ADVERTISEMENT

‘‘നിഷ്കളങ്കനായിരുന്നു പൂവച്ചൽ ഖാദർ, മൃദുലനായിരുന്നു. ഒന്നു റോഡുമുറിച്ചു കടക്കാൻപോലും ശങ്കിച്ചുനിൽക്കുന്ന പ്രകൃതക്കാരൻ.’’ അറുപതുകൾക്കൊടുവിൽ കോഴിക്കോട് നഗരത്തിൽ വന്നെത്തിയ പൂവച്ചൽ ഖാദറിനെ ഇങ്ങനെയാണ് സുഹൃത്ത് കാനേഷ് പൂനൂർ ഓർത്തെടുക്കുന്നത്. കോഴിക്കോടൻ സൗഹൃദങ്ങളുടെ പൂക്കാലമാണ് പൂവച്ചൽഖാദറിനെ മലയാളികളുടെ ഹൃദയം കവർന്ന പൂവച്ചൽ ഖാദറാക്കി മാറ്റിയത്.

∙ കോഴിക്കോട്ടെ കൂട്ടുകാർ

പൊതുമരാമത്ത് വകുപ്പിൽ മൈനർ ഇറിഗേഷൻ സബ്ഡിവിഷനിൽ എൻജിനീയറായാണ് പൂവച്ചൽ ഖാദർ കോഴിക്കോട്ടെത്തിയത്. കലക്ടറേറ്റിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നായർക്കൊപ്പം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ഓഫിസിനു സമീപത്തായിരുന്നു താമസം. മാസികയിൽ പ്രസിദ്ധീകരിക്കാനുള്ള തന്റെ കവിതകളുമായാണ് കാനേഷ് പൂനൂരിന്റെ പൂവച്ചൽ ഖാദർ ചെന്നുകാണുന്നത്. അക്കാലത്ത് ഐ.വി.ശശി, പൂനൂർ. കെ. കരുണാകരൻ, സലാം കാരശ്ശേരി, എം.എൻ.കാരശ്ശേരി, അശ്വതി പദ്മനാഭൻ തുടങ്ങിയവർ അടക്കമുള്ള ഒരു കൂട്ടായ്മയുണ്ടായിരുന്നു. കാനേഷ് പൂനൂർ  ഐ.വി.ശശിയുമായി അടുത്ത സൗഹൃദത്തിലായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെയും മുകുന്ദന്റെയും ബാബുരാജിന്റെയും വീടുകളിൽ പൂവച്ചൽ ഖാദറും കാനേഷ്പൂനൂരും നിത്യസന്ദർശകരായിരുന്നു. 

ഐ.വി.ശശി മദിരാശിയിൽ കലാസംവിധായകനായി പ്രവർത്തിച്ചിരുന്ന കാലമാണ്. ഐ.വി.ശശിയും ഖാദറും കാനേഷുമടങ്ങുന്നവർ നഗരത്തിലൂടെ കഥകൾ പറഞ്ഞ് നടന്നുനടന്ന് കോറണേഷൻ തീയറ്ററിനു സമീപത്തെ ചെറിയ ചായക്കടയിൽ കയറി കപ്പയും മത്തിയും കഴിക്കുമായിരുന്നു. അത്തരം യാത്രകളിൽ സിനിമകളാണ് ചർച്ച ചെയ്തിരുന്നത്. കെ.ഷെറീഫ് എഴുതിയ തിരക്കഥകൾ ഐ.വി.ശശി വിവരിക്കും. അദ്ഭുദത്തോടെ പൂവച്ചൽ ഖാദർ ആ കഥകൾ കേട്ടിരിക്കും 

∙സിനിമയിലേക്കുള്ള വഴി

ഷെറീഫിന്റെ ‘നിറങ്ങൾ’ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ കാനേഷ് പൂനൂർ തീരുമാനിച്ചപ്പോൾ ചിത്രം വരയ്ക്കാൻ ഐ.വി.ശശിയെ ഏൽപ്പിച്ചിരുന്നു. ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഈ നോവലാണ് കാറ്റുവിതച്ചവൻ എന്ന സിനിമയായത്. ഐ.വി.ശശിയുമായുള്ള സൗഹൃദത്തിന്റെ പുറത്ത് കാനേഷ് പൂനൂരാണ് പൂവച്ചൽ ഖാദറിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടത്. ‘ആദ്യസമാഗമ ലജ്ജയിൽ’ എന്ന ഗാനം മലയാളികൾ ഏറ്റെടുത്തു. ഈ ചിത്രത്തിനായി  ഖാദർ  എഴുതിയ ‘‘വാഴ്ത്തുന്നു ദൈവമേ നിൻമഹത്വം, വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം, നീയെന്റെ പ്രാർഥന കേട്ടു, നീയെന്റെ മാനസം കണ്ടു..’’ എന്ന ക്രിസ്തീയ ഭക്തിഗാനം പള്ളികളിലും മറ്റും സ്ഥിരമായി പാടിവരുന്നതാണ്. 

poovachal-khader-friends
പൂവച്ചൽ ഖാദർ, ഗായകൻ പി.ജയചന്ദ്രൻ, കാനേഷ് പൂനൂർ എന്നിവർ ഒരു ഗാനത്തിന്റെ റെക്കോർഡിങ് വേളയിൽ (ഫയൽ ചിത്രം)

‘കാറ്റുവിതച്ചവർ’ക്കു മുൻപുതന്നെ പൂവച്ചൽ ഖാദറിന് അവസരം കൊടുക്കണമെന്ന് ഐ.വി.ശശിയോട് കാനേഷ് ആവശ്യപ്പെട്ടിരുന്നു. വിജയനിർമല സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയായ ‘കവിത’യിൽ ചിത്രീകരണ മേൽനോട്ടം ഐ.വി.ശശിയായിരുന്നു. എന്നാൽ ഈ സിനിമയിൽ പി.ഭാസ്കരൻ എല്ലാ പാട്ടുകളും എഴുതിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് ഐ.വി.ശശി ഒരു വഴി കണ്ടെത്തിയത്. ചിത്രത്തിലെ നായിക കവയിത്രിയാണ്.. ചിത്രത്തിൽ നായിക എഴുതുന്ന കവിതകൾ എഴുതാൻ പൂവച്ചൽ ഖാദറിനെ ഏൽപ്പിച്ചു. ഇതായിരുന്നു ഖാദറിന്റെ ആദ്യ സിനിമാനുഭവം.

∙വധുവിന്റെ കാരണവർ

വെസ്റ്റ്ഹിലിനുസമീപം അത്താണിക്കലായിരുന്നു ഐ.വി.ശശിയുടെ വീട്. അക്കാലത്ത് ഐ.വി.ശശിയുടെ അനിയത്തിയായ ശൈലജയ്ക്ക് ഒരു കല്യാണാലോചന വന്നു. എന്നാൽ സിനിമാതിരക്കുകൾ കാരണം ഐ.വി.ശശി മദിരാശിയിൽ കുടുങ്ങി. പയ്യന്റെ വീട്ടിൽപോയി മാതാപിതാക്കളെ കാണാനും അന്വേഷിക്കാനും ഐ.വി.ശശി ആവശ്യപ്പെട്ടു. അങ്ങനെ പെണ്‍കുട്ടിയുടെ സഹോദരന്റെ സ്ഥാനത്തുനിന്ന് അന്വേഷണവുമായി പയ്യന്റെ വീട്ടിലേക്ക് പോയതും പൂവച്ചൽഖാദറും കാനേഷ്പൂനൂരുമാണ്. 

∙ചിറയിൻകീഴിലെ ആ പെണ്ണ്

പ്രേംനസീറിന്റെ ബന്ധുവായ ആമിനയെയാണ് പൂവച്ചൽ ഖാദർ കല്യാണം കഴിച്ചത്. പ്രേംനസീറിന്റെ സ്വദേശമായ ചിറയിൻകീഴിലാണ് ആമിനയുടെയും വീട്. അക്കാലത്താണ് കായലും കയറും എന്ന സിനിമയ്ക്കു വേണ്ടി പൂവച്ചൽ ഖാദർ പാട്ടെഴുതിയത്. ‘‘ചിത്തിരത്തോണിയിൽ അക്കരെപ്പോവാൻ എത്തിടാമോ പെണ്ണേ.. ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ.. ചിറയിൻകീഴിലെ പെണ്ണേ..’’ എന്ന പാട്ട് യഥാർഥത്തിൽ ഖാദർ ഭാര്യ ആമിനയെക്കുറിച്ച് എഴുതിയതാണ്. ഇക്കാര്യം പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കാറുണ്ടായിരുന്നു.

∙അടുപ്പത്തേക്കാൾ അടുപ്പം

സുഹൃത്തായ സലാംകാരശ്ശേരി പതിനാലാംരാവ് എന്ന സിനിമ നിർമിച്ചപ്പോൾ അതിലെ ഗാനങ്ങൾ കാനേഷ് പൂനൂരും പൂവച്ചൽ ഖാദറും പാട്ടുകളെഴുതിയിരുന്നു. ഇവർക്കൊപ്പം സംവിധായകൻ പി.എ.ബക്കറുമുണ്ട്. ഇതിനായി മദ്രാസിൽ താമസിക്കുമ്പോഴാണ് ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ എന്ന സിനിമയക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. അവാർഡിന്റെ  ആഹ്ലാദം പങ്കിടാൻ കൂട്ടുകാർ ഒത്തുചേർന്നു. ആഘോഷപരിപാടികൾക്കിടെ മുക്കത്തുനിന്ന് ഒരു ഫോൺവന്നു. സലാം കാരശ്ശേരിയുടെ പെങ്ങൾ മരിച്ച വിവരമറിയിച്ചാണ് ഫോൺവിളി. വിവരമറിഞ്ഞ് സലാംകാരശ്ശേരി സങ്കടത്തോടെ നിൽക്കുന്നുണ്ട്. പക്ഷേ നിഷ്കളങ്കനായ പൂവച്ചൽ ഖാദർ സുഹൃത്തിന്റെ പെങ്ങളുടെ മരണവാർത്തയറിഞ്ഞ് സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് പിറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കടം വാങ്ങിയ പണവുമായി ടാക്സിക്കാറിലാണ് സലാമും ഖാദറുമടങ്ങുന്ന സംഘം മുക്കത്തേക്ക് വന്നത്.

∙ ആശങ്കയുടെ അവസാനകാലം

മലയാളത്തെ അതിരറ്റു സ്നേഹിച്ചിരുന്ന ഖാദർ മക്കൾക്ക് തുഷാര, പ്രസൂന എന്നിങ്ങനെയാണ് പേരിട്ടത്. കോവിഡ് കാലം തുടങ്ങിയതിനുശേഷം അദ്ദേഹം   പേടി കാരണം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ലെന്ന് മക്കൾ കാനേഷ് പൂനൂരിനോട് ഫോണിൽ പറഞ്ഞിരുന്നു. അൽപദിവസം തിരുവനന്തപുരത്തെ വീട്ടിൽചെന്നുനിന്ന് ഖാദറിനെ പുറത്തൊക്കെ ചുറ്റിക്കറങ്ങാൻ കൊണ്ടുപോവണമെന്ന് കാനേഷ് കരുതിയിരിക്കെയാണ് ഖാദർ രോഗബാധിതനായെന്ന വിവരമറിഞ്ഞത്. പാട്ടിന്റെ ശരറാന്തൽ തിരിതാഴ്ത്തി ഖാദർ മറയുമ്പോൾ കോഴിക്കോട്ടെ കൂട്ടുകാർ നിശബ്ദമായ് തേങ്ങുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com