ADVERTISEMENT

അതിവേഗത്തില്‍ ട്യൂണിട്ടാല്‍ അതിനേക്കാള്‍ വേഗത്തില്‍ പാട്ടെഴുതണമെന്ന ഒരു കുഞ്ഞുവാശിയൊക്കെയുണ്ട് പൂവച്ചല്‍ ഖാദറിന്റെ മനസ്സില്‍. അപ്പോഴും കാവ്യഭംഗിയില്‍ ലവലേശം വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. ഇനി മാറ്റി എഴുതണമെന്നായാലോ, അതിലും വേഗത്തില്‍ അടുത്ത വരികളും എത്തും. അങ്ങനെ എഴുതിക്കൂട്ടിയ ഗാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറത്തും മലയാളി പാടി നടക്കുന്നു. വേഗതയ്‌ക്കൊപ്പം ആര്‍ക്കും ഇണങ്ങുന്ന സ്വഭാവരീതികൂടിയായതോടെ പൂവച്ചല്‍ ഖാദറിനൊപ്പം പാട്ടൊരുക്കാന്‍ സംഗീത സംവിധായകരും കാത്തിരുന്നു.

പൂവച്ചല്‍ ഖാദര്‍- ശ്യാം കൂട്ടുകെട്ട് പേരെടുത്തു നില്‍ക്കുന്ന കാലം. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ എത്തി അതിവേഗത്തില്‍ പാട്ടൊരുക്കി ഹിറ്റാക്കിയ ചരിത്രമുണ്ട് ഈ കൂട്ടുകെട്ടിന്. കോട്ടയത്തൊരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയാണ് പൂവച്ചലും ശ്യാമും. വിശേഷങ്ങളും പാട്ടുവര്‍ത്തമാനങ്ങളുമൊക്കെയായി അവര്‍ ആ യാത്ര ആഘോഷമാക്കി. മടക്കം ജൂബിലി പിക്‌ചേഴ്‌സിന്റെ ഓഫിസിനു മുന്നിലൂടെയാണ്. ഇതുവഴി പോയിട്ട് ജോയി തോമസിനെ കാണാതെ പോകുന്നത് എങ്ങനെയാണെന്ന ചിന്ത ഇരുവര്‍ക്കും വന്നതോടെ വണ്ടി നിര്‍ത്തി. ജോയി തോമസുമായി ഞങ്ങള്‍ക്ക് പണ്ടുമുതലേ നല്ല അടുപ്പമാണ്. അപ്രതീക്ഷിതമായ വരവ് ജോയിക്ക് ഒരു സര്‍പ്രൈസ് ആകട്ടെ എന്നാണ് ഞങ്ങള്‍ കരുതിയത്. ചെന്നു കയറിയപ്പോഴാണ് ജോയിയുടെ തിരക്കുകള്‍ കാണുന്നത്. നിറക്കൂട്ട് എന്ന സിനിമയുടെ ചര്‍ച്ചകള്‍ നടക്കുകയാണ്. ജോഷിയും മറ്റ് അണിയറ പ്രവര്‍ത്തകരുമൊക്കെ അവിടെയുണ്ട്. ശ്യാം ആ ദിവസത്തെ ഓര്‍ത്തെടുത്തു.

വന്ന സമയം ശരിയായില്ലല്ലോ എന്ന ചിന്തയായി പൂവച്ചലിന്. വേഗത്തിലങ്ങ് പോകാം എന്ന് ശ്യം പറഞ്ഞതോടെ പൂവച്ചലും ശരിവച്ചു. പോകരുത് ഒരാവശ്യമുണ്ടെന്ന് പറഞ്ഞ് ജോയി ശ്യാമിനെ അടുത്തേക്കു വിളിച്ചു. പുതിയ പടത്തിന്റെ ഷൂട്ടിങ്ങ് ഉടനെ ആരംഭിക്കാന്‍ പോകുകയാണ്. അതിലെ പാട്ടൊക്കെ നിങ്ങളെ ഏല്‍പ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം. പക്ഷെ ഉടനെ ഞങ്ങള്‍ക്കൊരു പാട്ടുവേണം, ഇന്നിവിടെ താമസിച്ച് നാളെ ആയാലും മതി... ഒന്നു ഞെട്ടിയെങ്കിലും ശ്യാം ഒരു നിമിഷമൊന്ന് ആലോചിച്ചു. അടുത്ത ദിവസങ്ങളില്‍ മറ്റു ചില പരിപാടികളുണ്ട്. പൂവച്ചലിന്റെ കാര്യം അറിയുകയുമില്ല. എന്തായാലും പൂവച്ചലിനോട് ഒന്നു സംസാരിക്കട്ടെ എന്നായി ശ്യാം.

ഒന്നു കയറി അതിവേഗത്തില്‍ പോകാന്‍ എത്തിയിട്ടും മണിക്കൂറുകള്‍ കാത്തിരുന്നതിന്റെ മുഷിപ്പൊന്നും പൂവച്ചലിന്റെ മുഖത്തില്ല. ശ്യാമിനെ കണ്ടതോടെ നേരിയ ചിരിയോടെ പൂവച്ചല്‍ പോകാന്‍ എഴുന്നേറ്റു. പോകാന്‍വരട്ടെ, ശ്യാം പൂവച്ചലിനോട് വിവരം പറഞ്ഞു. അത്രേയുള്ളോ അത് നമുക്ക് ഇപ്പോ തന്നെ ശരിയാക്കാം എന്നായി പൂവച്ചല്‍. എങ്കില്‍ പിന്നെ അങ്ങനെയാകട്ടെ എന്ന് ശ്യാമും. സംവിധായകന്‍ ജോഷി സന്ദര്‍ഭം കൃത്യമായി വിവരിച്ചത് രണ്ടുപേരും ശ്രദ്ധയോടെ കേട്ടിരുന്നു. ആരാണ് ആദ്യമെന്ന ഭാവത്തില്‍ ശ്യാം പൂവച്ചലിനെ നോക്കി. കണ്ണടച്ച് ഒരു നിമിഷമൊന്നു ധ്യാനിച്ചു. മേശപ്പുറത്ത് പതിയെ താളംപിടിച്ച് ട്യൂണ്‍ മൂളി തുടങ്ങി. ഇതുകൊള്ളാമെന്ന ഭാവത്തില്‍ കേട്ടിരുന്നവരൊക്കെ ചിരിച്ചു. പൂവച്ചല്‍ ശ്യാമിനെക്കൊണ്ട് രണ്ടാവര്‍ത്തി പാടിച്ചു. ഇതുകൊള്ളാമല്ലോ, ഇതില്‍ കുറേ സംഭവങ്ങള്‍ ഉണ്ടല്ലോ എന്നായി പൂവച്ചല്‍. മടിയിലിരുന്ന പേപ്പറിലേക്ക് പതിയെ എഴുതിത്തുടങ്ങി. മീറ്റര്‍ ശരിയാണോ എന്നു നോക്കിക്കേ എന്നു പറഞ്ഞ് വരികള്‍ ഉറക്കെ വായിച്ചു. ശ്യാം പാടി തുടങ്ങി, പൂമാനമേ ഒരു രാഗമേഘം താ....

പിന്നെയെല്ലാം എന്തൊരു വേഗത്തിലായിരുന്നു. ജോയിയെ ഞെട്ടിക്കാനിറങ്ങിയ ഞങ്ങളാണ് ഞെട്ടി പോയത്. ഒരു മണിക്കൂര്‍കൊണ്ട് പാട്ടുമുഴുവന്‍ ഫൈനലാക്കിയാണ് ഞങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്. ഇങ്ങനെ പൂവച്ചലിന്റെ ക്ഷമയും സൗമ്യതയുമൊക്കെ ഒരുപാട് ഞാനറിഞ്ഞിട്ടുണ്ട്. എഴുത്തുപോലെ തന്നെ സത്യമുള്ളൊരു മനുഷ്യനായിരുന്നു പൂവച്ചലും, ശ്യാം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com