ഈ വീട് നല്ല വീട് 

kadhaillayimakal-column-house-obsession-photograph--article-image
SHARE

‘ചുറ്റും കുളമുള്ള ചെന്താമരയുള്ള മുറ്റത്തു തണലുള്ള വീട് ഈ വീട് നല്ല വീട്’ അതിമനോഹരമായ ഒരു പഴയ ഗാനത്തിന്റെ വരികളാണ്. വീട് എന്നും ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടുനടക്കുന്ന എന്നെപ്പോലെയുള്ളവർക്കു വേണ്ടി എഴുതി സംഗീതം നൽകി ആലപിച്ച ഗാനം ! 

പടിപ്പുരയും കിണറും തെക്കതും വടക്കതുമൊക്കെയുള്ള ശൈശവ, ബാല്യകാല വൃന്ദാവനമായിരുന്ന അമ്മവീടിനെക്കുറിച്ച് ഒരുപാടു തവണ പറഞ്ഞിട്ടുള്ളതുകൊണ്ട് (ആയിരം തവണ പറഞ്ഞാലും തീരില്ല ആ സ്വർഗീയാനുഭൂതികളെക്കുറിച്ചുള്ള ഓർമകൾ) വീണ്ടും പറയുന്നില്ല.  തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്ത് അച്ഛനും അമ്മയും അനിയത്തിമാരും അനിയനും ഒരുമിച്ചുള്ള പിൽക്കാലജീവിതവും സുഖകരം തന്നെയായിരുന്നു. നഗരജീവിതത്തിന്റെ സുഖങ്ങളിൽ മുഴുകിയാണ് കൗമാരവും യൗവനവുമെത്തിയത്. അന്ന് മനസ്സിലുറപ്പിക്കുമായിരുന്നു, ഈ നഗരം എന്റെ ജീവിതത്തിന്റെ മാത്രമല്ല സ്വപ്നങ്ങളുടെ കൂടി  ഭാഗമാണ്. ഒരിക്കലും ഇവിടം വിട്ടു ഞാൻ പോവുകയില്ല. (മനുഷ്യൻ സങ്കൽപിക്കുന്നു, ദൈവം നിശ്ചയിക്കുന്നു എന്നല്ലേ ചൊല്ല്). 

kadhaillayimakal-column-house-interior-article-image

അങ്ങനെ പെണ്മക്കളുടെ ആഗ്രഹം മനസ്സിലാക്കിയാവും അച്ഛൻ ഞങ്ങൾക്കായി സിറ്റിയുടെ നടുവിൽത്തന്നെ പുരയിടങ്ങൾ കരുതിവച്ചു. അവിടെ വീട് പണിഞ്ഞു തരാം എന്ന് ഉറപ്പു പറയുകയും ചെയ്തു. അത് സ്ത്രീധനമല്ല. എന്റെ വീട്ടിൽ അന്നോളം ഡൗറി കൊടുത്ത് ഒരു വിവാഹം നടന്നിട്ടില്ല. അത് അവിടത്തെ രീതിയേ  ആയിരുന്നില്ല. വലിയ ധനികരല്ലെങ്കിലും ഒരു വീടും സ്ഥലവുമൊക്കെ മക്കൾക്ക് ഓഹരിയായി നൽകാനുള്ള സ്ഥിതി  കുടുംബത്തിൽ ഉണ്ടായിരുന്നു.

എന്തിനു പറയണം, എന്റെ മോഹങ്ങൾ തല്ലിത്തകർക്കുന്നതിൽ ഒരുപ്രത്യേക രസം വിധിക്ക് എന്നുമുണ്ടായിരുന്നു. സർക്കാർ ഓഫിസിൽ ഒരു ജോലി. ജീവിത പങ്കാളിയായി അതുപോലെ ജോലിയുള്ളൊരാൾ മതി. അച്ഛനും അമ്മയും പണിയിച്ചു തരുന്ന നല്ല വീട്. പക്ഷേ സിറ്റിയിലെ എന്റെ സ്ഥലത്ത് വീട് വയ്ക്കാനായില്ല. ആശിച്ചു കിട്ടിയ ഗവണ്മെന്റ് ഉദ്യോഗം രാജി വയ്‌ക്കേണ്ടിവന്നു. ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ വേട്ടയാടി. പക്ഷേ തോൽക്കാൻ ഞാൻ തയാറായില്ല. ഒരു ജോലി നേടുക തന്നെ ചെയ്തു. മക്കളും ഞാനും മാത്രമായി ജീവിതം തുടർന്നപ്പോൾ ഞാൻ തന്നെ പ്ലാൻ വരച്ച്, ആശിച്ചതു പോലെ  ഒരു വീട് ആ പട്ടണത്തിൽ പണിയുകയും ചെയ്തു. സ്വസ്ഥം സുഖം സ്വർഗം !

പക്ഷേ അന്നും ഇന്നും വീട് എനിക്കൊരു ഹരമാണ്. ഓഫിസ് വിട്ടു വൈകുന്നേരം വീടിനടുത്തുള്ള ഒരു കൂട്ടുകാരി ലീലയോടൊത്താണ് വരുന്നത്. സഹപ്രവർത്തകരും സുഹൃത്തുക്കളും മാത്രമല്ല ഞങ്ങൾ സഹചാരികളുമാണ്. പലകാര്യങ്ങൾക്കും പലയിടത്തും ഞങ്ങൾ ഒരുമിച്ചേ  പോകാറുള്ളൂ. അത്തരം നടപ്പുകൾക്കിടയിൽ വഴിയരികിൽ പണിതീരാറായ ഒരു വീട് കണ്ടാൽ ഉടൻ ഞാൻ പറയും.

kadhaillayimakal-column-house-contruction-site-photograph--wall-article-image

‘നമുക്കൊന്നു കയറിക്കണ്ടാലോ’'.ആദ്യമൊക്കെ അവൾ  അന്തം വിട്ടു. ‘നിനക്കൊരു വീടില്ലേ പിന്നെന്തിനാണ്?’

‘വെറുതെ വെറുതെ’. ഞാൻ പറഞ്ഞു. ‘ഇതെന്തു ഭ്രാന്താണ്’ എന്നു ചോദിച്ചെങ്കിലും അവൾ കൂടെ വന്നു. ക്രമേണ അവൾക്കു മനസ്സിലായി. വീട് എനിക്കൊരു മോഹമാണ്, ഭ്രമമാണ്, ദൗർബല്യമാണ്. അങ്ങനെ വീട് കാൺകെ ഞാൻ അവിടത്തെ പണിക്കാരോട് ഓരോന്നും ചോദിച്ചു മനസ്സിലാക്കും. മുറികളുടെ അളവ്, തടിയുടെ മേന്മ, ടൈൽസിന്റെ, ടോയ്‌ലറ്റിന്റെ, പൈപ്പുകളുടെ ഒക്കെ ബ്രാൻഡ്. അങ്ങനെയെല്ലാമെല്ലാം. അഭിപ്രായങ്ങൾ പറയും. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടും.  ലീല മാത്രമല്ല ആ പണിക്കാരും അന്തംവിടും. ഒരിക്കൽ പണിക്കാരുടെ മേലാള് എന്നോടു ചോദിച്ചു. 

‘മാഡം ആർക്കിടെക്റ്റാണോ?’

‘അല്ല ഞാനൊരു ആർട്ടിസ്റ്റാണ്.’

‘എന്ന് വച്ചാൽ?’ അയാൾ അമ്പരന്നു. 

‘എന്നുവച്ചാൽ ചിത്രകാരിയോ ശില്പിയോ ഒന്നുമല്ല. ഒരു സർക്കാർ ഉദ്യോഗസ്ഥ’. ഞാൻ പറഞ്ഞു. 

മര്യാദക്കാരനായത് കൊണ്ടുമാത്രം  ‘വട്ടാണല്ലേ ?’ എന്നയാൾ ചോദിച്ചില്ല.  

‘സത്യത്തിൽ നീ ഒരു ആർക്കിടെക്ട് ആകേണ്ടതായിരുന്നു. എന്തൊരു അറിവാണ്, ഐഡിയകളാണ് നിനക്ക് വീടുംപണിയെപ്പറ്റി’. ലീല പറഞ്ഞു. 

‘ആയില്ല അതും വിധി’. ഞാൻ ചിരിച്ചു.  

റിട്ടയർ ചെയ്യുന്നത് വരെ സൗകര്യപ്പെടുമ്പോഴെല്ലാം ഈ  വീടുകാണൽ തുടർന്നു. പിന്നെയും തുടങ്ങി വിധി വിളയാട്ടം. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് പറഞ്ഞ്, എന്റെ സ്വന്തം വീട്ടിൽ നിന്ന് എന്നെ തൂക്കിയെടുത്തെറിഞ്ഞു. വന്നു വീണതോ ഇതാ ഇവിടെ ഈ ഫ്ലാറ്റിൽ. ഇവിടെ ജീവിതം തുടരുന്നു. (ഇതിനിടയിൽ വിധി എന്നെ പ്രഹരിച്ചു രസിച്ചതിന്റെ ഒരുപാടു കഥകൾ പലതവണ പറഞ്ഞിട്ടുള്ളതു കൊണ്ട് ആവർത്തിക്കുന്നില്ല).

നിന്നു തിരിയാനിടമില്ലാത്ത ഫ്ലാറ്റിൽനിന്ന് സുഖ സൗകര്യങ്ങളുള്ള ഒരു വീട്ടിലേക്കു മാറാം എന്ന സൂപ്പർ പ്ലാനുമായി മകൾ വന്നപ്പോൾ ഞാൻ വീണ്ടും മയങ്ങിവീണു വീട് എന്ന ആ പഴയ  സ്വപ്നത്തിലേക്ക്. പത്രങ്ങളിൽ, വിവിധ സൈറ്റുകളിൽ ഒക്കെ വരുന്ന പരസ്യങ്ങൾ നോക്കി പോയി വീട് കാണലാണ് ഇപ്പോൾ മകളുടെയും മരുമകന്റെയും  ടാസ്ക്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. നമ്മുടെ ഇഷ്ടത്തിനു വീട് പണിഞ്ഞു വച്ചിരിക്കുകയാണോ, വിൽക്കാനായി ?

കിട്ടും കിട്ടാതിരിക്കില്ല. അല്ലെങ്കിൽ പണ്ടത്തെപ്പോലെ ഒരു സ്ഥലം വാങ്ങി സ്വയം പ്ലാൻ വരച്ച് ഒരു വീടങ്ങു പണിയാം. 

സ്വപ്നത്തിൽ  ഞാൻ വീണ്ടും  വീടുകൾ പണിതുയർത്തിക്കൊണ്ടിരിക്കുന്നു. 

English Summary : Web Column Kadhaillayimakal : Obsessed with looking at houses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA