പ്രണയിക്കാൻ നമുക്കൊരു വാലന്റൈൻസ് ഡേ വേണോ ?

kadhaillayimakal-column-valentines-day-devi-j-s
Representative Image. Photo Credit : stockpexel / Shutterstock.com
SHARE

പ്രണയം ദൈവത്തിന്റെ വരദാനമാണെന്നു വിശ്വസിക്കുന്നവർ ഏറെയുണ്ട്. അതേ സമയം പ്രണയം ഒരു തോന്നൽ മാത്രമാണെന്നും (infatuation ) സത്യത്തിൽ ആരും ആരെയും പ്രണയിക്കുന്നില്ല എന്നും പറയുന്നവർ അതിലേറെ. ചെറുപ്പത്തിന്റെ ഒരാവേശം, വെറും ശാരീരികമായ ഒരാവശ്യം, അത് കഴിഞ്ഞാൽ തീർന്നു പ്രേമവും കാമവുമൊക്കെ എന്നു വാദിക്കുന്നവരുമുണ്ട്. ഇതിനൊക്കെ അപവാദമായി ചിലർ അത്യുൽക്കട പ്രണയവുമായി ജീവിച്ച് കഥകളായിത്തീർന്നിട്ടുമുണ്ട്. റോമിയോയും ജൂലിയറ്റും,  ലൈലയും മജ് നുവും, സലിമും അനാർക്കലിയും, എന്തിനതുവരെയൊക്കെ പോകണം മൊയ്‌തീനും കാഞ്ചനമാലയും അതുപോലെ ചില അപൂർവ  പ്രണയിതാക്കളും ഇന്നും നമ്മുടെ ഇടയിലില്ലേ? പ്രണയത്തെക്കുറിച്ചു പാടുമ്പോൾ കവികളും പ്രണയകഥകൾ പറയുമ്പോൾ എഴുത്തുകാരും ആവേശഭരിതരാകുന്നില്ലേ?

ഒരു കുടന്ന പനിനീർപ്പൂക്കളുമായി വീണ്ടുമൊരു വാലന്റൈൻസ് ഡേ എന്റെ പടി വാതിലിനപ്പുറത്ത് ഇടനാഴിയിൽ കാത്തു നിൽക്കെ മറ്റെന്തിനെക്കുറിച്ചാണ് ഞാൻ എഴുതുക, പ്രണയത്തെക്കുറിച്ചല്ലാതെ .!

വാലന്റൈൻസ് ഡേ എന്ന് മലയാളികൾ കേട്ടിട്ടു പോലുമില്ലാത്ത കാലത്ത്  ഞങ്ങളുടെ അയൽപ്പക്കത്തുണ്ടായിരുന്ന ഒരു പ്രണയ ജോഡിയെക്കുറിച്ചാണ് ഈ കഥ. എന്റെ ബാല്യകാലസ്മരണകളിൽ  ഇന്നും മിഴിവോടെയുണ്ട് ആ വൃദ്ധദമ്പതികൾ. പ്രണയിച്ചാൽ അവരെപ്പോലെ പ്രണയിക്കണം.

എന്റെ അമ്മവീടിനടുത്ത് ഒരു ചെറിയ പറമ്പിൽ നല്ല ഒരു ചെറിയ വീട്. അവിടെയാണ് അവർ പാർത്തിരുന്നത്. ആ വൃദ്ധനെ ഞങ്ങളെല്ലാവരും 'മൂപ്പിലേ' എന്നാണ് വിളിച്ചിരുന്നത്. വൃദ്ധയെ  'മൂത്തമ്മ' എന്നും .

"ഇവർ പണ്ടേയിങ്ങനെ വയസ്സായവരായിരുന്നോ ?" ഒരിക്കൽ ഞാൻ എന്റെ അമ്മുമ്മയോടു ചോദിച്ചു .

"അല്ല " അമ്മുമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു "ഒരുകാലത്ത് അവരും ചെറുപ്പമായിരുന്നു. ജീവിച്ചു ജീവിച്ച് പ്രായം ചെന്നു ."

"അവർക്ക് പേരില്ലേ ? എന്താണവരെ ഇങ്ങനെ  മൂപ്പിലേ എന്നും മൂത്തമ്മ എന്നും വിളിക്കുന്നത് ." വീണ്ടും എന്റെ ചോദ്യം .

"പേരൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ആരും ഓർക്കുന്നില്ല. ഞാൻ കല്യാണം കഴിഞ്ഞു വരുമ്പോഴേ അവർ ഇങ്ങനെ തന്നെ." അമ്മുമ്മ പിന്നെയും ചിരിച്ചു .എനിക്ക് ഓർമവയ്ക്കുമ്പോൾ  ഇരുവരും  പടു വൃദ്ധരാണ്. പക്ഷേ നല്ല ആരോഗ്യം. എന്നും ഞങ്ങളുടെ വീട്ടിൽ വരും. എല്ലാക്കാര്യങ്ങളും നോക്കിക്കണ്ട് ചെയ്യും. തേങ്ങയിടീക്കുന്നതും ചക്കയും മാങ്ങയുമൊക്കെ പറിപ്പിക്കുന്നതും മൂപ്പിലേയാണ്.  നെല്ല് കുത്തുന്നിടത്തും അരി പാറ്റുന്നിടത്തുമൊക്കെ മേൽനോട്ടം മൂത്തമ്മയും. എന്നുവച്ച് അവരവിടത്തെ ജോലിക്കാരൊന്നുമല്ല. ആശ്രിതർ എന്നു  വേണമെങ്കിൽ പറയാം. അവർക്കു വേണ്ടുന്നതെല്ലാം അമ്മുമ്മ കൊടുക്കുമെന്നല്ലാതെ കൃത്യമായി കൂലി പറഞ്ഞു വാങ്ങലൊന്നുമില്ല. 

മൂത്തമ്മയ്ക്ക് മറ്റൊരു ജോലി കൂടിയുണ്ട്, കുട്ടിയായ എനിക്ക് കഥകൾ പറഞ്ഞു തരിക. ഉച്ചയൂണു കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് പടിഞ്ഞാറ്റയുടെ വരാന്തയിൽ മൂത്തമ്മയുടെ അടുത്ത് ഞാനുണ്ടാവും.'സീത' എന്നാണ് അവർ എന്നെ വിളിച്ചിരുന്നത്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ മാത്രമല്ല നാടോടിപ്പാട്ടുകളിലെ കഥകളും പറഞ്ഞു തന്നിരുന്നു. ഉണ്ണിയാർച്ചയും ഉമ്മിണിത്തങ്കയുമൊക്കെ എനിക്ക് പരിചിതരായത് ആ കഥകളിലൂടെയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം മഹാകുസൃതിയായ ഞാൻ ചോദിച്ചു .

"എനിക്ക് മൂപ്പിലേയുടെയും മൂത്തമ്മയുടെയും കഥ പറഞ്ഞു തരുമോ ?" 

അദ്‌ഭുതത്തോടെ അവർ ഒരു നിമിഷം എന്നെ നോക്കിയിരുന്നു. പിന്നെ ചിരിച്ചു. അത്രയും മനോഹരമായ ഒരു ചിരി അതിനു മുൻപോ അതിനു ശേഷമോ മൂത്തമ്മ ചിരിച്ചു ഞാൻ കണ്ടിട്ടില്ല .

"സീതപ്പെണ്ണിനോട്‌ ആരാ പറഞ്ഞു തന്നത് ഞങ്ങൾക്ക് കഥയുണ്ടെന്ന്?"

"ആരും പറഞ്ഞില്ല .എനിക്കറിയാം കഥയുണ്ടെന്ന് "ഒരു എട്ടു വയസ്സിന്റെ ഗൗരവത്തോടെ ഞാൻ പറഞ്ഞു .

രാവിലെ രണ്ടാളും കൂടിയുള്ള  വരവും വൈകുന്നേരം ഒരുമിച്ചുള്ള പോക്കും എന്നെ ആകർഷിച്ചിരുന്നു. വിശേഷദിവസങ്ങളിലൊന്നും അവർ പണിക്കു വരില്ല. അന്ന് അവർ  വീട്ടിൽ ആഘോഷിക്കും എന്ന് അമ്മുമ്മ പറഞ്ഞിട്ടുണ്ട്. മൂപ്പിലേ ഉഗ്രൻ പാചകക്കാരനാണ്. ചോറ് മുതൽ പായസം വരെ മൂപ്പിലേയാണുണ്ടാക്കുന്നത്. മൂത്തമ്മ വെറും കയ്യാൾ. ഞങ്ങളുടെ വീട്ടിൽ കുട്ടികളുടെ പിറന്നാളൊക്കെ വരുമ്പോൾ സദ്യ ഒരുക്കുന്നത് മൂപ്പിലേയാണ്. ഒന്നും തൊടീക്കില്ല ആരെയും. വീട്ടിലെ മറ്റു പണിക്കാരൊക്കെ വെറും ആജ്ഞാനുവർത്തികൾ. ഇതൊക്കെ കണ്ടു കണ്ട് എന്റെ  കൊച്ചു മനസ്സിൽ അവരൊരു  കഥയിലെ നായകനും നായികയുമായി. എന്റെ ഊഹം തെറ്റിയില്ല. അവർക്കൊരു പ്രണയകഥയുണ്ടായിരുന്നു.

ഒരു ദിവസം എന്നെ അടുത്തിരുത്തി എന്റെ ചുരുണ്ടിരുണ്ട മുടി കുരുക്കു കളഞ്ഞ് ഭംഗിയായി ചീകിക്കൊണ്ടിരിക്കെ മൂത്തമ്മ ആ കഥ പറഞ്ഞു.

എപ്പോഴോ ഒരിക്കൽ മൂപ്പിലേയും മൂത്തമ്മയും പരസ്പരം കണ്ടു. ഇഷ്ടപ്പെട്ടു. അന്നവർക്ക് പതിനാറും ഇരുപതുമൊക്കെ ആയിരുന്നിരിക്കണം പ്രായം.  കല്യാണമാലോചിച്ചപ്പോൾ എന്തൊക്കെയോ തടസ്സങ്ങൾ കാരണവന്മാർ ഉന്നയിച്ചു. പ്രണയമെന്നു കേട്ടാൽ കലികയറും. അന്നത്തെ കാലമല്ലേ?

"എന്തിനു പറയണം സീതക്കുട്ടീ ...മൂപ്പിലേ എന്നെ വിളിച്ചു ഞാനങ്ങ് കൂടെ ചെന്നു."

കൊച്ചു സീത എന്ന ഞാൻ വാ പൊളിച്ചിരുന്നുപോയി. ഞാൻ ജനിക്കുന്നതിനും ഒരു അമ്പതു വർഷം മുൻപത്തെ  പ്രണയം...  ഒളിച്ചോട്ടം !

ബാക്കി കഥ പറഞ്ഞു തന്നത് അമ്മുമ്മയാണ്. ഏതോ നാട്ടിൽ നിന്നോടി വന്ന അവർക്ക് ആ പറമ്പു കൊടുത്തതും വീടു  വയ്ക്കാൻ സഹായിച്ചതും അമ്മുമ്മയുടെ വീട്ടുകാരായിരുന്നത്രെ. അതിന്റെ നന്ദിയാണ് ഇന്നും അവർ അമ്മുമ്മയോടു കാണിക്കുന്നത്. ഇത്രയും പരസ്പരം സ്നേഹിക്കുന്ന രണ്ടുപേരെ കണ്ടിട്ടേയില്ല എന്നാണ് അമ്മുമ്മ പറഞ്ഞിട്ടുള്ളത് .

എപ്പോഴോ അവർക്കൊരു മകനുണ്ടായത്രേ. എന്തോ രോഗം വന്ന് ആ കുട്ടി മരിച്ചുപോയി. പിന്നെയവർക്ക് കുട്ടികളുണ്ടായില്ല. ദുഃഖങ്ങളവരെ കൂടുതൽ അടുപ്പിക്കുകയാണുണ്ടായത്. ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല. വഴക്കും തമ്മിൽ തല്ലുമൊക്കെയുണ്ടാവാറുണ്ട്. അതെല്ലാം ആളിക്കത്തുന്ന തീയിൽ എണ്ണ  പകരുന്നതു  പോലെ അവരുടെ പ്രണയത്തിന്റെ ജ്വലനം കൂട്ടിയതേയുള്ളു. പ്രായമായ അമ്മുമ്മയ്ക്കും ചെറുപ്പമായ എന്റെ അമ്മയ്ക്കും കുട്ടിയായ എനിക്കും അവർ അദ്‌ഭുത മനുഷ്യരായിരുന്നു.

അവരുടെ പ്രണയത്തിരകളിൽ അലിഞ്ഞലിഞ്ഞ് ഒരു ദിവസം അവർ ഇല്ലാതായി. മൂപ്പിലേ പെട്ടെന്നൊരു ദിവസം മരിച്ചു. ഉറ്റവരും ഉടയവരുമില്ലാത്ത അവർക്ക് അയൽക്കാരും നാട്ടുകാരും ഓടിക്കൂടി സഹായത്തിനെത്തി. ജഡമെടുക്കാറായപ്പോൾ മൂത്തമ്മ കുഴഞ്ഞു വീണു. സങ്കടം സഹിക്കാൻ വയ്യാഞ്ഞിട്ടാവും എന്ന് കരുതിയവരെയെല്ലാം അദ്‌ഭുതപ്പെടുത്തിക്കൊണ്ട് മൂത്തമ്മ മൂപ്പിലേയെ അനുഗമിച്ചതായിരുന്നു. ഒരു ചിതയിൽ അവരെ ദഹിപ്പിച്ചപ്പോൾ മിഴികൾ നിറഞ്ഞൊഴുകാത്ത ഒറ്റയാൾ പോലും ആ നാട്ടിലുണ്ടായിരുന്നില്ല. അമ്മുമ്മ പറഞ്ഞാണ്‌ ഞാൻ വിവരമറിഞ്ഞത്. അന്ന് ഞാൻ അമ്മവീട്ടിലായിരുന്നില്ല. എനിക്ക് വല്ലാത്ത സങ്കടം തോന്നി .

ഇതാണ് പ്രണയം. ഉടലും ഉടലും ഒന്നാകുന്ന, മനസ്സ് മനസ്സിലലിയുന്ന, ആത്മാവ് ആത്മാവിൽ ലയിച്ചു ചേരുന്ന അനശ്വര പ്രണയം .

പ്രണയം ഏതു കാലത്തുമാവാം, ഏതു പ്രായത്തിലുമാവാം. പ്രണയിക്കാൻ നമുക്കൊരു വാലന്റൈൻസ് ഡേ വേണോ?‌‌

English Summary : Kadhaillayimakal Column - Is Valentine's Day about love?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.