിക്കുന്നത് ഇവറ്റകൾ എങ്ങനെ തിരിച്ചറിയുന്നു എന്നവൻ ഓർത്തു.....! സ്നേഹം സ്നേഹത്തെ തിരിച്ചറിയാതെ പോകുന്നത് മനുഷ്യവർഗ്ഗത്തിൽ മാത്രമാണല്ലോ എന്നവനപ്പോൾ ഓർമ്മ വന്നു.....!

വൈകിട്ട് ഫാം ഓഫീസ് അടയ്ക്കും മുൻപ് തന്നെ നാളത്തെ 'വിശേഷാൽ ചടങ്ങുകൾ'ക്കുള്ള സാധന സാമഗ്രികളുമായി മേൽ ഓഫീസിൽ നിന്നും വാഹനമെത്തി. ഈ ജന്മത്തിലെ മറ്റൊരു നിയോഗം എന്നവണ്ണം അവൻ ഓരോ സാധനങ്ങളും കൈപ്പറ്റി രസീത് നൽകി അവരെ തിരിച്ചയച്ചു. നാളെ അതിരാവിലെ തന്നെ തങ്ങൾ തിരികെ വരുമെന്നും പക്ഷികളെ ഒന്നിനെയും കൂട്ടിൽ നിന്നും പുറത്ത് വിടരുതെന്നും അവർ പറഞ്ഞതൊന്നും അവൻ കേട്ടിരുന്നില്ല. അവന്റെ കാതുകളിൽ ആ ക്വാക്ക് ക്വാക്ക് കരച്ചിൽ മാത്രം നിറഞ്ഞു നിൽക്കുകയായിരുന്നു..! സമയം സന്ധ്യയോടടുക്കുന്നു...! ആ പക്ഷിവളർത്തൽ കേന്ദ്രത്തിലെ ജീവനക്കാർ ആരും തന്നെ തിരികെ തങ്ങളുടെ വീടുകളിലേക്ക് പോകാതെ അവിടെ തന്നെ തുടരുകയാണ്. എല്ലാവർക്കും  അറിയാം നാളെ രാവിലെയോടെ തങ്ങളുടെ ഈ പൊന്നോമനകളെ ഒന്നൊന്നായി ദയാ വധം നടത്തി ഭസ്മീകരിക്കുന്ന കാര്യം. സ്ത്രീ തൊഴിലാളികളിൽ ചിലർ ഇതിനകം ഉച്ചത്തിൽ കരയാൻ തുടങ്ങിയിരിക്കുന്നു. എല്ലാവർക്കും ഉള്ളിലെ സങ്കടം കൊണ്ട് വീർപ്പുമുട്ടുകയാണ്. അവൻ എല്ലാ സഹപ്രവർത്തകരേയും തന്റെ അടുത്തേക്ക് വിളിപ്പിച്ചു. "നിങ്ങളെല്ലാം സമാധാനമായി വീട്ടിലേക്കു പൊയ്ക്കോളൂ.. ഞാൻ ഒന്ന് ആലോചിക്കട്ടെ.. എന്ത് ചെയ്യാൻ കഴിയുമെന്ന്...! എല്ലാ പക്ഷികളെയും അതാതു കൂടുകളിൽ അടച്ചേക്കൂ. നമുക്ക് പ്രാർഥിക്കാം ഇവയ്ക്കൊന്നും ഒന്നും സംഭവിക്കരുതേ എന്ന്...!"

അവന്റെ വാക്കുകളിൽ അവർക്ക് വിശ്വാസം തോന്നി എന്ന് തോന്നുന്നു. എല്ലാവരും ചേർന്ന് പറമ്പിലും കുളത്തിലുമായി നിന്നിരുന്ന എല്ലാ പക്ഷികളെയും പിടിച്ചു കൂടുകളിൽ അടച്ചു. ചില മുതിർന്ന പക്ഷികൾ മാത്രം ആപത്ത് മണത്തിട്ടാകാം തിരികെ കൂടുകളിൽ കയറാൻ മടിച്ചു. അവയേയും കൂടുകളിലാക്കി തിരികെ എത്തിയ തൊഴിലാളികളെ അവൻ നിർബന്ധിച്ച് അവരുടെ വീടുകളിലേക്ക് യാത്രയാക്കി. ഫാമിന്റെ വാച്ച്മാനോടും അവൻ വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇന്ന് രാത്രി മുഴുവൻ താൻ ഫാമിൽ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാകാം വാച്ച്മാനും സങ്കടത്തോടെ വീട്ടിലേക്ക് പോയി. ആ പക്ഷിവളർത്തൽ കേന്ദ്രത്തിൽ ഇപ്പോൾ അവനും, നാളെ ദയാവധത്തിന് വിധേയരാകേണ്ട നിസ്സഹായരായ ചിറകുകളും വർണ്ണത്തൂവലുകളും ഒക്കെ ഉണ്ടെങ്കിലും പറക്കാനറിയാത്ത, പറക്കാനാവാത്ത, അവന്റെ നൂറ് കണക്കിന് പറവകളും മാത്രം ബാക്കിയായി. അവൻ മെല്ലെ ഓരോ കൂടുകളുടെയും മുന്നിലെത്തി കുറെ നേരം നിന്നു. തങ്ങളുടെ രക്ഷകനായി ഇത്രയും നാളും തങ്ങളെ പോറ്റി വളർത്തിയ അവന്റെ കണ്ണുകളിലെ നനവ് തിരിച്ചറിഞ്ഞിട്ടാകാം അവ ഓരോന്നും മെല്ലെ ക്വാക്ക്... ക്വാക്ക്... ശബ്ദം പുറപ്പെടുവിച്ചു കൊണ്ടേയിരുന്നു. ഫാമിന്റെ തീറ്റ നിറച്ചു വെച്ചിരിക്കുന്ന സ്റ്റോർ റൂമിൽ നിന്നുമവൻ അവിടെ സൂക്ഷിച്ചിരുന്ന മുഴുവൻ തീറ്റയും പുറത്തെടുത്തു. ആ തീറ്റ മുഴുവൻ അവൻ ആ പറവകളുടെ മുന്നിലേക്ക്‌ കമഴ്ത്തിയിട്ടു. തങ്ങളുടെ യജമാനനിൽ നിന്നും ആ മിണ്ടാപ്രാണികൾ തങ്ങളുടെ 'അവസാനത്തെ അത്താഴം' ഏറ്റുവാങ്ങി...! 

ആ തീറ്റ മുഴുവൻ തന്റെ പക്ഷികൾ കഴിച്ചു തീർന്നു എന്നുറപ്പുവരുത്തിയശേഷം അവൻ ആ പക്ഷിക്കൂടുകളുടെ വാതിലുകൾ ഓരോന്നായി തുറന്നു. ആ പക്ഷിവളർത്തൽ കേന്ദ്രത്തിലെ മുഴുവൻ പക്ഷികളും ആ പാതിരാത്രിയിൽ അവനു ചുറ്റും കൂടി നിന്നു...! അവൻ മെല്ലെ നടക്കാൻ തുടങ്ങി. ഹമേലിൻ തെരുവിലെ 'ആ പൈഡ് പൈപ്പേർ' ന്റെ മാന്ത്രിക സംഗീത ഉപകരണത്തിന്റെ വശീകരണ ശക്തിയാലെന്ന പോലെ അവന്റെ കാലടി ശബ്ദത്തിന്റെ വശീകരണ ശക്തിയിൽ ആ പറവകൾ മുഴുവനും അവനോടൊപ്പം ആ നദിക്കരയിലേക്ക് നടന്നുതുടങ്ങി...! ആ പക്ഷിവളർത്തൽ കേന്ദ്രത്തിന്റെ അതിരിലൂടെ ഒഴുകുന്ന നദി അവനെ മാടി വിളിക്കുന്നു....! അവൻ മെല്ലെ ആ ഒഴുക്കുള്ള വിസ്തൃതമായ നദിയിലേക്കിറങ്ങി...! അവനൊപ്പം ആ മുഴുവൻ പറവകളും...!! അവൻ ആ നദിയിലൂടെ നടന്നു തുടങ്ങി.. ഒപ്പം ആ വർണ്ണപ്പക്ഷികളും അവനെ അനുഗമിച്ചു..!! തന്റെ പക്ഷി വളർത്തൽ കേന്ദ്രത്തിലെ അവസാനത്തെ പറവയെയും നിർമ്മലമായ ആ നദി സുരക്ഷിതമായി ഏറ്റുവാങ്ങി എന്നുറപ്പു വരുത്തിയ ശേഷം, നാളത്തെ ദയാവധത്തിൽ നിന്നും തന്റെ മുഴുവൻ പക്ഷികളും നീന്തി രക്ഷപെട്ടു എന്ന് ഉറപ്പാക്കിയപ്പോഴേക്കും അവനേയും ആ നദി ഏറ്റുവാങ്ങിയിരുന്നു....! അപ്പോൾ ഉയർന്നു വന്ന ആ നീർ കുമിളകൾക്ക് ഉപ്പിന്റെ രുചിയുണ്ടായിരുന്നു: അവന്റെ കണ്ണീരു കലർന്ന ഉപ്പിന്റെ രുചി..!. അകന്നകന്ന് പൊയ്ക്കോണ്ടിരുന്ന ആ ക്വാക്ക് ക്വാക്ക് ശബ്ദം കേൾക്കാൻ അവനുണ്ടായിരുന്നില്ല...!!

English Summary:

Malayalam Short Story ' Pakshimanushyan ' Written by Dr. Jyothish Babu K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com