ചായ കുടിക്കാനിറങ്ങിയപ്പോൾ നടുറോഡില്വച്ചുണ്ടായ പാട്ട്; അങ്കമാലി ഡയറീസിലെ ഹിറ്റിനു പിന്നിലെ രസക്കഥ ഇങ്ങനെ!
Mail This Article
ഒരു ചായ കുടിക്കാൻ ചാലക്കുടി അങ്ങാടിയിലേക്കിറങ്ങി നടക്കുന്നതിനിടയിൽ സംഗീതസംവിധായകൻ പ്രശാന്ത് പിള്ളയുടെ മനസ്സിൽ തോന്നിയ ഈണം, പിന്നീട് മലയാളികളുടെ ഇഷ്ടഗാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത കട്ട ലോക്കൽ ചിത്രം അങ്കമാലി ഡയറീസിലെ 'ദോ നൈനാ' എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിലാണ് അത്തരമൊരു രസകരമായ കഥയുള്ളത്. മനോരമ ഓൺലൈന്റെ പ്രത്യേക പരിപാടിയായ മ്യൂസിക് ടെയ്ൽസിൽ ഗായകൻ ശ്രീകുമാർ വാക്കിയിൽ ആ കഥ പങ്കുവച്ചപ്പോൾ.
നടുറോഡിലുണ്ടായ പാട്ട്
അങ്കമാലി ഡയറീസിന്റെ സമയം. ഞാനും പ്രശാന്ത് പിള്ളയും ഒരു ചായ കുടിക്കാൻ ചാലക്കുടി ടൗണിലേക്കിറങ്ങി. ചായയും ബജ്ജിയും കഴിച്ച് തിരിച്ചു നടക്കുന്നതിന് ഇടയിൽ പ്രശാന്തിന്റെ മനസിൽ ഒരു ട്യൂൺ വന്നു. അദ്ദേഹം ആ ട്യൂൺ മൂളി. പെട്ടെന്ന് എന്നോട് അതു റെക്കോർഡ് ചെയ്യാൻ പറഞ്ഞു. ആദ്യ വരി അദ്ദേഹം പാടി. അടുത്ത വരി ഞാനും പാടി. അങ്ങനെ അതു വെറുതെ റെക്കോർഡ് ചെയ്തു വച്ചു. ആ സമയത്ത് അങ്കമാലി ഡയറീസിൽ റൊമാന്റിക് പാട്ട് ഇല്ല. പിന്നീടൊരു ദിവസം ലിജോ, പ്രശാന്തിനെ വിളിച്ച് ഒരു ചെറിയ റൊമാന്റിക് സോങ് വേണമെന്നു പറഞ്ഞപ്പോൾ പ്രശാന്ത് ഈ പാട്ട് കേൾപ്പിച്ചു. ആ പാട്ട് ലിജോയ്ക്ക് ഇഷ്ടമായി.
മുമ്പ് പാടിയതു പോലെ പാടാൻ പറ്റുമോ?
ചുമ്മാ ഫോണിൽ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്ത വേർഷനാണ് ലിജോയ്ക്ക് ഇഷ്ടമായത്. ആ പാട്ട് അതുപോലെ തന്നെ പുനരാവിഷ്കരിക്കാൻ ലിജോ ആവശ്യപ്പെട്ടു. സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്യുമ്പോൾ നേരത്തെ പാടി വച്ച ഫീലല്ല കിട്ടുന്നത്. ആ ട്രാക്ക് ലിജോ നിരസിച്ചു. ലിജോയ്ക്കു ചില നിർബന്ധങ്ങളുണ്ട്. അദ്ദേഹത്തിന്റെ സിനിമ കണ്ടാൽ തന്നെ അക്കാര്യം മനസ്സിലാകും. അങ്ങനെ ചില നിർബന്ധങ്ങൾ ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിനു വ്യത്യസ്തമായ സിനിമകൾ ഒരുക്കാൻ സാധിക്കുന്നത്. പല പ്രാവശ്യം പാടിയിട്ടാണ് ആ പാട്ട് ഓകെ ആയത്. അങ്കമാലി ഡയറീസിന്റെ ആൽബം നോക്കിയാൽ അതിൽ അഞ്ചു രീതിയിൽ ഈ പാട്ട് കാണാം. ചെറിയൊരു പാട്ടാണ്. പക്ഷേ, അതിന് അഞ്ചു വേർഷനുകളുണ്ട്.
പ്രശാന്ത് പിള്ള മാജിക്
ഞാനും പ്രശാന്തും ബെംഗളൂരുവിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് പാട്ടുകളുണ്ടാക്കി റെക്കോർഡ് ചെയ്തിരുന്നു. പ്രത്യേകിച്ചൊരു സിനിമയ്ക്കു വേണ്ടിയായിരുന്നില്ല അത്. അതൊന്നും എവിടെയും റിലീസ് ചെയ്തിട്ടില്ല. അങ്ങനെയൊരു സെഷനിൽ ഒരു പാട്ട് ഞാൻ പാടി. വ്യക്തിപരമായി ആ ട്രാക്ക് ഞാൻ പാടിയത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എങ്ങനെയുണ്ടെന്ന് പ്രശാന്ത് ചോദിച്ചപ്പോൾ ഒരു ഒഴുക്കൻ മറുപടിയും കൊടുത്ത് ഞാൻ ഫോണിലെന്തോ വായിച്ചു കൊണ്ടിരുന്നു. ആ സമയം പ്രശാന്ത് ആ ട്രാക്കിലെന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ആ മ്യൂസിക് ശ്രദ്ധിക്കാൻ തുടങ്ങി. ഇതു കൊള്ളാലോ എന്നു പറയുകയും ചെയ്തു. സത്യത്തിൽ, കുറച്ചു മുൻപ് അത്ര പോരെന്ന് എനിക്കു തോന്നിയ ട്രാക്കാണ് പ്രശാന്ത് വളരെ മനോഹരമായി മിക്സ് ചെയ്തെടുത്തത്. അതാണ് പ്രശാന്ത്. നമ്മൾ കാണാത്ത ചില ഭംഗികൾ അദ്ദേഹത്തിന്റെ കണ്ടെത്തലുകളിലുണ്ടാകും.