വനപാലകർ വെന്തുമരിച്ച സംഭവം; മനോരമ ഓൺലൈൻ പരമ്പര ലോക്സഭയിൽ

forest-fire-web-series-lok-sabha
SHARE

ന്യൂഡൽഹി ∙ കാട്ടുതീ വിപത്തിനെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രസിദ്ധീകരിച്ച ‘കാട് കത്തിയാൽ നമുക്കെന്ത്’ വെബ് പരമ്പര ലോക്സഭയിൽ. കാട്ടുതീ തടയുന്നതിനു കേന്ദ്രം കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു പരമ്പര പരാമർശിച്ച് അടൂർ പ്രകാശ് എംപി ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു. തൃശൂർ കൊറ്റമ്പത്തൂരിൽ കാട്ടുതീ‌ കെടുത്തുന്നതിനിടെ മൂന്നു വനപാലകർ വെന്തുമരിച്ച പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി 24 മുതൽ 29 വരെയായിരുന്നു വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ചു പി.സനില്‍കുമാർ തയാറാക്കിയ പരമ്പര മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത്. 

പരമ്പര പരാമർശിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സംഭവങ്ങളാണു കാട്ടുതീയുമായി ബന്ധപ്പെട്ട് ഈ വർഷം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെന്നു എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ മാത്രം ഈ വർഷം 99 സംഭവങ്ങളാണുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമത്തിനിടെ മൂന്നു വനപാലകർക്കു ജീവൻ നഷ്ടപ്പെട്ട ദൗർഭാഗ്യകരമായ സംഭവവുമുണ്ടായി. ഔദ്യോഗിക കണക്കനുസരിച്ചു കഴിഞ്ഞ വർഷം രാജ്യത്ത് 93,000 ഹെക്ടർ വനപ്രദേശത്താണു കാട്ടുതീ ബാധിച്ചത്. മൊത്തം വനത്തിന്റെ 21 ശതമാനം കാട്ടുതീ ബാധിക്കാൻ അതീവസാധ്യതയുള്ളതായാണു കണക്കാക്കിയിരിക്കുന്നത്.

2018ൽ കേന്ദ്ര സർക്കാർ കാട്ടുതീ തടയുന്നതിന് ദേശീയപദ്ധതി തയാറാക്കിയിരുന്നു. എന്നാൽ കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും ഈ വിപത്ത് നേരിടുന്നതിനുള്ള സൗകര്യങ്ങൾ തികച്ചും അപര്യാപ്‌തമാണ്. ഇതാണു മൂന്നു വനപാലകരുടെ മരണത്തിനിടയാക്കിയതും. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളിലെയും വനം മന്ത്രിമാരുടെ യോഗം വിളിക്കണം. സംസ്ഥാനങ്ങൾക്കു കൂടുതൽ സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കണമെന്നും അടൂർ പ്രകാശ് സബ്മിഷനിൽ ആവശ്യപ്പെട്ടു.

വനപാലകരുടെ മരണത്തിലും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിലും വനംവകുപ്പും സംസ്ഥാന സർക്കാരും പുലർത്തുന്ന നിസംഗത വെളിച്ചത്തു കൊണ്ടുവരാനാണു പരമ്പരയിലൂടെ ശ്രമിച്ചത്. കാട്ടുതീ നാടിന് എന്തുമാത്രം ആപത്താണ് എന്ന് ഇൻഫോഗ്രാഫിക്സ്, ഗ്രാഫ്, ചാർട്ട്, മാപ്പ്, വിഡിയോ, പോഡ്കാസ്റ്റ് തുടങ്ങിയ ഡിജിറ്റൽ സങ്കേതങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു. കേരളത്തിലെ കാട്ടുതീയിൽ തുടങ്ങി ഓസ്ട്രേലിയയിൽ താണ്ഡവമാടിയ ബുഷ്ഫയർ വരെ വിഷയമായി. കേരളത്തിലെ വനമേഖല, കാട്ടുതീ സാധ്യതാമേഖല, ഏറ്റവും കൂടുത‌ൽ കാട്ടുതീ മുന്നറിയിപ്പ് കിട്ടിയ സംസ്ഥാനങ്ങൾ, കാട്ടുതീ ഹോട്‌സ്പോട്ടുകൾ, കാട്ടുതീ സാറ്റലൈറ്റ് ദൃശ്യമായി കാണുന്നതെങ്ങനെ.. തുടങ്ങിയ കാര്യങ്ങളും പരമ്പരയിൽ വിവരിച്ചു.

‘കാട് കത്തിയാൽ നമുക്കെന്ത്’ വെബ് സീരിസ് വായിക്കാം

ഭാഗം ഒന്ന്: ഇനിയെത്ര പെരുമഴ വേണം ഈ കണ്ണീർച്ചൂട് ഒഴിയാൻ; കാട്ടുതീയിൽ മാഞ്ഞ ജീവിതങ്ങൾ...

ഭാഗം രണ്ട്: ‘അവർ നിസംഗതയുടെ ഇരകൾ; മന്ത്രിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’...

ഭാഗം മൂന്ന്: എസിയിൽ വാഴും ഏമാന്മാർ, വാച്ചർക്ക് പച്ചില; മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടക്കുരുതി...

ഭാഗം നാല്: വെണ്ണീറായത് 125 കോടി ജീവികൾ, തരിശായത് 14 ദശലക്ഷം ഏക്കർ: ഓസ്ട്രേലിയ എന്ന പാഠം...

ഭാഗം അഞ്ച്: വാച്ചർമാർക്ക് ഇൻഷുറൻസ്, മരിച്ചവരുടെ മക്കൾക്കു ജോലി; ഉറപ്പുമായി സർക്കാർ...

English Summary: Manorama Online web series on wildfire in Kerala quoted in Lok Sabha as submission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA