sections
MORE

അമിത് ഷാ പിടിമുറുക്കുന്നു; മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രം

Amit-shah
അമിത് ഷാ
SHARE

ന്യൂഡൽഹി∙ മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രമായി മാറി ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്ത രാജ്നാഥ് സിങ്ങിന് ഇക്കുറിയും ആ വകുപ്പ് തന്നെ ലഭിക്കുമെന്നായിരുന്നു നിഗമനം. എന്നാൽ പാർട്ടിയിലെയും സർക്കാരിലെയും മുതിർന്ന അംഗമായ രാജ്നാഥ് സിങ്ങിനെ മറികടന്ന് അമിത് ഷാ ആഭ്യന്തര മന്ത്രിയാവുകയായിരുന്നു. അമിത് ഷായുടെ ഈ കടന്നു വരവായിരുന്നു മന്ത്രിസഭാ രൂപീകരണത്തിനിടെ ഇത്തവണ രാഷ്ട്രീയപരമായി ഏറെ ചർച്ച ചെയ്യപ്പെട്ട തീരുമാനവും. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരുന്നു കേന്ദ്രത്തില്‍ പ്രധാന അധികാരം കയ്യാളിയിരുന്നത്.

അധികാരത്തിലേറിയതിനു പിന്നാലെ ഒരു കൂട്ടം നിർണായക യോഗങ്ങൾ അമിത് ഷായുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗങ്ങളിൽ വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യകാര്യ–റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു. കശ്മീരിലെ ഭീകരരുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയാറല്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു. ഇറാൻ എണ്ണ ഇറക്കുമതി വിഷയം ചർച്ച ചെയ്യാനും അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ആഫ്രിക്കയിലെ മൊസാംബിക്കിൽ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലായിരുന്നു യോഗം.

യുഎസും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമായതോടെ ഇറാൻ ഇന്ധനവില കുത്തനെ ഉയർത്താനുള്ള സാഹചര്യം നിലവിലുണ്ട്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 10% ഇറാനിൽ നിന്നാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം മറ്റു വഴികൾ തേടുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഒഎൻജിസി, ബിപിസിഎൽ, ഓയിൽ ഇന്ത്യ തുടങ്ങിയ പൊതുമേഖല കമ്പനികൾ മൊസാംബിക്കിനു സമീപം തീരത്തോടു ചേർന്നുള്ള റൊവുമ ഏരിയ–1ൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

വാണിജ്യപരവും നയതന്ത്രപരവുമായ ഈ യോഗത്തിലാണ് അമിത് ഷാ അധ്യക്ഷത വഹിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു യോഗം. തിരഞ്ഞെടുപ്പിൽ വിജയിച്ച മോദിയെ മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ് ജാസിന്റോ ന്യൂസി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗം ചേർന്നത്.

ഇതേ രീതിയിൽ തന്നെയാണു പാർട്ടിയുടെ നിയന്ത്രണവും അമിത് ഷാ കൈകാര്യം ചെയ്യുന്നതെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. ബിജെപി സഖ്യകക്ഷി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതിഷ് കുമാർ, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവർ പങ്കെടുത്ത ഇഫ്താർ വിരുന്നിനെ ആക്ഷേപിക്കുന്ന തരത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രസ്താവന നടത്തിയിരുന്നു.

ഇഫ്താർ സംഘടിപ്പിച്ച ഉത്സാഹത്തോടെ നവരാത്രി സദ്യയും ഒരുക്കിയിരുന്നെങ്കിൽ എത്ര മനോഹരമായേനെയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നമ്മുടെ തനതു വിശ്വാസം മുറുകെ പിടിക്കുന്നതിൽ എന്തുകൊണ്ടാണു പിന്നാക്കം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവന വിമർശനങ്ങൾക്കു വഴിതുറന്നതോടെ അമിത് ഷാ ശക്തമായ താക്കീതുമായി രംഗത്തെത്തി. ഗിരിരാജിനെ ഫോണിൽ വിളിച്ച് ഇത്തരം അനാവശ്യ പ്രസ്താവനകളിൽ നിന്നു വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിയും ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തിയപ്പോൾ അമിത് ഷാ വടിയെടുത്തിരുന്നു. ഹൈദരാബാദ് ഭീകരപ്രവർത്തനത്തിന്റെ പറുദീസയാണെന്നാണു കിഷൻ പറഞ്ഞത്. ബെംഗളൂരുവിലോ ഭോപാലിലോ ഭീകരവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം ഉണ്ടായാൽ അതിന്റെ വേരുകൾ ഹൈദരാബാദിലാണെന്നും പൊലീസും എൻഐഎയും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവിടെ നിന്നും ഭീകരരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നുമായിരുന്നു കിഷന്റെ പ്രസ്താവന.

സംഭവം വിവാദമായതോടെ ഉടൻ തന്നെ അമിത് ഷായുടെ വിളിയെത്തുകയും ഇത്തരം പ്രസ്താവനകൾ പാടില്ലെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളാണു നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. ഗുജറാത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മോദി– അമിത് ഷാ കൂട്ടുകെട്ട് കേന്ദ്രത്തിലെത്തുമ്പോൾ സുപ്രധാനതീരുമാനങ്ങളും പരിഷ്കാരങ്ങളും ഉണ്ടാകുമെന്നതും ഉറപ്പ്.

അമിത് ഷാ മന്ത്രിസഭയിലെത്തിയതോടെ പുതിയ ബിജെപി അധ്യക്ഷനായി ചർച്ചകൾ സജീവമാകുകയാണ്. അധ്യക്ഷനായി ആരുതന്നെ വന്നാലും പാർട്ടിയുടെയും ഭരണത്തിന്റെയും നിയന്ത്രണം മോദി–ഷാ കൂട്ടുകെട്ടിനു തന്നെയായിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

English summary: Amit Shah explicitly assure the hold in government and party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA