ADVERTISEMENT

ഇന്ന് മനോജ് മാഷ് ലീവാണ് മാഷിന്റെ മകന്റെ  പിറന്നാളാണ്. കൂലോത്തെ നട ഇറങ്ങി വരുമ്പോഴാണ് വരുൺ എന്നോട് ഈ കാര്യം പറയുന്നത്, ഞാൻ അറിഞ്ഞ ഭാവം കാണിച്ചില്ല..! അല്ലെങ്കിലും അഭി എന്നോട് ഈ കാര്യം നേരത്തെ പറഞ്ഞതാണ്. അഭിയുടെ വീടിന്റെ രണ്ട് വീട് അകലെയാണ് മനോജ് മാഷിന്റെ വീട്. അഭി എന്നോട് പറയാത്ത രഹസ്യങ്ങൾ ഉണ്ടാകില്ല, എന്തിന് ഈ കൂലോത്തെ കുളത്തിനടിയിൽ ഒരു കിണർ ഉണ്ടെന്ന് അഭി പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു വേനൽക്കാലത്ത് കുളം വൃത്തിയാക്കുമ്പോൾ ഞാനത് കണ്ടതുമാണ്.

നാലാമത്തെ പിരീഡ് ജയൻ മാഷോട് പി.ടി ചോദിക്കാം എന്ന സന്തോഷത്തിലാണ് നമ്മൾ മുഴുവൻ പേരും, പക്ഷേ കൃത്യം ശശി മാഷ് കേറി വന്നു. മാഷിന് ഇന്ന് വൈകുന്നേരത്തെ പിരീഡ് ആണ്. ശശി മാഷ് ആയതിനാൽ തന്നെ ആരും ഒന്നും മിണ്ടിയില്ല. മാഷ് ക്ലാസ് തുടർന്നു അതിനിടയിലാണ് നോട്ട് എഴുതാൻ പറഞ്ഞത്. ഞാൻ നോട്ടിനായി ബാഗ് മുഴുവൻ തപ്പിനോക്കി എന്നിട്ടും കിട്ടിയില്ല. അതിനിടയിലാണ് ഒന്ന് രണ്ട് പേർ നോട്ട് എടുത്തില്ല എന്ന് പറഞ്ഞത്. അവരത് പറയാൻ കാരണവുമുണ്ട്. അവർ ഉച്ചയ്ക്ക് വീട്ടിൽ പോയി വരുന്നവരാണ്..!

നോട്ട് എടുക്കാത്തവരോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ കൂടെ ഞാനും നിന്നു. ഇതിൽ ഉച്ചയ്ക്ക് വീട്ടിൽ പോയി വരുന്നവരോട് ഇരിക്കാൻ പറഞ്ഞു. ഒരു അടി വൈകുന്നേരത്തേക്ക് മാറ്റി വെക്കാം എന്ന് കരുതി ഞാനും ഇരുന്നു. ശശി മാഷിന്റെ തല്ല് ഓർക്കാൻ കൂടി വയ്യ.! അങ്ങനെ ഞാൻ ഉച്ചയ്ക്ക് വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വീട്ടിലേക്ക് 20 മിനിറ്റ് തിരിച്ചു സ്കൂളിലേക്ക് 20 മിനിറ്റ് ചോറുണ്ണാൻ 10 മിനിറ്റ്. അതിനിടയിൽ എന്റെ സൈക്കിളിന്റെ ചെയിൻ ഊരിയാൽ പോലും പോയി വരാൻ സമയമുണ്ട്.

അങ്ങനെ ഉച്ചക്കഞ്ഞിക്ക് ലോങ്ങ് അടിച്ചതും ഞാൻ എന്റെ ഹെർക്കുലീസുമായി ചീറിപ്പാഞ്ഞു..! വീട്ടിലെത്തിയ ഉടനെ ആദ്യം തന്നെ നോട്ട് എടുത്തു വച്ചു. വേഗത്തിൽ ചോറും കഴിച്ചു. പിന്നെ തിരിച്ചു സ്കൂളിലേക്ക് വരുംവഴി കൃഷ്ണേട്ടന്റെ പീടികയിൽ നിന്നും രണ്ട് ബിഗ്ബബൂളും വാങ്ങി സ്റ്റിക്കർ അപ്പോൾ തന്നെ എന്റെ ഹെർക്കൂലീസിന് ഒട്ടിക്കുകയും ചെയ്തു. പക്ഷേ അന്ന് വൈകുന്നേരത്തെ പിരീഡ് ശശി മാഷ് വന്നില്ല എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജയൻ മാഷ് ആണ് വന്നത്. എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ ആ സന്തോഷം പെട്ടെന്ന് നിന്നു. മാഷ് കാര്യം അവതരിപ്പിച്ചു.

ദിലീപിന്റെ 50 രൂപ കാണാനില്ല. നോട്ട് പുസ്തകം വാങ്ങാനും, ബാക്കി സഞ്ചയികയിൽ ഇടാനും കൊണ്ടു വന്നതാണത്രേ.. എടുത്ത ആളിനെ നമുക്ക് കിട്ടിയിട്ടുണ്ട്. എടുത്തവർ ഇപ്പോൾ കൊടുത്താൽ ഈ പ്രശ്നം ഇവിടെ വെച്ച് തീരും അല്ലെങ്കിൽ വലിയ പ്രശ്നമാകും പറഞ്ഞേക്കാം, ജയൻ മാഷ് പറഞ്ഞവസാനിപ്പിച്ച് മുഴുവൻ പേരെയും വീക്ഷിക്കാൻ തുടങ്ങി. ഒരു ക്ലാസ്മുറി ഇത്രയേറെ നിശബ്ദമാകുന്നത് ചരിത്രത്തിൽ അത്യപൂർവമായിരിക്കും. ഒരു സൂചി വീണാൽ പോലും അറിയുന്ന നിശബ്ദത എന്ന് പറഞ്ഞാൽ പോര, ഒരു മനുഷ്യൻ കണ്ണു ചിമ്മിയാൽ പോലും അറിയുന്ന നിശബ്ദത.

ആ നിശബ്ദതയെ ജയൻ മാഷ് തന്നെ കീറി മുറിക്കേണ്ടി വന്നു. മാഷ് വീണ്ടും തിരിച്ചും മറിച്ചും ചോദിച്ചു, എന്തിന് സത്യം പറഞ്ഞാൽ പി.ടി തരാമെന്ന് വരെ വാഗ്ദാനം നടത്തി..! പക്ഷേ ആ ക്ലാസിന്റെ നിശബ്ദത തുടർന്നു. ഇന്ന് ആരെങ്കിലും ഉച്ചയ്ക്കോ ഇന്റർവെൽ സമയത്തോ മിഠായി, പപ്പ്സ് അങ്ങനെ എന്തെങ്കിലും കഴിച്ചത് ആരെങ്കിലും കണ്ടിനോ..? ജയൻ മാഷ് ചോദ്യം ചെയ്യൽ തുടർന്നു. ക്ലാസ് നിശബ്ദതയിൽ തന്നെയാണ്. മാഷ് ഓരോരുത്തരുടെയും നേർക്ക് കണ്ണ് പായിച്ചു. ഇല്ല.. ഇല്ല... ഇല്ല... ഓരോരുത്തരും പതിയ സ്വരത്തിൽ പറഞ്ഞു.

'ആ ഇവൻ ഉച്ചയ്ക്ക് മിട്ടായി തിന്നുന്നുണ്ടായിന് മാഷേ..' ക്ലാസ് ഒന്ന് ഭൂകമ്പം വന്നത്പോൽ കുലുങ്ങി. എല്ലാവരും അവനിലേക്ക് നോക്കി, പറഞ്ഞത് അഭിയാണ്.. ഞാനും നോക്കി, ആ വിരലുകൾ എന്റെ നേർക്കായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് കണ്ണിൽ അമാവാസി പോൽ ഇരുട്ട് പടർന്നു, തൊണ്ട സഹാറ പോൽ വരണ്ടുണങ്ങി. ജയൻ മാഷ് എന്നെ നോക്കി എഴുന്നേൽക്കാൻ പറഞ്ഞു. മാടൻ കുളത്തിൽ മുങ്ങാൻ കുഴിയിട്ടപ്പോൾ താഴ്ന്നു താഴ്ന്ന് പോയി ഭാരം ഇല്ലാതാവുന്നൊരു അവസ്ഥയുണ്ട്. അങ്ങനെ ഞാൻ എഴുന്നേറ്റു നിന്നിട്ടുണ്ടായിരുന്നു ചിന്തകൾ വീണ്ടും തലയിലേക്ക് പ്രവഹിച്ച് തുടങ്ങുമ്പോഴേക്ക്.

ഉച്ചയ്ക്ക് മിട്ടായി തിന്നിനോ? ഉം എന്ന ശബ്ദം പോലും എന്റെയുള്ളിൽ നിന്ന് തന്നെ ആത്മഹത്യ ചെയ്തു, തല മാത്രം കുലുക്കി. ചില പ്രത്യേക സാഹചര്യം കൊണ്ട് സ്കൂൾ സമയത്ത് പീടികയിൽ പോകാൻ പാടില്ലെന്ന നിർദ്ദേശം നില നിൽക്കുന്ന സമയമായിരുന്നു അത്. സ്കൂൾ സമയത്ത് പറയാതെ പീടികയിൽ പോകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ പിന്നെന്തിനാണ് പോയത്. ജയൻ മാഷ് കാര്യങ്ങൾ കുറച്ചുകൂടി ഗൗരവത്തിലേക്ക് കടന്നു. ഇനി പറയുന്ന സത്യങ്ങളെല്ലാം കളവുകളാകും എന്ന് ഉറപ്പുണ്ടായിട്ടും ഞാൻ സത്യം പറയാൻ തന്നെ തീരുമാനിച്ചു.

ഉച്ചയ്ക്ക് വീട്ടിൽ പോയി വരുമ്പോൾ വാങ്ങിയതാണ്. അതിന് നിന്റെ വീട് ആലോചനാമുക്കല്ലേ നീ ഉച്ചയ്ക്ക് വീട്ടിൽ പോകാറില്ലലോ..? മാഷ് എന്റെ വീട്ടിൽ വന്നിട്ടുള്ളതാണ്. അത്കൊണ്ട് തന്നെ ദൂരം കൃത്യമായി അറിയാം. ഞാനൊരു കള്ളനാകാൻ പോകുന്ന ഉത്തരമാണ് പറയാൻ പോകുന്നത് എന്നറിഞ്ഞിട്ടും, കൃത്യമായി അടുത്ത ചോദ്യം നിമിഷങ്ങൾക്കകം വരുമെന്നറിഞ്ഞിട്ടും ഞാൻ പറഞ്ഞു. ഇന്ന് പോയി.. അതെന്താ ഇന്ന് പോയത്? ഉത്തരമില്ലാത്ത അല്ലെങ്കിൽ കൃത്യമായ ഉത്തരം പറയാനാകാത്ത ചോദ്യം. നോട്ട് എടുക്കാത്തത്കൊണ്ട് പോയി എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല, പോരാത്തതിന് അത് ശശി മാഷറിയും മാഷോട് കള്ളം പറഞ്ഞതിന് ചൂരൽ പൊള്ളിക്കും. എന്ത് പറയണമെന്ന് അറിയാതെ ഞാനിങ്ങനെ കൂലോത്തെ കുളത്തിൽ താഴുകയാണ്.

ബാക്കി എല്ലാവരും പോയി കളിച്ചോളു. ജയൻമാഷ് പറഞ്ഞതും എല്ലാവരും കളിക്കാൻ പോയി. ഉത്തരങ്ങളില്ലാതാവുന്നത് കള്ളന്റെ മാത്രം ലക്ഷണമല്ലെന്ന് ഞാൻ അന്നറിഞ്ഞു. എന്നോട് അവിടെയിരിക്കാൻ പറഞ്ഞു വളരെ സ്നേഹത്തോടെ, സ്നേഹം കൊണ്ട് കള്ളനെ പുറത്ത് ചാടിക്കുകയാണ് ലക്ഷ്യം. കൂടെ ചോട്ടാ കുഞ്ഞികൃഷ്ണൻ മാഷും ചേർന്നു. അപ്പുറത്തെ ക്ലാസിൽ നിന്നും വന്നതാണ്. എന്റെ ആത്മാഭിമാനം സർക്കാർ സ്കൂളിലെ തട്ടികൾക്ക് മറക്കാനാകുമെന്ന് തോന്നുന്നില്ല, അവരും അറിഞ്ഞുകാണും. രണ്ട്പേരും പലതവണ ചോദിച്ചു പക്ഷെ അവർ ആഗ്രഹിക്കുന്ന ഉത്തരം കിട്ടാത്തത്കൊണ്ട് ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.

ചോട്ടാ കുഞ്ഞികൃഷ്ണൻ മാഷ് അവസാനത്തെ അടവ് എടുക്കുകയാണ്. മുട്ടകൂടോത്രം..! അതും സാക്ഷാൽ നമ്പൂരി മാഷെ കൊണ്ട്. നമ്പൂരി മാഷെ നിനക്കറിയാലോ മുട്ടകൂടോത്രം ചെയ്താൽ ഉറപ്പാണ് നീ മയങ്ങും സത്യം തുറന്ന് പറയും അങ്ങനെയാണെങ്കിൽ സ്കൂൾ മുഴുവൻ അറിയും ഇപ്പോൾ പറഞ്ഞാൽ ആരും അറിയില്ല.. പറ... മാഷൊരു ഓഫർ വെച്ചു. എനിക്കൊന്നും പറയാൻ വാക്കുകൾ വന്നില്ല, ഞാൻ കൂലോത്തെ കുളത്തിൽ താഴ്ന്ന് താഴ്ന്ന് കിണറിലെത്തി. അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ച് ഉറപ്പിച്ച് പറയുന്നത് എനിക്ക് കേൾക്കാം അല്ലെങ്കിൽ ഞാൻ കേൾക്കാൻ വേണ്ടി പറഞ്ഞതാവാം. എന്നാൽ പിന്നെ നമ്പൂരി മാഷെ വിളിച്ചോ നമ്മക്ക് സ്റ്റാഫ്റൂമിലേക്ക് പോകാം. ഞാനും അതിന് സമ്മതമെന്നവണ്ണം അവരുടെ കൂടെ നടന്നു. നമ്മൾ മൂന്ന്പേരും മാത്രം.

നമ്പൂരി മാഷ് കടന്നുവന്നു. എന്താടാ... എന്താ പ്രശ്നം നീയെടുത്തിട്ടുണ്ടെങ്കിൽ അത് പറഞ്ഞേക്ക് എന്നെ വെറുതെ ബുദ്ധിമുട്ട് ആക്കല്ലേ. മാഷും അത് തന്നെ ആവർത്തിച്ചു. ഞാൻ എടുത്തിട്ടില്ല ഞാൻ തറപ്പിച്ച് പറഞ്ഞു. നമ്പൂരി മാഷ് ബാഗിൽ നിന്നും ഒരു മുട്ടയെടുത്തു, കളർ ചോക്കെടുത്ത് അതിന് പുറമേ എന്തൊക്കെയോ എഴുതി. എന്റെയടുത്തേക്ക് വന്നു. ബാക്കി രണ്ട് പേരും എന്നെ പലതും പറഞ്ഞ് പേടിപ്പിച്ച് കൊണ്ടേയിരുന്നെങ്കിലും ഞാൻ അതിലൊന്നും ശ്രദ്ധ കൊടുത്തതേയില്ല. നമ്പൂരി മാഷ് അവസാനമായി പറഞ്ഞു. ഞാൻ ചെയ്യാൻ പോവുകയാണ്. അതൊരു ഫൈനൽ വാണിംഗായി എനിക്ക് തോന്നി. ഞാൻ തലയാട്ടി. പിന്നെ കുറച്ച് നേരം മൗനമായി. എന്നെയാരോ കൂലോത്തെ കിണറ്റിൽ നിന്നും പൊക്കാൻ തുടങ്ങുന്നതായി തോന്നി. അതെ അവർ പൂർണമായും വിശ്വസിച്ചു ഞാനല്ല ആ കള്ളൻ..! നീ പോയി കളിച്ചോ പ്രശ്നൊന്നുമില്ലാന്ന് നമ്പൂരി മാഷ് പറഞ്ഞു.

ഞാൻ മെല്ലെ കളി സ്ഥലത്തേക്ക് നടക്കുകയാണ്. കാൽപാദങ്ങൾക്ക് ശബ്ദം ഇല്ലാത്തതിനാൽ അവർ മെല്ലെ പറയുന്നത് ഞാൻ കേട്ടു. ഇത്രയേറെ പേടിപ്പിച്ചിട്ടും അവൻ പറഞ്ഞില്ലലോ അവൻ അത് എടുത്തിട്ടില്ല ഉറപ്പാണ്. കൂട്ടുകാർക്കിടയിലേക്ക് എന്റെ കാലുകൾ ചലിക്കാൻ പറ്റാത്തവിധം ഉറച്ചുപോകുന്നുണ്ടെന്ന് തോന്നിപ്പോയി. പെട്ടന്നാണ് ജയൻ മാഷുടെ പിൻവിളി കേട്ടത്. ഞാനും വരുന്നു. ആ വാക്കുകൾ സത്യം പറഞ്ഞാൽ എന്റെ കാലുകൾക്ക് ബലമേകി. എന്നെയും കൂട്ടിപ്പോയ ജയൻ മാഷ് ഇവനല്ല അതെടുത്തതെന്ന് മുഴുവൻ പേരോടും പറയുകയും ഇനി അതിനെ കുറിച്ചൊരു ചർച്ച വേണ്ടെന്നും പറഞ്ഞവസാനിപ്പിച്ചു. അഭി അവിടെ ഉണ്ടായിരുന്നു, അവനോട് എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല, കാരണം അഭി ചതിയനല്ല സത്യസന്ധനാണ്..!

ഞാൻ മെല്ലെ മെല്ലെ കൂലോത്തെ കുളത്തിൽ നിന്നും ഉയരുമ്പോഴാണ് അരയാൽ ഇല എന്റെ മുഖത്ത് തട്ടിയത്. ആ നേരത്ത് ഞാനും അഭിയും അരയാൽ ഇലയുമായി കൂലോത്തെ ശാന്തിയെ കാണാൻ പോയത് ഓർമ്മ വന്നുപോയി. അരയാൽ ഇല കൃത്യം രണ്ടായി മുറിച്ചാൽ സാക്ഷാൽ കൃഷ്ണനെ കാണാൻ പറ്റുമത്രേ..! പണ്ട് മുതലേ ഉള്ള കേട്ടുകേൾവിയാണ്. അതുവഴി പോയ ആരും ഒരിക്കലെങ്കിലും അതിന് ശ്രമിക്കാതിരുന്നിട്ടുണ്ടാവില്ല എന്നതാണ് സത്യം. നമ്മൾ പലതവണ നോക്കിയിട്ടും നടക്കാത്തതിനാൽ ആ സംശയം തീർക്കാൻ നമ്മളൊരിക്കൽ കൂലോത്തെ ശാന്തിയെ കണ്ടു. ശാന്തി പറഞ്ഞത് ഇങ്ങനെയാണ് സത്യം എല്ലായ്പ്പോഴും എല്ലാവരുടെയും മുൻപിൽ തെളിഞ്ഞ് വരണമെന്നില്ല എങ്കിലും അത് സത്യമാണ്. അതെ ഞാൻ സത്യം മാത്രം പറഞ്ഞ കള്ളനാണ്...! സത്യമാണ്..!

English Summary:

Malayalam Short Story ' Sathyam Parayunna Kallan ' Written by Shyamlal Shas