‌ ‘അമ്മയെക്കാളും എന്നേക്കാളും പാട്ടിൽ മുഴുകി നടക്കുന്നത് അച്ഛൻ’; മനസ്സ് തുറന്ന് ശ്വേത മോഹൻ

shwetha-mohan
SHARE

‘അയ്യോ മോഹൻ ചേട്ടൻ പാടുമായിരുന്നോ?’ അമ്പരപ്പോടെയുള്ള ഈ ചോദ്യം, കേട്ടവരെയും ഏറെ അദ്ഭുതപ്പെടുത്തി. കാരണം കൃഷ്ണമോഹന്റെ ജീവിതം അത്രമേൽ സംഗീതാത്മകമാണ്. എന്നിട്ടും അദ്ദേഹം ആദ്യമായി പാടുന്നതു പോലെയായിരുന്നു സംഗീതാസ്വാദകരിൽ പലരുടെയും പ്രതികരണം. മലയാളികളുടെ പ്രിയപാട്ടുകാരി സുജാത മോഹന്റെ ഭർത്താവ് ഡോ.കൃഷ്ണമോഹന്‍ പ്രഫഷനൽ ഗായകനല്ലെങ്കിലും അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും സംഗീതമുണ്ട്. സംഗീതത്തോട് അത്രമേൽ ഇഴുകിച്ചേർന്നാണ് ജീവിതം. ഈയടുത്ത് മകൾ ശ്വേതയ്ക്കൊപ്പം ചേർന്നൊരുക്കിയ സലീൽ ചൗധരി ഹിറ്റ്സ് മെഡ്‌ലിയാണ് കൃഷ്ണമോഹനെ പാട്ടുപ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാക്കിയത്. 

എഴുപതാം പിറന്നാളിന്റെ ചെറുപ്പത്തിൽ പാട്ടുകുടുംബത്തിലെ അച്ഛനും മകളും ചേർന്ന് വിഡിയോ ഒരുക്കിയപ്പോൾ അത് ആസ്വാദകര്‍ക്ക് പുതുമയുള്ള അനുഭവമായി. അമ്മയോടൊപ്പം ശ്വേത പലപ്പോഴും പാടിയിട്ടുണ്ടെങ്കിലും അച്ഛനൊപ്പമുള്ള വിഡിയോ ആസ്വാദകർക്ക് കൗതുകമായിരുന്നു. അദ്ദേഹം പാടുന്നത് ആദ്യമായി കേട്ടതുപോലെയായിരുന്നു പലരുടെയും പ്രതികരണം എന്നു പറയുമ്പോൾ ശ്വേതയുടെ വാക്കിലും അദ്ഭുതം നിറയുന്നു. തന്റെയും അമ്മയുടെയും സംഗീതജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അച്ഛൻ. തന്റെ പ്രിയപ്പെട്ട ‘അച്ചി’യോടൊപ്പമുള്ള പുതിയ പാട്ട് സംരംഭത്തെക്കുറിച്ച് ശ്വേത മോഹൻ മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

ഞാനും എന്റെ അച്ഛനും പിന്നെ പാട്ടും

‌അച്ഛന്റെ പാട്ട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനു പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അച്ഛൻ ഡോക്ടർ ആണെങ്കിലും മ്യൂസിക്കൽ ഡോക്ടർ എന്നു പറയുന്നതാകും ശരി. കാരണം അത്രമേൽ പാട്ടിൽ മുഴുകിയാണ് അച്ഛന്റെ ജീവിതം. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം അദ്ദേഹം ക്ലിനിക്കിൽ പോയിട്ടില്ല. ഫോൺവഴിയായിരുന്നു കൺസൽട്ടേഷൻ. അതുകൊണ്ടു തന്നെ പതിവിലും കൂടുതൽ സമയം വീട്ടിൽ ചിലവഴിക്കാൻ സാധിച്ചു. അപ്പോഴെല്ലാം അച്ഛൻ പാട്ടിന്റെ ലോകത്തു തന്നെയായിരുന്നു. ഇതിനോടകം ഏകദേശം ഇരുന്നൂറോളം പാട്ടുകൾ പാടുകയും അവയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം എനിയ്ക്കൊപ്പം പാട്ടു പാടി റെക്കോർഡ് ചെയ്യണമെന്ന താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചത്. അച്ഛന് സ്വന്തം സ്വരം നല്ല മൈക്കിൽ റെക്കോർഡ് ചെയ്ത് കേൾക്കണമെന്നുണ്ടായിരുന്നു. കേട്ടപ്പോൾ അമ്മയ്ക്കും ഇഷ്ടമായി. അങ്ങനെ ഞങ്ങൾ മെഡ്‌ലി ചെയ്യാൻ തീരുമാനിച്ചു. യഥാർഥത്തിൽ കുറച്ചു മാസങ്ങൾക്കു മുൻപേ ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും എല്ലാവരുടെയും തിരക്കുകൾ കാരണം അത് നീണ്ടു പോയി. അങ്ങനെയാണ് ഒടുവിൽ അച്ഛന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പാട്ട് പുറത്തിറക്കാമെന്നു തീരുമാനിച്ചത്. വളരെ കുറഞ്ഞു സമയം കൊണ്ടാണ് ഞങ്ങൾ റെക്കോർഡിങ് പൂർത്തിയാക്കിയത്. 

ക്യാമറയ്ക്കു പിന്നിലെ പാട്ടുകാരി

പാട്ടിന്റെ വിഡിയോ എടുക്കുന്നതിന്റെ തയ്യാറെടുപ്പുകളായിരുന്നു പിന്നീട്. ആരാണ് ക്യാമറ കൈകാര്യം ചെയ്യുക എന്നതിനെക്കുറിച്ച് അധികമാലോചിക്കേണ്ടി വന്നില്ല. കാരണം, എന്റെ അമ്മയ്ക്ക് അത് വളരെ നന്നായി ചെയ്യാനറിയാം. ക്യാമറയുടെ മുന്നിൽ എങ്ങനെയിരിക്കണമെന്നതിനെക്കുറിച്ച് അമ്മ ഇടയ്ക്കിടയ്ക്ക് എന്നോടും അച്്ഛനോടും അഭിപ്രായങ്ങള്‍ പറയുകയും നിർദ്ദേശങ്ങള്‍ നൽകുകയും ചെയ്യുമായിരുന്നു. എന്നെയും അച്ഛനെയും ക്യാമറയ്ക്കു മുന്നിൽ ചിരിച്ച് പ്രസരിപ്പോടെയിരുത്താൻ അമ്മ പ്രത്യേകം ശ്രദ്ധിച്ചു. മെഡ്‌ലിയിലെ ആദ്യ ഗാനമായ ‘കഹിൻ ദൂർ’ ഒരൽപം ദു:ഖം തോന്നിപ്പിക്കുന്നതാണ്. എങ്കിലും മുഖത്ത് അത്തരത്തിലുള്ള ഭാവം ഒന്നും വരണ്ട എന്ന് അമ്മ പ്രത്യേകം ഓർമിപ്പിച്ചു. ഞങ്ങളുടെ ടെറസ് ഗാർഡിനിൽ വച്ചായിരുന്നു വിഡിയോ ഷൂട്ട് ചെയ്തത്. എന്റെ ഭർത്താവ് അശ്വിന്റെ അച്ഛന്റെ ഗാർഡനാണത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയ വിനോദങ്ങളിലൊന്നാണ് ഉദ്യാനപാലനം. അങ്ങനെ അച്ഛൻ ഒരുക്കിയ പൂന്തോട്ടത്തിനരികെയിരുന്നായിരുന്നു ‍ഞങ്ങളുടെ ഷൂട്ട്.

പ്രതിഫലമല്ല സ്നേഹം മാത്രം

മെഡ്‌ലി ആയതുകൊണ്ട് അതിന്റെ ഓർക്കസ്ട്രേഷൻ ആരെക്കൊണ്ടു ചെയ്യിക്കണമെന്നായി ഞങ്ങളുടെ ആലോചന. അങ്ങനെ വളരെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് ജെർസപ്പൻ അങ്കിളിനെ (ജെർസൻ ആന്റണി) ഞാൻ ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങളുടെ വളരെ അടുത്ത കുടുംബസുഹൃത്താണ്. ഞാൻ ചോദിച്ചതിൻപ്രകാരം അങ്കിൾ വളരെ താത്പര്യത്തോടെ അത് ഏറ്റെടുക്കുകയും യാതൊരു പ്രതിഫലവും വാങ്ങാതെ ഒറ്റ ദിവസം കൊണ്ടു തന്നെ ഓർക്കസ്ട്രേഷൻ നിർവഹിക്കുകയും ചെയ്തു. മെഡ്‌ലിക്കു വേണ്ടി അങ്കിൾ ഗിറ്റാറിലും അങ്കിളിന്റെ മകൻ സുബിൻ പുല്ലാങ്കുഴലിലും ഈണമൊരുക്കി. എന്റെ അടുത്ത സുഹൃത്തും ഗായകനുമായ ആലാപ് രാജുവാണ് വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ഈ വിഡിയോയുടെ അരങ്ങിലും അണിയറയിലും. അതുകൊണ്ടു തന്നെ ഇത് പൂർണമായും ഒരു ഹോം പ്രൊഡക്‌ഷൻ ആണ്. എല്ലാവരും തമ്മിലുള്ള സ്നേഹത്തിന്റെ ഫലമാണ് ഈ വിഡിയോ. പ്രതിഫലം വാങ്ങാതെ സ്നേഹത്തിന്റെ പേരില്‍ മാത്രം ചെയ്ത ഒന്ന്. 

മ്യൂസിക്കൽ ഡോക്ടർ

പാട്ട് സ്നേഹപൂർവം ആളുകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുന്നതിൽ ഏറെ സന്തോഷം. പാട്ട് കേട്ട് ഒരുപാട് പേർ വിളിച്ചിരുന്നു. അച്ഛൻ പാടുന്നത് ആദ്യമായാണു കേൾക്കുന്നതെന്നും അതിഗംഭീരമാണെന്നുമായിരുന്നു പലരുടെയും അഭിപ്രായം. അത് കേട്ടപ്പോൾ യഥാർഥത്തില്‍ ഞങ്ങൾക്ക് അദ്ഭുതമാണു തോന്നിയത്. കാരണം ഇത് അച്ഛന്റെ ആദ്യഗാനമല്ല. അച്ഛന് ഇപ്പോൾ എഴുപത് വയസ്സായി. ഇത്രയും കാലമായി പാട്ടിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അച്ഛനുമായി വളരെ അടുപ്പമുള്ളവർക്കറിയാം അദ്ദേഹം എത്രത്തോളം പാട്ടിൽ മുഴുകി നടക്കുകയാണെന്ന്. യഥാർഥത്തിൽ എന്നെക്കാളും അമ്മയെക്കാളുമൊക്കെ അധികമായി പാട്ടുലോകത്തു സഞ്ചരിക്കുന്നയാളാണ് അച്ഛൻ. മലയാളം, തമിഴ്, ഹിന്ദി, അറബിക് എന്നിങ്ങനെ ഏതു ഭാഷയിലുള്ള ഏതു തരം പാട്ടാണെങ്കിലും ശരി അതിലൊക്കെ മുഴുകിയിരിക്കുന്നയാള്‍. കേരളത്തിലും ചെന്നൈയിലുമുള്ള വിവിധ സംഗീതക്ലബ്ബുകളിൽ അചഛൻ സജീവമാണ്. അവിടെ പോയി സ്ഥിരമായി പാട്ടുകൾ പാടാറുണ്ട്. യഥാർഥത്തിൽ മ്യൂസിക്കലി വളരെ ആക്ടീവ് ആയ ഡോക്ടാണ് എന്റെ അച്ഛൻ. അദ്ദേഹം ഒരു പ്രഫഷനൽ ഗായകനായിരുന്നെങ്കിൽ ഒരുപാടുയരങ്ങൾ കീഴടക്കി മറ്റൊരു തലത്തിലെത്തുമായിരുന്നു എന്ന് പലരും പറയാറുണ്ട്. ആളുകളോടു സംസാരിക്കാനും അവരോട് അടുത്തിടപഴകാനും അവർക്കു മുന്നിൽ പാട്ടു പാടാനുമൊക്കെ ഒരുപാടിഷ്ടപ്പെടുന്നയാളാണ് അച്ഛൻ. അമ്മയ്ക്കൊപ്പം അച്ഛൻ പൊതു വേദികളിൽ ഒരുപാട് തവണ പാടിയിട്ടുണ്ട്. അതുപോലെ ദാസമ്മാമ്മ (കെ.ജെ.യേശുദാസ്)യുടെ സ്റ്റേജ് പരിപാടികളിലും അച്ഛൻ പാടിയിട്ടുണ്ട്. അമ്മയും ദാസമാമ്മയും അവതരിപ്പിക്കുന്ന സംഗീതപരിപാടിയിൽ അച്ഛൻ ഒരു പാട്ടെങ്കിലും പാടുന്നത് പതിവാണ്. ഇത്രയധികമായി സംഗീതത്തോട് ഇഴുകിച്ചേർന്നാണ് അച്ഛന്റെ ജീവിതം. എന്നിട്ടും ഇപ്പോൾ അച്ഛന്റെ വിഡിയോ കണ്ടപ്പോൾ ആളുകൾക്ക് അദ്ഭുതമാണ്. അയ്യോ മോഹൻ ചേട്ടൻ പാടുമായിരുന്നോ എന്നാണ് അദ്ഭുതത്തോടെയുള്ള അവരുടെ പ്രതികരണം. അത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.  

ഞങ്ങളുടെ പാട്ടും അച്ഛന്റെ സപ്പോർട്ടും

എന്റെയും അമ്മയുടെയും സംഗീതജീവിതത്തിൽ അച്ഛന് വളരെ വലിയ റോളുണ്ട്. പ്രത്യേകിച്ച് അമ്മയുടെ കാര്യത്തിൽ. അമ്മയെ ഒരുപാട് പ്രോത്സാഹിപ്പിക്കുകയും എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുകയും ചെയ്യുന്ന ആളാണ് അച്ഛൻ. അമ്മ എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ടോ അവിടെയൊക്കെ അച്ഛനും ഒപ്പം പോയിട്ടുണ്ട്. കൂടെ പോകാനും ആളുകളെ കാണാനും പരിചയപ്പെടാനും സംസാരിക്കാനും സംഗീതപരിപാടികളിൽ പങ്കെടുക്കാനുമൊക്കെ അച്ഛനു വളരെ ഇഷ്ടമാണ്. എന്റെ കരിയർ തുടങ്ങിയപ്പോഴും എല്ലാ പിന്തുണയും അച്ഛൻ നൽകിയിരുന്നു. വീട്ടിൽ ഓരോ സമയത്തും ഓരോ തരം പാട്ടു കേൾക്കുക എന്ന ഒരു പതിവു തുടങ്ങിയത് അച്ഛനാണ്. ക്രിസ്മസ് കാലമായാൽ കരോൾ ഗാനങ്ങള്‍, വിഷുക്കാലത്ത് ഭജൻസ് അങ്ങനെ പല തരത്തിലുള്ള പാട്ടുകള്‍ അച്ഛൻ കേൾക്കും. അത് എന്നെയും ഏറെ സ്വാധീനിച്ചു. കുട്ടിക്കാലം മുതൽ ഇത്തരത്തിൽ വിവിധ വിഭാഗങ്ങളിലുള്ള പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്. അങ്ങനെയാണ് പല തരത്തിലുള്ള പാട്ടുകളോട് എനിക്ക് ഏറെ താത്പര്യം തോന്നിയത്.

English Summary: Interview with singer Shweta Mohan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA