‘പ്രായക്കുറവ് കാരണം ആദ്യം മടിച്ചു, പക്ഷേ അവന് 70കാരന്റെ പക്വതയുണ്ട്’; പ്രണയവഴിയിലെ നിക്കും പ്രിയങ്കയും

Mail This Article
ഗായകൻ നിക് ജൊനാസ് ആണ് തന്റെ ജീവിതപങ്കാളിയെന്നു തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചു നടി പ്രിയങ്ക ചോപ്ര മുൻപ് പറഞ്ഞ വാക്കുകള്‍ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. ഡേറ്റിങ് കാലത്തു ഒരു ദിവസം നിക് ജോനാസിനും സുഹൃത്തുക്കൾക്കുമൊപ്പം അത്താഴവിരുന്നിനു പോകാൻ തയ്യാറായിരിക്കുമ്പോൾ അത്യാവശ്യമായി ഒരു ഔദ്യോഗിക മീറ്റിങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തനിക്കു ഫോൺ കോൾ വന്നതും തുടർന്നുണ്ടായ സംഭവങ്ങളും പ്രിയങ്ക ഓർത്തെടുത്തു.
മീറ്റിങ്ങിനു പോകേണ്ടെന്നു നിക് നിർബന്ധം പിടിക്കുമെന്നാണു താൻ വിചാരിച്ചതെന്നും എന്നാൽ കാര്യങ്ങൾ നേരെ മറിച്ചാണു സംഭവിച്ചതെന്നും നടി പറയുന്നു. ജോലിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും സുഹൃത്തുക്കൾക്കൊപ്പമുള്ള കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്കു മാറ്റി വയ്ക്കാമെന്നും പറഞ്ഞ് നിക് തന്നെ ആശ്വസിപ്പിച്ചുവെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. നിക്കിന്റെ പക്വതയെക്കുറിച്ചു താൻ അന്ന് മനസ്സിലാക്കിയെന്നും നിക് ആണ് തന്റെ ജീവിതപങ്കാളിയെന്നുറപ്പിക്കാൻ വേറെ അധികം കാരണങ്ങളൊന്നും വേണ്ടി വന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
നിക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്നുകേട്ട വിമർശനങ്ങളിൽ അധികവും ഇരുവരുടെയും പ്രായം സംബന്ധിച്ചുള്ളതായിരുന്നു. പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ താൻ നിക്കിൽ നിന്നും മനപ്പൂർവം ഒഴിഞ്ഞുമാറി നിന്നിട്ടുണ്ടെന്നും ആ ഒറ്റ കാരണത്താൽ നിക്കുമായി വിവാഹം വേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നെന്നും പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പ്രിയങ്കയ്ക്ക് 41 വയസ്സാണ്. നിക്കിന് 31. പ്രായം കൊണ്ട് നിക് വളരെ ചെറുപ്പമാണെങ്കിലും നിക്കിന് എഴുപത് വയസ്സുകാരന്റെ പക്വതയുണ്ടെന്നു തനിക്കു തോന്നിയിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു.
2017–ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. നിക്കിന്റെ സഹോദരനും ഗായകനുമായ കെവിന്‍ ജൊനാസ് ആണ് ഇരുവരുടെയും ബന്ധത്തിന് ഇടനിലക്കാരനായത്. കെവിൻ ആണ് നിക്കിനോട് പ്രിയങ്കയെ ഫോണിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടത്. അങ്ങനെ പതിയെ ഇരുവരും തമ്മിൽ അടുത്തു.
2018 ഡിസംബർ 1ന് നിക്കും പ്രിയങ്കയും വിവാഹിതരായി. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്. നിക്കും പ്രിയങ്കയും ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു. എന്നാൽ താരദമ്പതികൾ വിവാഹജീവിതത്തിൽ 5 വർഷങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. മകൾ പിറന്ന് ഒരു വർഷത്തിനിപ്പുറമാണ് താരദമ്പതികൾ അവളുടെ മുഖം വെളിപ്പെടുത്തിയത്. സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയായ മാൾട്ടിക്ക് ഇപ്പോൾ നിരവധി ആരാധകരുമുണ്ട്.