ADVERTISEMENT

ഇന്ന് മറ്റൊരു ജനുവരി 19 കൂടി.. ജനുവരി 19 കൾ, അവന്റെ ജീവിതത്തിൽ നൊമ്പരം നിറയ്ക്കുന്ന കറുത്ത ദിനങ്ങളായി മാറിത്തുടങ്ങിയത് രണ്ട് വർഷങ്ങൾക്ക് മുൻപ് മുതൽ മാത്രമാണ്. ഇന്നത്തെ രാത്രി കൂടി കടന്നു പോകുമ്പോൾ മൂന്നാമൂഴം. അതിന് മുൻപ് വരെയും, കലണ്ടറിലെ മറ്റേതൊരു ദിവസത്തെയും പോലെ, നിങ്ങൾക്കെല്ലാവർക്കുമെന്ന പോലെ, ഒരു സാധാരണ ദിവസം മാത്രമായിരുന്നു ജനുവരി 19 അവനും. 2010 ലെ, ഇതേ നാളിലാണ് അവൻ, തന്റെ കണ്ണന്റെ ജീവനറ്റ ദേഹവുമായി കൃഷ്ണഗിരി ആശുപത്രി മോർച്ചറിക്കുള്ളിലേക്ക് കടന്നു ചെന്നത്. ഹോക്കെനക്കൽ നദിയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താണു പോയ അവന്റെ  പ്രിയപ്പെട്ട കണ്ണൻ. കുഞ്ഞമ്മയുടെ മകൻ മാത്രമായിരുന്നില്ല: സ്നേഹം കൊണ്ട് കണ്ണൻ, അവന്റെ മകൻ തന്നെയായിരുന്നു. തണുത്തുറഞ്ഞ നദിയുടെ ആഴങ്ങളിൽ നിന്നും, പൊന്തി നിൽക്കുന്ന കരിമ്പാറ മുകളിലേക്ക് മൂന്നാം പക്കം ഉയർന്നു വന്ന കണ്ണന്റെ ദേഹം ഒരു വീർത്ത പഞ്ഞിക്കെട്ടു പോലെ കൃഷ്ണഗിരി സർക്കാർ ആശുപത്രിയിലെ ശീതികരിച്ച മോർച്ചറി ടേബിളിൽ പോസ്റ്റ്‌മോർട്ടം കാത്തുകിടക്കുന്നത് ഇപ്പോഴും അവന്റെ കണ്ണുകളിൽ തെളിയുന്നുണ്ട്.. മുടക്കമില്ലാതെ രണ്ടാമൂഴം.....!

മാവേലിക്കര സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അനേകം അജ്ഞാത ശവശരീരങ്ങൾക്കിടയിൽ നിന്നും, ട്രെയിൻ യാത്രക്കിടയിൽ അറിയാതെ പുറത്തേക്ക് വീണു ജീവൻ നഷ്ടമായ അവന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രദീപന്റെ ശവശരീരം തിരിച്ചറിയുന്നതിനായി, 2011ലെ ഇതേ നാളിലാണ് അവൻ വീണ്ടും ഒരിക്കൽ കൂടി മോർച്ചറിക്കുള്ളിലേക്ക് കടന്നു ചെന്നത്.. ശരീരമാസകലം തകർന്ന്, ചോരകൊണ്ട് പൊതിഞ്ഞ്, ജീവനറ്റ്, ശീതീകരണമുറിക്കുള്ളിൽ പോസ്റ്റ്‌മോർട്ടം കാത്തു കിടക്കുന്ന അനേകം ശവശരീരങ്ങൾക്കിടയിലെ ഒരു വെറും വികൃത ദേഹമായി അവൻ തിരിച്ചറിഞ്ഞ തന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകൾ ഇപ്പോഴും അവന്റെ നനഞ്ഞ കണ്ണുകളിൽ മായാതെ നിൽക്കുന്നുണ്ട്....! തുടർച്ചയായ രണ്ട് വർഷമായി, മനസ്സിനെ സങ്കടക്കടലാക്കി മാറ്റിക്കൊണ്ടിരുന്ന അതെ ദിവസം... വീണ്ടും ഒരു ജനുവരി 19 കൂടി... ഈ വർഷവും തനിക്ക് പുത്തൻ സമ്മാനം നൽകാനെന്ന  വണ്ണം, വീണ്ടും വന്നെത്തിയിരിക്കുന്നതായി അവന് തോന്നി...!

ഇന്ന് ജനുവരി 19. രാവിലെ എണീറ്റത് മുതൽ അവൻ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു...! ഇതാ തന്നെ നോവിക്കാനായി എത്തി ചേർന്നിരിക്കുന്നു മറ്റൊരു ജനുവരി 19 കൂടി...! ഇന്നേ ദിവസം, ഏത് ഉറ്റവരെ കാണാൻ ആകേണ്ടി വരുമോ, തനിക്കാ തണുത്തുറഞ്ഞ ശീതീകരണ മുറിയിലേക്ക് കടന്നു ചെല്ലേണ്ടി വരുക എന്നവൻ ഭയപ്പെട്ടുകൊണ്ടിരുന്നു. ഓഫീസിലെത്തിയിട്ടും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല അവന്. വീട്ടുകാരോടോ, ഓഫീസിലെ സഹപ്രവർത്തകരോടോ, ആരോടും തന്നെ, അവൻ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചൊന്നും പറഞ്ഞില്ല. ഓഫീസ് ഡ്യൂട്ടിക്കിടയിലെ അവന്റെ മുഖത്തെ പരിഭ്രമമോ, ഭയമോ, നിസ്സംഗതയോ, നിറഞ്ഞ, ഭാവം കണ്ടാവാം സഹപ്രവർത്തകനായ സായി അവനോട് ചോദിച്ചത് "ഇന്നെന്ത് പറ്റി ജോൺസ് സാറിന്...? വല്ലാതെയിരിക്കുന്നല്ലോ...! കൺപോളകൾ വീർത്തിരിക്കുന്നതായി തോന്നുന്നല്ലോ...! കരഞ്ഞത് മാതിരി...? അല്ലെങ്കിൽ ഇന്നലെ രാത്രിയിൽ ഉറങ്ങാത്തത് പോലെ...! എന്ത് പറ്റി ജോൺസ് സാറിന്...? അവൻ തിരികെ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അവനെന്ത് മറുപടി പറയാൻ...? മാത്രമല്ല, അവൻ പറയുന്ന മറുപടി മറ്റുള്ളവർക്ക് വിശ്വാസമാവണം എന്നുമില്ലല്ലോ...?

ഓഫീസിൽ നിന്നും വളരെ നേരത്തെ അവൻ വീട്ടിലെത്തി. നേരെ കട്ടിലിൽ കയറി കിടക്കുകയായിരുന്നു. അപ്പോഴും മനസ്സ് നൊന്തു കൊണ്ടവൻ പ്രാർഥിക്കുന്നുണ്ടായിരുന്നു.. "ദൈവമേ..., വീണ്ടും ഒരു നിമിത്തം പോലെ ഇന്നത്തെ ദിവസവും എനിക്കാ നിയോഗമുണ്ടാവരുതേ...!! ഒരു മൂന്നാമൂഴത്തിന് എന്നെ വിധിക്കരുതേ...! എന്ന പ്രാർഥനയോടെ കണ്ണുകൾ ഇറുകെ അടച്ചുകൊണ്ടവൻ കട്ടിലിൽ കിടന്നു. ഇന്നത്തെ ദിവസം അവസാനിക്കാൻ ഇനിയും മൂന്നാലു മണിക്കൂർ കൂടിയുണ്ട്. വീട്ടിലെല്ലാവരും വളരെയേറെ നിർബന്ധിച്ചിട്ടും അവന് അത്താഴം കഴിക്കാൻ തോന്നിയില്ല. അവന്റെ കണ്ണിലും, മനസ്സിലും, അവന് ചുറ്റിനുമെല്ലാം, തന്നെത്തേടി എത്താനിടയുള്ള ഉറ്റവരുടെ മരണ വാർത്തയുടെ ഭയം നിറഞ്ഞു നിൽക്കുകയായിരുന്നു. അറിയാവുന്ന ദൈവങ്ങളോടെല്ലാം, ഒരൊറ്റ പ്രാർഥന മാത്രമായിരുന്നു അവന്റെയുള്ളിൽനിന്നും... "ഇന്നത്തെ രാത്രി ഒന്ന് വേഗം അവസാനിച്ചിരുന്നെങ്കിൽ..!" ഇന്നത്തെ രാത്രിയൊന്ന്‌ നേരത്തെ കഴിഞ്ഞ് പോയെങ്കിൽ...!" ക്ലോക്കിലെ മണിയൊച്ചകൾ അവന്റെ കാതുകളിൽ പലവട്ടം മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ഓരോ മണിയൊച്ചകളും അവനിൽ പ്രതീക്ഷകൾ വളർത്തിക്കൊണ്ടേയിരുന്നു...!

ഇന്നത്തെ ദിവസം ഇതാ തീരാൻ പോകുന്നു. ഇന്നത്തെ ദിവസം എനിക്കാ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരില്ല...! അവന്റെ മനസ്സിൽ ശുഭപ്രതീക്ഷകളും പ്രത്യാശകളും മുളപൊട്ടിതുടങ്ങി. ഈ വർഷത്തെ ആ നശിച്ച ദിവസം ഇതാ അവസാനിക്കാൻ പോകുന്നു....! എങ്കിലും അവൻ പ്രാർഥിച്ചുകൊണ്ടേയിരുന്നു.. ഈ ദിവസം ഒന്ന് വേഗം പോയ്‌ മറഞ്ഞെങ്കിൽ..! നിമിഷങ്ങൾ കടന്നു പോകുന്നതിന് വേഗത പോരാ, പോരാ എന്നവന് തോന്നുന്ന അഭിശപ്ത നിമിഷങ്ങൾ..! കണ്ണുകൾ ഇറുകെ അടച്ചുപൂട്ടി കൊണ്ട്, ഭയത്തോടെ, പ്രത്യാശയോടെ, പ്രാർഥനയോടെ, അവൻ ഉറങ്ങാതെ കിടന്നു. ഈ ദിവസത്തിന്റെ അന്ത്യനിമിഷങ്ങളിൽ, ഉറ്റവരുടെ ദുരന്തവർത്തമാനങ്ങൾ കാതുകളിൽ വന്നു ചേരാതിരിക്കാനായി, പുതപ്പിന്റെ കോന്തലകൾ കൊണ്ടവൻ തന്റെ കാതുകൾ മൂടിപൊതിഞ്ഞു..! എങ്കിലും വർധിച്ച നെഞ്ചിടിപ്പിന്റെ മർമരം തന്റെ കാതുകളിൽ വന്നടിക്കുന്നതും അവനറിയുന്നുണ്ട് ഇപ്പോഴും.! വല്ലാതെ തണുക്കുന്നുണ്ട്: വല്ലാതെ വിറയ്ക്കുന്നുണ്ട് തന്റെ ദേഹമിപ്പോൾ എന്നവന് തോന്നി..!. ജനുവരിയിലെ ശൈത്യത്തിന്റെ നനുത്ത കുളിരുകൊണ്ടാകാം അതെന്നവൻ കരുതി..!! കഴിഞ്ഞുപോയ രണ്ട് വർഷങ്ങളിലെ ജനുവരി 19 കളിൽ, അവൻ അനുഭവിച്ചറിഞ്ഞ തണുപ്പും, കുളിരും, വിറയലും ഒന്നും തന്നെ, ഈ മൂന്നാമൂഴത്തിൽ ആ ശീതീകരിച്ച മോർച്ചറിക്കുള്ളിൽ ഉള്ളതായി അവന് അനുഭവപ്പെട്ടില്ല..! പിറ്റേന്ന് ഉച്ചയ്ക്ക് അവന്റെ ശവസംസ്കാരമായിരുന്നു...!!

English Summary:

Malayalam Short Story ' Moonnamoozham ' Written by Dr. Jyothish Babu K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com