നിർബന്ധിക്കല്ലേ...

say-no-1248
Photo Credit : Jelena Stanojkovic / Shutterstock.com
SHARE

സത്ക്കാരത്തിന്റെ ഭാഗമാണ് ഭക്ഷണം വിളമ്പുക എന്നത്. അതിഥികൾ വന്നാൽ അവർക്കു വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും എന്തെങ്കിലും കഴിപ്പിച്ചേ തീരൂ എന്നതാണ് നമ്മുടെ രീതി. ആദ്യമായി വന്നിട്ട് ഒന്നും കഴിക്കാതെ പോകുന്നത് ശരിയല്ല എന്ന് വീട്ടമ്മ പരിഭവിക്കുമ്പോൾ എന്തെങ്കിലും കഴിക്കാൻ അതിഥികളും  നിർബന്ധിതരാകും.

 "ചായ എടുക്കട്ടേ .."

 "വേണ്ട ..ഞാൻ ചായയും കാപ്പിയും കുടിക്കാറില്ല."

 :"എന്നാൽ ജൂസാവാം "

 "അയ്യോ വേണ്ട ഒന്നും വേണ്ട."

" അതെന്താണ്? ഒരു വീട്ടിൽ ആദ്യമായി വന്നിട്ട് ഒന്നും കഴിക്കാതെ,  വെള്ളമെങ്കിലും കുടിക്കാതെ. അത് ശരിയല്ല "

"സത്യത്തിൽ വേണ്ടാഞ്ഞിട്ടാണ്. നിർബന്ധമാണെങ്കിൽ ഒരു ഗ്ലാസ് വെറും വെള്ളം തന്നോളൂ."

ഒരു അതിഥിയും ആതിഥേയയും തമ്മിലുള്ള സംഭാഷണമാണ് മുകളിൽ കുറിച്ചത്.

"വേണ്ടാഞ്ഞിട്ടാണ് "എന്നത് പ്രത്യേകം ശ്രദ്ധിക്കണം.  ഞാനും ചായയും കാപ്പിയുമൊന്നും സാധാരണ കുടിക്കാത്തയാളാണ്. പക്ഷേ  അതിഥിയായി ഒരിടത്തു ചെന്നാൽ അവർ ചോദിക്കാതെ ഇതിലേതെങ്കിലും മുന്നിൽ കൊണ്ട് വച്ചാൽ ഞാൻ കുടിക്കും. കുടിക്കുകയില്ല എന്ന് ഞാൻ ശപഥമൊന്നും എടുത്തിട്ടില്ലല്ലോ.  ആതിഥേയർക്ക് വിഷമാവണ്ട. പക്ഷേ ചോദിച്ചാൽ ഞാൻ പറയും. "വേണ്ട. ഒന്നും വേണ്ട. ശരിക്കും വേണ്ടാഞ്ഞിട്ടാണ്."

     

ഇത് പറയുമ്പോൾ ഒരു തമാശ ഓർമ വരുന്നു .ഞാൻ ഒരു 'കൊച്ചു ഗർഭിണി' ആയിരുന്ന കാലത്ത് മുതിർന്ന ഒരു ചേച്ചി എന്റെ മുന്നിൽ  കുറെ വിഭവങ്ങൾ  നിരത്തിയശേഷം  പറഞ്ഞു. 

    

 "ഇപ്പോൾ എല്ലാം കഴിച്ചോളൂ. വയറ്റിൽ കിടക്കുന്ന ആളെ ഊട്ടാൻ ഏറ്റവും എളുപ്പം ഇപ്പോഴാണ്. പുറത്തു വന്നു കഴിഞ്ഞാൽ കുഞ്ഞിന് ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുടങ്ങും. കൂടെ ശാഠ്യവും. എന്തു പാടാണെന്നോ പിന്നെ എന്തെങ്കിലും കഴിപ്പിക്കാൻ. ഇപ്പോൾ നീ എന്ത് തിന്നാലും കുഞ്ഞിനും കിട്ടും. വേണ്ടാന്ന് പറയില്ല."

      

എത്ര നല്ല ഉപദേശം! കാര്യം ശരിയാണ്. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ പെടാപ്പാട് പെടുന്ന അമ്മമാരെയും അമ്മുമ്മമാരെയും കണ്ടിട്ടില്ലേ ? കാക്കയെ കാണിച്ചു പൂച്ചയെ കാണിച്ചു മൊക്കെയായിരുന്നു പണ്ട് കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുത്തിരുന്നത്. ഇപ്പോഴോ, ഒന്നുകിൽ റ്റി വി , അല്ലെങ്കിൽ ലാപ്ടോപ്പ് ,അതുമല്ലെങ്കിൽ മൊബൈൽ ഫോൺ ഓൺ ചെയ്തു കുട്ടിക്ക് ഇഷ്ടമുള്ളതെന്തെങ്കിലും കാണിച്ചു കൊടുത്തിട്ടാണ് ആഹാരം കൊടുക്കുന്നത്.

       

 വിശക്കുകയാണെന്നു മനസ്സിലാക്കാനോ പറയാനോ കുഞ്ഞിന് കഴിയില്ല. അത് ശാഠ്യം പിടിക്കും. അതൊഴിവാക്കാനാണ് എങ്ങനെയെങ്കിലും കുറച്ചു ഭക്ഷണം കഴിപ്പിക്കുന്നത് .

      

ഇത്തിരി വലുതായാൽ പിന്നെ കുട്ടികൾക്ക് കളികളിലും മറ്റുമാവും താൽപ്പര്യം. ആഹാരം കഴിക്കാൻ മടിയാവും. മാത്രമല്ല രുചിഭേദങ്ങളും അവർ തിരിച്ചറിഞ്ഞു തുടങ്ങും. അത് വേണ്ടാ ഇത് വേണ്ട എന്നൊക്കെ പറഞ്ഞു ശീലിക്കും. ചിലകുട്ടികൾ നന്നായി ആഹാരം കഴിക്കും. വളരുന്ന പ്രായമെത്തുമ്പോൾ മിക്ക കുട്ടികളും ഭക്ഷണത്തോട് ഇഷ്ടം കാട്ടി തുടങ്ങും.

      

എന്റെ  മകൻ കുഞ്ഞായിരിക്കുമ്പോൾ  അവൻ ഒന്നും കഴിക്കാഞ്ഞിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്. അപ്പോൾ ഒരു പീഡിയാട്രിഷൻ എന്നോട് പറഞ്ഞു. 

"കുട്ടികളെ ഒരിക്കലും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശക്കുമ്പോൾ അവർ താനേ കഴിച്ചോളും. മനഃ പൂർവം ആഹാരം ഉപേക്ഷിക്കാനുള്ള വാശിയൊന്നും കുട്ടികൾക്കില്ല ."

     

കാര്യം ശരിയാണ്. ഒന്നും കഴിക്കാൻ കൂട്ടാക്കാതിരുന്ന എന്റെ മകൻ കൗമാരമെത്തിയപ്പോൾ , 'ഇനി കഴിച്ചതു മതി' എന്ന് എനിക്ക് പറയേണ്ടി വന്നു.

സത്ക്കാരത്തിന്റെ കാര്യമല്ലേ പറഞ്ഞു തുടങ്ങിയത്.

      

മറ്റുള്ളവരെ നിർബന്ധിച്ച്  ആഹാരം കഴിപ്പിക്കുന്നതിൽ ഒരു റെക്കോർഡാണ് എന്റെ അമ്മ. എന്റെ വീട്ടിൽ ആര് വന്നാലും സമയമനുസരിച്ച്  ആ നേരത്തെ ആഹാരം കഴിച്ചോളണം. അതൊരു നിയമം പോലെയാണ്. കഴിച്ചില്ലെങ്കിൽ അമ്മയ്ക്ക് വിഷമമാകും. അമ്മയെ അടുത്തറിയുന്നവർ അതുകൊണ്ട്  അമ്മ കൊടുക്കുന്നത് നിരസിക്കില്ല. ഊണുമേശയിൽ ഇരുന്നാൽ പിന്നെ വിരുന്നുകാർക്കു മാത്രമല്ല  വീട്ടുകാർക്കും രക്ഷയില്ല. അമ്മ വാരിക്കോരി വിളമ്പും. 'കുറച്ചു കൂടി ചോറിടട്ടെ ,കറി  ഒഴിക്കട്ടെ, കൂട്ടാൻ  ഇത്തിരി ഇടട്ടെ, ഒരു കഷണം മീൻ കൂടിയാവാം' ...ഇങ്ങനെ ഓരോന്ന്  പറഞ്ഞു കൊണ്ട്  പാത്രത്തിലേക്ക് ഇടും. കഷ്ടം അതല്ല. മുഴുവൻ കഴിക്കണം .ബാക്കി വച്ച് ഭക്ഷണം കളയാൻ പാടില്ല. എന്തൊരു ശിക്ഷയാണ് എന്ന് മക്കളും മരുമക്കളും അമ്മയോട് പരിഭവിച്ചിച്ചിട്ടുണ്ട്.(പക്ഷെ ഇന്ന് അമ്മയില്ല , വിളമ്പാനും നിർബന്ധിക്കാനും )

     

''അതിഥികൾക്ക് നമ്മൾ വിളമ്പിക്കൊടുക്കണം. ചിലർക്ക്  ചോദിക്കാൻ  മടിയാണ്. വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നേ  പറയൂ. നമ്മൾ കൊടുത്താൽ കഴിക്കുകയും ചെയ്യും."

അമ്മ ഞങ്ങളെ ഉപദേശിക്കും.  "അങ്ങനെ വേണ്ട എന്ന് പറയുന്നവർ കഴിക്കണ്ട " ഞാൻ മുറുമുറുക്കും.

എനിക്ക് പരിചയമുള്ള മറ്റൊരമ്മയുടെ സത്ക്കാരം വേറെ  രീതിയിലാണ്.

"നല്ല അവിയലുണ്ട് ,ഊണ് കഴിക്കാം."എന്നാണ് ക്ഷണിക്കുക.

നമ്മൾ കഴിക്കുന്ന സമയം മുഴുവൻ കൂടെയിരുന്ന് പറയും 

"നല്ല ഒന്നാന്തരം മീൻ കറി, കുറച്ചുകൂടി വയ്ക്കട്ടെ." പറഞ്ഞു തീരും മുൻപ്  നമ്മുടെ പാത്രത്തിൽ വച്ചു കഴിയും. 

"പച്ചടി നന്നായിട്ടുണ്ട് , കൂട്ടി നോക്കൂ."

ആ അമ്മ തന്നെ പാചകം ചെയ്യുന്ന വിഭവങ്ങൾക്കാണ് ഈ മാർക്കറ്റിങ്ങ്. പരസ്യത്തിൽ വീഴാത്തവരുണ്ടോ? നമ്മൾ കഴിച്ചു പോകും. 

എന്റെ അമ്മയുടെ പാരമ്പര്യം പിന്തുടർന്ന് ഞാനും വിരുന്നു വന്നവരെയും വീട്ടിലുള്ളവരെയും, എന്തിന്  പരിചാരകരെപ്പോലും ഓരോന്ന് കഴിക്കാൻ നിർബന്ധിക്കാറുണ്ട്. 

        

"എല്ലാം ഊണ് മേശയിൽ നിരത്തി വച്ചിട്ടുണ്ടല്ലോ. വേണ്ടവർ വേണ്ടത് എടുത്തു കഴിച്ചോളും. നിർബന്ധിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടുകയില്ല." എന്റെ മകൾ എന്നോട് പറയാറുണ്ട്. എന്റെ മകളും മരുമകനും കൊച്ചുമക്കളുമെല്ലാം ഈ ചിലരിൽ പെടുന്നു.

      

ഭക്ഷണം ഓഫർ  ചെയ്യുന്നത് ഒരു മര്യാദയാണ്. നിർബന്ധിക്കുന്നത് സ്നേഹവും താത്പര്യവും കൊണ്ടാണ്. അത് തെറ്റൊന്നുമല്ല. പിന്നെ തീരെ അസഹ്യമാകുന്നുവെങ്കിൽ പറയാം. '' അയ്യോ നിർബന്ധിക്കല്ലേ ."

      

ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ ഒരുപാടുണ്ട് ,ഈ ലോകത്ത്. അങ്ങനെയിരിക്കെ മൃഷ്ടാന്ന ഭോജനത്തിനു മുന്നിലിരിക്കുന്നവരെ നിർബന്ധിക്കേണ്ട കാര്യമില്ല തന്നെ.         

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS