സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കാത്തവരുണ്ടോ?

love-photo-credit-9dream-studio
SHARE

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കാത്തതാരാണ് ? 

സ്നേഹം തികച്ചും വ്യക്തിപരമായ ഒരു വികാരമായതു കൊണ്ട് അത് സ്വീകരിക്കുന്നതിലും നൽകുന്നതിലും പരിമിതികൾ ഉണ്ടാവാം. സ്നേഹമെന്ന സ്വാർഥതയ്ക്ക് പരിധികളും ഉണ്ടാവും. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ  ആർക്കും കഴിയില്ല എന്നതൊരു സത്യമാണ്.  അത് അംഗീകരിക്കാൻ പ്രയാസമാണെങ്കിലും.

‘മക്കൾ രണ്ടും എനിക്ക് ഒരുപോലെയാണ് ’ എന്ന് മിക്ക അമ്മമാരും (അച്ഛന്മാരും ) പറയാറുണ്ട്. പക്ഷേ ആണോ? ഇത്തിരിക്കൂടുതൽ ഒരാളോടില്ലേ? സ്വഭാവം കൊണ്ട്, പെരുമാറ്റം കൊണ്ട്, സാമർഥ്യം കൊണ്ട്, ഒരാൾ കൂടുതൽ മെച്ചമാണെങ്കിൽ അയാളോടൊരു ചായ്‌വ് സ്വാഭാവികം. അത് പ്രകടമായാൽ മറ്റേയാൾക്കു വിഷമമാവുകയും ചെയ്യും. അച്ഛന് ചേട്ടനോടാണ് കൂടുതൽ ഇഷ്ടം എന്നനുജനും, അമ്മയ്ക്ക് അനുജത്തിയോടാണിഷ്ടം എന്ന് ചേച്ചിയും പരാതിപ്പെടും. നാലഞ്ച് മക്കൾ ഉള്ള വീട്ടിൽ ഈ വ്യത്യാസം സാധാരണമാണ്. 

‘‘രണ്ടു മക്കളെ ഉള്ളൂ എങ്കിൽ രണ്ടു കണ്ണ് പോലെയാണ് എന്ന് പറയാം . ഒന്നേയുള്ളൂ എങ്കിൽ കരളാണ് എന്ന് പറയാം. അഞ്ചാറെണ്ണമായാൽ എന്ത് പറയും’’ എട്ടു മക്കളിൽ ഒന്നായ സുഷമ ഒരിക്കൽ പറഞ്ഞു ചിരിച്ചു   

പ്രണയകാലത്ത് ‘എന്നെ സ്നേഹിക്കൂ എന്നെമാത്രം’ എന്നാണ് ആണിന്റെയും പെണ്ണിന്റെയും മനോഭാവം. പക്ഷേ അതൊക്കെ ഒരു തോന്നൽ മാത്രമാണ്. ഒരാളെ മാത്രം സ്നേഹിക്കാൻ ആർക്കെങ്കിലും കഴിയുമോ? അച്ഛൻ, അമ്മ, സഹോദരങ്ങൾ, കൂട്ടുകാർ ഇങ്ങനെ ആരെയൊക്കെയാണ് ഓരോരുത്തരും സ്നേഹിക്കുന്നത്. ഭാവിയിൽ പിന്നെ ഭാര്യ, മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ഇങ്ങനെ സ്നേഹിക്കാനുള്ളവരുടെ എണ്ണം കൂടി വരും.    

എന്റെ അച്ഛന് രണ്ടാമത്തെ മകളോടായിരുന്നു കൂടുതൽ ഇഷ്ടം. അതിന് കാരണം അച്ഛനും അമ്മയും ആദ്യമായി ഓമനിച്ചു വളർത്തിയത് അവളെയാണ്. മൂത്തമകളായ ഞാൻ അമ്മവീട്ടിലാണ് ശൈശവവും ബാല്യവും ചെലവഴിച്ചത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനമ്മമാരുടെ അടുത്തേയ്ക്കു വന്നു എങ്കിലും ഞാൻ എല്ലാ അവധിക്കാലത്തും അമ്മവീട്ടിലേയ്ക്ക് പോകാൻ ഇഷ്ടപ്പെട്ടു. അമ്മയ്ക്കാണെങ്കിൽ ഒരേ ഒരു മകനോട് കടുത്ത പക്ഷപാതം. പിന്നെ ഏറ്റവും ഇളയവൾ എന്ന ഇഷ്ടം ഇളയ അനുജത്തിയോടും. അങ്ങനെ ഒന്നാമത്തവളായ, ഞാൻ നാലാമതായി. അച്ഛനും അമ്മയും എന്നെ സ്നേഹിച്ചിട്ടില്ല എന്നല്ല. എന്നാലും എന്റെ ഇളയവർക്കു എന്നും കിട്ടിയിരുന്ന കൂടുതൽ സ്നേഹം കുട്ടിക്കാലത്ത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. പക്ഷേ വളർന്നപ്പോൾ എനിക്കത് മാറി. കാരണം എനിക്ക് അവരെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ്. മാത്രമല്ല പരിഗണനകളും മുൻഗണനകളും ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ് എന്നും തിരിച്ചറിവായി.       

ദാമ്പത്യജീവിതത്തിൽ പ്രശ്‌നമുണ്ടാക്കുന്നത് മിക്കവാറും സ്നേഹം എന്ന ഈ സ്വാർഥതയാണ്. എന്റെ കൂട്ടുകാരി ദീപ്തിക്ക് എപ്പോഴും പരാതിയാണ്. അവളുടെ സുരേഷിന് അമ്മയോടാണ് കൂടുതൽ സ്നേഹം എന്ന് .

‘‘അമ്മയോടുള്ള സ്നേഹവും ഭാര്യയോടുള്ള സ്നേഹവും താരതമ്യം ചെയ്യാൻ പോലും പാടില്ലാത്തതാണ് ദീപ്തി, ഇത്രയും വിദ്യാഭ്യാസവും വിവരവും നിനക്കുണ്ടായിട്ടെന്തു കാര്യം ?’’ എന്ന് ഞാനവളെ ശകാരിച്ചിട്ടുണ്ട്. .

ഒരുപാടു ഭാര്യമാർക്ക് ഈ പരാതി ഉണ്ട്.  

‘‘അമ്മയോട് മാത്രമല്ല സ്വന്തം സഹോദരനോടും മഹേഷിനു ഭയങ്കര സ്നേഹമാണ്. അവർ രണ്ടാളും കഴിഞ്ഞിട്ടേ എനിക്കവിടെ സ്ഥാനമുള്ളൂ.’’ ജീന പറയുന്നു.

ഇതിനൊരു മറുവശമുണ്ട്. കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം വീട്ടുകാരെ തിരിഞ്ഞു നോക്കാത്തവരുമുണ്ട്. ഈ ലിസ്റ്റിൽ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളുമുണ്ട്.

ഇതും ശരിയാണോ? എന്തും മിതമായിട്ടാവുന്നതാണ് സ്വസ്ഥമായ ജീവിതത്തിന് നല്ലത്.      

എന്റെ കൂട്ടുകാരികളായ ചില അമ്മമാർക്കുമുണ്ട് സ്വാർഥതയും കുശുമ്പും കുന്നായ്മയും. ആൺമക്കളുള്ള അമ്മമാർക്കാണ് ഇത് കൂടുതൽ. മകൻ നഷ്ടപ്പെട്ടു പോകും എന്ന ഭയം കൊണ്ട്‌ അവന്റെ ജീവിതത്തിൽ തലയിട്ടു കൊണ്ടേ ഇരിക്കും. അവരെയും ഞാൻ ഉപദേശിച്ചിട്ടുണ്ട്. ആര് കേൾക്കാൻ !   

അന്നയുടെ മകൻ നിഖിൽ സ്നേഹിച്ച ശ്യാമ എന്ന ഹിന്ദു പെണ്ണിനെ വിളിച്ചുകൊണ്ടു വന്നു. രജിസ്റ്റർ വിവാഹം ചെയ്തു. വർഷം ഒന്നു രണ്ടു കടന്നു പോയി. മരുമകൾക്ക് വിശേഷമാവാത്തതിൽ അന്ന തന്നെ എന്നോട് ഖേദം പ്രകടിപ്പിച്ചു.  

‘‘അവൾ പ്രസവിക്കില്ലായിരിക്കും. ജാതിയും മതവുമൊന്നും നോക്കാതെ പ്രേമിച്ചതല്ലേ ? അനുഭവിക്കട്ടെ’’

ഒരു ദിവസം ശ്യാമ എന്റെ അടുത്ത് വന്നു.

‘‘രണ്ടു വർഷം ഫ്രീയായി നടന്നില്ലേ? ഇനി ഒരു കുട്ടിയാവാം ’’ ഞാൻ ചിരിച്ചു കൊണ്ടവളെ കളിയാക്കി.

‘‘ഫ്രീ ആയിട്ടോ ആര് ?’’ അവളുടെ കണ്ണുകൾ ചുവന്നു .

‘‘അത് കൊള്ളാം.’’ ഞാൻ പിന്നെയും ചിരിച്ചു.

‘‘അമ്മ നടുവിൽ കിടക്കുമ്പോൾ എങ്ങനെയാണ് കുട്ടികൾ ഉണ്ടാവുക?’’ ശ്യാമയുടെ മുഖമാകെ ചുവന്നു .

ഞാൻ അമ്പരന്നു. ‘‘അപ്പോൾ നിങ്ങൾ ഇപ്പോഴും ..’’

ശ്യാമയുടെ മുഖത്ത് ഒരു കള്ള ചിരി വന്നു.

‘‘അമ്മ വല്ലയിടത്തും പോകുന്നത് കാത്തിരിക്കണം. അത് വല്ലപ്പോഴുമല്ലേ ദേവിയമ്മേ ?’’

അന്നയ്ക്ക് ഏക മകനോട് ക്ഷമിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ മരുമകളോടുള്ള ശത്രുത കാണിച്ചത് അവരുടെ മുറിയിൽ തന്നെ അന്ന ഒരു കട്ടിലിട്ടു കിടന്നിട്ടാണ്. നിഖിലിന് മിണ്ടാനാവുമോ? അപ്പുറത്തു ഒരു മുറിയുണ്ട്, അവിടെ പോയി കിടക്കാൻ അമ്മയോടു പറയാൻ അവൻ മടിച്ചു. കാരണം ഇത് നേരത്തെ അന്നയുടെ മുറിയായിരുന്നു. അമ്മ ഉള്ളത് കൊണ്ട് ഭർത്താവിന്റെ കൂടെ കിടക്കാൻ മടിച്ച് ആ പെൺകുട്ടി തറയിൽ മെത്തയിട്ടു കിടക്കും

പിന്നീട് അന്നയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു , മുഖവുരയില്ലാതെ.

‘‘വയസ്സെത്രയായി ?’’

അന്ന എന്നെ തന്നെ നോക്കിനിന്നു . 

ഞാൻ കൂടുതൽ ഒന്നും പറയേണ്ടി വന്നില്ല. അന്ന കിടപ്പു മാറ്റി. ഒരു വർഷത്തിനകം അന്നയ്‌ക്കൊരു പേരക്കുട്ടി ഉണ്ടാവുകയും ചെയ്തു.

ഇന്ദുവും ശരത്തും തമ്മിൽ കടുത്ത പ്രണയമായിരുന്നു. ഒടുവിൽ അവർ പിരിഞ്ഞത് ഭയങ്കര പിണക്കത്തിലും വഴക്കിലും ശത്രുതയിലുമാണ്. പ്രണയ തകർച്ചയിൽ തളർന്ന് കിടന്ന ഇന്ദുവിനെ ഞാൻ സന്ദർശിച്ചപ്പോൾ അവൾ വല്ലാതെ ക്ഷോഭിച്ചു. ശരത്തിനെ ചീത്തപറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ട ശേഷം ഞാൻ പറഞ്ഞു.

‘സ്നേഹം ദിവ്യമായ ഒരു അനുഭൂതിയാണ്. അത് സ്വീകരിക്കുന്നതും നിരാകരിക്കുന്നതും സൗമ്യമായും ക്ഷമയോടെയും ആയിരിക്കണം. ഇങ്ങനെ പൊട്ടിത്തെറിച്ചിട്ടല്ല. ’

‘‘നിനക്കതു പറയാം ’’

അവൾ എന്നോട് ദേഷ്യപ്പെട്ടു.

‘‘അതെ എനിക്കതു പറയാം. ഞാൻ അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയതാണ്.’’

കൂടുതൽ ഒന്നും പറയാതെ ഞാൻ പോയി. 

സ്നേഹം എത്ര കിട്ടിയാലും മനുഷ്യ മനസ്സിന് മതിയാവില്ല എന്നെനിക്കു തോന്നിയിട്ടുണ്ട്. വേണ്ടപ്പോൾ വേണ്ടിടത്തോളം ഒരിക്കലും ലഭിക്കാത്തതും ഈ അമൃതം തന്നെയല്ലേ ?

ശരിയല്ലേ? സ്വാർഥത ഉപേക്ഷിക്കൂ. മനസ്സിന്റെ വാതിലുകൾ തുറന്നിടൂ. നമുക്ക്  ഒരാളെ(അതാരായാലും) സ്നേഹിക്കാനേ കഴിയൂ. ആ സ്നേഹം അതേ അളവിൽ അയാളിൽ നിന്ന് തന്നെ കിട്ടണമെന്ന് വാശി പിടിക്കാമോ ? അതയാളുടെ തീരുമാനമല്ലേ? അത് പോലെ മറ്റൊരാളെ സ്നേഹിക്കരുതെന്ന് ആരോടും പറയാൻ നമുക്ക് അവകാശമില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. സ്വാതന്ത്ര്യം. 

ഇത് പറയുമ്പോൾ, ‘‘മറ്റൊരാളോടുള്ള സ്നേഹം ഒരു സങ്കല്പം മാത്രമല്ലേ ? അവനവനെയല്ലാതെ നമ്മൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ?’’ എന്ന് ചോദിച്ചിരുന്ന ഒരാളെ ഓർക്കുന്നു.       

      

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA