ADVERTISEMENT

തിരഞ്ഞെടുപ്പിനു മുൻപ് നരേന്ദ്ര മോദി സർക്കാരിന്റെ ആത്മവിശ്വാസം എത്രത്തോളമെന്ന അളവുകോൽ കൂടിയായി ഇടക്കാല ബജറ്റ് മാറാമെന്ന കണക്കുകൂട്ടൽ പിഴച്ചില്ല. വൻ പ്രഖ്യാപനങ്ങളോ ജനപ്രിയ വാഗ്ദാനങ്ങളോ ഇടംപിടിക്കാത്ത ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ പറയാതെ പറയുന്നു: അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് ഇത്തവണ സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ‘പൂർണ ബജറ്റ് ഞങ്ങളുടെ സർക്കാർ ജൂലൈയിൽ അവതരിപ്പിക്കും’ എന്നു പറയുമ്പോൾ ആ ആത്മവിശ്വാസം പാരമ്യത്തിലെത്തുന്നു.

തിരഞ്ഞെടുപ്പിൽ ബിജെപി കാര്യമായ വെല്ലുവിളി കാണുന്നില്ലെങ്കിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന വാദം ബജറ്റ് ശരിവച്ചു. ‘വോട്ട് ഓൺ അക്കൗണ്ട്’ ആയതിനാൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഡിസംബർ ആദ്യവാരം ധനമന്ത്രി പറഞ്ഞിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപ് അന്നത്തെ ധനമന്ത്രി പീയൂഷ് ഗോയൽ വാഗ്ദാനപ്പെരുമഴയുമായി അവതരിപ്പിച്ച ബജറ്റും ഇപ്പോഴത്തേതും തമ്മിലുള്ള താരതമ്യത്തിൽ സർക്കാരിന്റെ ആത്മവിശ്വാസം കൂടുതൽ വ്യക്തമാകും.

യുവജനങ്ങൾ, സ്ത്രീകൾ, കർ‌ഷകർ, ദരിദ്രർ എന്നിവർക്കു മുൻഗണന നൽകുന്ന തരത്തിലാകും സർക്കാരിന്റെ നയങ്ങളെന്ന് നേരത്തേ നിർമല സീതാരാമൻ പറഞ്ഞത് ബജറ്റിൽ ഇന്നലെ തെളിഞ്ഞു. ഈ വിഭാഗങ്ങളിലുള്ളവർക്കു ശക്തി പകരുന്നതാണ് ബജറ്റെന്ന്, അവതരണത്തിനുശേഷം പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ നാലു ജനവിഭാഗങ്ങളിൽ കേന്ദ്രീകരിച്ചാവും സർക്കാരിന്റെ തിരഞ്ഞെടുപ്പു പ്രചാരണമെന്നതും ഇതോടെ വ്യക്തമാകുന്നു. അതേസമയം, ദരിദ്രർക്കുവേണ്ടി കാര്യമായ ശ്രദ്ധയെ‍ാന്നും ബജറ്റിൽ ഇല്ലെന്ന പരാതിയുമുണ്ട്.

വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പെന്ന പ്രഖ്യാപനത്തോടെയാണ് ബജറ്റിലെ പദ്ധതികൾ അവതരിപ്പിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ പാർപ്പിട പദ്ധതിയിൽ 5 വർഷംകൊണ്ട് രണ്ടു കോടി വീടുകൾകൂടി അനുവദിക്കുന്നതും ഒരു കോടി വീടുകൾക്ക് പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതുമെ‍ാക്കെ ഇടത്തരക്കാരെ ലക്ഷ്യംവച്ചുതന്നെയാണ്. ഇടത്തരക്കാർക്ക് വീടു വാങ്ങാൻ പുതിയ സഹായപദ്ധതിയുമുണ്ട്. സ്ത്രീകളുടെ വരുമാനം വർധിപ്പിക്കാൻ സ്വാശ്രയ സംഘങ്ങളിലൂടെ നടപ്പാക്കുന്ന പരിശീലന പദ്ധതിയിൽ ഒരു കോടി പേരെക്കൂടി ഉൾപ്പെടുത്തും.

ബജറ്റ്: വിശദമായി അറിയാം

സ്റ്റാർട്ടപ്പുകൾക്കുള്ള നികുതിയിളവു നീട്ടിയത് യുവതയ്ക്കു സന്തോഷവാർത്തയാണ്. ഭക്ഷ്യ എണ്ണയിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നുവെന്നും ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതി കെ‍ാണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കടൽവിഭവങ്ങളുടെ സംരക്ഷണം, ഇതുമായി ബന്ധപ്പെട്ട വികസനം എന്നിവയെല്ലാം ലക്ഷ്യമിട്ടു ‘ബ്ലൂ ഇക്കോണമി 2.0’ ആവിഷ്കരിക്കുകയാണ്. രാജ്യത്തെ മത്സ്യമേഖലയ്ക്കു കരുത്തേകി 5 അക്വാപാർക്കുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ടൂറിസം വികസനത്തിനു സംസ്ഥാനങ്ങൾക്കു നൽകുന്ന സഹായത്തിൽ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ട്. മാലദ്വീപുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ, അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്ന പ്രഖ്യാപനം ശ്രദ്ധേയമാകുന്നു. ലക്ഷദ്വീപിന്റെ വികസനം കേരളത്തിനും ഗുണകരമാകും. ആയുഷ്മാൻ ആരോഗ്യപദ്ധതിയുടെ ആനുകൂല്യം ആശാ, അങ്കണവാടി ജീവനക്കാർക്കും ഹെൽ‍പർമാർ‍ക്കും ലഭ്യമാക്കുന്നത് കേരളത്തിൽ ഈ മേഖലയിലുള്ള ഒട്ടേറെപ്പേർക്കു പ്രയോജനകരമായേക്കാം.

അടിസ്ഥാനസൗകര്യ വികസനത്തിനായി 11.11 ലക്ഷം കോടി രൂപയുണ്ടെങ്കിലും, മറ്റു വികസനപ്രവർത്തനത്തിനുള്ള 2.37 ലക്ഷം കോടി തുച്ഛമാണെന്ന ആരോപണം മറുവശത്തുണ്ട്. അതായത്, 2024–25 വർഷത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.72% മാത്രം വച്ച് വികസിത ഭാരതത്തിലേക്കുള്ള യാത്ര എങ്ങനെ ഫലപ്രദമാകുമെന്നാണു ചോദ്യം.

ആകെ 56 മിനിറ്റ് നീണ്ട ബജറ്റ് അവതരണത്തിലെ വലിയ പങ്കു സമയവും സർക്കാരിന്റെ നേട്ടങ്ങളുടെ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കാനാണു ധനമന്ത്രി മാറ്റിവച്ചത്. കഴിഞ്ഞ വർഷത്തെ കാര്യങ്ങളിലെ‍ാതുക്കാതെ, പത്തു വർഷത്തെ മോദിഭരണകാലത്തു ചെയ്ത കാര്യങ്ങൾ ഊന്നിപ്പറയുകയും അതിനുമുൻപുള്ള ഭരണത്തെ പഴിക്കുകയും ചെയ്തതുകെ‍ാണ്ടാണ് ഈ ബജറ്റിനെ രാഷ്ട്രീയപ്രസംഗമെന്ന് കോൺഗ്രസ് പഴിച്ചത്.

സാമൂഹികനീതി മറ്റുള്ളവർക്കു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും തങ്ങൾ സമൂഹത്തിലെ അസമത്വങ്ങൾ കൃത്യമായ നടപടികളിലൂടെ പരിഹരിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നത് ‘ഇന്ത്യ’ മുന്നണിക്കുള്ള മറുപടിയായാണ്. മതനിരപേക്ഷത തങ്ങളുടെ പ്രവൃത്തിയിലുണ്ടെന്ന പ്രസ്താവത്തിന്റെ സൂചനയും അതുതന്നെയാണ്.

മൂന്നു പുതിയ റെയിൽവേ ഇടനാഴികൾ നടപ്പാക്കുന്നതും 40,000 സാധാരണ റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കുന്നതും നല്ലതുതന്നെ. കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപ ബജറ്റിൽ നീക്കിവച്ചത് പ്രതീക്ഷ നൽകുന്നു. ശബരി റെയിൽ പദ്ധതിക്ക് മുഖ്യപരിഗണനയുണ്ടെന്നും ഒട്ടേറെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി കാത്തുകിടക്കുന്നുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറയുകയുണ്ടായി. സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ പോലും ഉപേക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞത് സർക്കാർ കേൾക്കാതെപോകരുത്.

എല്ലാ മേഖലയെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് സർ‌ക്കാരിന്റെ മുന്നിലുള്ളതെന്നും  2047ഓടെ വികസിത ഭാരതമെന്നതാണു  ലക്ഷ്യമെന്നും ധനമന്ത്രി പറയുമ്പോൾ സാധാരണക്കാർക്കു വേണ്ടി കാര്യമായെ‍ാന്നും ബജറ്റിൽ ഇല്ലെന്നാണു പ്രതിപക്ഷാരോപണം; പുതുതായി എന്താണു ബജറ്റിൽ ഉള്ളതെന്നും അവർ ചോദിക്കുന്നു.

English Summary:

Editorial about union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com